TopTop
Begin typing your search above and press return to search.

ബെര്‍ണി മഡോഫ് ബാക്കി വയ്ക്കുന്ന വിപണി രഹസ്യങ്ങള്‍

ബെര്‍ണി മഡോഫ് ബാക്കി വയ്ക്കുന്ന വിപണി രഹസ്യങ്ങള്‍

നോര്‍ത്ത് കരോലിനയിലെ ഒരു ഫെഡറല്‍ ജയിലിന്റെ അനുബന്ധമായ മെഡിക്കല്‍ സെന്ററില്‍ വച്ച് ബെര്‍ണാര്‍ഡ് മഡോഫ് മരണത്തിന് കീഴടങ്ങിയപ്പോള്‍ 150-വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പിന്റെ സൂത്രധാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന മഡോഫിന് 2009-ലാണ് 150 വര്‍ഷത്തെ ശിക്ഷ വിധിക്കുന്നത്. 83 വയസ്സ് തികയാന്‍ 13- ദിവസം മാത്രം ബാക്കിയിരിക്കെ ബുധനാഴ്ച മരണമടഞ്ഞ മഡോഫ് അമേരിക്കന്‍ ധനകാര്യ വിപണയിലെ ഗ്ലാമര്‍ താരമായിരുന്നു. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാരില്‍ നിന്നുവരെ 20 ബില്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) നിക്ഷേപമായി മഡോഫിന്റെ സ്ഥാപനത്തില്‍ എത്തിയത് ഈ താരപരിവേഷത്തിന്റെ ബലത്തിലായിരുന്നു.

വിശ്രുത ചലച്ചിത്ര സംവിധായകനായ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്, നടന്‍ കെവിന്‍ ബേക്കണ്‍, ബേസ്ബാള്‍ താരം സാന്‍ഡി കൊഫാക്സ് തുടങ്ങിയവരെല്ലാം നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പോണ്‍സി പദ്ധതി (1) എന്ന് ധനകാര്യ മാധ്യമങ്ങള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്ന മഡോഫിന്റെ നിക്ഷേപ പദ്ധതി അവിശ്വസനീയമാം വിധം ലളിതമായിരുന്നു. ആദ്യ നിക്ഷേപകനുള്ള ആദായം രണ്ടാമനില്‍ നിന്നുള്ള നിക്ഷേപ തുക ഉപയോഗിച്ച് നല്‍കുകയെന്ന വളരെ പഴയ മാര്‍ഗമായിരുന്നു മഡോഫിന്റെ അടിസ്ഥാന യുക്തി. 1960-കളില്‍ തന്റെ സഹോദരനോടൊപ്പം ഓഹരി ബ്രോക്കറായി വാള്‍ സ്ട്രീറ്റിലെ സാന്നിദ്ധ്യമറിയിച്ച

മഡോഫ് 2007-08-ലെ വന്‍സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തകരുന്നതിനുളളില്‍ കീഴടക്കിയ ഉയരങ്ങള്‍ ചില്ലറയല്ല. അമേരിക്കയിലെ ആദ്യ ഇലക്ട്രോണിക് ഓഹരി എക്സ്ചേഞ്ചായ നാസ്ഡിക്കിന്റെ ചെയര്‍മാന്‍ സ്ഥാനം മുതല്‍ അമേരിക്കന്‍ ഓഹരി വിപണിയുടെ ഔദ്യോഗിക നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമീഷന്‍ (എസ്സ്ഇസി) ഉപദേശക സമിതിയിലെ അംഗത്വം വരെയുള്ള പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.

.സെലിബ്രിറ്റി നിക്ഷേപകര്‍ ഏറെയുള്ളതിനാലാവണം മഡോഫ് തട്ടിപ്പിലൂടെ നേടിയ സമ്പത്തിന്റെ നല്ലൊരു ഭാഗവും പിടിച്ചെടുക്കുന്നതിന് അധികൃതര്‍ക്ക് ഉത്സാഹമായിരുന്നു. മൊത്തം 17.5 ബില്യണ്‍ ഡോളര്‍ മുതല്‍ 20 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപകരില്‍ നിന്നും സ്വീകരിച്ചുവെന്നു പറയുന്നതില്‍ 14 ബില്യണ്‍ ഡോളര്‍ ഇതുവരെ തിരികെ ലഭിച്ചിട്ടുണ്ട്. നിക്ഷേപത്തിന്റെ മൊത്തം മൂല്യം 60-65 ബില്യണ്‍ ഡോളര്‍ ആണെന്ന് നിക്ഷേപകര്‍ക്ക് മഡോഫ് നല്‍കിയിരുന്ന പൊള്ളയായ കണക്കുകളുടെ വെളിച്ചത്തില്‍ 65-ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണ് അയാള്‍ നടത്തിയതെന്ന് ചിലര്‍ വിലയിരുത്തുന്നത് ശരിയല്ലെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. നിക്ഷേപം തിരിച്ചു പിടിക്കുന്നതിന് ചുമതലപ്പെട്ട വക്കീല്‍ സ്ഥാപനത്തിന് ഫീസായി ഇതുവരെ 800 മില്യണ്‍ ഡോളര്‍ ലഭിച്ചിട്ടുണ്ട്.

2021 ഫെബ്രുവരി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ ഏതാണ്ട് 70 ശതമാനം വരെ തിരികെ ലഭ്യമായിട്ടുണ്ട്. മഡോഫ് മരണമടഞ്ഞുവെങ്കിലും ഈ തട്ടിപ്പുകള്‍ എപ്പോള്‍ തുടങ്ങിയെന്നതിനെകുറിച്ചും, ആരുടെ ശ്രദ്ധയിലും പെടാതെ അവ തുടര്‍ന്നതിനെപ്പറ്റിയും ആര്‍ക്കും ഒരു രൂപവുമില്ല. 2008-ല്‍ മഡോഫ് തന്റെ രണ്ട് പുത്രന്മാരോട് ഇക്കാര്യം തുറന്നു പറയുന്നതുവരെ അതിനെ പറ്റി ആര്‍ക്കും അറിയില്ലായിരുന്നു എന്നാണ് മുഖ്യധാരയിലെ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. എന്നാല്‍ അവ പൂര്‍ണ്ണമായും ശരിയല്ലെന്ന് മറ്റു ചില റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നു. 2009 മാര്‍ച്ചില്‍ കുറ്റം സമ്മതിച്ച മഡോഫ് താമസിയാതെ ജയിലില്‍ ആയി. അച്ഛന്‍ ജയിലില്‍ ആയി ഒരു കൊല്ലത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു മകന്‍ ആത്മഹത്യ ചെയ്തു. മറ്റൊരു മകന്‍ അര്‍ബുദം ബാധിച്ച് കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ ജീവിത പങ്കാളി റൂത്ത് മഡോഫ് ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ബെസ്റ്റ് സെല്ലറുകളുടെയും, ഹോളിവുഡ് സിനിമകളുടെയും സ്വതസിദ്ധമായ അത്ഭുതവും, അതിഭാവുകത്വവും നിറഞ്ഞ ഭാഷയില്‍ ബെര്‍ണി മഡോഫിന്റെ വരവും പോക്കും വര്‍ണ്ണിക്കുന്ന നിരവധി കൃതികള്‍ ഇതിനകം ലഭ്യമാണ്. ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍ വിശദീകരിക്കുന്ന നിയമലംഘനങ്ങള്‍, ഉദ്യോഗസ്ഥരുടെ കുറ്റകരമായ പങ്കാളിത്തം, അനാസ്ഥ, അവഗണന തുടങ്ങിയ പതിവ് ചേരുവകള്‍ മാറ്റിനിര്‍ത്തിയാല്‍ കുറ്റാരോപിതന്റെ വ്യക്തിത്വത്തിലെ പൊരുത്തക്കേടുകളും, പോരയ്മകളും, തകരാറുകളുമാണ് അവയിലെ മുഖ്യ പ്രമേയം.

ഓഹരി കമ്പോളങ്ങളും, മറ്റുള്ള ധാനകാര്യ വിപണികളും ഇന്നത്തെ നിലയില്‍ ഉടലെടുത്ത കാലം മുതല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നതിന്റെ മൂലകാരണം മാത്രം അവയില്‍ കാണാനാവില്ല. തട്ടിപ്പുകള്‍ തടയാനും, കണ്ടെത്താനും രൂപകല്‍പ്പന ചെയ്ത സംവിധാനങ്ങള്‍ തന്നെ തട്ടിപ്പിന്റെ ഭാഗഭാക്കാവുന്ന, വ്യവസ്ഥാപരമായ ഏങ്കോണിപ്പുകളാണ് തട്ടിപ്പുകളുടെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. മഡോഫിന്റെ പ്രസ്ഥാനം തനി തട്ടിപ്പാണെന്ന് ധനകാര്യ വിദഗ്ധനായ ഹാരി മാര്‍ക്കോപോളൊസ് അഞ്ചു തവണ എസ്സ്ഇസി-യെ രേഖാമൂലം അറിയിക്കുകയുണ്ടായി. 2000, 2001, 2005, 2007, 2008 വര്‍ഷങ്ങളിലായിരുന്നു ഈ മുന്നറിയിപ്പുകള്‍. അവയെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.

എസ്സ്ഇസി-പോലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ മാത്രമല്ല കാര്യക്ഷമതക്ക് പേരുകേട്ടതെന്ന് അറിയപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം തട്ടിപ്പുകളില്‍ നിര്‍ണ്ണായക പങ്കാളികളാവുന്നതിന്റെ രേഖകളും നിരവധിയാണ്. ജെപി മോര്‍ഗന്‍, സിറ്റി ഗ്രൂപ്പ്, മെറില്‍ ലിഞ്ച് തുടങ്ങിയ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി മഡോഫുമായി നടത്തിയ ഇടപാടുകളുടെ വിശദവിവരങ്ങള്‍ വാള്‍ സ്ട്രീറ്റിലെ തട്ടിപ്പുകള്‍ നിരന്തരം പുറത്തുകൊണ്ടു വരുന്നതില്‍ വ്യാപൃതയായ പാം മാര്‍ട്ടെന്‍സ് വെളിപ്പെടുത്തുന്നു. മഡോഫിന്റെ തട്ടിപ്പ് വാള്‍ സ്ട്രറ്റില്‍ അരങ്ങേറുന്ന സ്ഥിരം തട്ടിപ്പുകളില്‍ ഒന്നുമാത്രമാണെന്നും അതു പോലുള്ള മറ്റു പല സംഭവങ്ങളും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ അവഗണിക്കപ്പെടുകയാണെന്നും മാര്‍ട്ടെന്‍സ് അഭിപ്രായപ്പെടുന്നു.

(1) ഇറ്റലിയില്‍ ജനിച്ച ചാള്‍സ് പോണ്‍സി 1920-കളില്‍ അമേരിക്കയില്‍ നടത്തിയ തട്ടിപ്പ് പദ്ധതി. 45-ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപത്തിന്റെ 50 ശതമാനം ലാഭവും, 90-ദിവസങ്ങള്‍ക്കുള്ളില്‍ 100 ശതമാനം ലാഭവും വാഗ്ദാനം ചെയ്യുന്നതായിരുന്നു പോണ്‍സിയുടെ പദ്ധതി. പദ്ധതിയിലെ ആദ്യ നിക്ഷേപകര്‍ക്ക് പിന്നീട് വരുന്ന നിക്ഷേപകരുടെ പണം നല്‍കി വിശ്വാസം പിടിച്ചു പറ്റിയ പരിപാടി താമസിയാതെ പൊളിഞ്ഞു. അതോടെ ഇത്തരം തട്ടിപ്പുകള്‍ പൊതുവെ പോണ്‍സി പദ്ധതികള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.


Next Story

Related Stories