TopTop
Begin typing your search above and press return to search.

ചാണ്ടി ഉമ്മന്‍ ഉമ്മന്‍ചാണ്ടിയ്ക്കായി വോട്ടുതേടുമ്പോള്‍; പിതാവിന്റെ രാഷ്ട്രീയപ്രതിയോഗിയുടെ പ്രചാരണത്തിനു തുടക്കമിട്ട ഒരു പഴയ മുഖ്യമന്ത്രി പുത്രനെക്കുറിച്ച്

ചാണ്ടി ഉമ്മന്‍ ഉമ്മന്‍ചാണ്ടിയ്ക്കായി വോട്ടുതേടുമ്പോള്‍;    പിതാവിന്റെ രാഷ്ട്രീയപ്രതിയോഗിയുടെ പ്രചാരണത്തിനു   തുടക്കമിട്ട ഒരു പഴയ മുഖ്യമന്ത്രി പുത്രനെക്കുറിച്ച്

ചാണ്ടി ഉമ്മന്‍ ഉമ്മന്‍ചാണ്ടിയ്്ക്കായി പുതുപ്പള്ളിയില്‍ പ്രചാരണം നടത്തുന്നതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമ സ്ഥാപനങ്ങളിലേക്ക് സചിത്രം എത്തുകയുണ്ടായി. മിഴിവോടെ അവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇതാദ്യമായിട്ടാവില്ല യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ ചാണ്ടി ഉമ്മന്‍ അദ്ദേഹത്തിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. ഇതുപോലെ, കേരളത്തില്‍ ഒട്ടേറെ മുഖ്യമന്ത്രിമാരുടെ മക്കള്‍ രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. ആര്‍.ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍, കെ. കരുണാകരന്റെ മക്കളായ കെ. മുരളീധരനും പദ്മജയും, സി.എച്ച്. മുഹമ്മദ് കോയയുടെ മകന്‍ എം.കെ. മുനീര്‍ ഇത്തരത്തില്‍ പോകുന്നു ഓര്‍മ്മയിലേക്ക് എത്തുന്ന പേരുകള്‍. അവരില്‍ പലരും സ്വന്തം പിതാക്കന്മാരുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു താനും. എന്നാല്‍ മുഖ്യമന്ത്രിയായ സ്വന്തം പിതാവിന്റെ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയുടെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഒരു മുഖ്യമന്ത്രി പുത്രനുണ്ടായിരുന്നു കേരള ചരിത്രത്തില്‍. ഒരു പക്ഷെ, ഒരേയൊരു മുഖ്യമന്ത്രി പുത്രന്‍. സി. കേശവന്‍ എന്ന മുഖ്യമന്ത്രിയും കെ. ബാലകൃഷ്ണന്‍ എന്ന പുത്രനും. ഒരു കാലത്ത് കെ. മുരളീധരന്‍ പിതാവിനെതിരെ ചില പരസ്യ വിമര്‍ശനങ്ങളൊക്കെ നടത്തിയിട്ടുണ്ടായിരുന്നെങ്കിലും ഇത്രത്തോളം പോയതായി അറിയില്ല.

മുഖ്യമന്തി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങവെ എതിരാളിയുടെ പ്രചാരണയോഗം സ്വന്തം മകന്‍ ഉദ്ഘാടനം ചെയ്യുകയെന്നു മാത്രമല്ല, നാട് മുഴുവന്‍ ഓടി നടന്ന് പിതാവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും എതിരെ പ്രസംഗിക്കുക. വ്രണിത ഹൃദയനായി ആ മുഖ്യന്‍ എല്ലാത്തിനും സാക്ഷിയാകുക. മകനു മറു വേദിയില്‍ മറുപടി പറയേണ്ടിവരിക. ഒരേ വീട്ടില്‍ അന്തിയുറങ്ങിക്കൊണ്ടായിരുന്നു കേരളം എന്നെന്നും ഓര്‍മ്മിക്കുന്ന ഈ അച്ഛന്റേയും മകന്റേയും രാഷ്ട്രീയ ജീവിതത്തിലെ പോരാട്ടം എന്നതും ശ്രദ്ധിക്കണം. വീട്ടിനകത്ത്് ഇരുവരും രാഷ്ട്രീയം പറയാതിരിക്കാന്‍ ശ്രദ്ധിച്ചുവെങ്കിലും പുറത്തത് നന്നായി തന്നെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നു സി. കേശവന്‍. ആര്‍എസ്പി നേതാവും കേരളത്തിലെ മാധ്യമ ചരിത്രത്തിലെ മുടിചൂടാമന്നനും ഉജ്വല വാഗ്മിയുമായിരുന്നു കെ. ബാലകൃഷ്ണന്‍ എന്ന കൗമുദി ബാലകൃഷ്ണന്‍. പിതാവിനെ രാഷ്ട്രീയമായി എതിര്‍ക്കുക മാത്രമല്ല പിതാവിന്റെ ആത്മകഥയായ 'ജീവിത സമര'ത്തിന് 'അച്ഛന്റെ ഒരാജ്ഞ നിറവേറ്റുന്നു' എന്ന ശീര്‍ഷകത്തില്‍ അവതാരിക എഴുതുക കൂടി ചെയ്തു ബാലകൃഷ്ണന്‍.സ്വജീവിതത്തിലൂടെ ഇത്തരം എത്രയോ അപൂര്‍വ്വതകളെ ഇരുവരും മലയാളനാടിനു നല്‍കി.


(സി. കേശവനും കെ. ബാലകൃഷ്ണനും)

ഐക്യ കേരളം രൂപം കൊള്ളുന്നതിന് മുന്‍പുള്ള സംഭവമാണിത്. 1952ലെ തിരുകൊച്ചി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് പശ്ചാത്തലം. 1949 മുതലുള്ള കോണ്‍ഗ്രസ് ഭരണവും മാറിമാറി വന്ന മന്ത്രിസഭകളും അതിനുള്ളിലെ പടലപിണക്കങ്ങളും നേതാക്കള്‍ തമ്മിലുള്ള പോരും ഒക്കെ ജനങ്ങളെ വല്ലാതെ മടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത്. സി. കേശവന്‍ മുഖ്യമന്ത്രിയാണ്. ആദര്‍ശത്തിന്റെ ആള്‍രൂപം. കെ. ബാലകൃഷ്ണനാകട്ടെ അന്ന് തിരുവിതാകൂറിലാകെ യുവാക്കളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ ആകൃഷ്ടനാണ്. ആദ്യം കെഎസ്പിയിലും പിന്നീട് ആര്‍എസ്പിയിലും നിലകൊണ്ടു. പില്‍ക്കാലത്ത് പാര്‍ലമെന്റംഗമൊക്കെയായി.

52ലെ തെരഞ്ഞെടുപ്പില്‍ സി. കേശവന്‍ തന്റെ ജന്മനാടായ മയ്യനാട് ഉള്‍ക്കൊള്ളുന്ന ഇരവിപുരം മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. ആര്‍എസ്പി നേതാവ് കെ.പി. രാഘവന്‍ പിള്ളയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെണ്ടര്‍ പി. കൃഷ്ണപിള്ളയുമായിരുന്നു മറ്റു രണ്ടു പ്രബല സ്ഥാനാര്‍ഥികള്‍. കൊല്ലത്തെ വ്യവസായ പ്രമുഖനും കലാസ്നേഹിയുമായ കെ. രവീന്ദ്രനാഥന്‍ നായരെന്ന ജനറള്‍ പിക്‌ചേഴ്‌സ് രവിയുടെ പിതാവാണ് വെണ്ടര്‍ പി. കൃഷ്ണപിള്ള. വിവിധ തലങ്ങളില്‍ വലിയ സ്വാധീനതയുള്ള വ്യക്തിത്വം. കേരളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണ സ്ഥാപനമായ കുഞ്ചാക്കോയുടെ ഉദയാ പിക്‌ചേഴ്‌സിന്റെ തുടക്കക്കാലത്തെ പ്രമോട്ടര്‍മാരില്‍ വെണ്ടര്‍ പി. കൃഷ്ണപിള്ളയും ഉണ്ടായിരുന്നു. തിരുവിതാംകൂറും കൊച്ചിയും ഒന്നുപോലെ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇരവിപുരത്തേത്.

സി. കേശവനെതിരെ മത്സരിക്കുന്ന ആര്‍എസ്പി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനായി പാര്‍ട്ടി ചുമതലയേല്‍പ്പിച്ചത് കെ.ബാലകൃഷ്ണനെയായിരുന്നു. സി.കേശവന്റേയും കെ. ബാലകൃഷ്ണന്റേയും ജന്മനാടായ മയ്യനാട്ടുനിന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. സ്വന്തം നാട്ടിലും പുറത്തും സര്‍വ്വരാലും ആദരിക്കപ്പെടുന്ന പിതാവിനെതിരെയുള്ള പ്രചാരണ യോഗത്തിന്റെ ഉദ്ഘാടനം. പാര്‍ട്ടി നിര്‍ദ്ദേശം അറിഞ്ഞതോടെ കെ. ബാലകൃഷ്ണന്‍ ധര്‍മ്മസങ്കടത്തിലായി. രാഷ്ട്രീയമായി ഇരു ധ്രുവങ്ങളില്‍ നില്‍ക്കുകയും കോണ്‍ഗ്രസ് നയങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നുവെങ്കിലും ബാലകൃഷ്ണന് പിതാവിനോട് വലിയ ആദരവായിരുന്നു. പാര്‍ട്ടി ഓഫീസില്‍ വിഷമിച്ചിരിക്കുന്ന ബാലകൃഷ്ണനോട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുനാഥനായ എന്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു:

''എനിയ്ക്ക് ഇക്കാര്യത്തില്‍ നിന്നെ ഉപദേശിക്കാന്‍ സാധ്യമല്ല. നിനക്ക് രാഷ്ട്രീയം വേണോ ഗാര്‍ഹിക ബന്ധം വേണോയെന്ന് നീ തന്നെയാണ് തീരുമാനിക്കേണ്ടത്. രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒരു നിമിഷം പോലും അവിടെ നില്‍ക്കരുത്. അച്ഛനോടുള്ള നിന്റെ സ്നേഹം നിന്നെ പിന്തിരിപ്പിക്കുകയാണെങ്കില്‍ എനിക്ക് നിന്നെ പറ്റി ഒരു മതിപ്പും ഉണ്ടായിരിക്കുകയില്ല. പക്ഷെ ഒരു കൊച്ചനുജന് പ്രതീക്ഷിക്കാവുന്ന ഒരു ചേട്ടന്റെ സ്നേഹം നിനക്കെപ്പോഴും എന്നില്‍ നിന്നും പ്രതീക്ഷിക്കാം.''

വിദ്യാര്‍ഥി കോണ്‍ഗ്രസുകാരനായ കെ. ബാലകൃഷ്ണനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത് ശ്രീകണ്ഠന്‍ നായരായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കെ. ബാലകൃഷ്ണന്‍ മയ്യനാട്ടെ യോഗസ്ഥലത്തേക്ക് യാത്രയായി. മയ്യനാട് റെയില്‍വെ സ്റ്റേഷന്‍ മൈതാനത്താണ് യോഗം നടക്കുന്നത്. നാട് ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം മകന്‍ ഉദ്ഘാടനം ചെയ്യുന്നതിനു സാക്ഷിയാകാനായി ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള ആയിരക്കണക്കിനാളുകള്‍ അവിടേയ്ക്ക് ഒഴുകിയെത്തി. മലയാള നാട്ടിലാകെ ഖ്യാതിയുള്ള യുവപ്രഭാഷകനാണ് കെ. ബാലകൃഷ്ണന്‍.

ആവേശം അലതല്ലുന്ന ജനക്കൂട്ടത്തെ നോക്കി പതിവുമട്ടില്‍, പതിഞ്ഞ സ്വരത്തില്‍ ബാലകൃഷ്ണന്‍ പ്രസംഗം തുടങ്ങി. പിന്നെ മുഴക്കം വര്‍ധിച്ചു. വാരിധിയിലെ തിരമാലകള്‍ പോലെ വാക്കുകള്‍. ഊക്കോടെ വീശുന്ന കൊടുങ്കാറ്റുപോലെ അത് ആഞ്ഞു വീശി. പ്രസിദ്ധമായ ബാലകൃഷ്ണന്റെ തനത് ശൈലിയിലുള്ള പ്രസംഗം രണ്ടു മണിക്കൂറിലേറെ നീണ്ടു. അതേകുറിച്ച് തന്റെ ആത്മകഥയായ 'നനഞ്ഞുപോയി എങ്കിലും ജ്വാല' എന്ന പുസ്തകത്തില്‍ കെ. ബാലകൃഷ്ണന്‍ സവിസ്തരം എഴുതുന്നുണ്ട്.ദൈവത്തില്‍ എനിയ്ക്കു വിശ്വാസമില്ല എന്നു പറഞ്ഞുകൊണ്ടാണ് കെ. ബാലകൃഷ്ണന്‍ ആരംഭിച്ചത്.

''അന്ധമായ വിശ്വാസത്തിന്റെ പ്രതീകമാണ് ദൈവമെങ്കില്‍ എന്റെ ദൈവം സി.കേശവനാണ്. എന്റെ അച്ഛനെ, എന്റെ അച്ഛന്‍ വിശ്വസിക്കുന്നതിനെതിരായ എല്ലാ വിഴുപ്പുകെട്ടുകളും ചുമക്കാന്‍ ചിലരൊക്കെ പ്രേരിപ്പിക്കുന്നുണ്ട്. ...എന്റെ അച്ഛനെ തുലയ്ക്കരുതേ തുലയ്ക്കരുതേ എന്ന് പ്രാര്‍ഥനയ്ക്കു ഫലമുണ്ടെങ്കില്‍ ഞാന്‍ അനന്തതയോട് പ്രാര്‍ഥിക്കുന്നു. ...എന്റെ അച്ഛനെ ഈ കോണ്‍ഗ്രസില്‍ നിന്നു രക്ഷിയ്ക്കുക. അതു മാത്രമേ എനിയ്ക്ക് അഭ്യര്‍ഥിക്കാനുള്ളു.''

കരഞ്ഞുകൊണ്ടാണ് ബാലകൃഷ്ണന്‍ പ്രസംഗം പൂര്‍ത്തിയാക്കി കസേരയിലേക്ക് മടങ്ങിയത്. പ്രസംഗം കഴിഞ്ഞ് വീട്ടിലെത്തി അമ്മയെ അഭിമുഖീകരിക്കാന്‍ ബാലകൃഷ്ണന് ഏറെ വിഷമമുണ്ടായിരുന്നു. 'പ്രസംഗിക്കുയാണെങ്കില്‍ അവന്‍ പ്രസംഗിക്കുന്നതുപോലെ പ്രസംഗിക്കണം.' അമ്മ വാസന്തി അച്ഛനോട് പറയുന്ന ഈ വാക്കുകള്‍ കേട്ടുകൊണ്ടാണ് ബാലകൃഷ്ണന്‍ അന്ന് വീടിന്റെ നടകയറിയത്. തുടര്‍ന്ന് അമ്മയും അച്ഛനും ബാലകൃഷ്ണനും കരഞ്ഞുവെന്നും ആ പുസ്തകത്തിലുണ്ട്.

വലിയ പുകിലാണ് ആ പ്രസംഗം ഉണ്ടാക്കിയത്. സി. കേശവനെ സംബന്ധിച്ചിടത്തോളം ഇരവിപുരത്തെ മത്സരം ജീവന്മരാണ പോരാട്ടം. മുഖ്യമന്ത്രിയായിട്ട് മത്സരിച്ച് തോല്‍ക്കുന്ന കാര്യം ഓര്‍ക്കാനേ വയ്യ. പാര്‍ട്ടിയ്ക്കകത്തു തന്നെ എതിരായ അടിയൊഴുക്കുകളുണ്ട്. വെണ്ടര്‍ കൃഷ്ണപിള്ളയെ പോലെ പണവും സ്വാധീനതയും ഉള്ളവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. ഈ വിഷമതകള്‍ക്കു നടുവിലാണ് മകന്‍ തന്നെ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിനത് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു അത്.

സി. കേശവന്റെ പേര് പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരെ മൊത്തത്തില്‍ അഴിമതിക്കാരായി ചിത്രീകരിച്ചുകൊണ്ടുള്ള ബാലകൃഷ്ണന്റെ പ്രസംഗം അദ്ദേഹത്തെ വേദനിപ്പിച്ചു, രോഷാകുലനാക്കി. മറ്റൊരു വേദിയില്‍ സി. കേശവന്‍ പൊട്ടിത്തെറിച്ചു: ''എന്റെ മകനായ ബാലനാണ് എന്റെ മുഖ്യ എതിരാളി. പക്ഷെ ഒന്നവന്‍ അറിയുന്നില്ല;ഞാന്‍ വാടക കൊടുക്കുന്ന വീട്ടില്‍ താമസിച്ചുകൊണ്ട്, എന്റെ ചോറും ഭക്ഷണവും കഴിച്ച്, എന്റെ പശുക്കളുടെ പാലും ഉപയോഗിച്ചാണ് അവന്‍ വന്‍ പ്രചാരണം എനിക്കെതിരായി നയിക്കുന്നതെന്ന്. ഒരു ദരിദ്രനായ ഞാന്‍ പല പണച്ചാക്കുകളുമായാണ് എന്റെ ഈ നിയോജക മണ്ഡലത്തില്‍ ഒരു ജീവന്മരണ സമരം തന്നെ നടത്തുന്നുവെന്ന കാര്യവും അവന്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു.'' ഇതുകൊണ്ടൊന്നും സി. കേശവന്റെ രോഷം അടങ്ങിയില്ല. അദ്ദേഹം തന്റെ പെണ്‍മക്കളോട് പറഞ്ഞു:''അവനുമായി ഇനി ഒരു ബന്ധവുമില്ല. ഒറ്റയെണ്ണം അവനെ കണ്ടുപോകരുത്്.''

ആ തെരഞ്ഞെടുപ്പില്‍ തിരു കൊച്ചിയില്‍ ഉടനീളം ഓടിനടന്ന് പിതാവിനും കോണ്‍ഗ്രസിനുമെതിരെ പ്രസംഗിച്ച് കെ. ബാലകൃഷ്ണന്റെ ശ്വാസനാളം പൊട്ടി. മദ്രാസില്‍ പോയി ചികിത്സിച്ചാണ് ഭേദമാക്കിയത്. തെരഞ്ഞെടുപ്പില്‍ സി. കേശവന്‍ 774 വോട്ടുകള്‍ക്ക് ജയിച്ചു. സി.കേശവന് 11,895 വോട്ടുകള്‍ കിട്ടി. വെണ്ടര്‍ കൃഷ്ണപിള്ളയ്ക്ക് 11,121 വോട്ടും ആര്‍എസ്പി സ്ഥാനാര്‍ഥി രാഘവന്‍ പിള്ളയ്ക്ക് 9,841 വോട്ടും ലഭിച്ചു. 44 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് 108 അംഗ സഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ല. എങ്കിലും എ.ജെ. ജോണിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുണ്ടാക്കി. സി. കേശവന്‍ മാറി നിന്നു. ആ സഭയിലുടനീളം സി. കേശവന്‍ നിശബ്ദനായിരുന്നു. നിശബ്ദമായ ആ പ്രതിഷേധത്തിനു പിന്നിലെ കാരണം തരിഞ്ഞുപോയാല്‍ നമ്മള്‍ എവിടെയാണ് എത്തുക?

അവലംബം:

1.പിതാവ് മുഖ്യമന്ത്രി; എതിരാളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ ഉദ്ഘാടനം മകന്‍, കേരളം കണ്ട ഒരു അപൂര്‍വ്വ പോരാട്ടം, www.azhimukham.com

2. നനഞ്ഞുപോയി എങ്കിലും ജ്വാല-കെ. ബാലകൃഷ്ണന്‍, ഡിസി ബുക് , കോട്ടയം

3. കെടാത്ത ജ്വാല കെ. ബാലകൃഷ്ണന്‍-പ്രസന്ന രാജന്‍, ഡിസി ബുക്‌സ്, കോട്ടയം

4. ജീവിത സമരം-സി. കേശവന്‍, ഡിസി ബുക്‌സ്, കോട്ടയം


Next Story

Related Stories