TopTop
Begin typing your search above and press return to search.

ഇ.ശ്രീധരനും വേദാന്തവും പിന്നെ സെന്‍ബുദ്ധിസവും

ഇ.ശ്രീധരനും വേദാന്തവും പിന്നെ സെന്‍ബുദ്ധിസവും

മെട്രോമാന്‍ ഇ ശ്രീധരന്‍ കൊച്ചി മെട്രോയുടെ നിര്‍മാണ ജോലികളുടെ മേല്‍നോട്ടം അവസാനിപ്പിച്ചിട്ട് നാളുകളായി. രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ദീര്‍ഘകാലമായി നയിച്ചുവന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്നും ഈ മാസം 15ന് പടിയിറങ്ങി. ഇപ്പോള്‍ പാലക്കാട്ട് നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ പ്രചാരണ കോലാഹലങ്ങളുടെ മധ്യത്തിലാണ് ലോകം ആദരിക്കുന്ന ഈ ടെക്‌നോക്രാറ്റ്. രാഷ്ട്രീയ പ്രവേശം അദ്ദേഹത്തിന് ചെറുതല്ലാത്ത വിമര്‍ശകരേയും നേടിക്കൊടുത്തു. അദ്ദേഹം പറയുന്നത് പലതും വിവാദങ്ങളാവുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.ശ്രീധരനുമായി അടുത്തു ഇടപഴകിയ നാള്‍വഴികളിലെ ചില സംഭവഗതികള്‍ ഓര്‍ത്തെടുക്കുകയാണ് ലേഖകന്‍. ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.റിട്ടയര്‍ ചെയ്തത ഇ ശ്രീധരന് ഡിഎംആര്‍സിയിലുള്ള അധികാരങ്ങളെന്ത്? ഒരു പഴയ കത്തിലെ ചോദ്യം, 'രാഷ്ട്രീയക്കാരെ കടത്തി വെട്ടുന്ന രാഷ്ട്രീയക്കാരന്‍'

'' The Buddha resides as comfortably in the circuits of a digital computer or the gears of a cycle transmission as he does at the top of a mountain.''.....''The only Zen you find on the tops of mountains is the Zen you bring up there.''

റോബര്‍ട്ട് പിര്‍സിംഗി(Robert M. Pirsig)ന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് സെന്‍ ബുദ്ധിസവും ആര്‍ട്ട് ഓഫ് മോട്ടോര്‍ സൈക്കിള്‍ മെയിന്റനന്‍സും(Zen and the Art of Motorcycle Maintenance: An Inquiry into Values). ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം. 17 ദിവസം നീണ്ട മോട്ടോര്‍ സൈക്കിള്‍ യാത്രയിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന ഒട്ടൊക്കെ, ആത്മകഥാപാരമെന്ന് വിശദീകരിക്കപ്പെടുന്ന പുസ്തകം. വ്യാപകമായി വായിക്കപ്പെടുകയും ഒട്ടേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത പുസ്തകം. ഇ ശ്രീധരനെപ്പോലെയൊരാള്‍ ഈ പുസ്തകം വായിക്കപ്പെടാന്‍ ഇടയില്ല. പക്ഷെ, ഈ പുസ്തകത്തെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. വേദാന്തവും ഭാരതീയതയുമൊക്കെ സംസാരത്തിനിടെ കടന്നുവന്നപ്പോള്‍. ഇപ്പോള്‍ അദ്ദേഹം തെരഞ്ഞെടുപ്പിന്റെ നെറുകയിലേക്ക് എത്തുകയും പറയുന്നതില്‍ നല്ല പങ്ക് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന വേളയില്‍ വേളയില്‍, സെന്‍ എന്റെ മനസ്സിലേക്ക് കടന്നെത്തിയെന്ന് മാത്രം.

ആദ്യകൂടിക്കാഴ്ച മുതല്‍ ഞങ്ങള്‍ മാത്രമായിട്ടുള്ള എല്ലാ സമയത്തും സംസാരം അവസാനിക്കുക വേദാന്തത്തില്‍ എത്തിയാവും. ഞാന്‍ ആദ്യം കാണുന്ന വേളകളിലൊക്കെ മാധ്യമങ്ങളില്‍ നിന്നും സമദൂരം പാലിക്കാന്‍ ഇ.ശ്രീധരന്‍ ശ്രദ്ധിച്ചിരുന്നതുപോലെ തോന്നിയിരുന്നു. അത്തരം മനോവ്യവഹാരമുള്ളയാളുടെ ഇംപ്രഷന്‍ പിടിച്ചുപറ്റാനായി ആദ്യഘട്ടങ്ങളിലൊക്കെ അദ്ദേഹത്തിന് താല്പര്യമുള്ള വിഷയം എന്നു മനസ്സിലാക്കി ബോധപൂര്‍വ്വം വേദാന്തത്തില്‍ ചുറ്റിതിതിരുഞ്ഞുവെങ്കിലും പിന്നീടത് വളരെ സ്വാഭാവികമായി സംഭവിച്ചു തുടങ്ങി. ശ്രീധരനുമായി രണ്ടാമത്തേയോ മൂന്നാമത്തേയോ കൂടിക്കാഴ്ചയിലാണ് പിര്‍സിംഗിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചത്. മെട്രോ നിര്‍മാണത്തിനിടെ അതുമായി ബന്ധപ്പെട്ട ഒരു റൈറ്റപ്പ് തയാറാക്കുന്നതിനുവേണ്ടിയായിരുന്നു ഞാന്‍ കൊച്ചിയിലെ ഡിഎംആര്‍സി ആസ്ഥാനത്ത് എത്തിയത്. ഭാരതീയ ദര്‍ശനങ്ങളില്‍ എന്നെ സവിശേഷമായി യോഗസൂത്രവും ബുദ്ധ ദര്‍ശനങ്ങളും ആകര്‍ഷിക്കുന്നതായി പറഞ്ഞപ്പോള്‍ താന്‍ ഊന്നുന്നത് ഭഗവത് ഗീതയിലും ഭാഗവതത്തിലും ഒക്കെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. അതെന്തുകൊണ്ടെന്ന കാര്യത്തില്‍ അദ്ദേഹത്തിന് തികഞ്ഞ വ്യക്തതയും ഉണ്ട്. സെന്‍ ബുദ്ധിസത്തെ കുറിച്ചു പറഞ്ഞുതുടങ്ങിയ ഞാന്‍ എന്തുകൊണ്ടാണെന്നറിയില്ല പൊടുന്നവെ റോബര്‍ട്ട് പിര്‍സിംഗിലേക്ക് എത്തി. പിര്‍സിംഗിന്റെ എഴുത്തുരീതികളേയും മറ്റും പ്രതിപാദിക്കുന്ന ഒരു പുസ്തകം ആയിടെ ഞാന്‍ വായിച്ചതും അതിനൊരു കാരണമാകാം.

ഇ.ശ്രീധരന്റേതുപോലെ സവിശേഷതകളുള്ള ജീവിതരീതിയായിരുന്നു പിര്‍സിംഗിന്റേതും-മറ്റൊരു തരത്തിലായിരുന്നുവെങ്കിലും. പുലര്‍ച്ചെ രണ്ടു മണി മുതല്‍ നാലു മണിവരെ ഉണര്‍ന്നിരുന്നുകൊണ്ടായിരുന്നു റോബര്‍ട്ട് പിര്‍സിംഗ് ആ പുസ്തകം എഴുതി പൂര്‍ത്തിയാക്കിയത്. എന്നിട്ട് പകല്‍ കംപ്യൂട്ടര്‍ മാനുവല്‍ എഴുതിത്തയ്യാറാക്കുന്ന തന്റെ പതിവ് ജോലികള്‍ ചെയ്യും. ഇതായിരുന്നു പിര്‍സിംഗിന്റെ രീതി. നാലു വര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തിയാക്കി പുസ്തകവുമായി പ്രസിദ്ധീകരിക്കാന്‍ ചെന്നപ്പോള്‍ ആദ്യമൊക്കെ നിരാശയായിരുന്നു ഫലം. അതിന്റെ കൈയ്യെഴുത്തു പ്രതി 125 ഓളം പ്രസാധകര്‍ നിലവാരമില്ലാത്തതെന്നു പറഞ്ഞുമടക്കി. പക്ഷെ പിന്നീട് അത് പ്രഖ്യാത രചനയുമായി തീര്‍ന്നു. ഇതൊക്കെ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. ആ പുസ്തകത്തില്‍ നിന്നുള്ള പിര്‍സിംഗിന്റെ ഒന്നുരണ്ടുദ്ധരണികള്‍ ഞാന്‍ അപ്പോള്‍ ഓര്‍മ്മിച്ചെടുക്കുകയും ചെയ്തു.

''When one person suffers from a delusion, it is called insanity. When many people suffer from a delusion it is called a Religion.' 'You are never dedicated to something you have complete confidence in. No one is fanatically shouting that the sun is going to rise tomorrow. They know it's going to rise tomorrow. When people are fanatically dedicated to political or religious faiths or any other kinds of dogmas or goals, it's always because these dogmas or goals are in doubt.'' ഈ ഉദ്ധരണികളാണെന്നാണ് എന്റെ ഓര്‍മ്മ. ഇവ പങ്കുവെയ്ക്കപ്പെട്ടത് വളരെ ആകസ്മികമായിട്ടായിരിക്കണം. ശ്രീധരന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയ ഇടവുമായി ഇതിനെ ബന്ധിപ്പിയ്‌ക്കേണ്ടതില്ല. രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ക്ക് അദ്ദേഹത്തിന്റെതായ ന്യായീകരണങ്ങളും ഉണ്ടാകും.

ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ സാകുതം അദ്ദേഹം കേട്ടിരുന്നു. ഞാന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ അദ്ദേഹം പക്ഷെ പുരാണോത്തമമായ ഭാഗവതത്തില്‍ തന്നെ ഊന്നി. ഭാഗവതത്തിലെ ഏറ്റവും ആകര്‍ഷകമായി എനിക്കു തോന്നിയത് വചോ ന തു പരമാര്‍ത്ഥം എന്നു പറയുന്ന ഭാഗമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പുരാണോത്തമമായ ഭാഗവതത്തില്‍ ശ്രീ ശുക മഹര്‍ഷി പരീക്ഷിത്തിനെ അവതാര കഥകള്‍ വിസ്തരിപ്പിച്ച് കേള്‍പ്പിച്ചതിനുശേഷം പറയുന്നു താന്‍ പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കഥകള്‍ മാത്രമായിരുന്നുവെന്ന്്.

''കഥാ ഇമാസ്‌തേ കഥിതാ മഹീയസാം

വിതായ ലോകേഷു യശ: പരേയുഷാം

വിജ്ഞാന വൈരാഗ്യ വിവക്ഷയാ വിഭോ

വചോ വിഭൂതിര്‍ ന തു പരമാര്‍ത്ഥം''

(ലോകത്തില്‍ പേരു കേള്‍പ്പിച്ച് മരിച്ചു പോയ മഹാന്മാരുടെ ഈ പറഞ്ഞ കഥകളുണ്ടല്ലോ, അതെല്ലാം അങ്ങേയ്ക്കു ജ്ഞാനവും വൈരാഗ്യവും ഉളവാക്കാന്‍ വേണ്ടി കെട്ടിച്ചമച്ചവയാണ്, ഒന്നും സത്യമല്ല.)

ഭാഗവത കര്‍ത്താവ് തന്നെ താന്‍ പറഞ്ഞ കഥകളുടെ സത്യതയെ ഏത് തരത്തിലാണ് വിശദീകരിക്കുന്നതെന്ന ഭാഗം വലിയ ഉള്‍ക്കാഴ്ച തരുന്നതായി എനിക്കനുഭവപ്പെട്ട കാര്യം പറയുമ്പോഴും ചെറിയൊരു മന്ദഹാസത്തോടെ കേട്ടിരിക്കുക മാത്രമായിരുന്നു വിഷ്ണു സഹസ്രനാമവും ഭഗവത്ഗീതയും ശ്രീമദ് ഭാഗവതവും ദിവസവും പാരായണം ചെയ്യുന്ന ശീലക്കാരനായ ഇ.ശ്രീധരന്‍. എന്റെ പല സംശയങ്ങളും ഞാന്‍ അദ്ദേഹത്തിനു മുന്നില്‍ വെച്ചു. അദ്വൈത വേദാന്തിയായ ശ്രീശങ്കരന്‍ വിഷ്ണുവിനേയും ദേവിയേയും മറ്റും സ്തുതിക്കുന്ന സ്‌തോത്രങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ. ഓരോ സ്‌ത്രോത്രത്തിലും വിഷ്ണുവിനെ ഒഴികെ ഒരു ദേവത്തേയും ഞാന്‍ സ്മരിക്കുന്നില്ല-ഹരേരന്യ ദൈവം ന മന്യേന മന്യേ-എന്നൊക്കെ അദ്ദേഹം പറയുന്നതെന്തുകൊണ്ടാവും? ...അദ്വൈതവും ബഹുദേവോപാസനയും എപ്രകാരമാണ് പൊരുത്തപ്പെടുക എന്നൊക്കെ..,.ഇത്തരം പല സന്ദേഹങ്ങളും ഞാന്‍ അദ്ദേഹത്തോട് പങ്കുവെച്ചിട്ടുണ്ട്.

കാരണത്തിന്റെ രൂപാന്തരമാണ് കാര്യം എന്നു പറയുന്ന, സൃഷ്ടിയെതന്നെ മാനിക്കാത്ത, പരിണാമമേയുള്ളുവെന്നു പറയുന്ന സാംഖ്യന്മാര്‍, അഭിലാഷങ്ങളും അവ നിറവേറ്റാനുള്ള കര്‍മ്മങ്ങളും തത്ഫലമായുണ്ടാകുന്ന ഫലാനുഭവങ്ങളും ക്ലേശങ്ങളും ഇല്ലാത്ത ആത്മാവാണ് ഈശ്വരന്‍ എന്നു പറയുന്ന പതഞ്ജലി... ദൃശ്യപ്രപഞ്ചം മനോസൃഷ്ടമാണെന്ന് പറയാമെങ്കില്‍ അതു സൃഷ്ടിച്ച ഈശ്വരന്‍ മനുഷ്യന്‍ തന്നെയാവില്ലേയെന്ന കുസൃതി ചോദ്യം. ഇത്തരം പലതും ഞാന്‍ അദ്ദേഹത്തോട് പല കൂടിക്കാഴ്ചകളിലായി ചോദിച്ചത് ഓര്‍മ്മ വരുന്നു. ആത്മീയഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് അവ പകര്‍ന്നുതരുന്ന മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയെന്ന കാര്യം ഇ.ശ്രീധരന്‍ അപ്പോഴൊക്കെ ഓര്‍മ്മിപ്പിച്ചു. മറ്റു പലരും നടത്തിയ അഭിമുഖങ്ങളിലും പില്‍ക്കാലത്തും ഇക്കാര്യം അദ്ദേഹം അടിവരയിടുന്നത് കാണാം.

മെട്രോയെ കുറിച്ച് സംസാരിക്കാന്‍ എത്തിയിട്ട് വേദാന്തം പറയുന്ന പത്രപ്രവര്‍ത്തകനോട് സമയത്തിന്റെ വില നന്നായി അറിയുന്ന ടെക്‌നോക്രാറ്റിന് അസ്‌കിത ഉണ്ടാകാതിരിക്കാന്‍ തരമില്ല. പക്ഷെ അദ്ദേഹം അത് പുറത്ത് കാണിച്ചില്ല. മുന്‍കൂട്ടി അനുവദിച്ച തരാറുള്ള ഒരു മണിക്കൂര്‍ സമയത്തിനപ്പുറത്തേയ്ക്കും എനിക്കായി പലപ്പോഴും നീക്കിവെച്ചിരുന്നു. സമയം കടക്കുമ്പോള്‍ കൂടിക്കാഴ്ച സമയത്ത് ഒപ്പമിരിക്കാറുള്ള പിആര്‍ഒ നാരായണനാവും വാച്ചിലേക്ക് നോക്കുക. ഇ. ശ്രീധരന്‍ അപ്പോഴും ഗൗരവം വിട്ടുമാറാന്‍ മടിക്കുന്ന പതിവ് മന്ദഹാസത്തോടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടു തന്നെയിരിക്കും. ഞങ്ങളുടെ സംസാരം മെട്രോ കടന്ന് വേദാന്തത്തിലേക്കും മറ്റാഫിസിക്‌സിലേക്കും എത്തുമെന്നറിയുന്നതുകൊണ്ടാവാം സമയം അടക്കമുള്ള എല്ലാ നിഷ്ഠകളേയും പാലിച്ചുപോരുന്ന അദ്ദേഹം എനിക്കായി അഭിമുഖം നല്‍കാറുള്ളത് വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനു മുന്‍പുള്ള സമയമാകും. മിക്കവാറും വൈകിട്ട് മൂന്നരയോ നാലു മണിയോ ഒക്കെ. മറ്റു ജോലികളെ ബാധിക്കേണ്ട എന്നതുകൊണ്ടാകാം അത്. ഇ.ശ്രീധരന്റെ നിഷ്ടകളേയും പ്രവര്‍ത്തന രീതികളേയും കുറിച്ച് അടുത്ത ഭാഗത്തില്‍.
Next Story

Related Stories