TopTop
Begin typing your search above and press return to search.

ക്ഷോഭങ്ങള്‍ സമാധാനത്തിന്റെ ആസ്വാദ്യതയെ വര്‍ദ്ധിപ്പിച്ചു പുരോഗതിയെ സഹായിക്കുന്ന സഹകാരികള്‍; കുമാരനാശാന്റെ രണ്ടു മുഖപ്രസംഗങ്ങള്‍

ക്ഷോഭങ്ങള്‍ സമാധാനത്തിന്റെ ആസ്വാദ്യതയെ വര്‍ദ്ധിപ്പിച്ചു  പുരോഗതിയെ  സഹായിക്കുന്ന സഹകാരികള്‍;   കുമാരനാശാന്റെ രണ്ടു മുഖപ്രസംഗങ്ങള്‍

കവിതയുടെ ഏകാന്തലാവണ്യത്തെ കുറിച്ച് സ്വന്തമായ സൗന്ദര്യസങ്കല്പങ്ങളുണ്ടായിരുന്ന കവിയായിരുന്നു കുമാരനാശാന്‍. ആ ലാവണ്യ കല്‍പ്പനകള്‍ മലയാളി സഹൃദയര്‍ എക്കാലവും നെഞ്ചേറ്റുകയും ചെയ്യുന്നു. പക്ഷെ ഗദ്യകരനായ കുമരനാശന്‍ വ്യത്യസ്തനായിരുന്നു. കാര്യമാത്ര പ്രസക്തമായിരുന്നു ആ ഗദ്യശൈലി. വിശേഷിച്ചും അത് പത്രാധിപക്കുറിപ്പുകളിലേക്കും മറ്റും എത്തുമ്പോള്‍ ചിന്താതീഷ്ണവും കുറിക്കുകൊള്ളുന്നതും പ്രകോപിപ്പിക്കുന്നതും ആയിത്തീരുന്നു. കാര്യങ്ങള്‍ യുക്തിഭദ്രമായി കമ്പോടുകമ്പ് ചേര്‍ത്തുവെച്ചു പറഞ്ഞുപോകുന്ന രീതി.

ഭാഷയുടെ ഗുപ്തലാവണ്യത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന കവി അത്തരം അന്വേഷണങ്ങളില്‍ നിന്നും മാറി നേര്‍ക്കുനേര്‍ കാര്യം പറഞ്ഞുപോകുന്ന രീതി അവലംബിച്ചതെന്തേ? ഇതേക്കുറിച്ച് അദ്ദേഹത്തോട് ഒരിയ്ക്കല്‍ ചോദ്യം ഉയര്‍ന്നു. അക്കാലത്തെ കവികളുടെ ഗദ്യം ഇപ്രകാരമായിരുന്നില്ല താനും. കാവ്യാത്മകതയുടെ പരഭാഗശോഭയോടെ കാര്യങ്ങള്‍ പറയുന്നവരായിരുന്നു അവരില്‍ ഏറിയ പങ്കും. ആശാനും അത് സാധ്യമാകാത്തതല്ല. പിന്നെന്തേ?

അതിനദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. കവിയെന്ന നിലയ്ക്കല്ല താന്‍ ഗദ്യലേഖനങ്ങള്‍ എഴുതുന്നത്. പൊതുകാര്യപ്രസക്തനായ പൗരന്‍ എന്ന നിലയ്ക്കാണ്. വായനക്കാരെ സ്വന്തം അഭിപ്രായങ്ങള്‍ അറിയിക്കുകയാണ് ലക്ഷ്യം. അതിന് കാവ്യാത്മക ശൈലിയേക്കാള്‍ ഉപകരിക്കുക നേര്‍വഴിക്കെഴുതുന്ന രീതിയാണ്. മാത്രമല്ല, ഗദ്യത്തിന്റെ സ്വാഭാവികമായ ഭംഗി അതുള്‍ക്കൊള്ളുന്ന ആശയത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആശയങ്ങള്‍ക്ക് വ്യക്തതയും മിഴിവും കൈവരുത്തുകയെന്നതാണ് ഗദ്യരചനയുടെ ലക്ഷ്യം. അലങ്കാരങ്ങളും പ്രാസവും മറ്റും മിക്കപ്പോഴും ആ ലക്ഷ്യത്തിന് തടസം സൃഷ്ടിക്കുകയേ ചെയ്യുകയുള്ളു.

വളരെ വിപുലവും വ്യത്യസ്തങ്ങളുമായ വിഷയങ്ങളെ കുറിച്ച് കുമാരനാശാന്‍ ഗദ്യരചനകള്‍ നടത്തിയിട്ടുണ്ട്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ് ആശാന്‍ വിവേകോദയത്തിലും മറ്റും എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങള്‍. കുമാരനാശാന്‍ മരിച്ചത് 1924 ജനുവരി 16നു പുലര്‍ച്ചെയുണ്ടായ ബോട്ട് അപകടത്തിലാണ്. അദ്ദേഹം എഴുതിയ രണ്ട് പത്രാധിപക്കുറിപ്പുകള്‍ ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പത്രമെഴുത്തുകളില്‍ ഏറിയ പങ്കും സമുദായപരവും സാമൂഹിക നീതിയെക്കുറിച്ചുള്ളവയും മതപരമായവും ഒക്കെയായിരുന്നു. ആ കാലവും ആശാന്റെ സാമൂഹ്യപ്രവര്‍ത്തന പശ്ചാത്തലവും ഒക്കെ അറിയുന്നവര്‍ക്കെല്ലാം മനസ്സിലാവും അതെന്തുകൊണ്ടെന്ന്. പക്ഷെ ഇവിടെ എടുത്തുചേര്‍ത്തിട്ടുള്ള പത്രാധിപക്കുറിപ്പുകള്‍ തികച്ചും വ്യത്യസതമായ വിഷയത്തെ കുറിച്ചുള്ളവയാണ്. ഒന്ന് ലഹരി ഉപയോഗത്തെ കുറിച്ചും മറ്റൊന്ന് ക്ഷോഭത്തെ കുറിച്ചും. രണ്ടും വിവേകോദയത്തില്‍ പ്രസിദ്ധീകരിച്ചവ.

എവിടെയും ക്ഷോഭം

മനുഷ്യന്റെ വിചാരങ്ങളും പ്രവൃത്തികളും എല്ലാം സാംക്രമികങ്ങളാണ്. ചില സമയങ്ങളില്‍ ഈ തത്വം അധികം സ്പഷ്ടമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. യൂറോപ്പിലെ ഭയങ്കരയുദ്ധം ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ഇളക്കിമറിക്കുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ അതൃത്തികളിലും ബംഗാള്‍ മുതലായ പ്രദേശങ്ങളിലും രാജദ്രോഹികള്‍ വീണ്ടും തലപൊക്കിയിരിക്കുന്നു. കുറെക്കുടി അടുത്തു നോക്കുമ്പോള്‍ മലബാറില്‍ മാപ്പിളമാര്‍ വിണ്ടും ലഹളക്കു ഭാവിക്കുന്നതായി കാണുന്നു. തിരുവിതാംകൂറില്‍ സാധുക്കളായ പുലയരുടെ നേരേയുള്ള ഉയര്‍ന്ന ജാതിക്കാരുടെ പോരാട്ടവും കുടെക്കൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനുപുറമെ സാമുദായികസംഘങ്ങളില്‍ തന്നെ ഐകമത്യഭംഗവും അന്തഃഛിദ്രങ്ങളും അധികപ്പെട്ടുകാണുന്നു. കൃസ്ത്യന്‍ കാണ്‍ഗ്രസില്‍ കാത്തൊലിക്കര്‍ വഴിപ്പെടാതെ ശഠിച്ചു നില്‍ക്കുന്നു. കേരളീയ നായര്‍സമാജത്തിന്റെ ഈയിടെ കഴിഞ്ഞ ബിസിനസ്സു മീററിംഗില്‍ പ്രവര്‍ത്തകന്മാര്‍ തമ്മില്‍ ക്ഷോഭിച്ചു പിരിഞ്ഞിരിക്കുന്നു. എസ്. എന്‍. ഡി. പി. യോഗത്തിന്റെ ശരീരത്തിലും രോഗബീജങ്ങള്‍ കുത്തിവെച്ചു ക്ഷോഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കാതിരിക്കുന്നില്ല. സാധുജനപരിപാലനസംഘത്തിലും പ്രവര്‍ത്തകന്മാരുടെ ഇടയില്‍ നിസ്സാരമായിട്ടെങ്കിലും സ്വരച്ചേര്‍ച്ചകേട് ആരംഭിച്ചിട്ടുണ്ടെന്നു കാണുന്നു. എന്നാല്‍ ക്ഷോഭങ്ങള്‍ സമാധാനത്തിന്റെ ആസ്വാദ്യതയെ വര്‍ദ്ധിപ്പിച്ചു ലോകത്തിന്റെ പുരോഗതിയെ പരോക്ഷമായി സഹായിക്കുന്ന സഹകാരികള്‍ എന്നാണ് ഞങ്ങളുടെ വിശ്വാസം. എല്ലാ ക്ഷോഭങ്ങളും സമാധാനത്തില്‍ അവസാനിക്കുമാറാകട്ടെ.

(വിവേകോദയം 1091 തുലാം പു 12, ല 7)

ലഹരി പദാര്‍ത്ഥങ്ങള്‍

പുതിയ പരിഷ്‌ക്കാരത്തിന്റെ ദോഷഫലങ്ങളില്‍ പ്രധാനമായ ഒന്നു നമ്മുടെ ജനങ്ങള്‍ പുകയായും പാനീയമായും ലഹരിപദാര്‍ത്ഥങ്ങള്‍ പൂര്‍വ്വാധികം ഉപുയോഗിപ്പാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളുതാകുന്നു. സിഗരറ്റും ചുരുട്ടും വലിക്കുന്നവരുടെയും മദ്യപാനികളുടേയും സംഖ്യ ചെറുപ്പക്കാരുടെ ഉടയില്‍ത്തന്നെ വളരെ അധികമുണ്ട്. ചില ദിക്കുകളില്‍ ഈ ദുശ്ശീലം ഭയങ്കരമാംവണ്ണം വര്‍ദ്ധിച്ചു വരുന്നതായും കാണുന്നു. ലഹരി ഉപയോഗിച്ചു ബുദ്ധി ദുഷിച്ചുപോയവരോട് അതിന്റെ ദോഷഫലത്തെപ്പറ്റി എത്ര തന്നെപറഞ്ഞാലും ഫലമുണ്ടാവാന്‍ പ്രയാസം. എങ്കിലും ഇതൊരു അപരിഹാര്യമായ ദുശ്ശീലമല്ലെന്നു പലര്‍ക്കുമറിയാം. അതുകൊണ്ടു ഇതുപോലെതന്നെ ഇതിനെതടുപ്പാനുള്ള ശ്രമവും ലോകത്തു വര്‍ദ്ധിച്ചാണു വരുന്നതെന്നു കാണുന്നതില്‍ സന്തോഷിക്കേണ്ടിയിരിക്കുന്നു. .

മദ്യലഹരിയെപ്പറ്റി മാനസതത്വശാസ്ത്രീയമായ അന്വേഷണം നടത്തുന്നതില്‍ പ്രഥമഗണനീയനായ ഡാക്ടര്‍ ജോര്‍ജ്ജ് കട്ട്‌ളര്‍ എന്ന മനഃശാസ്ത്രപണ്ഡിതന്‍ വളരെക്കാലത്തെ പരിശോധനയുടെ ശേഷം ഈയിടെ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. മദ്യലഹരിസിരകളേയും തലച്ചോറിന്റെ പ്രധാന ഭാഗങ്ങളെയും വികലമാക്കുന്നു. സിരകളുടെ ശക്തി ക്ഷയിച്ചു പോകുന്നതോടു കുടി ശ്രമസാദ്ധ്യമായ പ്രവൃത്തികള്‍ക്കു മനുഷ്യന്‍ യോഗ്യനല്ലാതായിത്തീരുന്നു. എന്നാല്‍ മദ്യപാനിയുടെ മിഥ്യയായ വിശ്വാസം പാനം കൊണ്ടു താന്‍ വളരെ ഹൃദയോന്മേഷത്തെയും ശക്തിയേയും അനുഭവിക്കണം എന്നാണു താനും. കുടി വര്‍ദ്ധിച്ചുവരുന്നതോടുകൂടി ഏറ്റവും ഉല്‍കൃഷ്ടമാതൃകയിലുള്ള സ്ത്രീപുരുഷന്മാരുടെ അഭാവം നേരിടുന്നതായി അദ്ദേഹം അനുതപിക്കയും സ്വരാജ്യാഭിമാനികള്‍ ഈ വിഷയത്തില്‍ പ്രത്യേകം ദൃഷ്ടിവയ്ക്കണമെന്നു ഉപദേശിക്കയും കൂടി ചെയ്യുന്നു.

മദ്യങ്ങള്‍ക്കു ഗവണ്മെന്റില്‍നിന്നു ചുങ്കം ഏര്‍പ്പെടുത്തുന്നത് കുടികുറപ്പാനായിട്ടാകുന്നു. എന്നാല്‍ ഇതിനങ്ങിനെ വിലക്കുട്ടീട്ടു ഉദ്ദേശിച്ചു ഫലമുണ്ടാകുന്നില്ല. ഗവണ്മെന്റിനു ഇതുകൊണ്ടു കൊല്ലംതോറും ആദായം വര്‍ദ്ധിക്കുന്നുവെന്നു മാത്രമേയുള്ളു.

മദ്രാസ് സംസ്ഥാനത്തെ മദ്യപാനവര്‍ദ്ധനയെപ്പറ്റി കണക്കുകാണിച്ചിട്ടു ഈയിടെ പാര്‍ലമെന്റു സഭയില്‍ ഒരു മെമ്പര്‍ ഈ വര്‍ദ്ധനയെ തടുപ്പാന്‍ ഗവര്‍ണ്മെന്‌റ് എന്തു ചെയ്യാന്‍ പോകുന്നു എന്നു ചോദിക്കുകയുണ്ടായി. ഇതിന്നു ഷാപ്പുകളുടെ സംഖ്യ ചുരുക്കാനും നാട്ടുമദ്യങ്ങളുടെ ചെലവു വര്‍ദ്ധിപ്പിപ്പാനും, ലഹരിയേറിയ മദ്യങ്ങളുടെ ചിലവു ചുരുക്കാനുമായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മദ്രാസ് ഗവര്‍മെന്റു ശ്രമിച്ചുവരുന്നതായി സ്റ്റേറ്റു സെക്രട്ടറി അവര്‍കള്‍ അറിയുന്നു എന്നാണു അണ്ടര്‍ സെക്രട്ടറി അപ്പോള്‍ മറുപടി പറഞ്ഞത്. ഇപ്പോള്‍ മദ്യഷാപ്പുകളുടെ സംഖ്യയേയും അവ സ്ഥാപിക്കപ്പെടെണ്ട സ്ഥലങ്ങളേയും സംബന്ധിച്ചു എക്‌സൈസ് കമ്മിറ്റിയുടെ ശുപാര്‍ശ യിന്മേല്‍ ഒരു അന്വേഷണം നടത്തപ്പെടുകയും അതിന്റെ ഫലമായി ഷാപ്പുകളുടെ സംഖ്യ മുന്‍കൊല്ലത്തെതിനെ (1907-08) അപേക്ഷിച്ചു പത്തിനൊന്നു കണ്ടു കുറവു ചെയ്യേണ്ടതാണെന്നു ആലോച്ചിച്ചു വരുകയും ചെയ്യുന്നുവത്രേ.

ചെറുപ്പക്കാരുടെ സിഗരറ്റു വലി മുതലായ ദുശ്ശീലങ്ങളും ഈയിടെ പാര്‍ലമെന്‌റിന്റെ ദൃഷ്ടിയില്‍ എത്തിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കന്മാര്‍ക്കുണ്ടായിരുന്ന സഹജമായ സ്വാതന്ത്ര്യങ്ങളെക്കൂടി ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി കുറച്ചുകളഞ്ഞിരിക്കുന്ന ഇക്കാലത്തു ഈ വകകാര്യങ്ങളില്‍ എല്ലാം ഗവണ്മെന്റു തന്നെ തലയിടുന്നതു സ്വഭാവികവും മുറയുമാണല്ലോ. സെര്‍മൂറിലെ രാജാവും ആ സംസ്ഥാനത്തില്‍ ഈയിടെ ഇതിനെ സംബന്ധിച്ചു ഒരു നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിന്‍പ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ ചുരുട്ടോ സിഗരറ്റോ പുകവലിയോ മറ്റേതെങ്കിലും ലഹരി സാധനങ്ങളോ വലിക്കുകയും ഏതു പ്രകാരത്തിലെങ്കിലുമുള്ള മദ്യങ്ങള്‍ ഉപയോഗിക്കയും സമ്മതിക്കപ്പെട്ട ഒരു വൈദ്യന്റെ കുറിപ്പില്‍ പ്രകാരമല്ലാതെ, ഏതെങ്കിലും ലഹരി സാധനങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ യഥാക്രമം തടവും, പിഴയും, അടിയും ശിക്ഷ വിധിക്കപ്പെടുന്നതാണത്രേ.

നമ്മുടെ നാട്ടിലും ഇങ്ങനെ വല്ലതും ഒരു ചട്ടം എര്‍പ്പെടുത്തേണ്ടകാലം ആസന്നമായിരിക്കുകയല്ലയോ എന്നു ചില ദിക്കിലെ ചെറുപ്പക്കാരുടെ അവസ്ഥ കണ്ടാല്‍ തോന്നും.

(വിവേകോദയം പു, 9, ന 3, 4)

അവലംബം:

1. കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍-സമ്പാദനം ജി.പ്രിയദര്‍ശനന്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍

2. ആശാന്‍ അറിയപ്പെടാത്ത മുഖങ്ങള്‍-ജി.പ്രിയദര്‍ശനന്‍, ഗവേഷണവേദി, വാര്‍ക്കല

3. മൃത്യുഞ്ജയം കാവ്യജീവിതം-എം.കെ. സാനു, ഡിസി ബുക്‌സ്, കോട്ടയം


Next Story

Related Stories