TopTop
Begin typing your search above and press return to search.

വാക്സിന്‍ വിവേചനവും, കോവിഡും

വാക്സിന്‍ വിവേചനവും, കോവിഡും

കോവിഡിന്റെ പ്രഹരശേഷി പഴയ വീറോടെ തുടരാനുള്ള സാധ്യത പൂര്‍ണ്ണമായും ഇപ്പോഴും തളളിക്കളയാനാവില്ലെങ്കിലും ലോകമാകെ മഹാമാരിക്കെതിരായ വാക്സിനേഷന്‍ തുടങ്ങിയതിന്റെ ഉത്സാഹത്തിലാണ്. ഒരു വര്‍ഷമായി മഹാമാരി സാമൂഹത്തില്‍ സൃഷ്ടിച്ച ആഘാതവും, പ്രതിസന്ധിയും കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ ആഘോഷങ്ങള്‍ അസ്ഥാനത്താണെന്നു പറയാനാവില്ല. എന്നാല്‍, വാക്സിന്റെ വരവോടെ മഹമാരിയുടെ അവസാനത്തിന്റെ ആരംഭമായെന്ന നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ അനവസരത്തിലുള്ളതാണ്. വാക്സിനേഷന്‍ കോവിഡിനെ ഉടനെ പിടിച്ചുകെട്ടുമെന്ന അമിത പ്രതീക്ഷ ആരും പുലര്‍ത്തേണ്ടതില്ലെന്നതാണ് വാസ്തവം.

ലോകത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന വിഷയത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് അതിനുള്ള പ്രധാന കാരണം. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും സുപ്രധാന വ്യാകുലതയായി അവശേഷിക്കുന്നു. വാക്സിന്റെ ലഭ്യത മാനദണ്ഡമായെടുത്താല്‍ ലോകത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും അനന്തമായ കാത്തിരിപ്പിനുള്ള തുടക്കമായതേയുള്ളുവെന്ന് വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക-സാമൂഹ്യ അസമത്വങ്ങളും, വര്‍ണ്ണ-വര്‍ഗ-ജാതി വിവേചനങ്ങളും നിരന്തരം സൃഷ്ടിക്കുന്ന ദുരിതങ്ങളും, ഏങ്കോണിപ്പുകളും പൊതുജനാരോഗ്യത്തിന്റെ മണ്ഡലത്തില്‍ പുനരവതരിക്കുന്നതിന്റെ കാഴ്ചയാണ് വാക്സിന്‍ ലഭ്യതയില്‍ ദൃശ്യമാവുന്ന അസമത്വം.

ജീവനും, മരണവും മുഖാമുഖം നില്‍ക്കുന്ന മഹാമാരിയുടെ കാലത്തും ലാഭത്തിന്റെ തോതില്‍ ഒരു വിട്ടുവീഴ്ച്ചക്കും ഒരുക്കമല്ലാത്ത രാഷ്ട്രീയ-സാമ്പത്തിക ചട്ടക്കൂടിന്റെ സൃഷ്ടിയാണ് ഇഷ്ടാനുസരണം വാക്സിന്‍ ലഭ്യമാകുന്നതിനുള്ള പ്രധാന തടസ്സം. ആഗോളതലത്തില്‍ ഇപ്പോള്‍ ലഭ്യമായ എട്ടോളം സുപ്രധാന കോവിഡ് വാക്സിന്‍ ഉല്‍പ്പാദന ശേഷിയുടെ 53 ശതമാനവും, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ലോക ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന സമ്പന്ന രാജ്യങ്ങള്‍ 53 ശതമാനം ശേഷിയും സമാഹരിക്കുമ്പോള്‍ ഇതുവരെ വാക്സിന്‍ ലഭ്യതയുടെ ഒരു കരാറിലും ഇടം പിടിക്കാത്ത നിരവധി രാജ്യങ്ങള്‍ (അവയുടെ ജനസംഖ്യ 170 കോടി) വാക്സിന്‍ വിവേചനത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നു.

'വാക്സിന്‍ അപാര്‍തീഡ്' അഥവാ വിവേചനം എന്ന പ്രയോഗം ഭാഷയില്‍ ചിരപ്രതിഷ്ഠ നേടുന്ന സാഹചര്യം ന്യൂയോര്‍ക്ക് ടൈംസിനു പോലും സഹിക്കാവുന്നതിനപ്പുറമാണ്. 'വാക്സിന്‍ വേഗത്തില്‍ ലഭിക്കണോ? ബൗദ്ധിക സ്വത്തവകാശം തല്‍ക്കാലം ഒഴിവാക്കുക' എന്ന പേരില്‍ 2020 ഡിസംബര്‍ 7-ല്‍ പ്രസിദ്ധീകരിച്ച ലേഖനം അതിനുള്ള തെളിവാണ്. (1) സാമ്പത്തിക ശാസ്ത്രജ്ഞരായ ഡീന്‍ ബേക്കര്‍, അര്‍ജുന്‍ ജയദേവ്, പൊതുജനാരോഗ്യ പ്രവര്‍ത്തകനായ അചല്‍ പ്രഭാല എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തിന്റെ ഊന്നല്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട എല്ലാ പേറ്റന്റ് അവകാശങ്ങളും താല്‍ക്കാലികമായി റദ്ദു ചെയ്യുക എന്നതായിരുന്നു. ലോക വ്യാപാര സംഘടനയുടെ വാണിജ്യ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിലെ (ട്രിപ്പ്സ്) ബന്ധപ്പെട്ട വകുപ്പുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിലൂടെ വാക്സിന്റെ ഉല്‍പ്പാദനശേഷി ഗണ്യമായി ഉയര്‍ത്താനും അതുവഴി വാക്സിന്റെ ലഭ്യതയും വിതരണവും വേഗത്തിലാക്കാനും കഴിയുമെന്നായിരുന്നു ലേഖകരുടെ വാദം.

ഇന്ത്യയും, ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയില്‍ ഒക്ടോബറില്‍ തന്നെ അതിനുള്ള നിര്‍ദേശം ഉന്നയിച്ചുവെങ്കിലും അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടപ്പിലായില്ല. നവംബറിലും, ഡിസംബറിലും നടന്ന WTO യോഗങ്ങളിലും ഈ നിര്‍ദേശത്തിന് അംഗീകാരം നേടാനായില്ല. ബൗദ്ധിക സ്വത്തവകാശത്തിന്റെ സമ്പൂര്‍ണ്ണ സംരക്ഷണമാണ് വാക്സിന്‍ ദ്രുതഗതിയില്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗം എന്നായിരുന്നു അമേരിക്കയുടെ വാണിജ്യ പ്രതിനിധിയുടെ വാദമെങ്കില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഔഷധങ്ങളും, സാങ്കേതിക വിദ്യകളും ലഭ്യമാകുന്നതില്‍ ബൗദ്ധിക സ്വത്തവകാശം എന്തെങ്കിലും തടസ്സം സൃഷ്ടിക്കുന്നതായി തോന്നുന്നില്ല എന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയുടെ വാദം.

ബൗദ്ധിക സ്വത്തവകാശം ആരോഗ്യ പരിരക്ഷയെ ഭാരിച്ച ചെലവേറിയ പ്രക്രിയാക്കി മാറ്റിയതിന്റെ പിന്നിലുള്ള ധനശാസ്ത്രത്തില്‍ ദീര്‍ഘകാലമായി പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പണ്ഡിതനാണ് ബേക്കര്‍. ഔഷധ നിര്‍മാണ കമ്പനികളും, സ്‌കാനിംഗ് അടക്കമുള്ള മെഡിക്കല്‍ പരിശോധനകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളും പേറ്റന്റ് അവകാശത്തിന്റെ പേരില്‍ നിലനിര്‍ത്തുന്ന കുത്തകയാണ് ആരോഗ്യപരിപാലനത്തെ ഭാരിച്ച ചെലവേറിയ മേഖലയാക്കി മാറ്റുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പേറ്റന്റ് കുത്തക അവകാശപ്പെടുന്നതനുള്ള ന്യായീകരണം പുതിയ മരുന്നുകളും, ഉപകരണങ്ങളും കണ്ടെത്തുന്നതിനും, നിര്‍മിക്കുന്നതിനുമുള്ള ഗവേഷണച്ചെലവും മുടക്കുമുതലുമാണെന്ന വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് ബേക്കര്‍ സമര്‍ത്ഥിക്കുന്നു. ഗവേഷണ ചെലവുകളുടെ 80-90 ശതമാനം വരെ സര്‍ക്കാരിന്റെ അധീനതയിലുള്ള അല്ലെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ഗവേഷണ ലാബുകളില്‍ നടത്തിയ ശേഷം ഉല്‍പന്നമായി വിപണിയില്‍ എത്തുന്ന അവസാനഘട്ടത്തില്‍ മാത്രം കടന്നുവരുന്ന സ്വകാര്യ മേഖല പേറ്റന്റ് കുത്തക കരസ്ഥമാക്കി വന്‍ലാഭം നേടുന്ന രീതിയാണ് ഔഷധ നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന സമ്പ്രദായം. കോവിഡ് വാക്സിന്‍ നിര്‍മിതിയിലും സര്‍ക്കാര്‍ ധനസഹയാത്തിന്റെ ഗണ്യമായ പങ്ക് കണ്ടെത്താനാവും.

മോഡേര്‍ണ വികസിപ്പിച്ച കൊറോണ വാക്സിന്റെ നൂതനമായ സാങ്കേതിക വിദ്യയുടെ പകുതിയും അമേരിക്കന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് വികസിപ്പിച്ചത്. അമേരിക്കന്‍ നികുതിദായകരുടെ പണമായ 250 കോടി ഡോളറിന്റെ സഹായം ഗവേഷണത്തിനും, മുന്‍കൂറായി ഉല്‍പ്പന്നം വാങ്ങുന്നതിനുള്ള കരാറായും മോഡേര്‍ണക്ക് ലഭ്യമായിട്ടുണ്ട്. ഗവേഷണത്തിനായി ലഭിച്ച 100 കോടി ഡോളറിന്റെ സഹായം മൊത്തം ഗവേഷണ ചെലവായ തുകക്ക് തുല്യമാണെന്നു മോഡര്‍ണ സമ്മതിക്കുന്നു. മഹാമാരിയെ ചെറുക്കുന്നതിനായി വാക്സിന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പേറ്റന്റ് കുത്തക പ്രയോഗിക്കില്ലെന്ന് മോഡേര്‍ണ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതിന്റെ ആവശ്യം ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.

വാണിജ്യ രഹസ്യം, ഉല്‍പ്പന്ന നിര്‍മാണ പ്രക്രിയ തുടങ്ങിയ പല അടരുകളിലായി നിലനില്‍ക്കുന്ന ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലഭ്യത ആശ്രയിച്ചാണ് ഔഷധം ഉല്‍പ്പാദനം സാധ്യമാവുക. ജര്‍മന്‍ സര്‍ക്കാരില്‍ നിന്നും 455 ദശലക്ഷം ഡോളറിന്റെ ധനസഹായം വാക്സിന്‍ നിര്‍മാണത്തിനായി ഫൈസര്‍ കമ്പനിക്ക് ലഭിച്ചിരിന്നു. അതിനു പുറമെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും 600-കോടി ഡോളറിന്റെ വാക്സിന്‍ ഇതേ കമ്പനിയില്‍ നിന്നും വാങ്ങുമെന്നും കരാറായിട്ടുണ്ട്. അസ്ട്രസെനിക്ക എന്ന കമ്പനിക്കും 200 കോടി ഡോളറിന്റെ സഹായം വാക്സിന്‍ വികസനത്തിനും, വാങ്ങല്‍ കരാറുമായി ലഭിച്ചിട്ടുണ്ട്. മോഡര്‍ണയും, ഫൈസറിന്റെയും പ്രഖ്യാപിത വാക്സിന്‍ ഉല്‍പ്പാദനശേഷി അനുസരിച്ച് അമേരിക്കയിലെയും, യൂറോപ്യന്‍ യൂണിയനിലെയും ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് 2021-അവസാനത്തോടെ വാക്സിന്‍ കുത്തിവെപ്പ് നല്‍കാനാവുമെന്നു കണക്കാക്കുന്നു.

ഇന്ത്യയിലെയും, ലാറ്റിന്‍ അമേരിക്കയിലെയും നിര്‍മാതാക്കളുമായി അസ്ട്രസെനിക്ക കരാറിലെത്തിയതാണ് കുറച്ചെങ്കിലും ആശ്വാസകരമായ കാര്യം. കോവിഡ് മഹാമാരി തുടരുന്നിടത്തോളം വാക്സിനില്‍ നിന്നും ലാഭം ഉണ്ടാക്കില്ലെന്ന് അസട്രസെനിക്ക പ്രഖ്യാപിച്ചുവെങ്കിലും 2021 ജൂലൈ 2021 ഓടെ മഹാമാരി ഇല്ലാതായെന്നു പ്രഖ്യാപിക്കുവാനുള്ള അവകാശം കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്. നിലവിലുള്ള ഉല്‍പ്പാദനശേഷി അനസരിച്ച് 2021 അവസാനത്തോടെ 300 കോടി ഡോസുകള്‍ കമ്പനിക്ക് നിര്‍മിക്കാനാവും. ലോക ജനസംഖ്യയുടെ 20 ശതമാനത്തിന്റെ ആവശ്യകതക്ക് ഉതകുന്ന അളവാണ് അത്. ചുരുക്കത്തില്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ വാക്സിനുകളുടെ അളവനുസരിച്ച് ലോകത്തിലെ 50 ശതമാനത്തിലധികം ജനങ്ങളും 2021-കഴിഞ്ഞാലും വാക്സിനേഷന്‍ ലഭിക്കാത്ത അവസ്ഥയിലായിരിക്കും. അവരില്‍ ഭൂരിഭാഗവും മൂന്നാം ലോക രാജ്യങ്ങളില്‍ ആണെന്നതിലും തര്‍ക്കമില്ലെന്ന വസ്തുത 'വാക്സിന്‍ വിവേചനം' എന്ന പ്രയോഗം പ്രാസം തികഞ്ഞ പത്രഭാഷയുടെ ഉല്‍പ്പന്നം മാത്രമല്ലെന്നു വ്യക്തമാക്കുന്നു.

ഇപ്പോള്‍ തുടങ്ങിവെച്ച വാക്സിനേഷന്‍ പ്രക്രിയ വലിയ കുഴപ്പമില്ലാതെ പുരോഗമിക്കുകയാണെങ്കില്‍ മാത്രമാണ് 50 ശതമാനം പേരെങ്കിലും വര്‍ഷാവസാനത്തോടെ വാക്സിന്‍ എടുത്തിരിക്കും എന്ന ശുഭാപ്തി വിശ്വാസത്തിന്റെ അടിസ്ഥാനം. വാക്സിനേഷന്‍ പ്രക്രിയയില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങള്‍ സംഭവിച്ചാല്‍ അതല്ല സ്ഥിതി. വാക്സിന്‍ ഫലപ്രദമായ നിലയില്‍ ലഭ്യമാവുന്നതിനെ ആശ്രയിച്ചാവും 2021-ലെ ആഗോള സമ്പദ്ഘടനയുടെ ഭാവിയെന്ന് ലോക ബാങ്ക് മാത്രമല്ല നിക്ഷേപ ഉപദേശികളും ആണയിടുന്നു. വാക്സിന്റെ കാര്യക്ഷമത, പാര്‍ശ്വഫലങ്ങള്‍, വാക്സിന്‍ ലഭ്യതക്കു വേണ്ടിയുള്ള സാങ്കേതിക സംവിധാനം തുടങ്ങിയവ കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിക്കുമെന്നു ഉറപ്പു വരുത്തുന്നതിലൂടെ മാത്രമാണ് കൂടുതല്‍ ഗുരതരമായ അവസ്ഥ ഒഴിവാക്കാനാവുക. ഏതായാലും മുഖാവരണവും, സുരക്ഷിത അകലവും, സാനിറ്റൈസറും 2021-ലും നിത്യജീവിതത്തിന്റെ ഭാഗമായി നിലനിര്‍ത്തുന്നതാണ് അവരവരുടെ ആരോഗ്യത്തിനും, സുരക്ഷിതത്വത്തിനും മാത്രമല്ല സമൂഹത്തിന്റെ മൊത്തം ക്ഷേമത്തിനും, നന്മക്കും ഉപകരിക്കുക.

1: 'വാക്സിന്‍ വേഗത്തില്‍ ലഭിക്കണോ? ബൗദ്ധിക സ്വത്തവകാശം തല്‍ക്കാലം ഒഴിവാക്കുക' എന്ന ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തോടും, യാനിസ് ഇഖ്ബാല്‍ ജനുവരി 15, 2020-ല്‍ MRZINE എന്ന വെബ് ജേര്‍ണലില്‍ എഴുതിയ ഗ്ലോബല്‍ വാക്സിന്‍ അപാര്‍ത്തീഡ് എന്ന ലേഖനത്തോടും കടപ്പാട്.


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories