TopTop
Begin typing your search above and press return to search.

ആധികാരിക ജയം; പിണറായി വിജയന്‍ ചരിത്രം തിരുത്തുമ്പോള്‍

ആധികാരിക ജയം; പിണറായി വിജയന്‍ ചരിത്രം തിരുത്തുമ്പോള്‍

പിണറായി വിജയന് തീര്‍ത്തും അഭിമാനിക്കാം. ഇത് ആധികാരിക വിജയം. കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങള്‍ക്കും രാഷ്ട്രീയമായ ഒട്ടേറെ വിപരീത ഘടകങ്ങള്‍ക്കും മധ്യേ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെ നയിച്ച് തിളക്കമാര്‍ന്ന വിജയം നേടിയെടുത്തതില്‍ അതിന്റെ അമരക്കാരനായ പിണറായി വിജയന് തീര്‍ത്തും അഭിമാനിക്കാം. ഇടതു മുന്നണിയുടെ രൂപീകരണത്തിനുശേഷം ആദ്യമായി ഭരണത്തുടര്‍ച്ച നേടുന്ന ആദ്യമുഖ്യമന്ത്രി എന്ന രജതരേഖ തന്റെ പേരിനൊപ്പം ചേര്‍ത്തുവെയ്ക്കാന്‍ അദ്ദേഹത്തിനായിരിക്കുന്നുവെന്നത് ചെറിയകാര്യമല്ല. അത് കൂടുതല്‍ വലിയ ഉത്തരവാദിത്തം പിണറായി വിജയനിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇനി ഉണ്ടാകാനിരിക്കുന്ന സര്‍ക്കാരിനേയും ഏല്‍പ്പിയ്ക്കുന്നുമുണ്ട്. മറ്റ് തെരഞ്ഞെടുപ്പുകളില്‍ നിന്നും ഭിന്നമായി പ്രചാരണ രംഗത്തും ഭരണത്തിലും പാര്‍ട്ടിയുടെ തന്ത്രരൂപീകരണത്തിലും എല്ലായിടത്തും നിറഞ്ഞുനിന്നത് പിണറായി വിജയന്‍ തന്നെ.

കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടേണ്ടിവന്നു പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക്. അവയെ ഒക്കെ സുധീരം നേരിട്ടശേഷം അക്കാര്യങ്ങള്‍ മുന്നില്‍ വെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് സാധ്യമാക്കിയ തുടര്‍വിജയം അദ്ദേഹത്തിന്റെ കേരള രാഷ്ട്രീയത്തിലെ ഇരിപ്പിടം കൂടുതല്‍ പ്രശോഭിതമാക്കിയിരിക്കുന്നു. രാജ്യത്തെ ഏക ഇടതു മുഖ്യമന്ത്രിക്ക് അധികാരത്തുടര്‍ച്ച സാധ്യമാക്കിയത് ദേശീയതലത്തിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിയ്ക്കുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ടാണ് ഇടതു മുന്നണിയുടെ വിജയം.

ഓഖി, രണ്ട് പ്രളയക്കെടുതികള്‍, നിപ്പ മുതല്‍ കോവിഡ് വരെയുള്ള മഹാവ്യാധികള്‍....ഇങ്ങനെ സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവഗതികളാണ് തന്റെ ഭരണകാലത്ത് പിണറായിക്ക് കൈകാര്യം ചെയ്യേണ്ടിവന്നത്. ഒട്ടും കുറവായിരുന്നില്ല രാഷ്ട്രീയ വിവാദങ്ങളും ഭരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും. അഞ്ചു മന്ത്രിമാര്‍ ഭരണകാലത്തിനിടെ രാജിവെച്ചു പോയി. അതുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഏറെയുണ്ടായി. ബന്ധു നിയമന വിവാദം മന്ത്രിസഭയുടെ തുടക്കകാലത്തും അവസാന കാലത്തും ഒരുപോലെ ഉയര്‍ന്നുവന്നു. ഏറ്റവും അവസാനം ഉണ്ടായ സ്വര്‍ണ്ണക്കടത്ത് വിവാദം ഉണ്ടാക്കിയ വാര്‍ത്തകളും ആരോപണങ്ങളും സര്‍ക്കാരിനെ വല്ലാതെ പിടിച്ചുലച്ചു. പക്ഷെ, അതൊന്നും ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് അടിവരയിടുന്നു ഫലം.

പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ജനക്ഷേമ പ്രവര്‍ത്തനങ്ങളും കരുതലും വ്യാപകമായി പിണറായി വിജയന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. കിറ്റ് വിതരണം അടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയ ഏതിരാളികളും മറ്റും പലതരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തിയെങ്കിലും സാധാരണക്കാരുടെ ഇടയില്‍ സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയായിരുന്നുവെന്നുവേണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും മനസ്സിലാക്കാന്‍. കെടുതി കടുത്ത നാളുകളില്‍ മുഖ്യമന്ത്രി പതിവായി നടത്തിയ പത്രസമ്മേളനങ്ങളും അദ്ദേഹത്തിന് ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്നതിനുള്ള അവസരമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടക്കമുള്ള മന്ത്രിമാരുടെ ഇടപെടലുകളും സര്‍ക്കാരിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു.

ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പിന്നാലെ എത്തിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് യുഡിഎഫിന് മികച്ച വിജയമാണ് സമ്മാനിച്ചത്. പക്ഷെ, തദ്ദേശ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും യുഡിഎഫിന് പിന്നോക്കം പോക്കുണ്ടായി. അവിടെ നിന്നും കൂടുതല്‍ പിന്നോട്ടടിയാണ് നിയസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും നേരിട്ടത്. വോട്ടുനില കണക്കുകള്‍ കൂടുതല്‍ വിശദമായി പരിശോധിച്ചുമാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. പാര്‍ട്ടി ചിഹ്നത്തില്‍ 86 സീറ്റുകളില്‍ മത്സരിച്ച സിപിഎം 68 സീറ്റുകളില്‍ വിജയിച്ചു. കേവലഭൂരിപക്ഷത്തിന് തൊട്ടടുത്ത്. സിപിഐ 17 സീറ്റുകളും കേരള കോണ്‍ഗ്രസ് എം അഞ്ച് സീറ്റുകളിലും ജെഡിഎസ് രണ്ടു സീറ്റുകളും മററു പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതവും വിജയിച്ചു. എന്നാല്‍ മറുപക്ഷത്ത് യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ എല്ലാ കണക്കുകളും തെറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പ് പടിപ്പുരത്തെത്തിയിട്ടും തമ്മിലടി നിര്‍ത്താത്ത കോണ്‍ഗ്രസിനും അതിന്റെ മുന്‍നിര നേതാക്കള്‍ക്കും വലിയ വില കൊടുക്കേണ്ടിവരും എന്ന സൂചന തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ തന്നെ പുറത്തുവന്നിരുന്നു. പ്രീപ്പോള്‍, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തുടര്‍ച്ചയായി എതിരായി വന്നിട്ടും മാധ്യമങ്ങളെ പഴിയക്കുകയായിരുന്നു ശനിയാഴ്ചവരെ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍. കേന്ദ്രനേതൃത്വം പലതവണ ഇടപെട്ടതിനെത്തുടര്‍ന്നാണ് പലതട്ടില്‍ നിന്ന് തമ്മിലടിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ ഒരുതരത്തില്‍ പ്രശ്‌നങ്ങള്‍ അടക്കിവെച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായത്. അപ്പോഴേയ്ക്കും ഇടതു മുന്നണി ഏറെ മുന്നേറിയിരുന്നു. തമ്മില്‍ ഭിന്നിച്ച് നില്‍ക്കുന്ന എതിരാളികളുടെ ക്യാമ്പിലേക്ക് കടന്നുകയറാന്‍ ഇടതുമുന്നണിക്ക് എളുപ്പവുമായിരുന്നു. സാധാരണഗതിയില്‍ ഉണ്ടാകാറുള്ള ഭരണവിരുദ്ധവികാരം ജനങ്ങളില്‍ കാര്യമായി ഏശിയിട്ടില്ലെന്നു മനസ്സിലാക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട പ്രതിപക്ഷത്തിന് ആഴക്കടല്‍ മത്സ്യബന്ധനം വരെയുള്ള സര്‍ക്കാരിനെതിരെ ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും വോട്ടാക്കാനും സാധിച്ചില്ല. കോവിഡ് മാഹാവ്യാധിയുടെ കാലത്തും രാഷ്ട്രീയ വിവാദങ്ങളിലും വിശ്വാസപ്രശ്‌നങ്ങളിലും ഊന്നിയുള്ള കോണ്‍ഗ്രസിന്റേയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും പ്രചാരണം ജനങ്ങള്‍ കാര്യമായി മുഖവിലയ്‌ക്കെടുത്തില്ലെന്നു വേണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പ്രാഥമികമായി മനസ്സിലാക്കാന്‍. അടിമുടി തിരിച്ചടി കോണ്‍ഗ്രസും ഐക്യമുന്നണിയും ഏറ്റുവാങ്ങി, മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ പ്രായേണ അവര്‍ കരുത്ത് നിലനിര്‍ത്തിയല്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമായിരുന്നു ഐക്യമുന്നണിക്ക്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫിനും കോണ്‍ഗ്രസിനും മേല്‍ക്കൈ നേടാനായില്ല.

യുഡിഎഫിനേയും കോണ്‍ഗ്രസിനേയും പോലെ ബിജെപിയും എന്‍ഡിഎയും കൂടുതല്‍ തിരിച്ചടി നേടിയിരിക്കുന്നുവെന്നാണ് ഫലത്തിന്റെ പ്രാഥമിക പരിശോധനകള്‍ നല്‍കുന്നത്. ബിജെപിയുടെ ഏകപ്രാതിനിധ്യവും ഇക്കുറി നഷ്ടമായി. ഇരു മുന്നണികളേയും കടുത്ത ആഭ്യന്തരപ്രശ്‌നങ്ങളിലേക്ക് എടുത്തെറിയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയം ഏറ്റുവാങ്ങി. അതുപോലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ച ഇടങ്ങളിലൊക്കെ പരാജയപ്പെട്ടു. അവസാനം വരെ പോരാടി പാലക്കാട്ട് പരാജയം ഏറ്റുവാങ്ങിയ മെട്രോമാന്‍ ഇ.ശ്രീധരനും നേമത്തെ കുമ്മനം രാജശേഖരനും മാത്രമാണ് എടുത്തുപറയേണ്ട മത്സരം കാഴ്ചവെച്ചത്. രണ്ടാം സ്ഥാനത്തിന്റെ കാര്യത്തിലും 2016ലെ മികവ് അവര്‍ക്ക് നിലനിര്‍ത്താനായില്ല. പരാജയത്തിന്റെ കണക്കെടുപ്പും വിശകലനവും കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലും വലിയ തോതിലുള്ള പൊട്ടിത്തെറികള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.

സംസ്ഥാനത്താകമാനം ഇടതു തരംഗം ആഞ്ഞടിയ്ക്കുമ്പോഴും പാലയിലെ മാണി സി. കാപ്പന്റെ വിജയം ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും കനത്ത ആഘാതമാണ്. ജോസ് കെ. മാണിയെ മുന്നണിയിലേക്ക് എത്തിക്കുന്നതില്‍ സവിശേഷ താല്പര്യം പിണറായി വിജയനുണ്ടായിരുന്നു. മന്ത്രിസഭയില്‍ മികച്ച ഇരിപ്പിടം ലഭിക്കുമായിരുന്ന ജോസ് കെ. മാണിക്ക് കളത്തിനു പുറത്തുനിന്നും കളികാണേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. അതുപോലെ വടകരയില്‍ നിന്നും കെ. കെ. രമ ജയിച്ചു കയറിയതും സിപിഎമ്മിനും പിണറായി വിജയനും തീര്‍ത്തും അസന്തുഷ്ടികരമായിരിക്കുമെന്ന് വ്യക്തം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കുണ്ടറയില്‍ അടിപതറിയതും പാര്‍ട്ടിയ്ക്കുവേണ്ടി ശക്തിയുക്തം വാദങ്ങളുയര്‍ത്തി പ്രതിരോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എം. സ്വരാജിന് തൃപ്പുണിത്തുറയില്‍ രണ്ടാമൂഴം നഷ്ടമായതും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. തിളക്കമാര്‍ന്ന വിജയത്തിനുമധ്യേ, മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.


Next Story

Related Stories