TopTop
Begin typing your search above and press return to search.

പര്‍വ്വതശൃംഗങ്ങളിലെ അപൂര്‍വ വൈജ്ഞാനികന്‍, സൈനികരുടെ വഴികാട്ടി, മുമുക്ഷുക്കളുടെ സഹചാരി

പര്‍വ്വതശൃംഗങ്ങളിലെ അപൂര്‍വ വൈജ്ഞാനികന്‍, സൈനികരുടെ വഴികാട്ടി, മുമുക്ഷുക്കളുടെ സഹചാരി

സ്വാമി സുന്ദരാന്ദ സമാധിയായി. സ്വാമിജിയുടെ വിയോഗത്തോടെ ഹിമാലയത്തിന്റെ സുന്ദരവും മഹനീയവുമായ ഒരു യുഗം അസ്തമിക്കുകയാണ്.

ആരായിരുന്നു, സ്വാമി സുന്ദരാനന്ദന്‍?

അദ്ദേഹം കേവലം സംന്യാസി മാത്രമായിരുന്നില്ല, യോഗ സാധനകളുടെ ഉപാസകനായിരുന്നു. ഹിമാലയത്തിലെ അപൂര്‍വ്വ ഔഷധങ്ങളുടെയും വൃക്ഷങ്ങളുടെയും വൈജ്ഞാനികനായിരുന്നു. ആധുനിക 'വികസനം' ഹിമാലയത്തില്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക വിപത്തുകളെ ആഴത്തില്‍ പഠിച്ച് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ബോധവല്‍ക്കരിച്ച പരിസ്ഥിതി സംരക്ഷകനായിരുന്നു. ഗംഗാനദിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായിരുന്നു. ക്ഷേത്രങ്ങളിലല്ല, പ്രകൃതിയിലാണ് ഈശ്വരന്‍ കുടികൊള്ളുന്നതെന്ന് വിശ്വസിച്ച മഹാത്മാവായിരുന്നു. ഇന്ത്യ ചൈന യുദ്ധത്തില്‍ ഭാരതീയ സൈനികര്‍ക്ക് വഴികാട്ടിയായിരുന്നു. എഡ്മണ്ട് ഹിലാരിക്കും ടെന്‍സിംഗ് നോര്‍ഗെയ്ക്കും ഹിമാലയത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് മാര്‍ഗദര്‍ശനം നല്‍കിയ പര്‍വതാരോഹകനായിരുന്നു. ക്ലിക്ക് സ്വാമി(Swamy who clicks) എന്ന അപരനാമത്തിലറിയപ്പെട്ട അസാമാന്യ ഛായഗ്രാഹകനായിരുന്നു. വിദേശികളും സ്വദേശികളുമായ അനേകം സാധകരും സഞ്ചാരികളും വിജ്ഞാനകാംക്ഷികളും സാഹസികരായ പര്‍വതാരോഹകരും ഒരേപോലെ, അത്ഭുതത്തോടെ ആരാധിച്ചിരുന്ന സാധകനായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്ര മോദിവരെയുള്ള പ്രധാനമന്ത്രിമാര്‍ ഉറ്റ സുഹൃത്തുക്കളയിരുന്നു. അപദാനങ്ങള്‍ അവസാനിക്കുന്നില്ല.....


(സ്വാമി സുന്ദരാനന്ദന്‍)

1926ല്‍ ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സുന്ദര രാമയ്യ ജനിച്ചത്. ചെറുപ്പത്തിലേ ഈ അന്വേഷി വീടുവിട്ടു. ഇരുപത്തിരണ്ടാം വയസ്സില്‍ ഹിമാലയത്തില്‍ വെച്ച് അദ്ദേഹം തന്റെ ഗുരുവിനെ കണ്ടെത്തി. മലയാളികളുടെ അഭിമാനഭാജനമായ പുജനീയ തപോവന സ്വാമികളായിരുന്നു ആ മഹാത്മാവ്. കേരളത്തിലെ പാലക്കാട്ട് നിന്ന് ഹിമാലയത്തിലെത്തി ഒരു പുരുഷായുസ്സ് മുഴുവന്‍ ഹിമാലയത്തില്‍ വിഹരിച്ച് 'ഹിമഗിരി വിഹാരം' എന്ന വിശിഷ്ട ഗ്രന്ഥം രചിച്ച സ്വാമി തപോവനം, സുന്ദരാനന്ദനെ ജ്ഞാനഗംഗയോടൊപ്പം ഹിമാലയത്തിന്റെ നിഗൂഢമാര്‍ഗ്ഗങ്ങള്‍ കാണിച്ചുകൊടുത്തു. ഉത്തരകാശിയിലെ ഉജേലിയിലെ 'തപോവനകുടി' ആയിരുന്നു സ്വാമിജിയുടെ ആസ്ഥാനം.

ഗംഗോത്രിയിലെ തപോവനകുടിയില്‍ വേനല്‍ക്കാലവാസം. 1957ല്‍ തപോവന സ്വാമികള്‍ സമാധിയായപ്പോള്‍ തപോവനകുടി സുന്ദരാനന്ദന്റെ വാസസ്ഥാനമായി. അവിടെയിരുന്ന് ഹിമാലയത്തിലെ 'ഋതുസംഹാര'മത്രയും സ്വാമി കണ്ടു, ആസ്വദിച്ചു. ഹിമവാനിലെ ഭീകരമഞ്ഞും മഴയും മേഘവിസ്‌ഫോടനവും പ്രളവും ആഗോളതാപനവും കണ്ടു. ഹിമവാന്റെ മുകള്‍ത്തട്ടുമുഴുവന്‍ കാല്‍നടയായി സ്വാമി അലഞ്ഞുതിരിഞ്ഞു. അവിടത്തെ മണ്ണും മനുഷ്യരും മൃഗങ്ങളും വൃക്ഷങ്ങളും പക്ഷികളും അദ്ദേഹത്തിനു സ്വന്തമായി. സമുദ്ര നിരപ്പില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരമുള്ള പര്‍വ്വതശൃംഗങ്ങളും തടാകങ്ങളും നദികളും ജലധാരകളും സ്വാമിയുടെ സഹജരായി. ഇതിനിടെ, എപ്പോഴോ ഏതോ സഞ്ചാരി സമ്മാനിച്ച ക്യാമറ സന്തത സഹചാരിയായി. അതുകൊണ്ട് ലക്ഷക്കണക്കിന് അപൂര്‍വ ഹിമാലയന്‍ ചിത്രങ്ങള്‍ കാണാന്‍ ലോകത്തിന് ഭാഗ്യമുണ്ടായി.

എന്റെ അനന്തമായ ഹിമാലയന്‍ പരിക്രമണങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി 1994ലാണ് സ്വാമിയെ ആദ്യം കാണുന്നത്. സ്വാമിയെപ്പറ്റി ധാരാളം കേട്ടിരുന്നു. ഗംഗോത്രിക്ക് (ഗംഗോത്തരിയാണ് ഗംഗോത്രിയായത്. അവിടെ ഗംഗ ഉത്തര ദിശയിലേക്ക് പ്രവഹിക്കുന്നു. ) അരികില്‍ സൂര്യകുണ്ഡ് എന്ന പ്രശസ്തമായ ജലപാതമുണ്ട്. ഭഗീരഥി താഴെ അഗാധതയിലേക്ക് നിപതിക്കുന്ന ആരവം അകലെ നിന്നേ ശ്രവിക്കാം. നൂറ്റാണ്ടുകളായി മഞ്ഞുറഞ്ഞ് കഠിനജലം കുത്തിയൊലിച്ച് മിനുസമായ വെള്ളാരം പാറകള്‍ വിറങ്ങലിച്ചു കിടക്കുന്നു. അതിനുമുകളിലെ കേരളീയ ഛായയിലുള്ള തൊടിയില്‍, മരം കൊണ്ടും മണ്ണുകൊണ്ടും നിര്‍മിച്ച ഒരു കൊച്ചുകുടിലാണ് 'തപോവനകുടീര്‍'. അതിന്റെ വരാന്തയില്‍, ആ സായന്തനത്തില്‍ സൂര്യശോഭയോടെ അദ്ദേഹം പത്മാസനത്തിലിരുന്നു.

എനിക്ക് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. മൗനമായിരുന്നു, കൂടുതല്‍ സംസാരിച്ചത്. ഞാന്‍ എല്ലാം നിശബ്ദമായി അനുഭവിക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം. കാറ്റിന്റെ അടങ്ങാത്ത ശ്രുതി. മഞ്ഞിന്റെ നിതാന്തമായ തണുപ്പ്, എല്ലാം. ഭിത്തിയില്‍ അദ്ദേഹമെടുത്ത അപൂര്‍വ ഹിമാലയന്‍ ഫോട്ടോകള്‍ക്കൊപ്പം ഗുരു തപോവന സ്വാമികളുടെ ധ്യാനനിരതമായ ചിത്രം പവിത്രമായി ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. മരത്തില്‍ കൊത്തിയ ശില്പങ്ങളും വേരുകളും വള്ളിപ്പടര്‍പ്പുകള്‍ക്കും ആ പര്‍ണശാലയെ അലങ്കരിച്ചിരുന്നു. പ്രശാന്തമായ ആ അന്തരീക്ഷത്തില്‍ ഏകാന്തമായ ഈ മനുഷ്യന്‍ അഭൗമമായ ഏതോ ശക്തി സൗന്ദര്യം പ്രസരിപ്പിക്കുന്നതായി തോന്നി.

അനിര്‍വചനീയമായ ഈ അനുഭവം അയവിറക്കിക്കൊണ്ട്, രണ്ടു കൊല്ലം കഴിഞ്ഞ് വീണ്ടും(1996ല്‍) ഞാന്‍ ആ പടി കടന്നുചെന്നു. പോക്കുവെയില്‍ നാളങ്ങള്‍ ഇലച്ചാര്‍ത്തുകളില്‍ത്തട്ടിത്തിളങ്ങി. ദേവദാരു മരങ്ങളില്‍ മന്ദമാരുതന്‍ വീശിക്കൊണ്ടിരുന്നു. വൃക്ഷശാഖകളില്‍ ചെറുകിളികളുടെ കളകൂജനം. നിലത്തുനിന്നും പറിച്ചെടുക്കാവുന്ന ആപ്പിള്‍പ്പഴങ്ങള്‍ ആകര്‍ഷണീയമായിത്തോന്നി.

'' മുമ്പൊരിക്കല്‍ ഇവിടെ വന്നിട്ടുണ്ട്. ഓര്‍മ്മയുണ്ടോ?'' സ്വാമിജിയോട് ഞാനൊരു വിഡ്ഢിച്ചോദ്യം ചോദിച്ചു. എത്രയോ മനുഷ്യര്‍ വന്നുപോകുന്ന ഇടമാണ്. അവരെയൊക്കെ ഓര്‍ത്തുവെയ്ക്കാനാവുമോ? അല്പനായ എനിക്ക് ചോദിച്ച് കഴിഞ്ഞപ്പോള്‍ ചെറിയ ലജ്ജ തോന്നി. ഹിമഗിരി നിരകളില്‍ അപൂര്‍വമായ മഞ്ഞുപുലികളേയും(snow leapord) കസ്തൂരിമാനിനേയും(musk deer) കണ്ട ആ കണ്ണുകള്‍ എന്നെ ആകെ ഒന്നുഴിഞ്ഞുകൊണ്ട് അദ്ദേഹം മൊഴിഞ്ഞു:'' ചെറിയ ഓര്‍മ്മ തോന്നുന്നുണ്ട്.'' ഞങ്ങള്‍ സംഭാഷണത്തില്‍ മുഴുകി. അദ്ദേഹത്തിന്റെ മന്ത്രമധുരമായ ശബ്ദം സുതാര്യവും ഘനഗംഭീരവുമായിരുന്നു.


(സ്വാമി സുന്ദരാനന്ദന്‍)

ഇതിനിടെ ഒന്നു സംഭവിച്ചു. ആശ്രമവാടിയുടെ പിന്നിലെ പൊളിഞ്ഞുകിടക്കുന്ന വേലിക്കിടയിലൂടെ സുന്ദരികളായ രണ്ടു പെണ്‍കുട്ടികള്‍ അതിക്രമിച്ച് കടക്കുന്നത് അദ്ദേഹത്തിന്റെ സൂക്ഷ്മ ദൃഷ്ടികള്‍ കണ്ടുപിടിച്ചു.അദ്ദേഹം മറുവശത്തേക്ക് കൈചൂണ്ടി പറഞ്ഞു: '' മകളേ ഇതിലേ വഴിയില്ല. നിങ്ങള്‍ അപ്പുറത്തെ ഇടവഴിയിലൂടെ പൊയ്‌ക്കൊളൂ.'' അവര്‍ അത് ധിക്കരിച്ച് നടന്നടുക്കുകയാണ്. എനിക്ക് കൗതുകം തോന്നി. അ മനോഹരികളായ പെണ്‍കുട്ടികള്‍ യൗവ്വനത്തിന്റെ അഹങ്കാരത്തില്‍ ആ സാധുവൃദ്ധന്റെ വാക്കുകള്‍ തൃണവല്‍ഗണിച്ച് വീണ്ടും മുന്നേറുകയാണ്. അതാ അദ്ദേഹത്തിന്റെ ശാന്തഭാവം ക്രുദ്ധമാകുന്നു. അദ്ദേഹം ആക്രോശിച്ചു: '' ഇതിലേ വഴിയില്ലെന്നല്ലേ, പറഞ്ഞത്?'' തല്‍ക്ഷണം ആ സുന്ദരികള്‍ ഭൂമി പിളര്‍ന്ന് അപ്രത്യക്ഷരായി. അല്ലെങ്കില്‍ ആ തീഷ്ണമായ നോട്ടത്തില്‍ അവര്‍ ദഹിച്ചിരിക്കണം. പക്ഷെ, എന്നെ അതിശയിപ്പിച്ചുകൊണ്ട് അ മുഖം പൊടുന്നനവെ ശാന്തമായി. ഒരു മന്ദസ്‌മേരം അവിടെ കളിയാടി!

സുന്ദരാനന്ദജിയുടെ അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം കേരളത്തില്‍ സംഘടിപ്പിക്കാമെന്ന വാഗ്ദാനവുമായി ഞാന്‍ മടങ്ങി. അദ്ദേഹം അത് മുഖവിലയ്‌ക്കെടുത്തു കാണുമോ? ആ ശ്രമം നടന്നില്ല.

കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട പരിശ്രമങ്ങളുടെ സാക്ഷിപത്രങ്ങളായി 425 ചിത്രങ്ങള്‍ അടങ്ങിയ ബൃഹത്തായ ഒരു ഗ്രന്ഥം പുറത്തിറങ്ങി. 2001 ല്‍. Himalaya through the lens of a sadhu saint of the Himalayas എന്നാണ് പുസ്തകത്തിന്റെ പേര്. അദ്ദേഹത്തെ കുറിച്ച് വിക്ടര്‍ ഡെങ്കോ സംവിധാനം ചെയ്ത The personal time with Swamiji എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം, ആ ആശ്രമാങ്കണത്തില്‍ ആരാധകര്‍ ഫോട്ടോകള്‍ സംരക്ഷിക്കുന്ന ഒരു മ്യുസിയം ആരംഭിച്ചിട്ടുണ്ട്.

2020 ഡിസംബര്‍ 23ന്, 95-ാം വയസ്സില്‍ സ്വാമി സുന്ദരാനന്ദ ഇഹലോകവാസം വെടിഞ്ഞു. ഉത്തരാഞ്ചല്‍ സര്‍ക്കാരിന്റേയും ഇന്ത്യന്‍ സൈന്യത്തിന്റേയും ഔദ്യോഗിക ബഹുമതികളോടെ തപോവനകുടിയില്‍ സ്വാമിയെ സമാധിയിരുത്തി. സുന്ദരാന്ദജിയുടെ ഭൗതികശരീരം മാത്രമേ നഷ്ടമായിട്ടുള്ളു. അദ്ദേഹമെടുത്ത അസംഖ്യം അമൂല്യ ചിത്രങ്ങള്‍ അനശ്വരമാണ്!

(ചിത്രങ്ങള്‍: മണിലാല്‍ പടവൂര്‍)


Next Story

Related Stories