TopTop
Begin typing your search above and press return to search.

Azhimukham View: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി; ആഭ്യന്തരവകുപ്പ് താങ്കളുടെ കീഴിലാണ്, എന്നിട്ടുമെന്തേ പോലീസ് അത് അട്ടിമറിച്ചു?

Azhimukham View: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി; ആഭ്യന്തരവകുപ്പ് താങ്കളുടെ കീഴിലാണ്, എന്നിട്ടുമെന്തേ പോലീസ് അത് അട്ടിമറിച്ചു?

പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കാതിരിക്കാന്‍ ശ്രീറാം തന്നെ തെളിവ് കൊണ്ടു തരണമായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു. അത്രയേറെ വീഴ്ചയാണ് ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം തള്ളിയത്. ഇതിനെതിരെ സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ പോകുന്നുണ്ട്.

സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ശ്രീറാം വെങ്കിട്ടരാമന്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നുവെന്നതിന്റെ ലക്ഷണം അവിടെ ഉണ്ടായിരുന്നവര്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ചില്ലെന്ന് പറയുന്നത് ശ്രീറാം മാത്രമാണ്. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്ര നിഷേധിച്ചാലും മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോള്‍ അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന് നാടാകെ അംഗീകരിക്കുന്ന കാര്യമാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം എത്ര സമയം വരെ നില്‍ക്കുമെന്ന് തനിക്കറിയില്ല. അത് ഇല്ലാതാക്കാന്‍ ശ്രീറാം മറ്റെന്തെങ്കിലും മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അത് കഴിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ബോധ്യമാകും ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ തലത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. മദ്യം കഴിച്ചില്ലെങ്കില്‍ പോലും അമിത വേഗത്തില്‍ വാഹനം ഓടിക്കാന്‍ പാടില്ലെന്ന് അറിയാവുന്ന ആളാണ്. തെറ്റ് എന്താണ് എന്ന് കൃത്യമായി ബോധ്യമുള്ളയാളാണ്. അങ്ങനെയുള്ളവര്‍ തെറ്റ് ആണെന്നറിഞ്ഞിട്ടും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സംഭവത്തിന്റെ ഗൗരവം കൂടും.

അഴിമുഖം വ്യൂ

കോടതി ചൂണ്ടിക്കാട്ടിയതും മുഖ്യമന്ത്രി തന്നെ സംഭവത്തെക്കുറിച്ച് പറഞ്ഞതും പരിശോധിക്കുമ്പോള്‍ പൊതുവായ ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വീഴ്ച. മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പിന് നേതൃത്വം നല്‍കുന്നത്. ആ വകുപ്പിന് കീഴിലാണ് പോലീസ് സേന വരുന്നത്. സംഭവത്തില്‍ കര്‍ശന നടപടികള്‍ എന്ന് തുടക്കം മുതല്‍ മുഖ്യമന്ത്രി തന്നെ ആവര്‍ത്തിക്കുന്ന കേസില്‍ പോലീസ് അതിനെ അട്ടിമറിച്ചിട്ടുണ്ടെങ്കില്‍ വീഴ്ച ആരുടേതാണ്? ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കേരളത്തിലെ പോലീസ് നടത്തുന്ന കസ്റ്റഡി കൊലപാതകങ്ങളും ക്രൂരമര്‍ദ്ദനങ്ങളും കേസ് തേച്ചുമായ്ച്ചു കളയലും ഇത് എത്രാമത്തെ തവണയാണ്? എന്തു കൊണ്ടാണ് ആഭ്യന്തര വകുപ്പിന് അതിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്തത്?

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ക്കൊക്കെ ബോധ്യമാകുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ മനസിലാക്കേണ്ട ഒരു കാര്യം നാട്ടുകാരുടെ ബോധ്യത്തിന്റെ പുറത്തല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നടപ്പാകുന്നത് എന്നാണ്. അത് പ്രതിയെന്ന് കുറ്റം ചാര്‍ത്തി ഒരാളെ നിയമത്തിനു മുന്നില്‍ എത്തിക്കുമ്പോള്‍ അതിന് ആവശ്യമായ തെളിവുകള്‍ കൂടി ഹാജരാക്കി സംശയലേശമന്യേ കുറ്റകൃത്യം തെളിയിക്കുമ്പോഴാണ്. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ കേസില്‍ അതാണോ ഉണ്ടായിട്ടുളളത്? അല്ല എന്ന് സംഭവങ്ങള്‍ കാണുകയും വായിക്കുകയും ഒക്കെ ചെയ്യുന്ന ഇതേ നാട്ടുകാര്‍ക്ക് ബോധ്യപ്പെടുന്ന കാര്യങ്ങളാണ്.

വെള്ളിയാഴ്ച രാത്രി 12 മണി കഴിഞ്ഞ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫാ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറുപ്പിക്കുന്നു. മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ പോലും അകലെയല്ലായിരുന്നു സംഭവം. ശബ്ദം കേട്ട് അഞ്ചു മിനിറ്റില്‍ തന്നെ പോലീസ് അവിടെ എത്തിയിരുന്നുു എന്ന് വഫാ ഫിറോസ് ഏഷ്യാനെറ്റ് ന്യുസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ശ്രീറാം തന്നെയാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിയത് എന്നും പോലീസിനും ബോധ്യമുള്ള കാര്യമാണ്. സാക്ഷി മൊഴികളും ഇത് ശരിവയ്ക്കുന്നുണ്ട്. ശ്രീറാമിന്റെ കാല്‍ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല എന്നും സാക്ഷികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നത് എന്നത് ശ്രീറാം തന്നെ പറയുകയും അതിന്റെ അടിസ്ഥാനത്തിലാണ് വഫയെ ഊബര്‍ ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിടുന്നതും. ഇതൊക്കെ പോലീസിന്റെ അറിവോടെയാണ് നടന്നതും. തുടര്‍ന്ന് ബഷീറിനെ ആശുപത്രിയിലേക്കും ശ്രീറാമിനെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്കും കൊണ്ടു വന്നശേഷം പരിക്കേറ്റതിനാല്‍ അയാളെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു. ഇത്രയും കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്.

Also Read: സല്‍മാന്‍ ഖാന്‍ ഇന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാറാണ്, ശ്രീറാം വെങ്കിട്ടരാമനും നാളെ പുല്ലുപോലെ ഊരിപ്പോരും; നീതിനടത്തിപ്പിലെ മുംബൈ-കേരള സാദൃശ്യങ്ങള്‍

ഇവിടെ നിന്നാണ് അട്ടിമറികള്‍ ആരംഭിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ പരിശോധിച്ച ഡോക്ടര്‍ മദ്യത്തിന്റെ മണമുള്ളതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന്റെ രേഖ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കുകയും ചെയ്തു. അപ്പോള്‍ എന്തുകൊണ്ട് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ല? ശ്രീറാം അനുവദിക്കാതിരുന്നത് കൊണ്ട് എന്നാണ് പോലീസ് പറയുന്നത്. മദ്യത്തിന്റെ മണമുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന് അതിന് അധികാരമുണ്ടായിട്ടും രക്തപരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയില്ല എന്ന് ചോദിച്ചത് കോടതി തന്നെയാണ്. വീഴ്ച അവിടെ തുടങ്ങുന്നു.

തുടര്‍ന്ന് ശ്രീറാം പറയുന്നത് വണ്ടിയോടിച്ചിരുന്നത് വഫയാണ്, താനല്ല എന്നാണ്. അതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് പറഞ്ഞയച്ച വഫയെ പോലീസ് തിരികെ വിളിച്ച് രക്തപരിശോധന നടത്തുന്നത്. അതായത്, വാഹനം ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് ബോധ്യമുള്ള പോലീസ് അയാളുടെ രക്തപരിശോധന നടത്താതെ വഫയെ വിളിച്ചു വരുത്തി രക്തപരിശോധന നടത്തുന്നു. അപ്പോള്‍ കള്ളക്കളികള്‍ അവിടം മുതല്‍ തുടങ്ങുകയായിരുന്നു എന്നു വേണം മനസിലാക്കാന്‍. പെറ്റി കേസ് കാര്യങ്ങളില്‍ പോലും സംശയം തോന്നിയാല്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തുന്ന പോലീസാണ് ഈ വിധത്തില്‍ പെരുമാറിയത്. അപകടം ഉണ്ടായതിന്റെ പിറ്റേന്ന് പോലും ആരാണ് വാഹനം ഓടിച്ചത് ആരാണ് എന്ന കാര്യത്തില്‍ സംശയമുണ്ട് എന്ന് മ്യൂസിയം പോലീസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. രക്തപരിശോധന കഴിഞ്ഞ ശേഷം വഫ നല്‍കിയ രഹസ്യ മൊഴിയില്‍ പക്ഷേ, ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നും പറഞ്ഞിരുന്നു. എന്നിട്ടും ശ്രീറാമിന്റെ രക്തപരിശോധന നടത്താന്‍ പോലീസ് തയാറായില്ല.

ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാം എങ്ങനെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി? എന്തിന് പോലീസ് അത് അനുവദിച്ചു? അതും കഴിഞ്ഞ് ഒമ്പതു മണിക്കൂര്‍ കഴിഞ്ഞാണ് രക്തപരിശോധന നടത്തുന്നത്? എന്തുകൊണ്ട്? രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണെല്ലോ റിപ്പോര്‍ട്ട് എന്ന് കോടതി തന്നെ ചോദിച്ചതാണ്. ഉണ്ട് എന്നാണെങ്കില്‍ അതിന്റെ രേഖകള്‍ വേണ്ടേ? അത് എവിടെ എന്നായിരുന്നു കോടതി ചോദിച്ചത്. അമിതവേഗത്തില്‍ ആയിരുന്നോ ശ്രീറാം ഓടിച്ചിരുന്ന കാര്‍ എന്ന് മനസിലാക്കാന്‍ അവിടെ ഒരു സിസി ടിവി ഇല്ലായിരുന്നു എന്ന് പോലീസ് പറയുമ്പോള്‍, ഗവര്‍ണര്‍ പോലും സഞ്ചരിക്കുന്ന പ്രധാനപ്പെട്ട ഒരു റോഡ്‌ ആയിട്ടും ഇതൊന്നും ഇല്ലേ എന്നാണ് കോടതി ചോദിച്ചത്.

ഇത്രയും കാര്യങ്ങള്‍ മനസിലാകുന്നവര്‍ക്ക് അപ്പോള്‍ പോലീസിന് വീഴ്ച വന്നതാണോ അതോ മന:പൂര്‍വം വരുത്തിയതാണോ എന്ന് ബോധ്യമാകുന്ന കാര്യമാണ്. ആദ്യ ദിവസം മുതല്‍ മാധ്യമങ്ങളുടെ ശ്രദ്ധയും മാധ്യമ സംഘടനകളുടെ സമ്മര്‍ദ്ദവുമൊക്കെ ഉണ്ടായിരുന്ന, കേസ് അട്ടിമറിക്കരുതെന്ന് പത്രപ്രവര്‍ത്തക സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയ ഒരു കേസിലാണ് ഈ കാര്യങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പില്‍ തന്നെ അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ഇത്തരമൊരു കേസ് അട്ടിമറിക്കാന്‍ തീരുമാനിക്കുകയും അട്ടിമറിക്കുകയും ചെയ്യുമ്പോള്‍ ആരെയാണ് പഴിക്കേണ്ടത്? അത് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിനെയാണ്, അതിന്റെ പരാജയത്തെയാണ് എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്?

Read Azhimukham: ഒരുവര്‍ഷത്തെ മഴ കൊണ്ട് 9 മാസം കഴിയും, 11 മാസമായി വൈദ്യുതി ബില്‍ ഭീഷണിയില്ല; വരള്‍ച്ചയില്‍ സ്തംഭിച്ച ചെന്നൈ ഈ ഡോക്ടറെ കേള്‍ക്കൂ…

Next Story

Related Stories