TopTop
Begin typing your search above and press return to search.

ആ കുഞ്ഞുങ്ങള്‍ ഉറങ്ങാതെ വെളുപ്പിച്ചെടുത്ത രാത്രികളെക്കുറിച്ച് കൂടി നിങ്ങള്‍ ഓര്‍ക്കണം

ആ കുഞ്ഞുങ്ങള്‍ ഉറങ്ങാതെ വെളുപ്പിച്ചെടുത്ത രാത്രികളെക്കുറിച്ച് കൂടി നിങ്ങള്‍ ഓര്‍ക്കണം

നാട്ടിലെ പള്ളിയില്‍ നിന്ന് ഇടക്കിടക്ക് ചില ഉസ്താദുമാര്‍ രായ്ക്ക് രാമാനം ഓടി രക്ഷപ്പെടും. വീട്ടില്‍ ഉണ്ടാക്കാന്‍ പറ്റുന്നതിന്‍റെ പരമാവധി നല്ല ഭക്ഷണം കൊടുത്ത്, ബഹുമാനിക്കാന്‍ പറ്റുന്നതിന്‍റെ പാരമ്യത്തില്‍ പരിഗണിച്ചിരുന്ന ആളായതുകൊണ്ട് നേരിട്ട് ചീത്ത പറയാനും രണ്ടെണ്ണം പൊട്ടിക്കാനും നാട്ടുകാര്‍ക്കും ഒരു ചളിപ്പാണ്. അതുകൊണ്ട് മുങ്ങിയത് നന്നായെന്ന് തന്നെ ആള്‍ക്കാര്‍ കരുതും. ചിലര്‍ക്ക് ഭാഗ്യം പോലെ രണ്ടെണ്ണം കിട്ടാറുമുണ്ട്.

മദ്രസയുടെ ഭാഗമായ മുറികളില്‍ ചില ഉസ്താദുമാര്‍ താമസിക്കുന്നുണ്ടാകും. അവര്‍ക്കുള്ള ഭക്ഷണമൊക്കെ ഊഴം വച്ച് പരിസരത്തെ വീടുകളില്‍ നിന്നാണ് എത്തിക്കുക. രാത്രി ഇവര്‍ക്ക് കൂട്ട് കിടക്കാനായിട്ട് അവരുടെ വിദ്യാര്‍ത്ഥി തന്നെയായ ചെറിയ പിള്ളേര്‍ ആരെങ്കിലും ചെല്ലണം. ഈ കുഞ്ഞിച്ചെക്കന്‍മാര്‍ മുട്ടാളന്‍മാരായ വലിയ ആണുങ്ങള്‍ക്ക് കൂട്ടിന് ചെന്നിട്ട് എന്തിനാണെന്നത് വേറെ ചോദ്യം.

ഒന്നോ രണ്ടോ ദിവസം കൂട്ട് കിടന്ന് കഴിയുമ്പോള്‍ ഞാനിനി പോകൂല്ലാന്ന് പിള്ളേര്‍ വാശി പിടിക്കും. സ്വാഭാവികമായും അടുത്ത ഒരുത്തന് പോകേണ്ടി വരും. അവനും പിന്നെ ഞാന്‍ പോകൂല്ലാന്ന് പറയുകയും ഇതങ്ങനെ സ്ഥിരമാകുകയും ചെയ്യുമ്പോഴാണ് പിള്ളേര്‍ പരസ്പരം സംഗതി പറയുക. ചിലര്‍ വീട്ടിലും പറയും. കൂട്ട് കിടക്കാന്‍ ചെല്ലുന്ന കുട്ടികളെ ഉസ്താദിന് തൊടണം, പിടിക്കണം. വാര്‍ത്ത പരന്നാല്‍ പിറ്റേന്ന് തന്നെ കെട്ടും കിടക്കയുമായി ഉസ്താദ് മുങ്ങിക്കോളും.

ഉടുപ്പിനിടയില്‍ കയറുന്ന കൈകളെ എത്ര ബലം പിടിച്ചാലാണ് തടയാന്‍ പറ്റുക. നാളെ മദ്രസയില്‍ ചെല്ലുമ്പോഴുള്ള കടുകട്ടി ചോദ്യവും ചന്തിയില്‍ വീഴുന്ന ചൂരലും ഓര്‍ത്താല്‍ തന്ന കൈ പതിയെ തളരും. ഇരുമ്പ് ഗ്രില്ലടിച്ച ആ മുറികളില്‍ നിന്ന് എങ്ങനെയാണ് പുറത്ത് കടക്കുക. രാത്രി പള്ളിപ്പറമ്പിലൂടെ എത്ര ഓടിയാലാണ് വീട്ടിലെത്തുക. കനത്ത അരക്ഷിതത്വവും നിസ്സഹായതയും ശ്വസിച്ച് തീര്‍ത്ത് ആ കുഞ്ഞുങ്ങള്‍ വെളുപ്പിച്ചെടുത്ത രാത്രികള്‍ ഓര്‍ക്കുമ്പോള്‍ ഉള്ള് കിടുങ്ങും.

ഉറക്കത്തിനിടയില്‍ തേരട്ടയരിച്ചെത്തി ഉടുപ്പ് തെറുക്കുന്ന പരിചയമുള്ള കൈകളുടെ ഓര്‍മയാണതുണ്ടാക്കുക. കിടക്കയില്‍ കമിഴ്ന്ന് കിടന്ന് പുതപ്പ് കൊണ്ട് ചുറ്റി വരിഞ്ഞ് മുഖം നോക്കാതെ കിടന്നിട്ടുള്ള രാത്രികളില്‍ അനുഭവിച്ച തണുപ്പും. സ്വന്തം വീട്ടിലല്ലെങ്കില്‍ കമിഴ്ന്ന് കിടന്നുറങ്ങാന്‍ ശീലിക്കുന്നതങ്ങനെയാണ്. മലര്‍ന്ന് കിടന്നാല്‍ മറ്റൊരാള്‍ക്ക് അസ്വസ്ഥതയും അപമാനവും കൂടുതല്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന വിധമാണ് ശരീരത്തിന്‍റെ ഘടനയെന്ന് അറിയുമ്പോള്‍ ഒറ്റക്ക് കണ്ടെത്തുന്ന ചില പ്രതിരോധങ്ങളും പരിഹാരങ്ങളും!

കുട്ടികളുടെ ലൈംഗികാഭിരുചികള്‍, പീഡോഫീലിയ തുടങ്ങിയവ വളരെ സങ്കീര്‍ണ്ണമായ വിഷയങ്ങളാണ്. സ്വന്തം അനുഭവങ്ങളെയും അതിന്‍റെ തോതുകളെയും പുറമെ നിന്നുള്ള ഊഹങ്ങളെയും കൊണ്ട് അതില്‍ തീര്‍പ്പുണ്ടാക്കുകയും സാധ്യമല്ല. കുട്ടികള്‍ സ്പര്‍ശനങ്ങള്‍ ആസ്വദിക്കുന്നതും അതില്‍ ലൈംഗിക ആസ്വാദനം ഉണ്ടാകാമെന്നതും പീഡോഫീലിയ വിശുദ്ധവല്‍ക്കരണത്തിന്‍റെ ന്യായങ്ങളുമല്ല. ഓമനിക്കല്‍ മുതല്‍ മസ്സാജിങ്ങ് ചീര്‍പ്പിന്‍റെ ചീകല്‍ വരെ സ്പര്‍ശനങ്ങളില്‍ സുഖമുണ്ടാകും. ഒരു കുട്ടി അത് ആസ്വദിച്ചോ ഇല്ലയോ എന്ന ചോദ്യം അവരതിലെ ചൂഷണത്തിന്‍റെ സാധ്യത തിരിച്ചറിയാന്‍ പാകത്തില്‍ ട്രീറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നിടത്ത് അപ്രസക്തമാകും.

സെക്ഷ്വല്‍ ഫാന്‍റസികളും കേവലം തൊടലുകളുണ്ടാക്കുന്ന കമ്പനങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ തന്‍റെ ശരീരത്തിലേക്ക് ഉണ്ടാകുന്ന അനാവശ്യമായ സ്പര്‍ശനങ്ങള്‍ അസ്വസ്ഥയും അപമാനവുമാണ്. പീഡോഫീലുകള്‍ വളരെ രഹസ്യമായി ചെയ്യുന്ന പീഡനങ്ങള്‍ കുട്ടികളെ ശാരീരികവും മാനസികവുമായി ബാധിക്കുന്നത്, പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടിനോ ശരീരത്തിന്‍റെ പ്യൂരിറ്റിയിന്മേലുള്ള കണ്ടീഷനിങ്ങിനോ അപ്പുറത്ത് സ്വന്തം ദേഹത്തിന്മേല്‍ മറ്റൊരാള്‍ നടത്തുന്ന കടന്നു കയറ്റത്തിന്‍റെ ഹിംസാത്മകത കാരണമാണ്. താല്‍ക്കാലികമോ അല്ലാതെയോ ആയ ഒരു പാര്‍ട്ടണറെ തിരഞ്ഞെടുക്കും പോലെയല്ല അത്.

കുട്ടികളിലുണ്ടാകുന്ന സെക്ഷ്വല്‍ അഭിരുചികളും കൗതുകങ്ങളും സമപ്രായക്കാരോട് അവര്‍ പങ്കു വെക്കുന്നുണ്ടാകും. ഇതേ കൗതുകം കൊണ്ട് മറ്റൊരു കുട്ടി നടത്തുന്ന ലൈംഗിക ഇടപെടലും മുതിര്‍ന്ന ഒരാള്‍ നടത്തുന്ന ഇടപെടലും അതിന് പാത്രമാകുന്ന കുട്ടിയെ ബാധിക്കുന്നതെങ്ങനെയെന്നതാണ് പ്രശ്നം. 'മെമ്മറീസ് ഓഫ് എ മെഷീന്‍' കാണുമ്പോള്‍ ഇവരേതോ അപൂര്‍വ്വ കഥ പറയുകയാണെന്നാണ് തോന്നിയത്.

സംസാരിച്ചിട്ടുള്ള വളരെയധികം സ്ത്രീകളും പുരുഷന്‍മാരും വലിയ അരക്ഷിതത്വമുണ്ടാക്കുന്ന, പില്‍ക്കാലത്ത് തന്നെ മോശമായി ബാധിച്ച അനുഭവങ്ങളായാണ് കുട്ടിക്കാലത്ത് മുതിര്‍ന്നവരും സമപ്രായത്തിലുള്ളവരും നടത്തിയിട്ടുള്ള ലൈംഗിക ഇടപെടലുകളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അങ്ങനെയല്ലാത്ത ആളുകള്‍ ഉണ്ടെങ്കില്‍ അവരുടെ ആ ശേഷിയെ അളവാക്കിക്കൊണ്ട് അതിന് സാധിക്കാത്തവരുടെ അനുഭവങ്ങളെ ലഘൂകരിക്കാനോ നിഷേധിക്കാനോ ആവില്ല.

ആരെങ്കിലും ശരീരത്തിന്‍റെ നിഗൂഢതകളിലേക്ക് കൈ കടത്താന്‍ ശ്രമിച്ചാല്‍ അത് പങ്കുവെക്കാനുള്ള ഇടം ഇപ്പോള്‍ വീട്ടിലുണ്ട്. എനിക്കും അനിയത്തിക്കും ഉമ്മയ്ക്കും ഞങ്ങളുടെ വിവിധ പ്രായങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന കടന്നുകയറ്റങ്ങളെ പരസ്പരം ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന ആ സ്പേസ് കൗമാരകാലത്ത് മാത്രം രൂപപ്പെട്ടതാണ്. അതിനു മുന്‍പ് വീടിനു പുറത്തെ ഉറക്കങ്ങള്‍ക്ക് ഒരു പുതപ്പിന്‍റെ തുമ്പ് തട്ടിയാല്‍ പൊട്ടുന്ന കനമേ ഉണ്ടായിരുന്നുള്ളു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(2016 നവംബര്‍ 24നു പ്രസിദ്ധീകരിച്ചത്)


Next Story

Related Stories