TopTop
Begin typing your search above and press return to search.

സദാചാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ശരീരത്തിന് വില പറയുമ്പോള്‍

സദാചാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ശരീരത്തിന് വില പറയുമ്പോള്‍

ക്ലോണിംഗ് മുതല്‍ വിമാനം വരെ കണ്ടുപിടിക്കപ്പെട്ടത് പൌരാണിക കാലത്താണെന്ന് മഹാഭാരതവും രാമായണവും ഉദ്ധരിച്ച് പറഞ്ഞു പരത്തുന്നവരാണ് ആര്‍ഷരഭാരത ആരാധകരും പിന്നെ മറ്റു ചില പുരാണ ചരിത്ര ഗവേഷകരും. പക്ഷേ അവരാരും തന്നെ ശിഖണ്ഡി എന്ന കഥാപാത്രത്തെപ്പറ്റിയോ ശിഖണ്ഡി പ്രതിനിധീകരിച്ച ഭിന്നലിംഗത്തിന്റെ സാധ്യതയെപ്പറ്റിയോ സ്ഥാനത്തെപ്പറ്റിയോ സംസാരിച്ചു കണ്ടിട്ടില്ല.

ലിംഗഭേദമന്യേ ഏതൊരു വ്യക്തിയേയും അതിശയിപ്പിക്കുന്ന തരത്തില്‍ സമൂഹത്തെ കൈപിടിച്ച് നടത്താനുള്ള കെല്‍പ്പുള്ള ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഒരു വലിയ സമൂഹത്തെ തന്നെ അതിശയിപ്പിക്കുന്ന ഫിലോസഫി അവര്‍ക്ക് ജീവിതത്തോടുണ്ട്. ഏതൊരു വ്യക്തിയേയും പോലെ അവര്‍ മാഗസിനുകളുടെ കവര്‍ ചിത്രങ്ങളിലേക്ക് നടന്നു കയറുന്നു. അനുഭവങ്ങളുടെ കരുത്തില്‍ ഊര്‍ജപ്രവാഹികളായിമാറിയ നിരവധി പേരുണ്ട് ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍.

പക്ഷേ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭിന്നലിംഗക്കാരെ കോടതി പോലും അംഗീകരിക്കുന്നില്ല എന്ന വൈരുദ്ധ്യത്തെ തലയുയര്‍ത്തി തന്നെ അഭിസംബോധന ചെയ്ത് ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപികരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറിയപ്പോഴും കേരളത്തില്‍ ജീവിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് പേടിയായിരുന്നു. ശാരീരികമായും മാനസികമായും സാമൂഹികമായും അവര്‍ക്ക് നേരിടേണ്ടി വന്ന അവഗണനയും ആക്രമണങ്ങളും സമാനതകളില്ലാത്തതായിരുന്നു. കേരളത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതോ അല്ലെങ്കില്‍ നാട് വിടേണ്ടി വന്നവരോ ആണ് കൂടുതലും. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ആന്ധ്ര പ്രദേശിലും മലയാളം സംസാരിക്കുന്ന, ഒരുകാലത്ത് മലയാളികളായിരുന്ന ഭിന്നലിംഗക്കാര്‍ ആയിരക്കണക്കിന് വരും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭിന്നലിംഗക്കാരെ സാമൂഹികമായി അംഗീകരിച്ച തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ആളുകള്‍ ജീവിക്കുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ മാത്രമാണ് ഒരു ശീതളിനെയും സൂര്യയെയും ദീപ്തിയെയും ഒക്കെ അറിഞ്ഞു തുടങ്ങിയത്.

ഈ സാമൂഹിക അവസ്ഥയിലേക്കാണ് ലൈംഗിക സ്വാഭിമാന ഘോഷയാത്രയുമായി എല്‍ജിബിടി കമ്യൂണിറ്റിയും അവരെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരും കടന്നു വന്നത്. ഇത്തവണ കോഴിക്കോട് നഗരത്തില്‍ വച്ച് നടന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്ര പക്ഷേ എല്‍ജിബിടി കമ്യൂണിറ്റിയെ പിന്തുണച്ചുകൊണ്ട് പങ്കെടുത്ത എനിക്കും കൂടെയുണ്ടായിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കും നടുക്കുന്ന അനുഭവങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്.

തൂവെള്ള കളറുള്ള കുപ്പായമിട്ട കറപിടിച്ച മനസ്സുള്ള മനുഷ്യരെയാണ് കോഴിക്കോട് കഴിഞ്ഞയാഴ്ച കാണിച്ചു തന്നത്. തിരുവനന്തപുരത്തോ ഏറണാകുളത്തോ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതികരണമാണ് കോഴിക്കോട്ടെ ആളുകള്‍ (ചില ആളുകള്‍ എന്ന് പറയണമെന്നുണ്ട്. പക്ഷേ പോകുന്നിടത്തെല്ലാം ഒരു രാത്രിക്ക് റേറ്റ് ഉറപ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നത് കൊണ്ട് താത്ക്കാലം 'ചില' എന്ന വാക്ക് ഉപയോഗിക്കുന്നില്ല) പ്രകടിപ്പിച്ചത്. കണ്ണുകള്‍ കൊണ്ട് പല ആവര്‍ത്തി അവര്‍ ഞങ്ങളുടെ ശരീരങ്ങളെ ആര്‍ത്തിയോയോടെ അരിച്ചു പെറുക്കി. 'ചെത്തിയ ആണിനേയും ചെത്താതെ പെണ്ണായി നടക്കുന്നവളെയും' കാണാന്‍ ആളുകള്‍ നിരവധി ഉണ്ടായിരുന്നു കോഴിക്കോടിന്റെ വഴികളിലെല്ലാം. പ്രാകൃതമായ സംസ്‌കാരത്തിന്റെ കൊടിയടയാളമായി അവര്‍ കോഴിക്കോട്ട് വിലസി നടന്നപ്പോള്‍ പോലീസുകാര്‍ സകല അനുഗ്രഹങ്ങളും ചൊരിഞ്ഞ് അവരുടെ കൂടെ നിന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ വൈകുന്നേരമാകുമ്പോള്‍ കുളിച്ച് തൊപ്പിയും വച്ച് ഒരു രാത്രിക്ക് റേറ്റും ചോദിച്ച് ആളുകള്‍ വന്നപ്പോള്‍ അതില്‍ ചിലര്‍ പോലീസ് വേഷത്തില്‍ വന്നു എന്ന് മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ.

ആഗസ്ത് 12-ന് വൈകുന്നേരം വരെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വൈകുന്നേരം നാല് മണിയോടു കൂടി ഒരു കൂട്ടം ആളുകള്‍ സംഘമായി വരികയും അനുവാദമില്ലാതെ മൊബൈല്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാനും തുടങ്ങി. എനിക്കിപ്പോഴും ഓര്‍മയുണ്ട്; അന്നു വന്നവരില്‍ പലരും മുസ്ലിം മതക്കാരായിരുന്നു. തലയില്‍ തൊപ്പി വച്ച മുസ്ലീം മധ്യവയസ്‌കരും യുവാക്കളും. മതത്തിന് ഇതില്‍ പങ്കെന്ത് എന്നാലോചിക്കാം; വിമര്‍ശിക്കാം. പക്ഷേ അവിടെ അനുഭവിച്ചത് ഞങ്ങളായതുകൊണ്ട് അത് മറ്റുള്ളവരുടെ അറിവിലേക്കായി പറയാതെ വയ്യ. അതു പക്ഷേ ഏതെങ്കിലും മതത്തോടുള്ള വിമര്‍ശനമായി കരുതേണ്ടതില്ല.

അതിലൊരാള്‍ എന്റെ സുഹൃത്തിനെ കയറിപ്പിടിച്ചു. കുതറി മാറും മുന്‍പ് ചിത്രങ്ങളെടുത്തു. അവരെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന എന്നെ രണ്ടു പേരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. എന്റെ കൂടെയുണ്ടായിരുന്ന മറ്റാരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിനോട് അന്നത്തെ ഒരാള്‍ രാത്രിക്കുള്ള റേറ്റ് ചോദിച്ചു. പോലീസിനോട് പരാതി പറഞ്ഞപ്പോള്‍ 'ഞങ്ങളെന്ത് ചെയ്യാനാ പോയി സംഘാടകരോട് പറയ്' എന്നായിരുന്നു മറുപടി. അത് പറയുമ്പോഴും പോലീസുകാരന്‍ തന്റെ കണ്ണുകൊണ്ട് എന്റെ സുഹൃത്തിന്റെ ശരീരം അടിമുടി അളക്കുകയായിരുന്നു. യൂണിഫോമിട്ടതുകൊണ്ട് മാത്രമായിരിക്കാം അയാളും ഒരു പക്ഷെ രാത്രിക്കുള്ള റേറ്റ് അന്വേഷിക്കാത്തതെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്. കണ്ണുരുട്ടിയും ലാത്തി വീശിയും കാക്കിയിട്ട് മോറല്‍ പോലീസിംഗ് നടത്തിയും മാത്രം ശീലമുള്ള പോലീസുകാരോട് ചെന്നൈ നഗരത്തില്‍ കെ പ്രിതിക എന്ന ഭിന്നലിംഗക്കാരി എസ് ഐ ആയ കഥ പറയണമെന്ന് തോന്നി. പക്ഷേ കാക്കിയിട്ടവരിലും മനുഷ്യത്വമുള്ളവരില്ലേ സാര്‍ എന്ന് ചോദിക്കാനാണ് തോന്നിയതെന്ന് മാത്രം. അല്ലെങ്കിലും മനുഷ്യന്മാര്‍ ആരെങ്കിലും പോലീസാകുമോടോ എന്ന് ഒരു കഥാപാത്രം സിനിമയില്‍ പറഞ്ഞ ഡയലോഗ് അപ്പോഴെനിക്ക് ഓര്‍മ വന്നു. എല്ലാ പോലീസുകാരും ഇങ്ങനെ അല്ലെങ്കിലും ആരെങ്കിലുമൊക്കെ ഇങ്ങനെ ആണല്ലോ.

കോഴിക്കോട് ജില്ല കളക്റ്റര്‍ പ്രശാന്ത് നായര്‍ കോഴിക്കോട് ജില്ലയിലെ പോലീസിന്റെ സ്ത്രീ പീഡനവിരുദ്ധ സെല്ലിനെപ്പറ്റി സംസാരിക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ളവര്‍ക്ക് ലിംഗനിര്‍ണയം നടത്തുകയായിരുന്നു കോഴിക്കോട്ടെ പോലീസുകാര്‍. വേഷവിധാനവും ശരീരഭാഷയും കാരണം അവര്‍ ചെയ്തുകൊണ്ടിരുന്ന ജോലി അത്ര എളുപ്പമായിരുന്നിരിക്കില്ല. പരിപാടികള്‍ നടന്നുകൊണ്ടിരുന്ന ഹാളിനകത്ത് പോലും രാത്രിക്കുള്ള റേറ്റ് ചോദിച്ചുകൊണ്ട് ആളുകള്‍ ഉണ്ടായിരുന്നു. സഹികെട്ടപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇടപെട്ടപ്പോള്‍ അവര്‍ പറഞ്ഞത് നിനക്ക് ഒരെണ്ണം ഉണ്ടല്ലോ ഇനി ഞാന്‍ നോക്കി തപ്പി എടുക്കട്ടെ എന്നായിരുന്നു. അപ്പോഴും പോലീസുകാര്‍ കാക്കിയിട്ട് സ്റ്റാന്റ് അറ്റ് ഈസില്‍ നിന്ന് ഞങ്ങള്‍ക്ക് ലിംഗസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന തിരക്കിലായിരുന്നു. ഒടുവില്‍ ബഹളം വച്ചപ്പോള്‍ പോലീസ് വന്ന് അയാളോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. പരാതി ഉണ്ടായിട്ടും അത് സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. പൂവാലശല്യം പോലും കേസെടുക്കാന്‍ കാരണമാകുന്ന ഒരു നാട്ടില്‍, പതിനാല് സെക്കന്റ് പോലും നോക്കിയിരുന്നാല്‍ കേസെടുക്കാന്‍ നിയമമുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പ്രസംഗിക്കുന്ന നാട്ടില്‍ എന്റെ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് റേറ്റ് ടാഗുമായി നടക്കുന്നവര്‍ക്കും അവരെ കണ്ണുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്നവര്‍ക്കും ഹീറോ പരിവേഷം തന്നെയാണ് ലഭിക്കുന്നത്. പ്രശസ്ത എഴുത്തുകാരി ജെ ദേവിക അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കളക്റ്റരോട് ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കാം എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെങ്കിലും ഇതെഴുതുന്ന രാത്രി വരെ നടപടി എടുത്തതായി അറിവില്ല.

2014-ല്‍ അമേരിക്കയില്‍ ജോഷ്വ റയാന്‍ അല്‍ക്കോരന്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ അത് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തു. കേരളത്തിലെ എത്രയെത്ര വീടുകളില്‍ ഇത്തരം 'സാമൂഹിക കൊലപാതകങ്ങള്‍' ആത്മഹത്യകളായി ചിത്രീകരിക്കപ്പെട്ട് ആരുടേയും ശ്രദ്ധ പതിയാതെ നടക്കുന്നുണ്ടാകാമെന്ന് സുഹൃത്തുക്കള്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞു കേട്ടപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്. മരിക്കാതെ ബാക്കിയാവുന്നവരാണ്‌ നാട് വിടുന്നത്. പലായനം എന്ന വാക്കാണ് കുറച്ചുകൂടി ചേരുന്നത്. ഒരു തിരിച്ചുവരവില്ലാതെ അവളവളുടെ വേരുകളെല്ലാം പറിച്ചെടുത്ത് ജീവനും വാരിപ്പിടിച്ച് അന്യസംസ്ഥാനത്തെക്കുള്ള ഏതെങ്കിലും ട്രെയിനിന്റെ രണ്ടാംതരം കമ്പാര്‍ട്ട്മെന്റില്‍ അവര്‍ നാട് വിടുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവിതം തേടി ഇങ്ങോട്ട് വന്ന അതെ തീവണ്ടികളിലെ അതേ കമ്പാര്‍ട്ട്മെന്റുകളില്‍ ജീവിക്കാനുള്ള കൊതി കൂട്ടിപ്പിടിച്ച് അവര്‍ നാട് വിടുന്നു. അപ്പോഴും സീറ്റുകളില്‍ ഇരിക്കാന്‍ അവര്‍ക്ക് പറ്റാറില്ല. കക്കൂസിന്റെ മുന്‍പിലിരുന്ന് നാട് വിടേണ്ടി വന്ന അവസ്ഥ വിവരിച്ചിട്ടുണ്ട് ഒരു സുഹൃത്ത്. കൂട്ടത്തില്‍ ഒരു മധ്യവയസ്‌കന്‍ മൂത്രമൊഴിക്കാന്‍ വന്നപ്പോള്‍ തന്നെ കണ്ട് തിരികെ പോയി കൂടെ ഉള്ളവനോട് 'അവിടെ ഒരു മറ്റേത് ഇരിക്കുന്നുണ്ട്. അങ്ങോട്ട് പോകേണ്ട' എന്ന് ഉപദേശിക്കുന്നതും അന്ന് കേള്‍ക്കേണ്ടി വന്നു.

നേരം ഇരുട്ടിയാല്‍ മുണ്ടിട്ട് മൂടാവുന്ന തരത്തില്‍ അത്രയും അയഞ്ഞതാണ് നമ്മുടെ സദാചാരം. കറന്റ് പോയാല്‍ തീപ്പെട്ടി തപ്പുന്നതിന് മുന്‍പ് അപ്പുറത്തുള്ള വീട്ടിലേക്ക് എത്തിനോക്കുന്ന മലയാളിക്ക് അതേ അയല്‍ക്കാരുടെ വീട്ടിലെ ജനല്‍പ്പാളി രാത്രി ഒരല്‍പ്പം തുറന്നാലോ വാതില്‍ പാളി നിരങ്ങുന്ന ശബ്ദം കേട്ടാലോ അസ്വസ്ഥത ഉണ്ടാകുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. മലയാളിയുടെ ലൈംഗിക മോഹഭംഗം മനസ്സിലാക്കാന്‍ ഫ്രോയിഡിയന്‍ സൈക്കോളജി സ്വായത്തമാക്കേണ്ട കാര്യവുമില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞാലും മലയാളിയുടെ സാമൂഹിക ഇടങ്ങളിലെ ഇത്തരം 'സ്വയം അടയാളപ്പെടുത്തലുകള്‍' മലയാളി തുടരുക തന്നെ ചെയ്യും. കിസ് ഓഫ് ലവ് നടന്നപ്പോള്‍ മറൈന്‍ ഡ്രൈവില്‍ 'ഉമ്മ വെക്കുന്നത് കാണാന്‍' വന്നവരും അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ഡൌണ്‍ ടൌണ്‍ അടിച്ചു തകര്‍ത്തവരും അതിന് ശേഷം കേരളത്തില്‍ ദിവസവും സംഭവിക്കുന്ന സദാചാര കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രങ്ങളും എല്ലാം ഒന്ന് തന്നെയാണ്. ഒളിച്ചുനോട്ടങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കേമന്മാര്‍ തന്നെയാണ് റേറ്റ് കാര്‍ഡുകളുമായി ഇറങ്ങുന്നതെന്ന തമാശയാണ് കേരളത്തെ കപടസദാചാരവാദികളുടെ പറുദീസയാക്കുന്നത്. സദാചാര വാദികള്‍ക്ക് ചൂട്ടും പിടിച്ച് യൂണിഫോമിട്ട പോലീസുകാരും മുന്‍പേ നടക്കുമ്പോള്‍ പിന്‍പേ ഗമിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് അതൊരു ലൈസന്‍സാകുന്നു.

ഭിന്നലിംഗക്കാരെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ നീതിയെന്നത് ആപേക്ഷികം മാത്രമാണ്. അതുകൊണ്ട് കൂടിയാണ് പ്രൈഡ് നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം ഏറണാകുളത്തെ പോലീസ് സ്‌റ്റേഷനില്‍ ഒരു കൂട്ടം ഭിന്നലിംഗക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. അവനവന്റെ ന്യായങ്ങളും ന്യായീകരണങ്ങളും അന്യന്റെ കുറ്റങ്ങളായി മാത്രം നോക്കിക്കണ്ട് ശീലമുള്ള മലയാളികള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നിടത്തോളം കാലം കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് സ്ഥാനമില്ല.

നളിനി ജമീലയുടെ ആത്മകഥ പബ്ലിക്കേഷനുകളും പ്രീ പബ്ലിക്കേഷനുകളും കടന്ന് വില്‍പന റെക്കോര്‍ഡ് നേടുമ്പോഴും രാത്രിയായാല്‍ 'വെടികളെ' തിരഞ്ഞ് ബസ് സ്റ്റാന്റുകളില്‍ ആളുകള്‍ ഇറങ്ങുന്ന നാടാണ് കേരളം. സദാചാരത്തെപ്പറ്റി പ്രസംഗിച്ച് കഴിഞ്ഞ് ക്ഷീണം തീര്‍ക്കാന്‍ പോണ്‍ സൈറ്റുകളില്‍ കയറി 'ഹിഡന്‍ ക്യാമറ' പോണ്‍ ചിത്രങ്ങള്‍ കണ്ട് സുഖമണയുന്നവരാണ് കേരളീയര്‍. ലിംഗങ്ങളുടെ അഹങ്കാരമാണ് കേരളീയന്റെ അഹങ്കാരമായി പരിണമിക്കുന്നത്. ലിംഗവളര്‍ച്ച കുറഞ്ഞാലും ഉദ്ധാരണം കുറഞ്ഞാലും പക്ഷേ അഹങ്കാരം കുറയുകയല്ല, പകരം അത് ഹിപ്പോക്രസിയിലേക്കും കാരണമില്ലാത്ത പകയിലേക്കും അവനെ കൊണ്ടെത്തിക്കും. അങ്ങനെ ആയിരിക്കുന്നിടത്തോളം കാലം വഴിവക്കുകളിലും റോഡിന്റെ വശങ്ങളിലുമിരുന്ന് പെണ്ണിന്റെ രാത്രികള്‍ക്ക് അവര്‍ വിലപറഞ്ഞു കൊണ്ടിരിക്കും. തീരാത്ത സാഡിസത്തിന്റെ കൊടിയടയാളമാണ് കേരളത്തിലെ ഒട്ടുമിക്ക ആണുങ്ങളും.

(2016 ആഗസ്ത് 27നു പ്രസിദ്ധീകരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories