TopTop
Begin typing your search above and press return to search.

കാശ് നിരോധനം ഇയാളെ കോടീശ്വരനാക്കി

കാശ് നിരോധനം ഇയാളെ കോടീശ്വരനാക്കി

രമാ ലക്ഷ്മി

നവംബറിലെ ആ രാത്രിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള കാശ് നിരോധിക്കുന്ന പ്രഖ്യാപനം അപ്രതീക്ഷിതമായി നടത്തുമ്പോള്‍ വിജയ് ശേഖര്‍ ശര്‍മ മുംബൈയില്‍ ഫോര്‍ബ്സ് മാഗസിന്‍ നല്കിയ ഒരു സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ശര്‍മ്മ ഫോണ്‍ നിശബ്ദമാക്കിയിരുന്നു.

പരിപാടിയുടെ ഇടയ്ക്കുവെച്ച് ശര്‍മ ഫോണ്‍ തുറന്നു. അതില്‍ അദ്ദേഹത്തിന്റെ സ്ഥാപനമായ Paytm-ല്‍ നിന്നുള്ള സന്ദേശങ്ങളും വിളികളും നിറഞ്ഞുകിടക്കുന്നു.

ശര്‍മ്മ തന്റെ ജീവനക്കാരെ തിരിച്ചുവിളിച്ചു, “നമ്മുടെ സമയമിതാ വന്നിരിക്കുന്നു.”

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പണമിടപാടുകള്‍ നടത്താന്‍ ഉപയോഗിക്കാവുന്ന ശര്‍മ്മയുടെ ഓണ്‍ലൈന്‍ മാധ്യമം ഒറ്റരാത്രി കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ഏക ആശ്രയം പോലെയായി മാറി. മൂന്നു മാസത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 125 ദശലക്ഷത്തില്‍ നിന്നും 185 ദശലക്ഷമായി കുതിച്ചുയര്‍ന്നു. അതിന്റെ സ്ഥാപകനായ ഈ തടിച്ച കണ്ണടക്കാരന്‍ സംശയം കൂടാതെ ‘വിമുദ്രീകരണത്തിന്റെ രാജാവായി.

നവംബര്‍ 8-നു മുമ്പുതന്നെ അഞ്ചു കൊല്ലംകൊണ്ട് ശര്‍മ നേടിയ വളര്‍ച്ച ഇന്ത്യയിലെ പുതുസംരഭങ്ങളിലെ വിജയഗാഥയായി മാറിയിരുന്നു. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അയാള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കി. ബില്‍ ഗേറ്റ്സിനും ഡാവോസിലെ വ്യാപാര പ്രമുഖര്‍ക്കുമൊപ്പം അയാളിരിക്കുന്നു. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു. അയാളുടെ 8 ബില്ല്യണ്‍ ഡോളറിന്റെ സ്ഥാപനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രായോജകരാകുന്നു; ഇന്ത്യയിലെ കോടീശ്വര വ്യാപാരികളുടെ അഭിമാനപ്രതീകം.

“എന്റെ എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം മറ്റ് പലരെയും പോലെ എനിക്കും അമേരിക്കയില്‍ എളുപ്പം ഒരു ജോലി കിട്ടുമായിരുന്നു. പക്ഷേ ഞാന്‍ നേരത്തെതന്നെ നാട്ടിലൊരു സിലിക്കോണ്‍ വാലി സൃഷ്ടിക്കാന്‍ സ്വപ്നം കണ്ടിരുന്നു,”അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ അയാള്‍ പറഞ്ഞു.

ലോകത്തെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ വലിപ്പത്തില്‍ യുഎസിനും ചൈനക്കും പിന്നിലായി മൂന്നാമതാണ് ഇന്ത്യ: 350 ദശലക്ഷം പേര്‍. ഇത് രാജ്യത്താകെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സംരഭങ്ങള്‍ തുടങ്ങിയ ഇന്‍റര്‍നെറ്റ് കോടീശ്വരന്മാരെ സൃഷ്ടിച്ചു. “ രൂക്ഷമായ മത്സരക്ഷമതയുടെ ഒരന്തരീക്ഷമാണ് ഈ സംരഭകര്‍ സൃഷ്ടിച്ചത്,” വ്യാപാര നിരീക്ഷകനായ ശങ്കര്‍ അയ്യര്‍ പറയുന്നു. “ഇവരില്‍ പലരും വ്യാപാര പാരമ്പര്യമൊന്നുമില്ലാതെ ഇന്ത്യയിലെ ചെറുനഗരങ്ങളില്‍ നിന്നും വന്നവരാണ്. എനിക്കവസരം തരൂ, എനിക്കു ചെയ്യാന്‍ കഴിയുന്നതെന്തെന്ന് കാണൂ, എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ശര്‍മ ഈ വിഭാഗത്തിന്റെ പ്രതീകമാണ്.”

ശര്‍മയുടെ ചില്ലിട്ട കാര്യാലയത്തില്‍ കാപ്പിക്കപ്പുകളില്‍ എഴുതിയിരിക്കുന്നു, “വലുതാകൂ, അല്ലെങ്കില്‍ വീട്ടില്‍പ്പോകൂ.” ആര്‍ക്കും പ്രത്യേക മുറികളില്ല. ആക്രമണശൈലിയില്‍ കളിക്കാനാണ് ശര്‍മ അയാളുടെ ചെറുപ്പക്കാരായ സാങ്കേതികവിദഗ്ദ്ധരോട് ആവശ്യപ്പെടുന്നത്. “ഏപ്രില്‍ മാസത്തോടെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് വിപണിയുടെ പകുതിയും പിടിക്കണം,” അയാള്‍ ആവശ്യപ്പെടുന്നു.

അയാളുടെ മറ്റൊരു സ്വപ്നപദ്ധതിയായ പണമടവ് ബാങ്ക് ഏപ്രിലില്‍ തുടങ്ങും. ബാങ്കിംഗ് സംവിധാനത്തിലില്ലാത്ത സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആ പദ്ധതി. “ഓരോ ഓട്ടൊറിക്ഷ ഡ്രൈവറുടെയും ബാങ്കറാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”

ഓം ചിഹ്നങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ ചെ ഗുവേരയുടെയും ചിത്രമുണ്ട്. അയാളൊരു നീല BMW ഓടിക്കുന്നു. പക്ഷേ വിമാനയാത്രയില്‍ അയാളെപ്പോഴും ഏറ്റവും നിരക്കുകുറഞ്ഞ ടിക്കറ്റെടുക്കുന്നു.

“അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ മൂല്യം ഞാന്‍ മറന്നിട്ടില്ല,” ശര്‍മ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അലിഗഡ് നഗരത്തില്‍ വലര്‍ന്ന ശര്‍മ ഹിന്ദി മാധ്യത്തിലാണ് സ്കൂളില്‍ പഠിച്ചതെല്ലാം. എഞ്ചിനീയറിംഗ് പഠനത്തിന് പോയപ്പോള്‍ മോശം ഇംഗ്ലീഷിന്റെ പേരില്‍ അയാള്‍ ഏറെ അപഹസിക്കപ്പെട്ടിരുന്നു.

“പ്രൊഫസര്‍ എന്നെ “ഒന്നിന്നും കൊള്ളാത്തവന്‍” എന്നാണ് വിളിച്ചിരുന്നത്,” ശര്‍മ ഓര്‍ക്കുന്നു.

സ്വന്തമായാണ് അയാള്‍ തന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തിയത്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ചെറിയ കമ്പനികള്‍ക്ക് വെബ് പേജുകള്‍ ഉണ്ടാക്കിക്കൊടുത്തും മറ്റും അയാള്‍ പണം കണ്ടെത്തിയിരുന്നു. പക്ഷേ 2003-ല്‍ സുഹൃത്തുക്കളുടെ വീട്ടുകാരില്‍ നിന്നൊക്കെ കടം വാങ്ങിത്തുടങ്ങിയ സംരഭം പൊളിഞ്ഞു. വാടകയ്ക്കും ഭക്ഷണത്തിനും അയാള്‍ക്ക് പണമുണ്ടായിരുന്നില്ല.

പിന്നീടയാള്‍ സെല്‍ഫോണ്‍ കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കച്ചവടം തുടങ്ങി. കിട്ടുന്ന പണം കടം തിരിച്ചടയ്ക്കാന്‍ അച്ഛന് അയച്ചു കൊടുത്തു.

സസ്യാഹാരി, പുകവലിക്കില്ല, മദ്യപിക്കില്ല, ഇന്ത്യയിലെ വിവാഹ വിപണിയില്‍ ശര്‍മ ‘നല്ല പയ്യന്‍’ ആകേണ്ടതാണ്. പക്ഷേ അയാളുടെ സംരഭക ചരിത്രം കാരണം അയാള്‍ ഒന്നിലേറെ തവണ തള്ളപ്പെട്ടു.

“ചെറിയ പശ്ചാത്തലം അയാള്‍ ഒരിയ്ക്കലും മറച്ചുവെച്ചില്ല,” ഒരു പതിറ്റാണ്ടായി കൂടെയുള്ള സഹപ്രവര്‍ത്തകന്‍ രേണു സാറ്റി പറഞ്ഞു. “അതാണയാളെ ശക്തനാക്കുന്നതും നിലത്തുനിര്‍ത്തുന്നതും.”

ബാങ്കിലെ നിക്ഷേപം മെച്ചപ്പെട്ടപ്പോള്‍ 2005-ല്‍ അയാളുടെ വിവാഹം നടന്നു. ഒരു മകനുണ്ട്. 2011-ലാണ് അയാള്‍ Paytm സ്ഥാപിച്ചത്. പക്ഷേ അയാളുടെ സമയം തെളിഞ്ഞത് ചൈനയിലെ ഓണ്‍ലൈന്‍ വ്യാപാരഭീമന്‍ ആലിബാബയും അനുബന്ധ സ്ഥാപനവും അതില്‍ നിക്ഷേപം നടത്തിയപ്പോഴാണ്. ഇ-വാലറ്റ്, പണമടവ് ബാങ്ക്, ഓണ്‍ലൈന്‍ വില്‍പ്പന എന്നീ ശര്‍മയുടെ സംരംഭങ്ങളില്‍ ആലിബാബ 800 ദശലക്ഷം ഡോളറാണ് നിക്ഷേപിച്ചത്. ഇപ്പോള്‍ 400 നഗരങ്ങളിലായി 17,000 പേര്‍ അയാളുടെ സ്ഥാപനത്തില്‍ തൊഴിലെടുക്കുന്നു.

ശര്‍മ അപ്രതീക്ഷിത ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. ചൈനീസ് ഉടമസ്ഥതയിലുള്ള ഒന്നാണെന്ന് പറഞ്ഞി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നു. നോട്ട് നിരോധനത്തിന്റെ പിറ്റേന്നു പ്രധാനമന്ത്രിയുടെ ചിത്രം വെച്ചു സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ധീരമായ നടപടിക്കു അഭിനന്ദിച്ചുകൊണ്ട് ശര്‍മ പരസ്യം കൊടുത്തു.

ശര്‍മയും മോദിയും തമ്മില്‍ ഇടപാടുകളുണ്ടെന്ന് രാഷ്ട്രീയ എതിരാളികള്‍ സൂചിപ്പിക്കാന്‍ തുടങ്ങി.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി Paytm എന്നാല്‍ “Pay to Modi” എന്നാണെന്ന് പറഞ്ഞു.

“ഒറ്റരാത്രികൊണ്ടു മോദി വിമര്‍ശകര്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങി,” ശര്‍മ പറയുന്നു. “ആ പരസ്യത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ അക്കാര്യത്തില്‍ നിരപരാധിയാണ്.നിങ്ങളൊരു ആദ്യ തലമുറ CEO ആകുമ്പോള്‍ സംഭവിക്കുന്ന ഒന്നാണത്.”

അഞ്ചു കൊല്ലം മുമ്പു ശര്‍മയ്ക്ക് വേദിയില്‍ ഒരവസരം കൊടുക്കാന്‍ സംഘാടകര്‍ മടിക്കുമായിരുന്നു.

“വേദിയില്‍ അയാള്‍ എന്തുപറയും എന്നു ആര്‍ക്കും ഉറപ്പാക്കാനാകില്ല-അത്ര മിനുക്കി വര്‍ത്തമാനം പറയുമായിരുന്നില്ല അയാള്‍,” സാങ്കേതിക വിദഗ്ദ്ധനായ പ്രശാന്തോ കെ റോയ് പറഞ്ഞു. എന്നാലിതൊക്കെ അയാളെ കൂടുതല്‍ കരുത്തനാക്കി.

“വിജയം അയാളുടെ തലയ്ക്ക് പിടിച്ചിട്ടില്ല. തന്റെ ഊര്‍ജവും പരുക്കന്‍ ആഗ്രഹങ്ങളും അയാള്‍ നിലനിര്‍ത്തി. പൊതുവേദികളിലെ സത്യസന്ധതയും,” റോയ് പറഞ്ഞു.

ഈയിടെ ഒരു പുതുവത്സര വിരുന്നില്‍ ശര്‍മ അലറിക്കൊണ്ട് പറയുന്ന ദൃശ്യം വലിയ പ്രചാരം നേടി; വിമര്‍ശനവും; “മറ്റുള്ളവര്‍ നമ്മള്‍ കുപ്പായത്തില്‍ മുള്ളിച്ചു,” അയാള്‍ പറയുന്നു.

ഇത് ഒരു CEO-വിന് ചേര്‍ന്ന പെരുമാറ്റമല്ലെന്ന് പലരും പറയുന്നു. അതൊരു സ്വകാര്യവിരുന്നായിരുന്നുവെന്ന് ശര്‍മ പറഞ്ഞു.

എന്തായാലും വിജയം അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 2015-ല്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ കമ്പനി എന്തുചെയ്തും വിപുലമാക്കാന്‍ ഗേറ്റ്സ് അയാളോട് പറഞ്ഞു.

“ഞാന്‍ ആലോചിക്കുകയായിരുന്നു,നിങ്ങള്‍ എന്റെ കമ്പനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?" ശര്‍മ പറഞ്ഞു.

“ഡാവോസില്‍ ഡേവിഡ് കാമെറോണും ഷെറില്‍ സാണ്ട്ബെര്‍ങ്ങുമുള്ള മുറിയിലായിരുന്നു ഞാനും. ഞാനപ്പോഴൊക്കെ, “ഓ ! ദൈവമേ, ഓ ! ദൈവമേ! ” എന്നു പറഞ്ഞുകൊണ്ടിരുന്നു.”

“എനിക്ക് ഇക്കിളി തോന്നി. അത്തരം യോഗങ്ങളിലെല്ലാം ഞാന്‍ ചിരിച്ചുകൊണ്ടിരിക്കും.”


Next Story

Related Stories