TopTop
Begin typing your search above and press return to search.

പൂസായ മാര്‍ക്സ്

പൂസായ മാര്‍ക്സ്

ലണ്ടന്‍ തെരുവില് ‍മാര്‍ക്സുമൊത്ത് മദ്യപിച്ച് ലക്കുകെട്ട സായാഹ്നത്തെക്കുറിച്ച് 40 വര്‍ഷത്തിന് ശേഷം വില്‍ഹെം ലീബ്കനറ്റ്ച്ച് എഴുതിയത്.

വൈകുന്നേരം ഞാനും കാള്‍ മാര്‍ക്സും എഡ്ഗര്‍ ബോവറും ചേര്‍ന്ന് ബിയറടിക്കാമെന്ന പദ്ധതിയുമായി ഇംഗ്ലണ്ടിലെ ഹൈഗേറ്റിലെ ഞങ്ങളുടെ താവളത്തില്‍ നിന്ന് നഗരത്തിലേക്കിറങ്ങി. ബെര്‍ലിന്‍ കാലത്ത് കിട്ടിയതും പിന്നീടൊരിക്കലും പിരിഞ്ഞിട്ടില്ലാത്തതുമായ കൂട്ടാണ് മാര്‍ക്സും എഡ്ഗറും തമ്മിലുള്ളത്. ഓക്സ്ഫോര്‍ഡ് തെരുവില്‍ നിന്ന് തുടങ്ങി എല്ലാ മദ്യശാലകളിലും കയറി നിയന്ത്രണം കൈവിടാതെ ഓരോ ഔണ്‍സളവില്‍ കഴിച്ചാലും ഹാംസ്റ്റഡ് റോഡ് എത്തുമ്പോഴേക്കും പണി പാളുമെന്ന് അന്ന് മനസിലായി, അത്രയധികം ചാരായക്കടകളുണ്ടവിടെ. എന്നിരുന്നാലും ഞങ്ങള്‍ സധൈര്യം മുന്നോട്ട് നീങ്ങി. ടോട്ടന്‍ഹാം കോടതി റോഡിന്റെ അറ്റം വരെ കാര്യമായ അപകടങ്ങളൊന്നുമില്ലാതെ എത്തി.

അവിടെവച്ചാണ് ഒരു മദ്യശാലയില്‍ നിന്നുമുയര്‍ന്ന പാട്ട് ഞങ്ങളെ ആകര്‍ഷിച്ചത്. ഒരുകൂട്ടമാളുകള്‍ വലിയ ആഘോഷത്തിലാണെന്ന് കയറിച്ചെന്നപ്പോള്‍ മനസ്സിലായി. കൂത്താടിക്കൊണ്ടിരുന്ന കൂട്ടത്തിലെ ചിലര്‍ ഞങ്ങളെ വന്ന് പരിചയപ്പെടുകയും ഇംഗ്ലീഷുകാരുടെതായ തനത് ആതിഥ്യ മര്യാദകളോടെ അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ആവേശത്തോടെ ഞങ്ങള്‍ ക്ഷണം സ്വീകരിച്ചു. വളരെപ്പെട്ടെന്ന് തന്നെ വര്‍ത്തമാനം രാഷ്ട്രീയത്തിലെത്തി. ഞങ്ങള്‍ ജര്‍മ്മന്‍ അഭയാര്‍ത്ഥികളാണെന്ന് ഒറ്റനോട്ടത്തില്‍ അവറ്റകള്‍ക്ക് മനസിലായി. ഞങ്ങളെയൊന്ന് സുഖിപ്പിക്കാനെന്നവണ്ണം അതില്‍ ചിലര്‍ ജര്‍മ്മന്‍ രാജകുമാരന്‍മാരെയും റഷ്യന്‍ പ്രമാണിമാരെയും പറ്റി പച്ചക്ക് അധിക്ഷേപിക്കാന്‍ തുടങ്ങി. 'റഷ്യന്‍' എന്നതുകൊണ്ട് അവരുദ്ദേശിച്ചത് 'പ്രഷ്യന്‍' എന്നാണ്. കേവലം വാക്കുകളിലെ സാമ്യംകൊണ്ട് മാത്രമല്ല, ഇംഗ്ലീഷുകാര്‍ക്ക് പൊതുവെ 'പ്രഷ്യനും' 'റഷ്യനും' തമ്മില്‍ മാറിപ്പോകാറുണ്ട്.

അങ്ങനെ തടസ്സങ്ങളേതുമില്ലാതെ വര്‍ത്തമാനവും മദ്യവുമൊഴുകുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആ ഒഴുക്ക് നിലച്ചു. ഇംഗ്ലീഷുകാരില്‍ ചിലരുടെ വര്‍ത്തമാനം എഡ്ഗര്‍ ബോവറിന് നന്നായിക്കൊണ്ടു. അവന്‍ ഇംഗ്ലീഷ് അല്‍പ്പന്‍മാരെ തെറിവിളിച്ചുകൊണ്ട് മേശ തലകീഴായി മറിച്ചിട്ടു. അപ്പുറത്ത് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന മാര്‍ക്സ് ആവേശഭരിതനായി ജര്‍മ്മന്‍ ശാസ്ത്രത്തേയും സംഗീതത്തേയും വാഴ്ത്തിക്കൊണ്ട്പാടി -"ഞങ്ങടെ ബിഥോവന്‍, മൊസാര്‍ട്ട്, ഹേണ്ടല്‍, ഹെയ്ഡന്‍, സംഗീതത്തിന്റെ അതികായന്‍മാര്‍, വേറെ ഏത്ര രാജ്യക്കാര്‍ക്കുണ്ടെടോ ഇങ്ങനെ എണ്ണിപ്പറയാന്‍? ഇംഗ്ലണ്ടില്‍ എന്തുണ്ടയാ ഉള്ളത്? ഒരു മൂളിപ്പാട്ട് പോലുമില്ലാത്ത ഇംഗ്ലീഷുകാര്, അവരുടെ ക്ഷീണിച്ച രാഷ്ട്രീയ സാമ്പത്തിക സ്ഥിതിമൂലം ഇതുവരെ ഒരു മഹത്തായ സൃഷ്ടിപോലും നടത്താത്തോര്. മറ്റ് രാജ്യങ്ങളെ മുടിപ്പിക്കാന്‍ മാത്രമറിയാം.” മാര്‍ക്സ് ഇത്രേം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല.

എന്റെ ഭാഗം കുറച്ച് കനപ്പെട്ട ഭാഷയില്‍ തന്നെ ഞാനവതരിപ്പിച്ചു. "രാഷ്ട്രീയാവസ്ഥയുടെ കാര്യത്തില്‍ ഇംഗ്ലണ്ട് ജര്‍മ്മനിയേക്കാള്‍ ഒരു തരി പോലും മുമ്പിലല്ല. ഒരു വ്യത്യാസമെന്തെന്നാല്‍ ഓരോ ജര്‍മ്മന്‍കാരനുമറിയാം തങ്ങളുടെ രാജ്യത്തെ രാഷ്ടീയകാര്യങ്ങള്‍ ഇത്തിരി ക്ഷീണമാണെന്ന്. എന്നാല്‍ ഇംഗ്ലീഷുകാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല. രാഷ്ട്രീയമായ വകതിരിവിന്റെ കാര്യത്തില്‍ ഞങ്ങളെ വെല്ലാനൊന്നും ഇംഗ്ലീഷുകാരായിട്ടില്ല.”

ഞങ്ങളായി തുടങ്ങിവച്ച കച്ചറ സാമാന്യം വഷളായതോടെ എഡ്ഗര്‍ ബോവര്‍ തന്റെ വലിയ തോക്കെടുത്ത് ഇംഗ്ലീഷുകാര്‍ക്ക് നേരെ ചൂണ്ടി. അടക്കിപ്പിടിച്ചും പിന്നീട് ശബ്ദമുയര്‍ത്തിയും ഇംഗ്ലീഷ് കൂട്ടം "പണ്ടാര വിദേശികള്‍" എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അന്തരീക്ഷമെങ്ങും ഭീഷണികള്‍ മുഴങ്ങി, തലച്ചോറുകളില്‍ ചോര പെരുത്തുകേറി, മുഷ്ടികള്‍ വായുവിലുയര്‍ന്ന് വീശി. അതിനിടെ ഞങ്ങള്‍ നേടിയ നേരിയ മേല്‍ക്കൈ മുതലെടുത്ത് സാമാന്യം അന്തസായിതന്നെ ബഹളത്തില്‍ നിന്ന് പുറത്തുചാടി രക്ഷപ്പെട്ടു.

ബിയറടി പാര്‍ട്ടിക്ക് ഞങ്ങള്‍ കണക്കാക്കിയ സമയം എപ്പോഴെ കഴിഞ്ഞിരുന്നു. അതുകൊണ്ടും ഉള്ളിലെ വികാരം കെട്ടടങ്ങാത്തതിനാലും ഞങ്ങളുടെ നടത്തത്തിന് അസാധാരണമായ വേഗത കൈവന്നു. നടത്തത്തിനിടെ എഡ്ഗര്‍ ബോവര്‍ തെന്നിവീഴുന്നത് വരെ ആ കുതിപ്പ് ഞങ്ങള്‍ നിലനിര്‍ത്തി. കല്ലുകള്‍ പതിച്ച വഴിയില്‍ കമിഴ്ന്നടിച്ചുവീണ എഡ്ഗര്‍ ചാടിയെണീറ്റ്പറഞ്ഞു. "ഹായ്..ഒരു ഐഡിയയുണ്ട്". വികൃതിയായ സ്കൂള്‍ കുട്ടിയെപ്പോലെ അവന്‍ നിലത്ത് പതിച്ച കല്ല് ഇളക്കിയെടുത്തു. അടുത്ത നിമിഷം സമീപത്തെ വഴിവിളക്ക് തകര്‍ന്ന് തരിപ്പണമായി നിലത്ത് വീണു. വിവരക്കേട് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു. മാര്‍ക്സും ഞാനും പുറകിലായില്ല. നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ നാലോ അഞ്ചോ വിളക്കുകള്‍ വഴിയില്‍ ചിന്നിച്ചിതറി. സമയം പുലര്‍ച്ച രണ്ടുമണിയായിരുന്നതിനാല്‍ വഴി പൊതുവെ വിജനമായിരുന്നു. എന്നിരുന്നാലും പൊട്ടിച്ചിതറുന്ന ശബ്ദം റോന്തുചുറ്റുന്ന പൊലീസുകാരന്റെ ചെവിയിലെത്തി. ദൂരെയുള്ള പൊലീസുകര്‍ക്ക് അപായസൂചന നല്‍കി ചൂളംവിളികള്‍ മുഴങ്ങി. പ്രതിധ്വനി പോലെ മറുപടി ചൂളങ്ങളും കേട്ടു. രംഗം ഗുരുതരമായി!

ഭാഗ്യത്തിന്റെ ഒരു കളിയായിരുന്നു പിന്നീട്, സംഗതി കൈവിട്ട് പോവുമെന്ന് ഞൊടിയിടയില്‍ ഞങ്ങള്‍ക്ക് മനസിലായി. നില്‍ക്കുന്ന സ്ഥലമോ സുപരിചിതം. പിടികൂടാനായി പാഞ്ഞുവരുന്ന മൂന്നോ നാലോ പോലീസുകാരെ ഏറെ പിന്നിലാക്കി ഞങ്ങളുടെ ഉജ്ജ്വലമായ മുന്നേറ്റം. രണ്ട് തെരുവുകളെ ബന്ധിപ്പിക്കുന്ന ഇടവഴിയിലേക്കുള്ള ഞങ്ങളുടെ നിര്‍ണ്ണായകമായ തിരിവ് പന്തയത്തില്‍ വഴിത്തിരിവായി. പോലീസുകാര്‍ ദയനീയമായി തോറ്റു. സുരക്ഷിത സ്ഥാനത്തേക്ക് പ്രവേശിച്ചതായി അതോടെ ഞങ്ങള്‍ക്ക് മനസിലായി. പോലീസുകാരുടെ കൈവശം ഞങ്ങളെ പറ്റി ഒരു തുമ്പുമില്ല എന്ന ആശ്വാസത്തില്‍, കൂടുതല്‍ സാഹസങ്ങള്‍ക്ക് മുതിരാതെ സ്വന്തം താവളത്തിലേക്ക് കയറി.

ഉടവിടം: Karl Marx: Biographical Memoirs, by Wilhelm Liebknecht. First German edition, Nuremberg, 1896; first English translation (by E Untermann), 1901. Reprinted by Journeyman Press, London, 1975.

മൊഴിമാറ്റം: ദീപക്

വര: മിഥുന്‍ മോഹന്‍

(2014 ആഗസ്ത് 26നു പ്രസിദ്ധീകരിച്ചത്)


Next Story

Related Stories