TopTop
Begin typing your search above and press return to search.

മൂന്നു വര്‍ഷം മുന്‍പ് ആമിര്‍ ഖാന്‍ തുറന്നുകാണിച്ച ആള്‍ദൈവ തട്ടിപ്പുകള്‍ റാം റഹീം ഉറപ്പിക്കുമ്പോള്‍

മൂന്നു വര്‍ഷം മുന്‍പ് ആമിര്‍ ഖാന്‍ തുറന്നുകാണിച്ച ആള്‍ദൈവ തട്ടിപ്പുകള്‍ റാം റഹീം ഉറപ്പിക്കുമ്പോള്‍

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ പികെ ഒരു 'സ്ലാപ്സ്റ്റിക് മസാലച്ചിത്ര'*മാണ്. ആദ്യം മുതല്‍ അവസാനം വരെ ബഹളത്തോട് ബഹളം. 'രാജു'ഹിറാനിയുടെ ടിപ്പിക്കല്‍ പെയ്‌സും സൗണ്ട് ട്രാക്കും, കൂടെ ആമിര്‍ഖാന്റെ ശൈലീകൃതമായ അഭിനയവും ചേരുമ്പോള്‍ നൂറുകോടി ക്ലബ്ബിലേക്ക് ഓടിക്കയറാന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കുന്ന ഒരു സാധാരണ മുംബൈമസാല. 2014 മെയ് 16 ന് മുമ്പായിരുന്നെങ്കില്‍ ഈ വാചകത്തില്‍ തുടങ്ങി അടുത്തതില്‍ ഒടുങ്ങുമായിരുന്നു പി കെയെക്കുറിച്ചുള്ള ഏതെഴുത്തും. എന്നാല്‍ പുതിയ ഇന്ത്യയില്‍ അഥവാ വീട്ടിലേക്കുമടങ്ങുന്ന ആര്‍ഷഭാരതത്തില്‍ പികെയുടെ ശബ്ദത്തിന് മുഴക്കം കൂടുന്നുണ്ട്. ചില കലാസൃഷ്ടികള്‍ അങ്ങനെയാണ്. കാലമാണ് അവയ്ക്ക് സാംഗത്യം നല്‍കുന്നത്. "നരച്ചതാടി ഭരിക്കുന്ന"* രാജ്യത്ത് കനത്തു വരുന്ന ഇരുട്ടാണ് പികെയെ തിളക്കമുള്ളതാക്കുന്നത്.

ബലാത്സംഗക്കേസില്‍ അകത്തുപോയ ഗുജറാത്തിലെ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പരാതി നല്‍കിയ സ്ത്രീയെ കാണാനില്ലെന്ന വാര്‍ത്തക്കൊപ്പമാണ് പി കെ നിരോധിക്കണമെന്ന ഹൈന്ദവസംഘടനകളുടെ ആവശ്യവും പത്രങ്ങളില്‍ വരുന്നത്. ബാപ്പു തന്നെ വര്‍ഷങ്ങളോളം നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പരാതി നല്‍കിയ ആശ്രമത്തിലെ അന്തേവാസിയായ മുപ്പത്തിമൂന്നുകാരിയെ രണ്ടാഴ്ചയായി കാണാനില്ല. ബന്ധുവീട്ടില്‍ കല്യാണത്തിനു പോയി എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ അങ്ങനെയൊരു കല്യാണം നടന്നിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. എന്തായാലും അവരെവിടെയെന്ന ചോദ്യം ബാപ്പുവിന്റെ അനുയായികളോട് ചോദിക്കാനിതുവരെ ആരും തയ്യാറായിട്ടില്ല. പികെയിലെ തപസ്വി മഹാരാജിന് ബാപ്പുവിനെ പോലെ താടിയില്ലെന്നേ ഉള്ളൂ. ആത്മന്റെ വ്യാപാരം നടത്തുന്ന തപസ്വിയും പക്ഷെ എന്തിനും പോന്നവനാണ്. ദില്ലി റെയില്‍വേസ്‌റ്റേഷനില്‍ നടക്കുന്ന ഒരു ബോംബ് സ്‌ഫോടനത്തിന്റെ ഗുണഭോക്താവുകൂടിയാണ് സിനിമയില്‍ തപസ്വി മഹാരാജ്. ബോംബ് പൊട്ടിക്കാന്‍ ജിഹാദികള്‍ക്ക് മാത്രമേകഴിയൂ എന്ന് പറയാതിരിക്കുകവഴി പികെ നിര്‍വഹിക്കുന്ന ഒരു രാഷ്ട്രീയ ധര്‍മമുണ്ട്. തപസ്വിയെ പോലുള്ള ആള്‍ദൈവങ്ങളെ പൊളിച്ചുകാണിക്കുന്ന കേവല യുക്തിവാദ ധര്‍മത്തേക്കാള്‍ എത്രയോ ശക്തമാണത്. പി കെ എന്ന സിനിമയുടെ യഥാര്‍ത്ഥ പ്രസക്തിയും അവിടെയാണെന്നാണ് ഇതെഴുതുന്നവള്‍ വിശ്വസിക്കുന്നത്.

ഒറ്റനോട്ടത്തില്‍ കപടദൈവങ്ങളെ തുറന്നുകാട്ടുന്ന, ദൈവം മറ്റെവിടെയോ ആണെന്ന് പറയുന്ന, കപടവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന, ഒരു സോദ്ദേശചലച്ചിത്രമാണ് പികെ. എന്നാല്‍ മെഗാഫോണില്‍ നിന്നുയരുന്ന ശബ്ദാഢംബരത്തില്‍ മുങ്ങിപ്പോകുന്ന ചില പ്രസ്താവനകളുണ്ട് ഈ ചിത്രത്തില്‍. മുംബൈ മസാലച്ചിത്രങ്ങള്‍ കാര്യമായി കൈവയ്ക്കാത്ത, തൊട്ടാല്‍ പൊള്ളുന്ന ചില മേഖലകളിലേക്ക് അന്യഗ്രഹജീവിയുടെ നിഷ്‌കളങ്കതയോടെ കടന്നു ചെല്ലുന്നുണ്ട് ഈ പികെ. രാജ്യമാകെ നെഞ്ചിടിപ്പോടെ മാത്രം ചര്‍ച്ചചെയ്തിട്ടുള്ള ആ ക്ഷേത്രനിര്‍മാണത്തെ തികഞ്ഞ ലാഘവത്തോടെ ചോദ്യം ചെയ്യുന്നുണ്ട് ചിത്രം. നിര്‍മിക്കാനുദ്ദേശിക്കുന്ന മഹാക്ഷേത്രത്തെക്കുറിച്ച് തപസ്വി മഹാരാജ് പറയുമ്പോള്‍ അതെന്തിനാണെന്ന ചോദ്യം പികെ ഉയര്‍ത്തുന്നുണ്ട്. ക്ഷേത്രം പണിയുന്നവരോടല്ല അതിനെ എതിര്‍ക്കുന്നവരോടാണ് ചോദ്യം ചോദിക്കേണ്ടതെന്ന തപസ്വിയുടെ മറുപടിയെ പ്രതിസ്ഥാനത്താണ് ചിത്രം നിറുത്തുന്നത്. ബാബറി മസ്ജിദ് വിഷയമാക്കിയ ഗൗരവമേറിയ ചില രാഷ്ട്രീയ ചിത്രങ്ങള്‍ മാത്രമാണല്ലോ മുമ്പ്, ഈ മഹാമന്ദിറിനെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. കിഷന്‍ജിയുടേയും രാംജിയുടേയും ജന്മസ്ഥാനമെന്ന് നേരിട്ട് പറഞ്ഞുകൊണ്ടുതന്നെ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ തയ്യാറാവുന്നു എന്നത് പികെയെ ധീരമായ ചിത്രമാക്കുന്നുവെന്ന് നിസ്സംശയം പറയാം.

അഫ്സൽ ഗുരുവിന്റെ വധശിക്ഷതൊട്ട് നരേന്ദ്ര മോദിയുടെ സ്ഥാനാരോഹണം വരെ സാധ്യമാക്കിയ ഭൂരിപക്ഷ ഇന്ത്യന്‍ പൊതുബോധത്തെ നേര്‍ക്കുനേര്‍ ചോദ്യം ചെയ്യുന്നുണ്ട് സിനിമ. മുസല്‍മാന്മാര്‍ വിശിഷ്യ പാക്കിസ്ഥാനികള്‍ വഞ്ചകരാണെന്നതാണ് ഇതില്‍ പ്രധാനം. ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ നായികയുടെ പ്രണയം തകരുമെന്നും പാക്കിസ്ഥിനിയായ കാമുകന്‍ അവളെ ഉപയോഗിച്ചു വലിച്ചെറിയുമെന്നും പ്രവചിക്കുന്നതും തപസ്വി മഹാരാജാണ്. തപസ്വിയുടെ പ്രവചനം ഫലിച്ചുവെന്ന് തെറ്റിദ്ധരിച്ച് ജീവിക്കുന്ന നായികയെ സത്യം അതല്ലെന്ന് ബോദ്യപ്പെടുത്തുകയാണ് പികെ. ഇതിനായി സംവിധായകനും തിരക്കഥാകൃത്തും ഉപയോഗപ്പെടുത്തിയിരിക്കുന്ന കഥാസന്ദര്‍ഭം ആവര്‍ത്തനവിരസവും അതിനാടകീയവുമാണെങ്കിലും, അതിലൂടെ തകര്‍ന്നുപോകുന്ന ആ പൊതുബോധം മോദീകാല ഇന്ത്യയില്‍ രൂഢമൂലമായ ഒന്നാണെന്നത് കാണാതിരുന്നുകൂട. ചിത്രത്തിനെതിരെ വാളെടുത്തിരിക്കുന്നവര്‍ എറ്റവുമൊടുവില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപവും ഇതാണ്. പികെ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പുതിയ ആരോപണം. ചിത്രത്തിന്റെ ഓടുവില്‍ പികെയെക്കുറിച്ച് നായിക എഴുതിയ പുസ്തകത്തിന്റെ പ്രകാശന (വായന) ച്ചടങ്ങില്‍ നായികയുടെ ഹൈന്ദവവിശ്വാസിയായ അച്ഛന്‍ പാക്കിസ്ഥാനിയായ മരുമകനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നുണ്ട്. സര്‍ഫറാസ് സര്‍ഫറാസായിത്തന്നെ ജഗത്ജനനിയുടെ ജീവിതത്തിലേക്ക് വരുന്നതിനോടുള്ള അസഹിഷ്ണുതയാണ് ലൗജിഹാദ് ആരോപണത്തിനു പിന്നിലുള്ളതെന്ന് എളുപ്പത്തില്‍ കാണാം. സാനിയ മിര്‍സ ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തപ്പോഴുണ്ടായ പാക്കിസ്ഥാന്റെ മരുമകള്‍ വിവാദം ഓര്‍ക്കുക. ഇപ്പോള്‍ ബജരംഗദള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, 'ബഹുലാവോ ബേട്ടീ ബചാവോ' ക്യാംപെയ്‌നാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

മതങ്ങള്‍ക്കുമപ്പുറം വളര്‍ന്നു പന്തലിച്ചിട്ടുള്ള പാട്രിയാര്‍ക്കിയുടെ വടവൃക്ഷത്തിന്റെ കടക്കല്‍ കൂടിയാണ് സംവിധായകന്‍ അറിഞ്ഞോ അറിയാതെയോ ഇവിടെ ഒരു ചെറിയ വെട്ട് വെട്ടുന്നത്. ചിത്രം പരിപൂര്‍ണ്ണമായും പാട്രിയാര്‍ക്കലായ സകല നോഷനുകളേയും അതേപടി പുനരുത്പാദിപ്പിക്കുന്നതു തന്നെയാണെന്നും ആ അര്‍ത്ഥത്തില്‍ ഒരു തരിമ്പും മുന്നോട്ടു നടക്കാത്തതാണെന്നുമുള്ള വിമര്‍ശനം നിലനിര്‍ത്തിത്തന്നെയാണ് ഇക്കാര്യം പറയുന്നത്. കാലാകാലങ്ങളായി ബോളിവുഡ് സിനിമകളില്‍ അതിര്‍ത്തികടക്കുന്ന തീവ്രവാദികള്‍ക്ക് അഭയം നല്‍കാനും ഇന്ത്യന്‍ വീരന്മാരെ പ്രേമിക്കുന്ന പാക്കിസ്ഥാനി സാറമാരുടെ രക്ഷിതാക്കള്‍ക്ക് ജോലിനല്‍കാനുമായി മാത്രം അവതരിപ്പിക്കപ്പെടാറുള്ള പാക്കിസ്ഥാനി എംബസി ഈ ചിത്രത്തില്‍ ജഗ്ഗുവിന്റേയും സര്‍ഫറാസിന്റേയും പ്രണയസാഫല്യത്തിനായി കാത്തിരിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യരുടെ കേന്ദ്രമാണ്. ദില്ലിയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ വരുമ്പോള്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടുന്ന ബെല്‍ജിയത്തിലെ പാക് എംബസിയും ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചയാവുന്നുണ്ട്.

എന്തായാലും ഇതെഴുതുന്നവളെ സംബന്ധിച്ചിടത്തോളം 'അമ്പത്താറിഞ്ചിന്റെ നെഞ്ചുവിരിച്ച് ഞെളിഞ്ഞുനില്‍ക്കുന്ന പൊതുബോധത്തിന്റെ മുഖത്തുേനാക്കി നീ റോങ് നമ്പറാ'*ണെന്ന വിളിച്ചു പറയാനുള്ള ധീരത തന്നെയാണ് രാജ്കുമാര്‍ ഹിറാനിയും ആമിര്‍ഖാനും കാണിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആത്മീയക്കമ്പോളം വിഷയമാക്കുന്ന സത്യമേവജയതേയുടെ ബിഗ്‌സ്‌ക്രീന്‍ എപ്പിസോഡാണ് പികെ എന്ന് കരുതുന്ന നിരൂപകരുണ്ട്. ആ വ്യാഖ്യാനത്തിന് സാംഗത്യവുമുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള സൂപ്പര്‍ സ്റ്റാര്‍ എന്ന ടാഗാണ് സത്യമേവജയതേ എന്ന ടെലിവിഷന്‍ ഷോയിലൂടെ ആമിര്‍ഖാന്‍ സ്വന്തമാക്കി വച്ചിരിക്കുന്നത്. ആ ഇമേജിന്റെ വിപുലീകൃത രൂപം തന്നെയാണ് ഇന്ത്യയിലെ ആത്മീയവ്യാപാരികള്‍ക്കു നേരെ ചോദ്യങ്ങളെറിയുന്ന പികെ എന്ന കളിയാക്കി വിളിക്കപ്പെടുന്ന മനുഷ്യരൂപമുള്ള അന്യഗ്രഹജീവി. മഹാഭാരതത്തില്‍ നടമാടുന്ന ഭക്തി എന്ന വ്യവസായത്തെ ഒരു ആകാശക്കാഴ്ചയില്‍ നോക്കിക്കാണുമ്പോഴുണ്ടാകുന്ന വിസ്തൃതി ലഭിക്കാന്‍ വേണ്ടിയാവണം അന്യഗ്രഹത്തില്‍ നിന്നുള്ള ഗഗനചാരിയെ (ഞാനൊരു ആസ്ട്രനട്ടാണെന്നാണ് ലോക്കപ്പില്‍ വച്ച് പികെ ജഗ്ഗുവിനോടു പറയുന്നത്) നായക കഥാപാത്രമാക്കിയത്. ഭൂമിക്കു തീര്‍ത്തും അന്യനായ ഒരു ജീവിക്കുമാത്രമേ ഇത്തരം നഗ്നമായ മതവിമര്‍ശം സാധ്യമാകൂ എന്ന് കരുതിക്കാണണം സംവിധായകന്‍.

മലയാളിയായ യുക്തിവാദി എ ടി കോവൂരിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദിതമായാണ് പികെയിലെ ആള്‍ദൈവ വിമര്‍ശം നടത്തിയിരിക്കുന്നതെന്നാണ് ഹിറാനി പറയുന്നത്. യുക്തിചിന്തയെ രാഷ്ട്രീയമായി പ്രയോഗിക്കാനുള്ള വളര്‍ച്ച ചെറിയതോതിലെങ്കിലും പികെ യുടെ തിരക്കഥ കൈവരിക്കുന്നുണ്ട്.

എന്തുകൊണ്ട് ഹിറാനിയും ആമിര്‍ഖാനും ഹിന്ദുമതത്തെ മാത്രം വിമര്‍ശവിധേയമാക്കുന്നു എന്ന ചോദ്യമാണ് ചിത്രത്തെ എതിര്‍ക്കുന്ന ഹൈന്ദവ പക്ഷപാതികള്‍ ചോദിക്കുന്നത്. ഭൂരിപക്ഷ മതവിഭാഗം രാജ്യത്തിന്റെ സമസ്തമേഖലകളിലും പിടിമുറുക്കിയിരിക്കുന്ന കാലത്ത് വിമര്‍ശനങ്ങളും അതിനെതിരെയാവുന്നത് സ്വാഭാവികമെന്നാണ് ഈ ചോദ്യത്തിന് സാമാന്യബുദ്ധിയില്‍ നിന്ന് കൊടുക്കാവുന്ന മറുപടി.

മറ്റു മതസ്ഥരിലെ റോങ് നമ്പറുകളേയും പികെ പരാമര്‍ശിച്ചു പോകുന്നുണ്ടെങ്കിലും മുഖ്യ വിഷയം ഭൂരിപക്ഷസംഘടിത മതം തന്നെയാണ്. തന്റെ ആകാശ പേടകത്തിന്റെ റിമോട്ട് തിരിച്ചു തരാന്‍ ആവശ്യപ്പെട്ട് ശിവന്റെ വേഷം കെട്ടിയിരിക്കുന്ന ഒരു മനുഷ്യനെ പികെ തടഞ്ഞു വയ്ക്കുന്ന രംഗമുണ്ട് സിനിമയില്‍. പ്രാണഭയത്താല്‍ ഓടുന്ന ആ ശിവവേഷധാരി എത്തിപ്പെടുന്നതാവട്ടെ തപസ്വി മഹാരാജിന്റെ സത്സംഗവേദിയിലും. ഇവിടെ വച്ചാണ് പികെയുടെ ശ്രദ്ധ ശിവനില്‍ നിന്ന് തപസ്വിയിലേക്ക് മാറുന്നതെന്നതും ശ്രദ്ധേയമാണ്. തീവ്രഹൈന്ദവ നിലപാടുകാരെ ഏറ്റവും പ്രകോപിപ്പിക്കുന്ന രംഗവും ഇതു തന്നെയാണ്. സംവിധായകന്‍ ശിവന്‍ എന്ന ദൈവത്തെ അധിക്ഷേപിക്കുന്നുവെന്നാണ് ഇവരുന്നയിക്കുന്ന വിമര്‍ശം. എന്നാല്‍ സിനിമ ശിവനെ വിമര്‍ശിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യാതെ തപസ്വിയെന്ന കപടദൈവത്തിലേക്ക് ശ്രദ്ധതിരിക്കുന്ന സന്ദര്‍ഭമാണിത്. ഈ ചലച്ചിത്ര സന്ദര്‍ഭമാണ് ഹൈന്ദവസംഘടനകളുടെ എതിര്‍പ്പിന് പാത്രമാവുന്നതെന്നത് യാദൃശ്ചികമാവാനിടയില്ല.

രാജ്കുമാര്‍ ഹിറാനി തന്റെ സമീപകാല സിനിമകളിലെല്ലാം എന്തെങ്കിലും രാഷ്ട്രീയം തന്നെയാണ് പറയുന്നത്. മുന്നാഭായി എംബിബിഎസ്സിലൂടെ ഗാന്ധിസം ചര്‍ച്ച ചെയ്ത ഹിറാനി, 3 ഇഡിയറ്റ്‌സില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശനവിധേയമാക്കി. ഇത്തവണ വിശ്വാസത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന സംവിധായകന്‍ അതില്‍ ഏതാണ്ട് വിജയിക്കുന്നുണ്ടെന്നു പറയാം.

മുന്‍ ചിത്രങ്ങളില്‍ ഇതിനേക്കാള്‍ സുഭദ്രമായ പാത്രസൃഷ്ടിയും തിരക്കഥയുമാണ് ഹിറാനിയെ തുണച്ചതെങ്കില്‍ പികെക്ക് അത് അവകാശപ്പെടാനില്ല. സിനിമ എന്ന നിലയില്‍ ശരാശരിക്കും താഴെയാണ് പികെ, എങ്കിലും കൈകാര്യം ചെയ്യുന്ന വിഷയവും അതിനുവേണ്ടി നടത്തിയ ശ്രമവും പികെയെ ഖര്‍ വാപസിക്കാലത്തെ ധൈര്യമുള്ള ചിത്രമാക്കുന്നു.

*ഫേസ് ബുക്കിൽ നിന്നുള്ള കമന്റുകൾ

(2014 ഡിസംബര്‍ 28നു പ്രസിദ്ധീകരിച്ചത്)


Next Story

Related Stories