TopTop
Begin typing your search above and press return to search.

ജസീറ ഇവിടെയുണ്ട്; ആണത്തം തീര്‍ത്ത ഊരുവിലക്കിനകത്ത്/അഴിമുഖം ക്ലാസിക്

ജസീറ ഇവിടെയുണ്ട്; ആണത്തം തീര്‍ത്ത ഊരുവിലക്കിനകത്ത്/അഴിമുഖം ക്ലാസിക്

ഒന്നരവര്‍ഷം മുന്നേവരെ അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്ന ജസീറയെപ്പറ്റി ഇന്നാരും സംസാരിക്കാറില്ല. ജസീറയും സംസാരിക്കുന്നില്ല. ഈ നാട് എന്തുകൊണ്ട് സംസാരിക്കുന്നില്ല? ജസീറയുയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടോ? ജസീറയെ നിശ്ശബ്ദയാക്കിയതാരാണ്? അവര്‍ സ്വയം ഒഴിഞ്ഞുപോയതാണോ? ഈ കുറിപ്പിനാധാരം ഈ ചോദ്യങ്ങളാണ്. ഉത്തരം പൂര്‍ണ്ണമാകണമെന്നില്ല. എങ്കിലും അന്വേഷണങ്ങള്‍ നടക്കണം എന്നതുകൊണ്ട് ഈ കുറിപ്പെഴുതുന്നു.

ആരാണ് ജസീറ?

വി.ജസീറ കണ്ണൂര്‍ജില്ലയിലെ പുതിയങ്ങാടിക്കടുത്തുള്ള നീരൊഴുക്കുംചാല്‍ എന്ന തീരപ്രദേശത്ത് ജീവിക്കുന്ന ഒരു സാധാരണസ്ത്രീയാണ്. ദാരിദ്ര്യംകൊണ്ടും അത്രയൊന്നും പ്രകടമല്ലെങ്കിലും മുസ്ലീംങ്ങള്‍ക്കിടയിലുള്ള ഉച്ചനീചസാമൂഹ്യശ്രേണിയില്‍ താഴെത്തട്ടില്‍കിടക്കുന്നതുകൊണ്ടും വേഗത്തില്‍ ഇന്നത്തെ സമൂഹത്തിന് ചുരുട്ടിക്കൂട്ടി മൂലക്കിരുത്താന്‍ കഴിയുന്ന ഒരു സ്ത്രീ. അവര്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതും ചര്‍ച്ചയായതും ഒരൊറ്റയാള്‍ സമരത്താലാണ്. തന്റെ വീട്ടുമുറ്റത്തുള്ള താന്‍ കളിച്ചുവളര്‍ന്ന തന്റെതന്നെ ജീവന് നിദാനമായ കടലിനെ നശിപ്പിക്കുന്നതിനെയും കടല്‍മണലൂറ്റുന്നതിനെയും അതുവഴി തന്റെയും കടല്‍തീരത്തോടുചേര്‍ന്ന് ജീവിക്കേണ്ടിവരുന്ന സാധാരണക്കാരായവരുടെയും ജീവല്‍പ്രശ്‌നത്തെ ഒറ്റയ്ക്ക് സമൂഹമധ്യത്തിലെത്തിക്കുന്നതുവഴി.

അവര്‍ നിരന്തരം സമരങ്ങളിലേര്‍പ്പെട്ടു. സ്വന്തം സഹോദരനെ എതിര്‍ത്തു. രാഷ്ട്രീയപാര്‍ട്ടികളുടെ അനങ്ങാപ്പാറനയത്തെ വിമര്‍ശിച്ചു. മതത്തെ കൂട്ടുപിടിച്ച് ഒതുക്കാന്‍ നോക്കിയപ്പോള്‍ കുതറിമാറി. പഴയങ്ങാടി പോലീസ്റ്റേഷന്‍ മുറ്റത്തും തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് നടയിലും, അങ്ങ് ന്യൂഡല്‍ഹിയിലെ ജന്ദര്‍മന്ദിറിലുമെത്തി കുത്തിയിരുന്ന് സമരം ചെയ്തു. ആകെ കൂട്ടുണ്ടായിരുന്നത് ചങ്കുറപ്പും പറക്കമുറ്റാത്തതും മുലകുടിമാറാത്തതുമായ മൂന്ന് മക്കളുമായിരുന്നു.

സമരത്തിന് പല വഴിത്തിരിവുകളുമുണ്ടായി. ശത്രുക്കള്‍ മിത്രങ്ങളായി. മിത്രങ്ങള്‍ ശത്രുക്കളും. പുലഭ്യങ്ങള്‍ കേട്ടു, ഭീഷണികളും. വാഗ്ദാനങ്ങളുണ്ടായി, പിന്‍വലികളും. ഒടുക്കം എല്ലാവരാലും ഒറ്റപ്പെട്ട് ജീവിതം വഴിമുട്ടിനില്‍ക്കുമ്പോഴും പണിതീരാത്ത വീട്ടിന്റെ മുറ്റത്തിരുന്ന് ഇന്നും സ്വകാര്യതയില്‍ പറയുന്നത് തീരദേശം മണല്‍മാഫിയകളില്‍നിന്നും സംരക്ഷിക്കപ്പെടണമെന്നുതന്നെയാണ്. ആ ചങ്കുറപ്പ് കേരളം കാണാതെപോകരുത്.

സമര പശ്ചാത്തലം

കോട്ടയത്തെ തലയോലപറമ്പിലേക്ക് വിവാഹംചെയ്തുകൊണ്ടുപോകപ്പെട്ട ജസീറ നാലഞ്ചുവര്‍ഷം അവിടെ ജീവിച്ച ശേഷം സ്വന്തം നാടായ നീരൊഴുക്കുംചാലില്‍തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ചകളാണ് അവരെ സമരത്തിലേക്ക് നയിക്കുന്നത്. നിയമംമൂലം നിരോധിക്കപ്പെട്ട മണല്‍ഖനനം നിര്‍ബാധം തുടരുന്നതായിരുന്നു ആ കാഴ്ച. ടിപ്പര്‍ലോറികള്‍ നിരനിരയായിനിന്ന് ലോഡുകണക്കിന് മണല്‍ പോലീസിനെയും റവന്യൂ അധികൃതരെയും നോക്കുകുത്തികളാക്കിനിര്‍ത്തി കടത്തിക്കൊണ്ടുപോകുന്നു. അതിന്റെ നേതൃത്വം പുറത്തുനിന്നുവന്നവര്‍ക്കൊന്നുമായിരുന്നില്ല. സാമൂഹ്യമായും സാമ്പത്തികമായും മാത്രമല്ല പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുണ്ടായ മനോനിലയാലും വരേണ്യരായിക്കൊണ്ടിരിക്കുന്ന നാട്ടുകാര്‍ക്കുതന്നെയായിരുന്നു.

ഇതിനെക്കുറിച്ച് വിശദീകരിക്കുന്നതിനുമുമ്പേ കടല്‍മണലെടുക്കല്‍ ഒരു പുതുപ്രവണതയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം 'അല്ല' എന്നുതന്നെ. എന്നാല്‍ ഈ അടുത്തകാലംവരെ ഉണ്ടായിരുന്ന കടല്‍മണല്‍ശേഖരണത്തില്‍നിന്നും ഇന്നുകാണുന്ന ഖനനപ്രവണത തീര്‍ത്തും വ്യത്യസ്തമാണ്. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയുടെ മധ്യത്തോടെയാണ് നീരൊഴുക്കുംചാലിലും പരിസരത്തും താമസിക്കുന്ന ദലിത് സ്ത്രീകളുടെ ഒരുപജീവനമാര്‍ഗ്ഗമായി ഇതു മാറുന്നത്. തലച്ചുമടായി മണല്‍ നാട്ടുകാരായ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കലായിരുന്നു അവര്‍ അന്ന് ചെയ്തത്.

jaseera5

'അടിയാള'രായ ഇവര്‍ എങ്ങനെ 'മണലേറ്റി'കളായി എന്നത് ചുരുക്കത്തില്‍ പറഞ്ഞുവയ്ക്കാം. ആധുനികപൂര്‍വ്വകാലത്ത് ഇവിടുത്തെ ദലിതരായ പുലയര്‍ മാടായിക്കാവിലച്ചിയുടെ(തിരുവര്‍കാട്ട് ഭഗവതിയുടെ) അടിയാളരായാണ് അറിയപ്പെട്ടിരുന്നത്. മാടായിക്കാവിന്റെ ജന്മം ഭൂമിയിലോ അവിടെനിന്നും പറഞ്ഞയക്കുന്ന ജന്മിമാരുടെ ഭൂമിയിലോ കൃഷിപ്പണി ചെയ്ത്ജീവിക്കുന്ന അടിയാളര്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകംവരെ മാടായിക്കാവിനും പുതിയങ്ങാടിക്കുമിടയില്‍ ധാരാളം നെല്‍വയലുകളുണ്ടായിരുന്നു. പുതിയങ്ങാടിയെ കേന്ദ്രീകരിച്ച് മധ്യകാലത്ത് അറബ് കച്ചവടം വളര്‍ന്നപ്പോള്‍ പുലയരില്‍ അപൂര്‍വ്വം ചിലര്‍ അവിടങ്ങളില്‍ പണിക്കൂട്ടമായി മാറിയിരുന്നിരിക്കണം. 15-16 നൂറ്റാണ്ടുകളില്‍ രണ്ട് പ്രധാന സംഭവങ്ങളുണ്ടാകുന്നുണ്ട്. ഒന്ന് കടല്‍ പ്രതിഭാസം നിമിത്തം പുതിയങ്ങാടി പ്രദേശത്ത് വലിയ മണല്‍ത്തിട്ട് രൂപപ്പെടുകയും കപ്പലുകളുടെ സഞ്ചാരം വിഷമകരമാവുകയും ചെയ്തത്. ഇതിനെക്കുറിച്ച് നേരത്തേതന്നെ പഠനങ്ങള്‍ ഉണ്ടാകുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടെയുണ്ടായ വളപട്ടണത്തിന്റെ വളര്‍ച്ചയുടെയും മാടായിയില്‍നിന്നും രാഷ്ട്രീയാധികാരം ചിറക്കലിലേക്ക് മാറിയതിന്റെയും കാരണമായി ചരിത്രകാരന്മാര്‍ ഈ കടല്‍പ്രതിഭാസത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടാമത്തേത് പോര്‍ച്ചുഗീസുകാരുടെ വരവും പതിനാറാംനൂറ്റാണ്ടോടുകൂടി കച്ചവടകുത്തക വരുതിയിലാക്കാന്‍ അവര്‍ ശ്രമിച്ചപ്പോളുണ്ടായ സംഘര്‍ഷവും സാമൂഹ്യമാറ്റവും. ഇതിന്റെ ഫലമായി നാളിതുവരെ കച്ചവടവുമായി പുതിയങ്ങാടിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് അവിടംവിട്ട് പുതിയ ഇടങ്ങള്‍തേടി പോകേണ്ടിവന്നു.

ഇവരണ്ടും അവിടങ്ങളിലെ പുലയരുടെ ജീവിതത്തെ സാരമായി ബാധിച്ചു. പുലയരിന്നും പാടിനടക്കുന്ന ഒരു പാട്ടും ആരാധിക്കുന്ന ഒരു തെയ്യവും പറങ്കികളോട് (പോര്‍ച്ചുഗീസുകാരോട്) പൊരുതിമരിച്ച അവരുടെ ഒരു കുലകാരണവരുടേതാണ്. പൊള്ള എന്നാണ് തെയ്യത്തിന്റെ പേര്. കാവില്‍ തെക്കന്‍പോള്ള എന്ന കാരണവരെയാണ് പൊള്ള എന്ന തെയ്യമായി ആരാധിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ എട്ടിക്കുളം കോട്ട പിടിച്ചപ്പോള്‍ അറക്കലെ ജോനാകന്‍മാര്‍ക്കും ചിറക്കലെ നായന്മാര്‍ക്കും പടയും വെടിയുമറിയാത്തതുകൊണ്ട് പിന്‍വലിയേണ്ടിവന്നു. പടനയിക്കാനാളില്ലാതായി. അപ്പോള്‍ അറക്കലെ തങ്ങള്‍ക്കും മാടായിക്കാവിലെ മൂത്തപിടാരര്‍ക്കും കോലത്തുനാട്ടിലെ ഒന്നുകറുനാല്പത് പരദേവതമാര്‍ സ്വപ്നത്തിലെത്തി കാവിലെ തെക്കന്‍പൊള്ളയ്‌ക്കേ പടനയിക്കാന്‍ കഴിയൂ എന്നറിയിച്ചു. ദൈവനിശ്ചയമായതുകൊണ്ട് പൊള്ള ആ ഉത്തരവാദിത്വം ഏറ്റെടുത്തു. തെങ്ങിന്‍മട്ടല്‍ ചെത്തി തോക്കുരൂപത്തിലാക്കി വാഴത്തടയില്‍ പിടിപ്പിച്ച് കണ്ടാല്‍ തോക്കേന്തിനില്‍ക്കുന്ന പടയാളിയാണെന്ന് തോന്നുമാറ് അവ എട്ടിക്കുളം കോട്ടയ്ക്കുചുറ്റും കുത്തിനിര്‍ത്തി. അതിനുമുന്നിലായി വൈക്കോലും മുളകുമിട്ട് തീക്കൊളുത്തി. എരിവുള്ള പുക കോട്ടയ്ക്കകത്തെത്തിയപ്പോള്‍ അതിനകത്തുള്ള പറങ്കിപ്പട പുറത്തിറങ്ങി. പുറത്തുകണ്ടത് തോക്കുമേന്തിനില്‍ക്കുന്ന അനവധി പടയാളികളെ. പറങ്കികള്‍ പൊള്ളയുടെ വിദ്യ തെറ്റിദ്ധരിച്ച് മുഴുവനും പടയാളികളാണെന്ന് നിരീച്ച് ഓടിരക്ഷപ്പെട്ടുവത്രെ. പക്ഷേ പിന്നീട് നടന്ന യുദ്ധത്തില്‍ ജോനാകപ്പട ഒന്നാകെ ഇല്ലാതാകുന്നുണ്ട്. പുതിയങ്ങാടി വിട്ട് മാപ്പിളക്കച്ചവടക്കാര്‍ക്ക് മറ്റിടങ്ങളിലേക്ക് ചേക്കേറേണ്ടിയും വന്നിട്ടുണ്ട്.

പൊള്ളയുടെ മിത്ത് പുതിയങ്ങാടി-എട്ടിക്കുളം തീരത്തുണ്ടായിരുന്ന സാമൂഹ്യബന്ധങ്ങളെ കാണിക്കുന്നതുകൂടിയാണ്. തങ്ങന്മാരുടെ അനുയായികളായ മാപ്പിളമാരും മാടായിക്കാവിലച്ചിയുടെ നായന്മാരും കോലയാന്മാരും തീയ്യരും പുലയരും താമസിക്കുന്നിടമാണിതെന്നതൊരുകാര്യം. അവിടെ പുലയര്‍ക്കുള്ള സ്ഥാനവും അവര്‍ക്ക് മാടായിക്കാവുമായും അന്നത്തെ കച്ചവടവുമായും ഉണ്ടായിരുന്ന ബന്ധമെന്തെന്ന് പറയുന്നത് രണ്ടാമത്തെ കാര്യം. ഈ വര്‍ത്തമാനങ്ങളിലൊന്നും മണലല്ല മറിച്ച് മന്ത്രശക്തിയും മനുഷ്യത്വവുംമാത്രമേ കാണുന്നുള്ളൂ. പോര്‍ച്ചുഗീസ് ഇടപെടലോടെ കച്ചവടകേന്ദ്രത്തില്‍ ചെറുപണികളുമായി കഴിഞ്ഞിരുന്ന പുലയര്‍ ഒന്നുകില്‍ അവിടംവിടുകയോ അതല്ലെങ്കില്‍ അവരുടെ ബഹുഭൂരിപക്ഷം പൂര്‍വ്വീകരും ചാര്‍ച്ചക്കാരും ചെയ്തുകൊണ്ടിരുന്ന കൃഷിപ്പണയിലേക്ക് മടങ്ങിയെത്തി വീണ്ടും വയലടിയാന്മാരായിത്തീരുകയോ ചെയ്തു.

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അനേകം മാപ്പിളമാര്‍ ഇവിടെനിന്നും മലേഷ്യ,സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിയവരും ധാരാളമുണ്ടായിരുന്നു. ഇവര്‍ നാട്ടിലേക്കെത്തിച്ച പണം നിക്ഷേപിക്കപ്പെട്ടത് ഭൂമിയിലായിരുന്നു. ഗള്‍ഫ് പണത്തിന്റെ ഇങ്ങോട്ടുള്ള ഒഴുക്കു തുടങ്ങിയ സമയത്തുതന്നെ ഇവിടെ ഭൂപരിഷ്‌കരണവും നടക്കുന്നുണ്ട്. രണ്ടും നാളതുവരെ ഭൂവുടമകളല്ലാത്ത സാധാരണക്കാരുടെ കൈകളിലേക്ക് ഭൂമി എത്തിക്കുന്നതില്‍ കലാശിച്ചു. ഭൂപരിഷ്‌കരണം കൃഷിഭൂമി പാട്ടക്കാരന്റെ കൈകളിലെത്തിച്ചുവെങ്കില്‍ അത്തരം ചെറുനിലങ്ങള്‍ കൃഷിചെയ്യുന്നതിനുപകരം പുത്തന്‍പണക്കാരായ ഗള്‍ഫുകാര്‍ക്ക് വില്‍ക്കാനാണ് പലരും തുനിഞ്ഞത്. അതായത് കുടിയാന്മാര്‍ ഭൂവുടമകളായി, പക്ഷേ 1980കളില്‍ത്തന്നെ കൃഷി ചിലവേറിയതായതുകൊണ്ട് വയലുകള്‍ ആദ്യം തരിശിടുകയും തുടര്‍ന്ന് ഗള്‍ഫുകാര്‍ക്ക് വീടും പുരയിടുവുമുണ്ടാക്കാനായി 'നല്ല വിലയ്ക്ക്' വില്‍ക്കുവാനും തുടങ്ങി. വയലുകള്‍ അങ്ങനെ വ്യാപകമായി നികത്തപ്പെട്ടപ്പോള്‍ ആദ്യം ദുരിതത്തിലായത് വയലടിയാളരായിരുന്ന പുലയരായിരുന്നു. കൃഷിപ്പണിചെയ്യാന്‍ ഭൂമിയില്ലാതായി, ഗള്‍ഫില്‍ പോകാന്‍ പണവും. അതേസമയം അവര്‍ തന്നെ പണിതുകൊണ്ടിരുന്ന കൃഷിഭൂമിയെ പറമ്പാക്കാന്‍ വയല്‍ നികത്താന്‍ മണലാവശ്യമായി വന്നു. ഒരു പുതിയ തൊഴില്‍ തുറന്നുകിട്ടി. മൂലധനം നിക്ഷേപിക്കാനില്ലാത്ത പുലയര്‍ മണല്‍ കൂലിക്ക് തലച്ചുമടായി കടത്തി ജീവിക്കാന്‍ തുടങ്ങി. ചേറിലും മണ്ണിലും പണിയെടുത്തിരുന്ന പുലയര്‍ അങ്ങനെ ജീവിക്കാനായി മണല്‍കടത്തുകാരായി. പക്ഷേ അവരാരും വാണിജ്യാടിസ്ഥാനത്തില്‍ മണലൂറ്റുകയും വില്പന നടത്തുകയും ചെയ്യുകയായിരുന്നില്ല. ജനിച്ചുവളര്‍ന്ന നാട്ടില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ തിരഞ്ഞെടുത്ത ഒരു പണിമാത്രമായിരുന്നു അത്. ഇവിടെ ഇടനിലക്കാരുണ്ടായിരുന്നില്ല. മണലിന് വിലയുമുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് കടത്തുകൂലി മാത്രമായിരുന്നു. അധ്വാനമായിരുന്നു അവരുടെ മൂലധനം. കൂലി വരുമാനവും. മൂലധനമിറക്കി ലാഭംകൊയ്യുന്ന കച്ചവടമായിരുന്നില്ലെന്ന് ചുരുക്കം.

1990-ന്റെ മധ്യത്തോടെ ഗള്‍ഫില്‍നിന്നുമുള്ള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നുണ്ട്. ഈ പണം നവഉദാരവല്‍ക്കരണമനുവദിച്ച ഭരണകൂടപരവും അല്ലാതെയുമുള്ള സൗകര്യങ്ങളുപയോഗിച്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങാനായി നിക്ഷേപിക്കപ്പെടുന്നുണ്ട്. ഈ കാലത്ത് വികസനമെന്ന പദത്തിന് പുതിയ അര്‍ത്ഥം മെനെഞ്ഞെടുക്കുന്നുമുണ്ട്, സര്‍വ്വ പ്രവര്‍ത്തികളെയും സാധൂകരിക്കാന്‍. അതിജീവനം അസാധ്യമായാലും സുഖവും ലാഭവും ഇന്നുതന്നെ ഉണ്ടാക്കുകയും അനുഭവിക്കുകയും ചെയ്യണമെന്ന കച്ചവടമൂല്യം മുന്നോട്ടുവെച്ച പരിപ്രേക്ഷ്യത്താല്‍ നാം ജീവിക്കുന്ന ഇടത്തെ പുനര്‍നിര്‍മ്മിക്കുന്നതായി വികസനം. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ത്തന്നെ ഈ മൂല്യവും കാഴ്ചപ്പാടും അതുണ്ടാക്കിയെടുക്കുന്ന ചെയ്തികളുമാണ് ശരി എന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ നവഉദാരവല്‍ക്കരണ വര്‍ത്തമാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഈ മാറ്റം ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ പുതിയങ്ങാടിയിലും പരിസരത്തും അവശേഷിച്ചിരുന്ന അവസാനതുണ്ട് വയലിനെയും നികത്തുന്നതിലേക്കെത്തിക്കുന്നുണ്ട്. അതേസമയം ഇങ്ങനെ നികത്തപ്പെടുന്ന ഭൂമിയിലേക്കും നവഉദാരണവല്‍ക്കരണംവഴിയെത്തിയ വികസനകാഴ്ചപ്പാടും അത് സൗകര്യം ചെയ്തുകൊടുത്ത നിര്‍മ്മിതികളും സര്‍ക്കാര്‍ തീരുമാനങ്ങളും മണലിനെ ഒരു വിശിഷ്ടവസ്തുവാക്കി മാറ്റുന്നു. അത് മണലിന്റെ ആവശ്യത്തെക്കൂട്ടി. മാത്രമല്ല, മണലിനെ ചുറ്റിപ്പറ്റി പുതിയ ബന്ധങ്ങളും വളര്‍ത്തിയെടുത്തു. അത് മണല്‍ തലച്ചുമടായി കൊണ്ടുപോയിരുന്ന ദലിത് സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ പകുതിദിവസമെങ്കിലും പണികിട്ടുന്നിടത്തെത്തിച്ചു. ഇന്ന് വയല്‍ നികത്താനല്ല മണല്‍ കൊണ്ടുപോകുന്നത്. അത് വലിയ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കായി ഏജന്റ്മാര്‍ മുഖേന ലഭിക്കുന്ന അമൂല്യ വസ്തുവായി മാറി. ശരാശരി പത്ത് ടണ്‍ മണല്‍ പ്രതിദിനം ദലിത് സ്ത്രീകള്‍ തലച്ചുമടായി കൊണ്ടുപോയിരുന്നിടത്ത് നിന്ന് ശരാശരി 200 ടണ്ണിനു മുകളില്‍ മണല്‍ പ്രതിദിനം ടിപ്പര്‍ലോറികളില്‍ കൊണ്ടുപോകുന്നുണ്ട്. തൊട്ടടുത്തും അങ്ങ് ദൂരേയുള്ള നഗരങ്ങളിലേക്കും അവയെത്തിച്ചേരുന്നുണ്ട്. ഈ മാറിയ സാഹചര്യത്തിലും പക്ഷേ ദലിത് സ്ത്രീകള്‍ക്ക് ലഭിച്ചത് കൂലിമാത്രമായിരുന്നു. അതേസമയം പുതുതായി വളര്‍ന്നുവന്ന മധ്യവര്‍ത്തികള്‍ക്ക് മണല്‍ മൂലധനമാര്‍ജ്ജിക്കാനുള്ള വിശേഷപ്പെട്ട വസ്തുവായി മാറി. പുതിയ ഇടപാടുകാരും അവര്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരും അവരുടെതന്നെ നിയമവുമെല്ലാമായി ഒരു പുതിയ മാഫിയ വളര്‍ന്നുവന്നു.

jaseera4

സമരത്തിലെ ജസീറ

മണല്‍ഖനനം നിയമവിരുദ്ധപ്രവര്‍ത്തനമാണ് എന്നതായിരുന്നില്ല ജസീറയുടെ പ്രശ്‌നം. അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നവര്‍ തന്നെപ്പോലുള്ള കീഴാളരായ സ്ത്രീകളാണ് എന്ന തിരിച്ചറിവായിരുന്നു. ആധുനികതതന്നെ പ്രകൃതിയുടെമേല്‍ പുരുഷന്റെ കോയ്മയും സ്ത്രീകളുടെ ചൂഷണവും അരക്കിട്ടുറപ്പിച്ചിരുന്നുവെങ്കില്‍, ഈ സമീപകാലത്ത് ദൈനംദിനജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഉദാരവല്‍ക്കരണആശയങ്ങളും പ്രവര്‍ത്തികളും ഇവയ്ക്കുമേലുള്ള പുരുഷ അധീശത്വം ഒന്നുകൂടി കടുപ്പിക്കുന്നുണ്ട്. അത് സൈദ്ധാന്തിമായറിഞ്ഞല്ല ജസീറ സമരത്തിലേക്കെത്തിയത്, മറിച്ച് ദൈനംദിനജീവിതത്തിനിടയിലുണ്ടായ അനുഭവങ്ങളാലും കാഴ്ചകളാലുമാണ്. അതുകൊണ്ട് സമരത്തിന്റെ തുടക്കകാലങ്ങളില്‍ കോസ്റ്റല്‍ റഗുലേഷന്‍ സോണിനെക്കുറിച്ചോ മൈന്‍സ് & മിനറല്‍ ആക്ടിനെക്കുറിച്ചോ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിനെക്കുറിച്ചോ ജസീറയ്ക്കറിയില്ലായിരുന്നു. അറിഞ്ഞത് അതുവരെയില്ലാതിരുന്ന കടല്‍ത്തിരകളുടെ തള്ളിക്കയറ്റവും കിണറിലെ വെള്ളം ഉപ്പുവെള്ളമായി മാറുന്നതും മുറ്റത്തെ തെങ്ങ് കടപുഴകിവീഴുന്നതുമൊക്കെയായിരുന്നു.

ഇതിലുമപ്പുറമായിരുന്നു പുതിയ മാഫിയകളുടെ വരവും അവരുടെ സഹായത്താല്‍ ശക്തമാകാന്‍ തുടങ്ങിയ തീവ്രമതരാഷ്ട്രീയാശയങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ജസീറയെ സമരത്തിന് പ്രേരിപ്പിച്ച കാര്യമായി മണല്‍ ഊറ്റപ്പെടുന്ന പ്രദേശങ്ങള്‍ മാട്ടൂല്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളാണ്. ഒരിടത്ത് മുകളില്‍ സൂചിപ്പിച്ച തീവ്രമതരാഷ്ട്രീയാശയമുള്ള പാര്‍ട്ടിയുടെ പ്രതിനിധി വിജയിച്ചപ്പോള്‍ രണ്ടാമത്തെ വാര്‍ഡ് അവര്‍ക്ക് നഷ്ടമായത് പത്തില്‍താഴെ വോട്ടുകള്‍ക്കായിരുന്നു.

ഈ മാഫിയാവല്‍ക്കരണവും അവരുടെ സഹായത്താല്‍ ഇവിടെ ശക്തമായിക്കൊണ്ടിരിക്കുന്ന തീവ്രമതബോധവും യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണക്കാരോ ദരിദ്രരോ ആയ മുസ്ലീംസ്ത്രീകള്‍ക്കായിരുന്നു. അവര്‍ സ്വയം തൊഴില്‍ചെയ്യുന്നതും പുറത്തിറങ്ങുന്നതും എന്തിന് അവരുടെ വസ്ത്രധാരണരീതിപോലും ചോദ്യംചെയ്യപ്പെടുകയോ നേരത്തേ നിശ്ചയിക്കപ്പെടുകയോ ചെയ്യുന്നു. ആണധികാരമുറപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു അവ. പ്രകൃതിയുടെ മുകളിലെന്നപോലെ പെണ്ണിന്റെ ഉടലിലും പരമാധികാരമുറപ്പിക്കുകയും ഇവരണ്ടിനേയും ദുരിതങ്ങളനുഭവിക്കാന്‍ വിടുകയും ചെയ്യുന്ന ആണ്‍കോയ്മയുടെ ആഘോഷ മാര്‍ഗ്ഗങ്ങള്‍.

കടലിലെ പ്രത്യേക പ്രതിഭാസത്താലടിഞ്ഞുകൂടുകയും ഒലിച്ചുപോവുകയും ചെയ്യുന്ന മണല്‍ത്തിട്ടുള്ള തീരങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇങ്ങനെയുള്ള തീരത്തുനിന്നു വ്യാപകമായി മണല്‍ കടത്തിയപ്പോള്‍ കരയില്ലാതായിത്തുടങ്ങി. വേലിയേറ്റം വരുമ്പോള്‍ അതിരുകള്‍ കടന്ന് കൂടുതല്‍ വെള്ളം ദരിദ്രര്‍ താമസിക്കുന്ന കടലിനോട് ചേര്‍ന്നുള്ള വീടുകളില്‍ എത്തിത്തുടങ്ങി. മാത്രമല്ല, ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും കടല്‍വെള്ളം മനഷ്യവാസ ഇടങ്ങളിലെത്തിച്ചു. ഇത് സാധാരണക്കാരന്റെ ആശ്രയമായ കിണറിലെ കുടിവെള്ളത്തെ ഉപ്പുവെള്ളമാക്കിത്തുടങ്ങി. ഒരിടയ്ക്ക് ഇത് അവിടെ താമസിക്കുന്ന ഏതാണ്ട് നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതാക്കി. ഇതുമൂലം ജീവിക്കാനായി അവര്‍ക്ക് തൊട്ടടുത്തുള്ള പള്ളിയിലെ കിണറിനെ ആശ്രയിക്കേണ്ടിവന്നു. ഇവയുടെ ഒക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നതും കടുംബിനികളായി കഴിയേണ്ടിവന്ന സ്ത്രീകള്‍തന്നെ.

അങ്ങനെ നോക്കുമ്പോള്‍ ജസീറയെ സമരമുഖത്തേക്കെത്തിച്ചതില്‍ വ്യക്തിപരവും പരിസ്ഥിതിപരവും സാമൂഹ്യരാഷ്ട്രീയപരവുമായ വേവലാതികളുണ്ടായിരുന്നുവെന്ന് പറയണം. ജസീറയ്ക്ക് ഇത് മനസ്സിലാകുന്നത് സ്ത്രീയായതുകൊണ്ടുതന്നെയായിരുന്നു. പുരുഷന്മാര്‍ക്ക് അതത്രവേഗം മനസ്സിലാകുന്നതുമായിരുന്നില്ല. അവരെ സംബന്ധിച്ചേടത്തോളം വെള്ളം ചുമന്നെത്തിക്കല്‍ 'അടുക്കളക്കാരി'യുടെ ചുമതലയായിരുന്നുവല്ലോ എന്നും. സ്ത്രീകളും പുരുഷന്മാരും അവര്‍ ജീവിക്കുന്ന പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നത് പരസ്പരപൂരകമല്ലാത്ത അനുഭവത്താലും കാഴ്ചപ്പാടാലുമാണ്. ഈ യാഥാര്‍ത്ഥ്യം മലയാളസമൂഹം ഇന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.

വികസനവും സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ പ്രസക്തമാണ്. ക്ഷേമത്തിനപ്പുറം ലാഭവും ഉപഭോഗവും മുന്നില്‍നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ വെറും ചരക്കുകളോ പാഴ് ചിലവുകളോ മാത്രമായി മാറപ്പെടും. അതില്‍നിന്ന് മോചനത്തിന് ശ്രമിക്കുന്നവരെ ഭ്രാന്തിയും കുലടയുമായി ചിത്രീകരിക്കും. ഇവ പരാജയപ്പെടുന്നിടത്ത് സര്‍വ്വതന്ത്രങ്ങളും പയറ്റും, വിരുദ്ധസ്വരത്തിന്റെ ഉടമകളെ ഒറ്റപ്പെടുത്താനും ഇല്ലാതാക്കാനും.

അലറിവിളിച്ചെത്തിയ തിരമാലകള്‍

ജസീറയുടെ ഒറ്റയാള്‍സമരത്തെ നേരിട്ടതും അങ്ങനെതന്നെ. അവര്‍ക്ക് ഒറ്റയ്ക്ക് സമരംചെയ്യേണ്ടിവന്നത് അവര്‍ മുന്നോട്ടുവെച്ച പ്രശ്‌നം വൈയക്തികമായതുകൊണ്ടല്ല, പകരം അധീശവ്യവഹാരം ജസീറയുടെ സമരം പ്രശസ്തിക്കുവേണ്ടി നടത്തുന്ന അരാഷ്ട്രീയസമരമാണെന്ന് പ്രചരിപ്പിച്ച് അങ്ങനെയുള്ളത് വൈയക്തികമാണെന്ന് വരുത്തിത്തീര്‍ത്തുകൊണ്ടായിരുന്നു. ആണ്‍കോയ്മയ്ക്ക് ജസീറയെ ഒറ്റപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. പക്ഷേ ഇവ ജസീറ ധൈര്യപൂര്‍വ്വം നേരിട്ടപ്പോള്‍ കഥമാറി. അടുത്ത ഘട്ടത്തില്‍ ആണ്‍കോയ്മയ്ക്ക് ജസീറ സമൂഹം കല്പിച്ച സ്ത്രീയുടെ കടമ നിറവേറ്റാത്തവളായി മാറി. താന്‍ വിശ്വസിക്കുന്ന മതത്തിലും അതിനപ്പുറത്തുള്ളവരും ഒരേ സ്വരത്തില്‍ പറഞ്ഞു 'ജസീറ മക്കളെ നോക്കണം' 'അതാണ് നിന്റെ കടമ' എന്ന്. സമരത്തിന് തന്റെ മക്കളുമായെത്തിയതായിരുന്നു ഈ വിമര്‍ശനത്തിനും പരിഹാസത്തിനും കാരണം. മാത്രമല്ല ഒരു ഘട്ടത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെക്കൊണ്ട് മെരുക്കാനും നോക്കി. ഇവിടെ കുട്ടികളെപ്പറ്റിയുള്ള ആധിയായിരുന്നില്ല സമൂഹത്തെ ഭരിച്ചിരുന്നത്. മറിച്ച് ജസീറ ആണ്‍കോയ്മ നിശ്ചയിച്ച ഒരു കുടുംബിനിയായി അച്ചടക്കമുള്ളവളായി അകത്തളത്തില്‍ ഒളിച്ചിരുന്നില്ല എന്നതായിരുന്നു. സ്ത്രീ എന്തെന്നും അവളുടെ കടമ എന്തെന്നും നിര്‍വ്വചിച്ച് സമൂഹം ജസീറയ്ക്ക് ചുറ്റും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുകയായിരുന്നു.

അവിടെയും തളരാതിരുന്നപ്പോള്‍ ആദ്യം നീരൊഴുക്കുംചാലിലും പരിസരത്തും മണല്‍തൊഴിലാളികളായി മാറിയ ദലിത് സ്ത്രീകളെ മുന്‍നിര്‍ത്തി ആയിരത്തിലധികം ആള്‍ക്കാരെ അണിനിരത്തി 'മണല്‍വാരല്‍ എന്ന പാരമ്പര്യതൊഴില്‍' സംരക്ഷിക്കണമെന്നുപറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്തു. മണല്‍വാരല്‍ എന്നത് ആധുനികതൊഴിലാണെന്നറിയാത്തവരായിരുന്നില്ല ഈ സമരത്തിന് മുന്നില്‍. മറിച്ച് ജസീറ സമൂഹത്തിന്, പ്രത്യേകിച്ച് ദലിത് സമൂഹത്തിന്, എതിരാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. അതുവഴി ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും. അതായത് നേരിട്ടുള്ള എതിര്‍പ്പുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും മുന്നില്‍ കുലുങ്ങാതായപ്പോള്‍ ഭരണകൂടത്തെക്കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമം. ഇതാദ്യം മുതലേയുണ്ടായിരുന്നു. പോലീസും റവന്യൂവകുപ്പും മണല്‍മാഫിയയ്ക്ക് കൂട്ടുനിന്നു എന്നതായിരുന്നു ജസീറ എന്നുമുയര്‍ത്തിയ ആക്ഷേപം. ഇപ്പോള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുതന്നെ സമൂഹം ചങ്ങലകെട്ടി തടയിടുന്നു. ആണ്‍കോയ്മ അങ്ങനെയാണ്, അതിന്റെ കോയ്മത്തം ചോദ്യംചെയ്യപ്പെടുമ്പോള്‍ അതിന്റെ തുടര്‍ച്ച ഉറപ്പാക്കാനുള്ള തന്ത്രങ്ങളുമായിറങ്ങും. ചോദ്യംചെയ്യലുണ്ടാക്കിയ സന്ദര്‍ഭത്തെ മറപ്പിക്കും. പകരം അവരുടെ പ്രവര്‍ത്തിയെ സാമൂഹ്യദ്രോഹവും ദലിത്പീഡനവുമാക്കും.

ഇവിടെ ഒരുകാര്യംകൂടി വിശദീകരിക്കേണ്ടതുണ്ട്. ജസീറയ്ക്ക് ചെറിയൊരു തെറ്റുപറ്റിയിട്ടുണ്ട്. മണല്‍കടത്തിജീവിക്കുകയായിരുന്ന ദലിത് സ്ത്രീകളെ വിശ്വാസത്തിലെടുക്കാന്‍ അവര്‍ക്കു പറ്റിയില്ല. ദലിത് സ്ത്രീകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നേരിടുന്ന ചൂഷണമെന്തെന്നും അതിന്റെ ആഴമെന്തെന്നും വിശദീകരിക്കാനും പറ്റിയില്ല. ജീവിക്കാന്‍ തത്രപ്പെടുന്ന ഒരു ദലിത് സ്ത്രീയുടെ ചിന്തയും മനോനിലയും കീഴാള മുസ്ലീം സ്ത്രീയായ ജസീറയുടെ ചിന്തയും മനോനിലയും ഒന്നായിരിക്കുക ബുദ്ധിമുട്ടാണല്ലോ. ജസീറയുടെ സമരത്തിനെതിരെ ഉയര്‍ത്തിയ പ്രചരണങ്ങളിലൊന്ന് അന്നന്നത്തെ അപ്പത്തിനായി മണല്‍വാരുന്ന ദലിത് സ്ത്രീകളെ തടഞ്ഞു എന്നതും കടലവറുക്കാന്‍ ഒരുവട്ടിപൂഴിയെടുത്ത ഒരു 'പാവത്തിനെ' വിറപ്പിച്ചുനിര്‍ത്തി എന്നുമൊക്കെയാണ്. തലച്ചുമടായി ദലിത് സ്ത്രീകള്‍ മണല്‍കൊണ്ടുപോകുന്നതിനെ ജസീറ തടയാറില്ല. പക്ഷേ കഴിഞ്ഞ ഒന്നൊന്നരദശകമായി മണല്‍വാരല്‍ എന്ന പ്രവര്‍ത്തിയില്‍വന്ന മാറ്റം, പ്രത്യേകിച്ചും ഇടനിലക്കാരുടെ വരവും മാഫിയാവല്‍ക്കരണവും, ദലിതരെ അവരുടെ സംഘത്തിനകത്തേക്ക് കണ്ണിചേര്‍ത്തപ്പോള്‍ എതിര്‍ക്കേണ്ടിവന്നിട്ടുണ്ട്. ദലിത് സ്ത്രീകളെ മണല്‍വാരുന്ന വെറും കൂലിവേലക്കാരായിമാറ്റി ചൂഷണത്തിന് വിധേയരാക്കിക്കൊണ്ടിരിക്കുകയാണ് പുതിയ സംഘങ്ങള്‍ എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ജസീറയ്ക്ക് കഴിഞ്ഞില്ല. ഈ പരാജയം ദലിത് സ്ത്രീകളും ജസീറയും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്, കേസിലും വക്കാണത്തിലുമെത്തിച്ചിട്ടുമുണ്ട്.

തീര്‍ന്നില്ല ആണ്‍കോയ്മ തീര്‍ത്ത ഈ സമൂഹത്തിന്റെ ജസീറയുടെനേരെയുള്ള ഉപരോധം. കടല്‍വെള്ളം കയറിയും ഇടിഞ്ഞും തകര്‍ന്ന തന്റെ പുര ഒന്ന് വാസയോഗ്യമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനായി മണലൂറ്റുന്നുവെന്ന് പറഞ്ഞ് അഞ്ഞൂറോളമാളുകള്‍ ഇടിച്ചുകയറി ജസീറയുടെ വീട്ടിലേക്ക്, ഭീഷണിയുമായി. സ്വന്തം നാട്ടില്‍നിന്ന് ആരെയും കിട്ടിയില്ല ജസീറയ്ക്ക് അവരുടെ വീടൊന്ന് കെട്ടിപ്പൊക്കാന്‍. എന്തിന് വീടുനിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍പോലും കിട്ടിയില്ല സ്വന്തം നാട്ടില്‍നിന്ന്. അവ കൊടുക്കാന്‍ തയ്യാറായവരെ തടഞ്ഞുനിര്‍ത്തിയിരുന്നുവത്രേ അവിടത്തെ മീശപിരിച്ച പുരുഷാരം. എന്തിനധികം പറയുന്നു സ്വന്തം നാട്ടുകാര്‍ അവരുടെ വീടുകളില്‍ നടക്കുന്ന കല്യാണത്തിനോ ഗൃഹപ്രവേശത്തിനോ മറ്റ് മതപരമോ അല്ലാത്തതോ ആയ ചടങ്ങുകള്‍ക്കോ ഒന്നും ജസീറയെ ക്ഷണിക്കാറില്ല. ഈ വിലക്കില്‍ ജാതിയില്ല മതവുമില്ല. ഈ അധ്യയനവര്‍ഷം മക്കള്‍ക്ക് സ്വകാര്യ ഇംഗ്ലീഷ് സ്‌കൂളില്‍ പ്രവേശനത്തിന് ശ്രമിച്ചപ്പോള്‍ അവര്‍ക്ക് നിരാശയാകേണ്ടിവന്നു. ഒരു മാനേജ്‌മെന്റും അതിനു തയ്യാറായില്ല. പേടിയാണത്രേ അവര്‍ക്ക്, ജസീറയെയും നാടിനെയും. ജസീറ വായില്‍ തോന്നുന്നത് വിളിച്ചുപറയും, ജസീറയെ സഹായിച്ചാല്‍ നാട് കലിപ്പോടെയിറങ്ങും. ചുരുക്കത്തില്‍ ഈ നാടും അത് ഭരിക്കുന്ന ആണത്തവും തീര്‍ത്ത ഊരുവിലക്കില്‍ ചേതനയറ്റവളായിക്കഴിയുന്നവളാണ് ജസീറ ഇന്ന്.

ജസീറ ഒതുങ്ങപ്പെട്ടു. നിശബ്ദയുമായി. പക്ഷേ കടല്‍മണല്‍ക്കൊള്ള നിര്‍ബാധം തുടരുന്നുണ്ട്. ആര്‍ക്കും പരിഭവങ്ങളില്ല, പ്രതിഷേധങ്ങളും; ആരോടും എന്തിനോടും.

jaseera3

ജസീറയുടെ സമരം നല്‍കുന്ന പാഠം

കഴിഞ്ഞ ഒന്നുരണ്ട് ദശകങ്ങളായി കേരളത്തിന്റെ കണ്ണു തുറപ്പിച്ച പ്രധാന സമരങ്ങളുടെ നെടുംതൂണ്‍ സ്ത്രീകളായിരുന്നു. അവരെല്ലാം നേരിട്ടത് വികസനമെന്നപേരില്‍ ഇവിടെയെത്തിയ പ്രവര്‍ത്തികള്‍ എങ്ങനെ തങ്ങളുടെ ജീവിതത്തെയും ചുറ്റുപാടിനെയും തകര്‍ത്തു എന്നതായിരുന്നു. കേരളത്തിലെ മുഖ്യധാരാജീവിതത്തിലൂടെ വളര്‍ന്നുവന്നരായിരുന്നില്ല ഇവരാരും. മറിച്ച് അതിരുകളില്‍ കുടിപാര്‍ത്തിരുന്ന സാധാരണസ്ത്രീകള്‍ അവരുടെ വേദനയാല്‍ തീര്‍ത്തതായിരുന്നു ഈ ജീവിതങ്ങള്‍. അങ്ങ് വടക്ക്, കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഭാഷയടക്കം കുഴഞ്ഞ് മറിഞ്ഞുകിടക്കുന്നയിടത്ത് സര്‍ക്കാര്‍ ധനസമാഹരണത്തിനായി വിഷംതളിച്ച് മനുഷ്യനെ പുഴുക്കളാക്കിയതറിഞ്ഞ് മനംനൊന്ത ഒരു വീട്ടമ്മയായ ലീലാകുമാരിയമ്മ തുടങ്ങിയ സമരമായിരുന്നു ഇവയിലൊന്ന്. മലയാളവും തമിഴും അതിരിടുന്ന പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഭരണകൂടസമ്മതിയോടെ വികസനമെന്ന് പറഞ്ഞ് ഒരു ആഗോളകുത്തകകമ്പനി വെള്ളമൂറ്റിയും വിഷം വമിപ്പിച്ചും ജീവിതം ദുസ്സഹമാക്കിയപ്പോള്‍ തന്നെത്തന്നെ മറന്ന് സമരംചെയ്ത മയിലമ്മയായിരുന്നു മറ്റൊന്ന്. മറ്റൊരതിരായ കിഴക്കന്‍ മലയോരങ്ങളില്‍ തങ്ങള്‍ ജനിച്ചുവീണ് ജീവിച്ചുവളര്‍ന്ന മണ്ണില്‍നിന്നും ആധുനികവികസനയുക്തിയുടെയും മൂല്യത്തിന്റെയും പേരില്‍ ആദിവാസികളെ ഭരണകൂടവും അതിന്റെ പിണിയാളുകളും വഴിയാധാരമാക്കിയപ്പോള്‍ ജീവത്യാഗംചെയ്യാന്‍ തയ്യാറായിവന്ന സി.കെ.ജാനുവിന്റെ സമരം മൂന്നാമത്തേത്. ഈ അടുത്ത കാലത്ത് വീണ്ടും കുത്തകകമ്പനികള്‍ക്കുവേണ്ടി ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും വിടുപണി ചെയ്തപ്പോള്‍ അന്നംതന്നെ മുട്ടിപ്പോയവര്‍ ഇറങ്ങിയ പെണ്‍പിളൈ ഒരുമൈ സമരം നാലാമത്തേത്. ഇതല്ലാതെ ഒറ്റയക്കും തെറ്റയ്ക്കും നടന്ന കുഞ്ഞുസമരങ്ങള്‍ വേറെയുമുണ്ട്. ജസീറയുടെ സമരവും നേരത്തേ പറഞ്ഞ സമരങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടേണ്ടതാണ്. പക്ഷേ അവയ്ക്ക് കിട്ടിയ സ്വീകാര്യതയോ താല്ക്കാലികവും ഭാഗികവുമായ വിജയങ്ങളോ ജസീറയുടെ സമരത്തിന് കിട്ടിയില്ല. ജസീറയുടെ സമരം നല്‍കുന്ന പാഠമെന്ത്?

മുകളില്‍ പറഞ്ഞ സമരങ്ങളില്‍ അതിലെ സമരനേതാക്കളെതിര്‍ത്തത് ഭരണകൂടത്തേയും അതിന്റെ ഭാഗമോ അത് താങ്ങിനിര്‍ത്തുന്ന ഏതെങ്കിലും സമ്പ്രദായത്തിന്റെ മൂര്‍ത്തമായ സ്ഥാപനരൂപങ്ങളേയോ ആയിരുന്നു. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ ഭരണകൂടത്തിന്റെയും കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും നിരുത്തരവാദപരമായ പ്രവര്‍ത്തികളെയായിരുന്നു ലീലാകുമാരിയമ്മ എതിര്‍ത്തിരുന്നത്. മയിലമ്മയുടെ സമരത്തിലും പ്രതിസ്ഥാനത്ത് ഭരണകൂടവും ഭരണകൂടങ്ങളെ നിര്‍മ്മിക്കാന്‍ കെല്‍പ്പുള്ള ബഹുരാഷ്ട്രകുത്തകകമ്പനിയുമായിരുന്നു. സി.കെ.ജാനു നേരിട്ട് സ്റ്റേറ്റിനെത്തന്നെയാണ് മുള്‍മുനയില്‍ നിര്‍ത്തിയത്. പെമ്പിളൈ ഒരുമൈയും ഭരണകൂടത്തെയും രാഷ്ട്രീയപാര്‍ട്ടികളെയും കുത്തകകളെയും തന്നെയാണെതിര്‍ത്തത്. എന്നാല്‍ ജസീറയുടെ സമരം ഭരണകൂടത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവര്‍ ചൂണ്ടിക്കാണിച്ച ചൂഷണത്തില്‍ സ്റ്റേറ്റിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടേക്കില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ഉല്പാദകരേയോ കൊക്കക്കോള കമ്പനിയേയോ കുടിയേറ്റലോബികളേയോ തേയിലകമ്പനികളേയോ പോലുള്ള ഭീമന്‍മാരെയും കണ്ടെന്നുവരില്ല. ഭരണകൂടവും ഇത്തരത്തിലുള്ള മൂലധനശക്തികളും തമ്മിലുള്ള ബന്ധം അഗാധവും പരസ്പരം തിരിച്ചറിയാന്‍ കഴിയാത്തുമായതുകൊണ്ട് നീക്കുപോക്ക്‌ ഫോര്‍മുലകളുമായി ഭരണകൂടം സമരം അവസാനിപ്പിക്കാന്‍ ഇവിടങ്ങളില്‍ ഇടപെട്ടുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ കുത്തകകമ്പനികള്‍ക്കും മൂലധനശക്തികള്‍ക്കുംവേണ്ടി ഭരണകൂടം ഇടപെടുന്നതുകൊണ്ടാണ് ജസീറയുടേതൊഴികെയുള്ള സമരങ്ങള്‍ തീക്ഷ്ണമായതും അവയ്ക്ക് താല്ക്കാലികമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞതും. ജസീറയുടെ സമരത്തില്‍ നിയമം നടപ്പാക്കണം, ഉദ്യോഗസ്ഥര്‍ പണിയെടുക്കണം എന്നു പറഞ്ഞതല്ലാതെ ഭരണകൂടം ഒരു സ്ഥാപനമെന്നനിലയില്‍ ചൂഷണത്തിലിടപെടുന്നുണ്ടെന്ന് കണ്ടെന്നു വരില്ല. മാത്രമല്ല പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പോലെയോ കൊക്കക്കോള കമ്പനിപോലെയോ തേയിലകമ്പനികള്‍പോലെയോ മൂര്‍ത്തമായ ഏതെങ്കിലും സ്ഥാപനം നടത്തുന്നതുമായിരുന്നില്ല മണല്‍ക്കൊള്ള. പല വ്യക്തികള്‍ അവരവരുടേതായ വലയങ്ങള്‍ ഉണ്ടാക്കി തിരിഞ്ഞും മറിഞ്ഞും ചെയ്യുന്ന മാഫിയപ്രവര്‍ത്തനമാണ് മണലൂറ്റ്. അവര്‍ക്ക് ഇടപെടാനായി സ്റ്റേറ്റിനെ അങ്ങനെ സമീപിക്കാന്‍ പറ്റില്ല. ചുരുക്കത്തില്‍ മറ്റു സമരങ്ങളില്‍ കണ്ടതുപോലെ ഭരണകൂടത്തിന്റെയും അത് താങ്ങിനിര്‍ത്തുന്നതോ അതിനെ ഉണ്ടാക്കുന്നതോ ആയ സ്ഥാപനങ്ങളുടെയും സാന്നിധ്യം ഇല്ലാത്ത സമരമായിരുന്നു ജസീറയുടേത്. ഉണ്ടായ സാന്നിധ്യം ക്രിമിനാലിറ്റിയുടേതായിരുന്നു. നിലവിലുള്ള അധികാരത്തേയോ സാമൂഹ്യബന്ധങ്ങളേയോ എതിര്‍ക്കാന്‍ കഴിയാത്ത സമരങ്ങളുമായി ഭരണകൂടം നീക്കുപോക്കുകള്‍ക്കു നില്‍ക്കില്ല. ജസീറയുടെ സമരത്തിനെ സ്വാഭാവികമായ മരണത്തിന് വിടാന്‍ ഭരണകൂടത്തിന് കഴിഞ്ഞത് സ്റ്റേറ്റ് കൈക്കൊണ്ട ഈ നിസ്സംഗതയാലാണ്.

ജസീറയുടെ സമരത്തില്‍നിന്നും ഉള്‍ക്കൊള്ളേണ്ട മറ്റൊരു പാഠം വര്‍ത്തമാനങ്ങളുടെ പ്രകൃതമാണ്. നേരത്തേ സൂചിപ്പിച്ച മറ്റുസമരങ്ങള്‍ ശക്തമായപ്പോള്‍ അനേകം എതിര്‍വാദങ്ങള്‍ ഉണ്ടായിരുന്നു. അവയൊക്കെ ശാസ്ത്രത്തിന്റെയും വികസനത്തിന്റെയും 'സത്യസന്ധത'യില്‍ ആണയിട്ടു ഉയര്‍ത്തിയ വാദങ്ങളായിരുന്നു. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലയില്‍ ശാസ്ത്രീയപഠനങ്ങള്‍ കൊണ്ടുവന്ന് എന്‍ഡോസള്‍ഫാനോ വെള്ളമോ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നില്ല എന്നും ധനത്തിന്റെ പോക്കുവരവുകളുടെ കണക്കുകള്‍കൂട്ടിയും കിഴിച്ചും വികസനത്തില്‍ ലാഭത്തിന്റെ വ്യാപ്തി എത്രയായിരിക്കുമെന്ന നിഷ്‌ക്കര്‍ഷിച്ചും എതിര്‍വാദങ്ങളുയര്‍ത്തിയപ്പോള്‍, ദൈനംദിന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെയും ശാസ്ത്രത്തിന്റെയും വികസനവാദത്തിന്റെയും പക്ഷപാതത്ത്വവും രാഷ്ട്രീയവും ചുണ്ടിക്കാട്ടി ശക്തമായ മറുവാദങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ജസീറയുടെ സമരത്തില്‍ ഇത്തരത്തിലുള്ള വാദങ്ങളൊന്നുമല്ല ഉണ്ടായത്. അതായത് ശാസ്ത്രത്തേയോ, ഒരു നാടിന്റെ വികസനത്തിന് മണലെടുപ്പ് അത്യാവശ്യമാണെന്ന് പറയാനോ, അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ അതിനെയെതിര്‍ക്കാനുള്ള വാദമുഖങ്ങളുമായി മറ്റാരെങ്കിലുമോ വന്നില്ല. ഉണ്ടായ വര്‍ത്തമാനം ദലിതരെ ജീവിക്കാന്‍ വിടുന്നില്ല, മതചിട്ടകളെ തിരസ്‌കരിക്കുന്നു എന്നൊക്കെയായിരുന്നു. ഇതുവഴി രണ്ടുകാര്യങ്ങളാണ് ഉണ്ടായിവന്നത്. ഒന്ന് ജസീറയും അവര്‍ നടത്തിയ സമരത്തെയും പൊതുമണ്ഡലത്തില്‍ നിശ്ശബ്ദമാക്കാന്‍ പറ്റി. രണ്ട്, ഏതെങ്കിലും രീതിയില്‍ അത് ചര്‍ച്ചയ്ക്കുവന്നെങ്കില്‍, അതവരുയര്‍ത്തിയ സാമൂഹ്യപ്രശ്‌നത്തിന്റെ പേരിലായിരുന്നില്ല, മതത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു. അതായത് ശാസ്ത്രത്തിന്റെയും വികസനത്തിന്റെയും പേരിലായിരുന്നില്ല ചര്‍ച്ചകള്‍, മറിച്ച് സംസ്‌കാരത്തിന്റെ പേരിലായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയാകേണ്ട പ്രശ്‌നത്തില്‍നിന്നും സമൂഹത്തെ വഴിതിരിച്ചുവിടാന്‍ ഇടയാക്കി എന്നുമാത്രമല്ല, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുപോലും കാര്യമായി ഇടപെടാന്‍പറ്റാത്ത മേഖലയാക്കി മാറ്റി ജസീറയുടെ സമരമുഖം. ജാതിയും മതവും തീര്‍ക്കുന്ന സാമൂഹ്യഘടനയ്ക്കുമുന്നില്‍ എന്ത് ശാസ്ത്രം, എന്ത് വികസനം, എന്ത് രാഷ്ട്രീയം.

(തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ചരിത്ര വിഭാഗത്തില്‍ അദ്ധ്യാപകനാണ് ദിനേശന്‍ വടക്കിനിയില്‍. ചരിത്രകാരനാണ് അബ്ദുല്ല അഞ്ചില്ലത്ത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories