TopTop
Begin typing your search above and press return to search.

പി കൃഷ്ണപിള്ളയുടെ മരണത്തിന് സാക്ഷിയായ പുന്നപ്ര-വയലാര്‍ സേനാനി കെവി തങ്കപ്പന്‍ അന്തരിച്ചു

പി കൃഷ്ണപിള്ളയുടെ മരണത്തിന് സാക്ഷിയായ പുന്നപ്ര-വയലാര്‍ സേനാനി കെവി തങ്കപ്പന്‍ അന്തരിച്ചു

(1946 ഒക്ടോബര്‍ 23 മുതല്‍ 27വരെ നടന്ന സംഭവബഹുലമായ പുന്നപ്ര-വയലാര്‍ പോരാട്ടത്തില്‍ ആയിരങ്ങളാണ് വേദന അനുഭവിച്ച് കടന്നുപോയത്. അതില്‍ ഒരാള്‍ കെ.വി. തങ്കപ്പനാണ്. മുഹമ്മ പുത്തന്‍പറമ്പില്‍ കെ.വി. തങ്കപ്പന്‍ സമരത്തിലെ ഏഴാം പ്രതിയായിരുന്നു. കൊടിയ മര്‍ദനമാണ് പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലുമായി തങ്കപ്പന്‍ അനുഭവിച്ചത്. മുഹമ്മയില്‍ ഉണ്ടായിരുന്ന വില്യം ഗുഡേക്കര്‍ കമ്പനിയിലെ കയര്‍ തൊഴിലാളിയായിരുന്നു തങ്കപ്പന്‍. പുന്നപ്രയിലെ വെടിവെപ്പിനുശേഷം സി.പി. രാമസ്വാമിയുടെ പട്ടാളം മാരാരിക്കുളം വഴി വയലാറിലേക്ക് പോകുന്നത് തടയാനുള്ള തൊഴിലാളികളുടെ പ്രക്ഷോഭമാണ് മാരാരിക്കുളം വെടിവെപ്പില്‍ കലാശിച്ചത്.കെവി തങ്കപ്പന്‍റെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സ്റ്റോറി അഴിമുഖം ക്ലാസിക് ആയി ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു)

"സഖാവിന് പാമ്പ് കടിയേറ്റു" ഈ വാർത്ത കേട്ട മുഹമ്മ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ വി തങ്കപ്പന്‍റെ ഉള്ളൊന്നു കാളി. കണാർക്കാട് വീട്ടിൽ ഒളിച്ചിരിക്കുന്നത് മലബാറിൽ നിന്നെത്തിയ ഏതോ വലിയ സഖാവാണെന്നല്ലാതെ ആരാണെന്ന് വാർത്ത പറഞ്ഞവർക്കും അറിയില്ല. സഖാക്കളുടെ സഖാവായ കൃഷ്ണപിള്ളയാണ് ഒളിവിലിരിക്കുന്നതെന്ന് കെ വി തങ്കപ്പനറിയാം. പോലീസിന്‍റെ കണ്ണ് വെട്ടിച്ച് ചികിത്സ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ കണ്ണിൽ ഇരുട്ട് കയറി. കൃഷ്ണപിള്ളയെ കിടത്തിയ കട്ടിൽ ഓടിക്കൂടിയവർ ചേർന്ന് പൊക്കിയെടുത്തു. പിന്നീട് ഒരു പാച്ചിലായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ നിൽക്കുന്ന പോലീസുകാരുടെ കണ്ണിൽപ്പെടാതിരിക്കുവാൻ രഹസ്യ വഴികളിലൂടെയാണ് യാത്ര. കരപ്പുറത്തിന്‍റെ പ്രത്യേകതയായ പുന്നത്തണലുകൾ നോക്കി ആയിരുന്നു ഓട്ടം. ആധുനിക വൈദ്യ ശാസ്ത്രവും പരമ്പരാഗത വിഷവൈദ്യവും കയ്യൊഴിഞ്ഞതോടെ പി കൃഷ്ണപിള്ള എന്ന വിപ്ലവ നക്ഷത്രം പൊലിഞ്ഞു. പുന്നപ്ര - വയലാർ - മാരാരിക്കുളം സമരത്തിന്‍റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധത്തെ കുറിച്ച് കെ വി തങ്കപ്പൻ അഴിമുഖം പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു.

കയർ ഫാക്ടറി തൊഴിലാളിയാകുന്നത് പതിനാലാം വയസിൽ. വീടുകളിലെ പട്ടിണിമൂലം ഈ പ്രായത്തിന് മുൻപെ അന്ന് കുട്ടികൾ ജോലി തേടിയിറങ്ങും. അക്കാലത്തെ രണ്ടാമത്തെ തൊഴിലാളി യൂണിയൻ പ്രസ്ഥാനമായിരുന്നു മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ.

തടുക്കിന്‍റെ ഊടും പാവും മാത്രമല്ല കമ്മ്യൂണിസ്റ്റ് ചിന്തകൂടി നെയ്തെടുത്തു കെ വി തങ്കപ്പൻ. സമരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സ്വയം പേര് നൽകിയാൽ മതിയെന്നും പാർട്ടി ആരെയും നിർബന്ധിക്കുന്നില്ലെന്നും നേതാക്കൾ അറിയിച്ചപ്പോൾ സ്വമേധയാ പേര് നൽകിയവരിൽ പ്രധാനി ആയിരുന്നു ഇദ്ദേഹം. ഉശിരും ധൈര്യവും നേരിട്ട് മനസ്സിലാക്കിയ പാർട്ടി തങ്കപ്പനെ പട്ടാളത്തെ നേരിടാനുള്ള തൊഴിലാളികളുടെ മുഹമ്മ സെല്ലിന്‍റെ വൈസ് ക്യാപ്റ്റനാക്കി.

കഞ്ഞിക്കുഴിയിലെ പാലം കടന്ന് വേണം തൊഴിലാളികളുടെ ക്യാമ്പിൽ പട്ടാളത്തിന് എത്തിച്ചേരാൻ. പട്ടാളത്തെ തടയുന്നതിന് ഏറ്റവും നല്ല മാർഗ്ഗം പാലം തകർക്കുക എന്നതായിരുന്നു. പാർട്ടി തീരുമാനം മിന്നൽ വേഗത്തിൽ നടപ്പാക്കി. പാലം മണിക്കൂറുകൾക്കുള്ളിൽ പൊളിച്ച് നീക്കി. പ്രതികാരബുദ്ധി ഉണർന്ന പട്ടാളം തന്ത്രപൂർവ്വം കരുക്കൾ നീക്കി. വിരലിലെണ്ണാവുന്ന പട്ടാളക്കാർ മാത്രം പാലം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ട് പട്ടാളത്തെ അക്രമിക്കാൻ ഒരു സംഘം സഖാക്കൾ കുതിച്ചു. ഒഴിഞ്ഞ വീടുകളിലും മരത്തിലും പതിയിരുന്ന പട്ടാളക്കാർ വെടി ഉതിര്‍ത്തു. പട്ടാളത്തിന്‍റെ ഇങ്ങനെയൊരു നീക്കം അപ്രതീക്ഷിതമായിരുന്നു. ആറ് സഖാക്കൾ വെടിയേറ്റ് മരിച്ചു. നിറയൊഴിക്കുന്നതും ആളുകൾ മരിച്ച് വീഴുന്നതും കണ്ട് സമീപത്തെ ചായക്കടക്കാരൻ വിശ്വനാഥക്കുറുപ്പ് ഹൃദയസ്തംഭനം മൂലം കുഴഞ്ഞ് വീണ് മരിച്ചു.

പ്രാദേശിക നേതാവ് കൂടിയായ കെ വി തങ്കപ്പനോട് ഒളിവിൽ പോകാൻ പാർട്ടി നിർദ്ദേശിച്ചു. ഒളിവിൽ കഴിഞ്ഞ തങ്കപ്പൻ പുറത്ത് വരാൻ പോലീസ് കാത്തിരുന്നു. ഭാര്യ കുഞ്ഞുകുട്ടി പ്രസവിച്ചു. കുഞ്ഞിനെ കാണാൻ തങ്കപ്പൻ എത്താതിരിക്കില്ലെന്ന് മനസിലാക്കിയ പോലീസ്, 28 ആം ദിവസം എത്തിയ തങ്കപ്പനെ വീട് വളഞ്ഞ് പിടികൂടി. തങ്ങളെ വെട്ടിച്ച് നടന്ന അദ്ദേഹത്തെ എസ് ഐ രാമൻകുട്ടി നായരുടെ നേതൃത്വത്തിൽ മർദ്ദിച്ച് അവശനാക്കി. പോലീസ് തലമുടിയിൽ മുറുക്കിപ്പിടിച്ച് മർദ്ദിക്കുന്നതിനിടയിലും വരകാടി സ്റ്റേഷൻ കസ്റ്റഡിയിൽ നിന്നും പോലീസിനെ വെട്ടിച്ച് തങ്കപ്പൻ മുങ്ങി. ഇതിന്‍റെ പേരിൽ അടുത്ത കേസും അദ്ദേഹത്തിന്‍റെ പേരിൽ പോലീസ് ചാർത്തി നൽകി.

സമരവാർഷികം ആചരിക്കുമ്പോൾ പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വി എസ് അച്യുതാനന്ദൻ ദീപശിഖ കൊളുത്തുമ്പോൾ മേനാശ്ശേരിയിൽ നിന്നും അത്ലറ്റുകൾക്ക് അത് കൈമാറുന്നത് കെ വിതങ്കപ്പനാണ്. വാർഷിക ആചരണം തുടങ്ങിയപ്പോൾ മുതലുള്ള കീഴ്വഴക്കമാണിത്. ഇന്നും മുടക്കമില്ലാതെ തുടരുന്നു. കോയമ്പത്തൂരിൽ നടന്ന സി പി ഐ എം പത്തൊമ്പതാം പാർട്ടി കോൺഗ്രസിൽ അന്ന് ബംഗാൾ മുഖ്യമന്ത്രി ആയ ബുദ്ധദേവ് ഭട്ടാചാര്യ കെ വി തങ്കപ്പനെ ആദരിച്ചിരുന്നു.

സഖാവ് പി കൃഷ്ണപിള്ളയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും മാരാരിക്കുളം പാലം പൊളിക്കാൻ കഴിഞ്ഞതിലൂടെ, കൂറ്റ് വേലി, കണ്ണാർകാട്, കായിപ്പുറം, പുത്തനങ്ങാടി, മുഹമ്മ എന്നീ തൊഴിലാളി ക്യാമ്പുകളിലെ നിരവധി സഖാക്കളെയും അനുഭാവികളെയും മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടമായി ഈ 93 കാരൻ കരുതുന്നു.

(ആലപ്പുഴയില്‍ ഡിവൈഎഫ്ഐയുടെ മുന്‍ നേതാവാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions


Next Story

Related Stories