അഴിമുഖം ക്ലാസിക്സ്

വീണ്ടും തെസ്‌നി, ചാവര്‍ക്കോട് സി എച്ച് എം എം കോളേജിലെ മീരയുടെ രൂപത്തില്‍

ഓണാഘോഷത്തിന്റെ അതിരു വിടലിനിടയിലാണ് തെസ്നി കൊല്ലപ്പെട്ടത്

(2015ലാണ് തെസ്നി എന്ന പെണ്‍കുട്ടി തിരുവനന്തപുരം സി ഇ ടി ക്യാമ്പസില്‍ സഹവിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പിടിച്ചു മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വര്‍ക്കല ചാവര്‍ക്കോട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ച് അതേ കോളേജിലെ മീര മോഹന്‍ എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു. കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തെസ്നിയുടെ മരണം ഉയര്‍ത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ അഴിമുഖം 2015 ആഗസ്ത് 21നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്)

കേരളത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളാണ് തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് എന്ന ‘സി.ഇ.ടി’യില്‍ പഠിക്കുന്നത്. സര്‍ക്കാരിന്റെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് വിദ്യാര്‍ത്ഥി പ്രവേശനം. അതുകൊണ്ടുതന്നെ മികവ് മാനദണ്ഡമാക്കിയാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലേതുപോലെ അപ്പന്റെ മടിശ്ശീലയിലെ പണപ്പെരുപ്പം നോക്കി ഇവിടെ പ്രവേശനം നടപ്പില്ലെന്ന് സാരം.

സി.ഇ.ടിയില്‍ പ്രവേശനം ലഭിച്ചു കഴിഞ്ഞാല്‍ വന്‍കിട സ്ഥാപനങ്ങള്‍ കാമ്പസ് സെലക്ഷന്‍ മുഖേന അവസാന വര്‍ഷമെത്തുമ്പോള്‍ ജോലിയും ഉറപ്പാണ്. കാമ്പസ് സെലക്ഷന്‍ അംഗീകൃതമായശേഷം ഇവിടുന്ന് നിയമനം കിട്ടിയതിന്റത്ര വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരിടത്തു നിന്നും ഉദ്യോഗത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഫലത്തില്‍, സി.ഇ.ടി പ്രവേശനം എന്നത് മികച്ച പഠനം എന്നത് മാത്രമല്ല, മികച്ച തൊഴില്‍ എന്നതിന്റെ കൂടി വാതിലാവുകയായിരുന്നു.

അങ്ങനെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നിടത്താണ് ഓണാഘോഷത്തിന്റെ അതിരു വിടലിനിടയില്‍ ഒരു പെണ്‍കുട്ടി മരിച്ചത്. അതേ കോളേജിലെ ഏഴാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ഓടിച്ച ജീപ്പിടിച്ചു മരിച്ചത് നിലമ്പൂര്‍ സ്വദേശിനി തെസ്‌നി ബഷീര്‍ എന്ന ആറാം സെമസ്റ്റര്‍ സിവില്‍ വിദ്യാര്‍ത്ഥിനിയാണ്. തെസ്‌നി മിടുമിടുക്കിയായതിനാലാണ് ഈ കോളേജില്‍ പ്രവേശനം ലഭിച്ചത്. ഈ കുട്ടി ഇവിടെ പ്രവേശനം നേടിയത് മലപ്പുറത്തും കോഴിക്കോട്ടുമൊന്നും എന്‍ജിനീയറിംഗ് കോളേജ് ഇല്ലാത്തതിനാലല്ല . ഫലത്തില്‍, തെസ്‌നി എന്ന പെണ്‍കുട്ടിയുടെ മിടുമിടുക്കാണ് ഈ മരണത്തിന് ഇടയാക്കിയതെന്നു പറയുമ്പോള്‍ അത് ക്രൂരതയാണെറിയാത്തതല്ല. ഖത്തറില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ വഴിക്കടവ് കുത്ത് പുല്ലഞ്ചേരി വീട്ടില്‍ ബഷീറിന്റെയും തനൂജാ പുപ്പാലയുടെയും മകളായ തെസ്‌നിയുടെ സഹോദരങ്ങള്‍ മുഹമ്മദ്‌റാഫി,ഫാത്തിമാറാഹില, അമീന്‍ എന്നിവരാണ്. തെസ്‌നിയുടെ മരണം ഏറ്റവും കൂടുതല്‍ ദു:ഖിപ്പിക്കുന്നതും ഇവരെയാവും. ആ മിടുക്കിയുടെ വിയോഗം നഷ്ടമായി അനുഭവപ്പെടുന്നതും ഇവര്‍ക്കാവും. കാലം ഏത് മുറിവും മായിച്ചുകളയുമെങ്കിലും അത് പലപ്പോഴും നീറ്റിപ്പിടിക്കുന്ന വേദനയായി ഇവരുടെ ഉള്ളിലുണ്ടാവും.

സി.ഇ.ടിയില്‍ പതിമൂന്നുകൊല്ലം മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥിനിയായ അമിതാ ശങ്കര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് അമിതവേഗത്തില്‍വന്ന ബൈക്കിടിച്ചാണ് ആ വിദ്യാര്‍ത്ഥിനി മരിച്ചത്. അതിനുശേഷം കോളേജിനകത്തേക്ക് വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ഈ രണ്ട് പെണ്‍കുട്ടികള്‍ക്കും നഷ്ടപ്പെട്ടത് സ്വന്തം ജീവനാണ്. അതിലെ വില്ലന്‍മാരായത് മിടുക്കരായ വിദ്യാര്‍ത്ഥികളാണ്. ആദ്യ അപകടത്തില്‍ നിന്ന് അദ്ധ്യാപകരും പ്രിന്‍സിപ്പലും ഒരു പാഠവും പഠിച്ചില്ല എാണ് ഇപ്പോള്‍ മനസ്സിലാവുന്നത്.

വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്ലാസ് മുറികളിലെ കേവലം യന്ത്രങ്ങളല്ല. അവര്‍ ആരോഗ്യകരമായ സംവാദവും സാര്‍ത്ഥക അക്കാഡമിക് ഇടപെടലുകളും നടത്തേണ്ടവരാണ്. അതിന് പ്രിന്‍സിപ്പല്‍ ക്രിയാത്മകമായ നേതൃത്വം വഹിക്കണം. ചെറുപ്പം എടുത്തുചാട്ടത്തിന്റെ പ്രായമാണ്. അവരുടെ ചിന്തകളിലും പ്രവൃത്തികളിലും അനിയന്ത്രിതമായ ഊര്‍ജപ്രവാഹമുണ്ടാവും. ഇതിനെ ഫലപ്രദമായി തിരിച്ചുവിടുമ്പോഴേ അദ്ധ്യാപകവൃത്തി സാര്‍ത്ഥകമാവൂ.

എ.ഐ.സി.ടി.ഇയുടെയും യു.ജി.സിയുടെയും ശമ്പള സ്‌കെയിലുകള്‍ നടപ്പാക്കിക്കിട്ടിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് സര്‍ഗാത്മകതയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, കേരളത്തിലെ മിക്കവാറും കാമ്പസുകളില്‍ അങ്ങനെ മികവിന് നേതൃത്വം നല്‍കുന്ന അദ്ധ്യാപകര്‍ തീരെ കുറവായി.

മികച്ച ശമ്പളം അദ്ധ്യാപകര്‍ക്ക് വന്‍ പണവും പദവിയും സൗകര്യങ്ങളുമുള്ള ജീവിതപങ്കാളിയെ കിട്ടാനുള്ള മാര്‍ഗമായി. പുതുപുത്തന്‍ കാറുകളും അതിസൗകര്യങ്ങള്‍ നിറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്നതും ഒക്കെയായി അദ്ധ്യാപകരുടെ ശ്രദ്ധാവിഷയങ്ങള്‍. വിദ്യാര്‍ത്ഥികളുടെ സ്‌നേഹവും ആദരവും ആര്‍ജിച്ചെടുക്കാന്‍വേണ്ടി കഷ്ടപ്പെടാനൊന്നും പ്രൊഫഷണല്‍ കോളേജുകളില്‍ അദ്ധ്യാപകരായവരിലധികംപേരും തയ്യാറായില്ല. അതുകൊണ്ടുതന്നെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ മുന്നിലെ ‘മാതൃകാപുരുഷന്‍’ അല്ലാതായി. അതുമൂലം സംഭവിച്ച ദുരന്തം വളരെ വലുതാണ്.

സി.ഇ.ടിയില്‍ വിദ്യാര്‍ത്ഥികളുടെ വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. അവിടേക്കാണ് ജീപ്പിലും ലോറിയിലും ബൈക്കുകളിലുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പാഞ്ഞുകയറിയത്. അപ്പോള്‍, അവിടെ പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നു, വൈസ് പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നു, വകുപ്പുമേധാവികളായ സീനിയര്‍ അദ്ധ്യാപകരുണ്ടായിരുന്നു, ചെറുപ്പക്കാരായവരുള്‍പ്പെടെ അദ്ധ്യാപകരുണ്ടായിരുന്നു…എന്തേ, ഇവരൊന്നും പുറത്തിറങ്ങിയില്ല?

എം.ടെക് പ്രവേശനം നടക്കുകയായിരുന്നത്രേ. അത് അരമണിക്കൂര്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ലല്ലോ. അതിനുശേഷം പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും വകുപ്പ് മേധാവികളും അദ്ധ്യാപകരും ഈ റോഡിലേക്കും കോളേജിനു മുന്നിലേക്കും ഇറങ്ങി നിന്നിരുന്നെങ്കിലോ? റെക്കോര്‍ഡും പ്രാക്ടിക്കലും ബ്രഹ്മാസ്ത്രമായി ഇപ്പോഴും എഞ്ചിജിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ കൈവശമുണ്ട്. അത് ഉപയോഗിക്കാന്‍ ഇവരാരും മടിക്കാറില്ല. അതൊക്കെ പലപ്പോഴും വ്യക്തിപരമായി ആവശ്യങ്ങള്‍ക്കുവേണ്ടിയാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനുപകരം ‘കുഴപ്പം കാണിച്ചാല്‍ ചെവിക്കു പിടിച്ച് പുറത്താക്കും’ എന്ന സ്‌നേഹശാസന ഉണ്ടായാല്‍ അതനുസരിക്കാത്തവര്‍ സി.ഇ.ടിയിലല്ല മിക്ക കോളേജുകളിലും ഉണ്ടാവില്ല. അഥവാ, അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യും. അങ്ങനെയൊരു ഇടപെടല്‍ അദ്ധ്യാപകരുടെയും പ്രിന്‍സിപ്പലിന്റെയും ഭാഗത്തുനിന്ന് സി.ഇ.ടിയില്‍ ഉണ്ടായതായി ആരും പറയുന്നില്ല. എന്തുകൊണ്ടാണ് അദ്ധ്യാപകര്‍ അതിന് തുനിയാത്തത്? അവര്‍ ദുരന്തങ്ങളുടെ സാക്ഷികളാവാന്‍ വേണ്ടി കാത്തിരിക്കുന്നവരായി അധഃപതിച്ചോ?

വിദ്യാര്‍ത്ഥികള്‍ക്ക് എ.ടി.എം കാര്‍ഡ് നല്‍കി മാസാമാസം പണം ബാങ്കിലിടുന്നതോടെ മാതാപിതാക്കളുടെ കര്‍ത്തവ്യം തീര്‍ന്നു. അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം എന്തുകൊണ്ടാണ് ഇരുകൂട്ടരും പ്രൊത്സാഹിപ്പിക്കാത്തത്? വിദ്യാര്‍ത്ഥി കൃത്യമായി ക്ലാസില്‍ വരാതായാല്‍, വരുന്നത് മോശം അവസ്ഥയിലാണെങ്കില്‍ രക്ഷിതാവ് അതറിയേണ്ടേ? അതിന് മുന്‍കൈ എടുക്കേണ്ടത് രക്ഷാകര്‍ത്താക്കളാണ്. അതൊന്നും ഞങ്ങളുടെ ‘ഡ്യൂട്ടി’യുടെ ഭാഗമല്ല എന്ന നിലപാട് അദ്ധ്യാപകര്‍ സ്വീകരിക്കുന്നതാണ് ഈ ബന്ധം ഉണ്ടാകാതെ പോവുന്നതിന് പ്രധാന കാരണം.

സി.ഇ.ടി സംഭവത്തില്‍ മുഖ്യപ്രതി സര്‍ക്കാരാണ്. അല്ലെങ്കില്‍ സര്‍ക്കാരിന്റെ മദ്യനയമാണ്. ചെറുപ്പം എപ്പോഴും നിയന്ത്രണങ്ങള്‍ മറികടക്കാന്‍ വല്ലാത്ത ആവേശം കാണിക്കും. ഇപ്പോഴത്തെ രക്ഷിതാക്കളും അദ്ധ്യാപകരും ആലോചിച്ചു നോക്കിയാല്‍ അവര്‍ക്ക് സമ്മതിക്കേണ്ടിവരും – മിക്കവരും മദ്യം ഉപയോഗിച്ചു തുടങ്ങിയത് കോളേജ് ജീവിതത്തിനിടയിലായിരിക്കും. കൂടുതല്‍ പേരും ഒളിച്ച് പുകവലിച്ചതും വിദ്യാര്‍ത്ഥി ജീവിത കാലയളവിലായിരിക്കും.

മദ്യപാനം തുടങ്ങുന്നത് ഏതെങ്കിലും ഒരാഘോഷത്തിന്റെ ഭാഗമായി ബാര്‍ഹോട്ടലിന്റെ അരണ്ട വെളിച്ചത്തിലേക്ക് മുഖം മറച്ചെത്തുമ്പോഴാണ്. അവിടെ സ്ഥിരമായി എത്താന്‍ സാമ്പത്തികം അനുവദിക്കുന്നുണ്ടാവില്ല. മാത്രമല്ല, ആഘോഷങ്ങളാണല്ലോ ഇത്തരം നുരഞ്ഞുയരുന്ന ലഹരി ആവശ്യപ്പെടുന്നതും. ആ തൃപ്തി സര്‍ക്കാരിന്റെ പുതിയ നയം അട്ടിമറിച്ചു എന്നു കരുതേണ്ടിയിരിക്കുന്നു.

പകരം സംഭവിച്ചതെന്താണ്? ബാറുകള്‍ ഇല്ലാതായല്ലോ. ഉള്ളത് പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ പറ്റാത്ത നിരക്കാണ്. ആഘോഷത്തിന്റെ ലഹരി ഒഴിവാക്കാനാവില്ല. ഹോസ്റ്റലുകളും വിദ്യാര്‍ത്ഥികളുടെ ഇതര വാസസ്ഥലങ്ങളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങുന്ന കുപ്പികളുമായി ആഘോഷങ്ങള്‍ തുടങ്ങി. മുമ്പ് ഒന്നോ രണ്ടോ പെഗ്ഗില്‍ തീരുമായിരുന്ന മദ്യപാനം വന്‍തോതില്‍ പെഗ്ഗുകളില്‍നിന്ന് പെഗ്ഗുകളിലേക്ക് കൂടാന്‍ ഇതിടയാക്കി. മിക്കദിവസവും ഈ വാസസ്ഥലങ്ങളില്‍ ക്യൂ നിന്ന് കുപ്പി വാങ്ങല്‍ ശീലമായി. അതിനു പുറമേയാണ് മയക്കുമരുന്ന് വിദ്യാര്‍ത്ഥികളെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയത്. ഇപ്പോള്‍ പ്രൊഫഷണല്‍ കോളേജുകളില്‍ മാത്രമല്ല, പ്ലസ്ടു മുതലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് കഞ്ചാവ് മുതല്‍ മേല്‍ത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ സുലഭമാണ്. ആസ്പിരിന്‍ ചേര്‍ത്ത് പാനീയങ്ങള്‍ കഴിക്കുന്നതും ഫെവിക്കോള്‍ ചേര്‍ത്ത് ചിലത് കഴിക്കുന്നതും ചില പ്രത്യേക ച്യൂയിംഗം നുണയുന്നതും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഇക്കാര്യം ഇനി അറിയാനുള്ളത് പൊലീസ് മാത്രമാണ്. കൃത്യമായി മാസപ്പടി കിട്ടുന്നതിനാല്‍ അവര്‍ അറിയുകയുമില്ല!

ഇത്തരം മയക്കുമരുന്നിന് അടിമപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകരെയോ രക്ഷിതാക്കളെയോപോലും തിരിച്ചറിയാനാവില്ല. ഈ ലഹരിയില്‍ അവര്‍ എന്തും ചെയ്യും. അത്തരം ചെയ്തികളാണ് തെസ്‌നിമാരുടെ ജീവനെടുക്കുന്നത്. അത് സി.ഇ.ടിയിലെ ഏഴാം സെമസ്റ്ററുകാരനെ പിടികൂടുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതോടെ തീരില്ല. അതിന് പൊലീസും അദ്ധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ ഇടപെടലുകള്‍ നടത്തണം. സര്‍ക്കാരിന് മദ്യനയം ഇമേജുണ്ടാക്കാനും മറ്റുചിലരുടെ പ്രതിച്ഛായ തകര്‍ക്കാനുമാണ്. ഒരു പഠനത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ, കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ടൂറിസം എന്ന തൊഴില്‍മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ച കാണാതെ സര്‍ക്കാര്‍ മദ്യനയം മാത്രമല്ല, വേണ്ടിവന്നാല്‍ വിദ്യാഭ്യാസ നയവും തയ്യാറാക്കും! സമയത്തിന് പാഠപുസ്തകം ലഭ്യമാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം പോലും നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയ സര്‍ക്കാരില്‍നിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

വിദ്യാര്‍ത്ഥികള്‍ രക്ഷാകര്‍ത്താക്കളുടെ മാത്രം സമ്പാദ്യമാണ്. മക്കള്‍ വഴിപിഴക്കുമ്പോള്‍ നഷ്ടം മാതാപിതാക്കള്‍ക്കാണ്. സ്‌കെയിലുകള്‍ക്കായി ആക്രാന്തത്തോടെ കമ്പ്യൂട്ടര്‍ പരതുന്ന അദ്ധ്യാപകര്‍ പ്രതിബദ്ധരായി മാറുന്ന കാലം ഉണ്ടായാല്‍ നന്ന്. അതിന് അവരെ നിര്‍ബന്ധിതരാക്കേണ്ട ചുമതല രക്ഷിതാക്കള്‍ക്കാണ്. അല്ലെങ്കില്‍ ഇന്ന് സി.ഇ.ടിയില്‍ നടന്നത് നാളെ മറ്റ് കലാലയങ്ങളില്‍ ആവര്‍ത്തിക്കും.സി.ഇ.ടികള്‍ സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് പൊതുസമൂഹം ഗൗരവമായി ചിന്തിക്കേണ്ട സമയമാണ്. അതിനുപകരം, സി.ഇ.ടിയില്‍ ഇപ്പോള്‍ നടന്ന മരണത്തിന് ഉത്തരവാദികളായ പ്രതികള്‍ ഒരാഴ്ച ജയിലിലാകുന്നതോടെ അവസാനിക്കേണ്ടതല്ല. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കൊലക്കേസില്‍ പ്രതികളാവാതിരിക്കാന്‍ എന്താണ് വേണ്ടതെന്നാണ്‌ കേരളീയ സമൂഹം ചിന്തിക്കേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍