അഴിമുഖം ക്ലാസിക്സ്

തലാഖ് 13 വര്‍ഷത്തെ ഷയറയുടെ ദാമ്പത്യത്തെ മാറ്റിമറിച്ചത് ഇങ്ങനെയാണ്

2013ല്‍ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ നടന്ന ഒരു നാഷണല്‍ സര്‍വ്വേയില്‍ പങ്കെടുത്ത വിവാഹമോചിതരായ മുസ്ലീം സ്ത്രീകളില്‍ 65 ശതമാനം പേരുടെയും ഭര്‍ത്താക്കന്‍മാര്‍ പിരിഞ്ഞത് മൂന്നു വട്ടം തലാഖ് ചൊല്ലിയാണ്.

രമാ ലക്ഷ്മി

ഒരു വര്‍ഷം മുന്‍പ് ഷയറ ബാനുവിനു കിട്ടിയ ഒരു കത്ത് മൃദുഭാഷിയായ ഷയറയുടെ ജീവിതം മാത്രമല്ല മാറ്റി മറിച്ചത്, ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെ പറ്റി ദേശീയതലത്തിലുള്ള പ്രതിഷേധങ്ങള്‍ക്കു വരെ അത് കാരണമായി.

ആ കത്തില്‍ അവരുടെ ഭര്‍ത്താവ് ‘തലാഖ്’ എന്ന വാക്ക് മൂന്നു തവണ എഴുതിയിരുന്നു.

13 വര്‍ഷം നീണ്ട അവരുടെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അത്രയുമേ വേണ്ടി വന്നുള്ളൂ.

“വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്ന ഞാന്‍ ഒരു നിമിഷം കൊണ്ട് വിവാഹമോചിതയായ ഒരു സ്ത്രീയായി. എന്നോടു ചോദിച്ചില്ല എന്നു മാത്രമല്ല, ആ കത്തില്‍ തലാഖ് എന്നെഴുതിയത് എന്‍റെ മുന്നില്‍ വച്ചുപോലും ആയിരുന്നില്ല,” സ്വന്തം നാടായ ഹിമാലയന്‍ താഴ്വരയിലെ കാശിപൂരിലിരുന്ന് 35കാരിയായ ഷയറ പറഞ്ഞു. “എത്ര ഏകപക്ഷീയവും അന്യായവുമാണ് ഈ വിവാഹമോചനം!”

മതം അനുശാസിക്കുന്ന കുടുംബനിയമങ്ങള്‍ പിന്തുടരാന്‍ ഇന്ത്യയില്‍ അനുവാദമുണ്ട്. എന്നാല്‍ രാജ്യത്തെ 17 കോടി വരുന്ന മുസ്ലീങ്ങള്‍ക്കിടയിലെ ‘മുത്തലാക്ക്’ എന്ന പേരിലറിയപ്പെടുന്ന വിവാഹമോചന സമ്പ്രദായം ഏറെ വിവാദങ്ങള്‍ക്കു വഴി തെളിച്ചിട്ടുണ്ട്. കാരണം വിവാഹമോചനമെന്ന് അര്‍ത്ഥം വരുന്ന ‘തലാഖ്’ എന്ന വാക്ക് മൂന്നു തവണ പറഞ്ഞാല്‍ മുസ്ലീം പുരുഷന് തന്‍റെ ഭാര്യയില്‍ നിന്നു വിവാഹമോചനം നേടാം. നേരിട്ടു പറയാതെ സ്കൈപ്പ്, ഇ-മെയില്‍, ടെക്സ്റ്റ് മെസ്സേജ് ഇതിലേതെങ്കിലും ചെയ്താലും മതിയാകും.

ലോക്കല്‍ പോലീസ് സ്റ്റേഷനിലും കീഴ്ക്കോടതികളിലും നീതിക്കായി പോരാടിയ ഷായറയുടെ കേസ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയിലെത്തി. ധാരാളം മുസ്ലീം രാജ്യങ്ങളില്‍ ഈ സമ്പ്രദായം നവീകരിക്കപ്പെട്ടിട്ടുണ്ടെന്നും മുത്തലാക്ക് ഇസ്ലാമികമല്ലെന്നും ചൂണ്ടിക്കാട്ടി അതു നിര്‍ത്തലാക്കണമെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെടുന്നത്.

വ്യക്തിപരമായി അവര്‍ നേരിടുന്ന വേദനയും അവരുടെ നിയമ ഹരജിയുമെല്ലാം ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെ പറ്റിയും ഇന്ത്യ പോലെ പല മതങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഒരു പൊതു സിവില്‍ നിയമത്തിന്‍റെ ആവശ്യകതയെ പറ്റിയും സജീവമായ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഷായറ മതസ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കാന്‍ സഹായിക്കുകയാണെന്നു വാദിച്ച് ശക്തരായ മതപുരോഹിതന്മാരും രംഗത്തെത്തി.

സ്വന്തം നാട്ടിലെ മുസ്ലീം നേതാക്കള്‍ ഷായറയെ വഞ്ചകിയെന്നും ഹിന്ദു തീവ്രവാദത്തിന്‍റെ ഏജന്‍റെന്നുമാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കേസ് പിന്‍വലിക്കാനും ഇസ്ലാമിനു വേണ്ടി രക്തസാക്ഷിയാകാനുമാണ് ഒരു പ്രമുഖ മുസ്ലീം നേതാവ് അവരോട് ആവശ്യപ്പെട്ടത്.

“അവര്‍ക്ക് സമൂഹത്തില്‍ അത്ര മാന്യമായ സ്ഥാനമല്ല ഇപ്പോളുള്ളത്. കോടതിയില്‍ പോയതു വഴി അവര്‍ ഇസ്ലാമിനെ അപമാനിക്കുകയും ദൈവീക നിയമത്തെ അപഹസിക്കുകയുമാണ് ചെയ്തിരിക്കുന്നത്,” ഇസ്ലാം നിയമങ്ങള്‍ വ്യാഖ്യാനിക്കുന്ന കാശിപൂരിലെ മുഫ്തി സുള്‍ഫിക്കര്‍ ഖാന്‍ നയീം പറയുന്നു. “വിവാഹം കഴിഞ്ഞ് ഉടനെയോ കുറെക്കാലം കഴിഞ്ഞോ എപ്പോഴായാലും ആ വാക്ക് മൂന്നു തവണ പറഞ്ഞാല്‍ ഇസ്ലാമില്‍ അതാണ് അവസാന തീരുമാനം.”

തന്‍റെ വിവാഹമോചനം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നാണ് ഷയറ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മുത്തലാക്ക് രീതിയില്‍ സ്ത്രീയെ ജംഗമസ്വത്തെന്ന പോലെയാണ് പരിഗണിക്കുന്നതെന്ന് അവര്‍ പറയുന്നു.

“വിവാഹമോചനമെന്ന വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങിയാടുമ്പോള്‍ മുസ്ലീം സ്ത്രീകളുടെ കൈകള്‍ കെട്ടിയിട്ട പോലെയാണ്. ചോദ്യം ചെയ്യപ്പെടാത്ത അധികാരം ഇഷ്ടപ്പെടുന്ന പുരുഷന്മാര്‍ അവര്‍ക്കു തോന്നുംപോലെ അതെടുത്ത് വീശുന്നു,” എന്നാണ് ഷയറ ഹര്‍ജിയില്‍ പറയുന്നത്. മുസ്ലീം പുരുഷന്‍മാര്‍ക്കിടയിലെ ബഹുഭാര്യാത്വം അവസാനിപ്പിക്കണമെന്നും അതില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

“സാമൂഹ്യ പരിഷ്ക്കരണമെന്ന പേരില്‍ ഒരു വിഭാഗത്തിന്‍റെ മതപരമായ നിയമങ്ങളെ മാറ്റിയെഴുതാനാവില്ല” എന്നാണ് ഇസ്ലാമിക് നിയമങ്ങള്‍ക്കായി നിലകൊള്ളുന്ന ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് കോടതിയില്‍ പ്രതികരിച്ചത്. മുത്തലാക്ക് നിര്‍ത്തലാക്കിയാല്‍ ചില ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൊല്ലാന്‍ വരെ മുതിര്‍ന്നേക്കാമെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഷയറയുടെ പെറ്റീഷന് ധാരാളം മുസ്ലീം സ്ത്രീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുത്തലാക്ക് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്നും ഇസ്ലാമിന്‍റെ അടിസ്ഥാന വഴക്കമായി കണക്കാക്കാനാകില്ല എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവണ്‍മെന്‍റ് കോടതിയില്‍ പറഞ്ഞത്.

“ഭര്‍ത്താവ് ഫോണിലൂടെ തലാഖ് എന്നു പറയുമ്പോള്‍ ജീവിതം നശിക്കാന്‍ മാത്രം എന്തു കുറ്റമാണ് എന്‍റെ മുസ്ലീം സഹോദരിമാര്‍ ചെയ്തത്?” എന്നാണ് മോദി ഒക്ടോബറില്‍ ഒരു പൊതുയോഗത്തില്‍ ചോദിച്ചത്.  ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ ഇന്ത്യക്കാര്‍ക്കുമായി ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനു വേണ്ടി പ്രചാരണം നടത്തി വരികയാണ്.

വിവേചനം അവസാനിപ്പിക്കുകയും “സാംസ്കാരിക ഐക്യം” കൊണ്ടു വരികയും ചെയ്യുന്ന ഒരു പൊതു സിവില്‍ കോഡ് ഉണ്ടാകുന്നതിനെ കുറിച്ച് അഭിപ്രായം അറിയിക്കാന്‍ ഒക്ടോബറില്‍ ഗവണ്‍മെന്‍റ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

“സംശയം ജനിപ്പിക്കുക എന്നതാണ് ഈ ഗവണ്‍മെന്‍റിന്‍റെ ഉദ്ദേശ്യം. നാനാത്വത്തിന്‍മേലുള്ള കടന്നു കയറ്റമാണിത്. ഞങ്ങള്‍ക്ക് മത്വസ്വാതന്ത്ര്യം ഉറപ്പു തന്നിട്ടുള്ളതാണ്. ഞങ്ങളുടെ ഭാഷയും സംസ്കാരവും മതവും സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടാനും തയ്യാറാണ്,” ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ഗ്രൂപ്പായ Jamiat Ulama-i-Hind തലവന്‍ അര്‍ഷദ് മദനി പറഞ്ഞു.

കാശിപൂരിലെ ഒരു മിലിറ്ററി ബേസിലാണ് തന്‍റെ നാലു സഹോദരങ്ങളോടൊപ്പം ഷയറ വളര്‍ന്നത്. തീവ്രമായ മതാചരണങ്ങള്‍ ആ കുടുംബത്തില്‍ പതിവുണ്ടായിരുന്നില്ല.

“ഞാന്‍ മക്കളെ മതപഠനത്തിനയച്ചിട്ടില്ല, എന്‍റെ പെണ്‍മക്കളാരും തട്ടവും ഇടാറില്ലായിരുന്നു,” ആര്‍മിയില്‍ ക്ലാര്‍ക്കായ അവരുടെ അച്ഛന്‍ ഇക്ബാല്‍ അഹ്മദ് (57) പറയുന്നു. അവര്‍ മുസ്ലീം സ്ത്രീകള്‍ മാത്രമല്ല, സ്വതന്ത്രരായ ഇന്ത്യന്‍ പൌരന്‍മാര്‍ കൂടിയാണെന്ന് കരുതണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.”

സോഷ്യോളജിയില്‍ ബിരുദം നേടിയ ഷായറ സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്ത ഒരാളെയാണ് 2002ല്‍ വിവാഹം ചെയ്തത്. രണ്ടു കുട്ടികള്‍ ജനിച്ച ശേഷം ഭര്‍ത്താവു നിര്‍ബന്ധിച്ച് ആറു തവണ ഗര്‍ഭച്ഛിദ്രം നടത്തിച്ചതായി ഷായറ പറയുന്നു. അത് അവരെ കടുത്ത വിഷാദത്തിലേയ്ക്ക് തള്ളി വിട്ടു. മാനസികാരോഗ്യ ചികില്‍സയ്ക്കായി 2015ല്‍ സ്വന്തം വീട്ടിലേയ്ക്ക് വന്നുവെന്നും അവര്‍ പറഞ്ഞു.

“മാനസിക നില ഒരുവിധം ഭേദപ്പെട്ടപ്പോഴാണ് വിവാഹമോചനം ചെയ്തുകൊണ്ടുള്ള കത്തു കിട്ടിയത്,” ഷായറ പറഞ്ഞു. ഭര്‍ത്താവിന്‍റെ അമ്മയുമായുള്ള പ്രശ്നങ്ങളും തന്‍റെ അനിസ്ലാമികമായരീതികളുമാണ് അതില്‍ പരാതിയായി ഉന്നയിച്ചിട്ടുള്ളതത്രേ. കോടതിയില്‍ അയാള്‍ പറഞ്ഞത് ഷയറയ്ക്ക് “തലയ്ക്കു നല്ല സുഖമില്ല” എന്നാണ്.

“ഞാന്‍ ചെയ്തത് ഇസ്ളാമിക നിയമങ്ങളനുസരിച്ച് ന്യായവും ശരിയുമാണ്,” അവരുടെ ഭര്‍ത്താവ് റിസ്വാന്‍ അഹ്മദ് പറഞ്ഞു. എന്നാല്‍ വിവാഹമോചനത്തിനുള്ള കാരണങ്ങളെ പറ്റി സംസാരിക്കാന്‍ അയാള്‍ വിസമ്മതിച്ചു. “ചില സ്ത്രീകള്‍ നല്ല ധൈര്യമുള്ളവരാണ്, അവര്‍ക്ക് വിവാഹമോചനം നേരിടാനാകും. മറ്റു ചില സ്ത്രീകള്‍ ദുര്‍ബലകളാണ്.”

പക്ഷേ ഷയറ കേള്‍ക്കുന്നത് അതൊന്നുമല്ല.

“വിവാഹമോചിതരായ ധാരാളം സ്ത്രീകള്‍ എന്‍റെയടുത്തു വന്ന് അവരുടെ ദുഃഖങ്ങള്‍ പറയാറുണ്ട്. എനിക്കു നല്ല ധൈര്യമാണെന്നും അവര്‍ പറയും. വ്യക്തിപരമായി എനിക്കൊരു നേട്ടവും ഉണ്ടാകണമെന്നില്ല. എന്‍റെ ദാമ്പത്യജീവിതം അവസാനിച്ചു. പക്ഷേ മറ്റു സ്ത്രീകള്‍ ഇതേ അവസ്ഥയിലൂടെ കടന്നു പോകരുതെന്നാണ് എന്‍റെയാഗ്രഹം,” അവര്‍ പറയുന്നു.

മുപ്പതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു മുസ്ലീം സ്ത്രീ ജീവനാംശത്തിനായി കോടതിയെ സമീപിച്ചത് ഇന്ത്യയില്‍ സമാനമായൊരു വഴിത്തിരിവായിരുന്നു. എന്നാല്‍ ആ സമയത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് മുസ്ലീം ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിനു മുന്‍പില്‍ മുട്ടു മടക്കി ജീവനാംശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ അട്ടിമറിച്ചു.

“നാനാത്വത്തിന്‍റെ പേരും പറഞ്ഞ് ഇസ്ലാമിലെ പുരുഷാധിപത്യ ഘടകങ്ങള്‍ക്ക് കുട പിടിച്ചു കൊടുക്കലാണ് പല സര്‍ക്കാരുകളും ചെയ്തു പോന്നത്,” ഇന്ത്യന്‍ മുസ്ലീം വിമന്‍സ് മൂവ്മെന്‍റിന്‍റെ നേതാവ് സാക്കിയ സോമന്‍ പറയുന്നു. “മുസ്ലീം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ ഇത് കാരണമായി.”

2013ല്‍ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ നടന്ന ഒരു നാഷണല്‍ സര്‍വ്വേയില്‍ പങ്കെടുത്ത വിവാഹമോചിതരായ മുസ്ലീം സ്ത്രീകളില്‍ 65 ശതമാനം പേരുടെയും ഭര്‍ത്താക്കന്‍മാര്‍ പിരിഞ്ഞത് മൂന്നു വട്ടം തലാഖ് ചൊല്ലിയാണ്.

“ഈ രീതി ഇസ്ലാമികമാണെന്ന് ഭൂരിപക്ഷത്തെ വിശ്വസിപ്പിക്കാന്‍ മതപണ്ഡിതന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്,” ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ മുന്‍ തലവനായ താഹിര്‍ മഹ്മൂദ് പറയുന്നു. മുസ്ലീം നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. അതുകൊണ്ട് മതനേതാക്കളുടെ വ്യാഖ്യാനങ്ങളും വളച്ചൊടിക്കലുകളും അങ്ങനെ തന്നെ തുടര്‍ന്നു പോരുന്നു.”

എന്നാല്‍ ഈ യാഥാസ്ഥിതികത്വത്തിനു വിരാമമിടാനുള്ള സമയമായെന്ന് ധാരാളം പേര്‍ കരുതുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി മുന്‍പില്ലാത്ത പോലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചുമൊക്കെയുള്ള പൊതു ചര്‍ച്ചകള്‍ നടക്കുന്നു. ലൈംഗികാക്രമണങ്ങള്‍ക്കെതിരെയും ജോലി സ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും ആസിഡ് ആക്രമണങ്ങള്‍ക്കെതിരെയുമൊക്കെ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു.

“ഷയറയുടെ കേസ് രാജ്യത്തെ ഉലച്ചിട്ടുണ്ട്. ആളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ദഹിക്കാതെയായിരിക്കുന്നു,” അവരുടെ അഭിഭാഷകനായ ബാലാജി ശ്രീനിവാസന്‍ പറയുന്നു.

“റൊമാന്‍റിക് നിമിഷങ്ങള്‍” എന്ന തലക്കെട്ടോടു കൂടിയ ഷായറയുടെ കല്യാണആല്‍ബം വീട്ടിലെ ഒരു മൂലയില്‍ പൊടി പിടിച്ചു കിടക്കുന്നു. അവരുടെ മനസ്സു നിറയെ ഇപ്പോള്‍ മറ്റു കാര്യങ്ങളാണ്. നിയമം പഠിക്കണോ അതോ കെ‌ജി ക്ലാസ്സില്‍ പഠിപ്പിക്കാനുള്ള പരിശീലനം നേടണോ എന്ന തീരുമാനമെടുക്കാന്‍ ശ്രമിക്കുകയാണവര്‍. ഭര്‍ത്താവിനൊപ്പം മറ്റൊരു നഗരത്തില്‍ ജീവിക്കുന്ന കുട്ടികളെ തനിക്കൊപ്പം കൊണ്ടു വരണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്.

ഈയിടെയായി ഒരു ദുസ്വപ്നം ആവര്‍ത്തിച്ചു കാണാറുണ്ടെന്ന് ഷയറ പറയുന്നു.

“ഞാന്‍ ഉറക്കെ കരയുകയാണെന്നും പക്ഷേ എന്‍റെ തൊണ്ടയില്‍ നിന്ന് ഒരു ശബ്ദവും പുറത്തു വരുന്നില്ലെന്നുമാണ് ആവര്‍ത്തിച്ചു വരുന്ന ആ സ്വപ്നം. എത്ര ഉറക്കെ അലറിക്കരഞ്ഞിട്ടും ആര്‍ക്കും എന്നെ കേള്‍ക്കാന്‍ പറ്റുന്നില്ല,” അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍