TopTop
Begin typing your search above and press return to search.

ജാതിവെറിയുടെ കേരളം; കീഴാള സ്ത്രീ ശരീരത്തെ ആര്‍ക്കാണ് പേടി?

ജാതിവെറിയുടെ കേരളം; കീഴാള സ്ത്രീ ശരീരത്തെ ആര്‍ക്കാണ് പേടി?

ഇന്ത്യന്‍ സവര്‍ണ്ണ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന ഏറ്റവും വികൃതമായ ഒരു അവസ്ഥയാണ് ദളിത്‌ വിരുദ്ധത. ഇന്ത്യന്‍ പൊതുബോധം എന്ന് പറയുമ്പോള്‍ അത് കേരളീയ സാമൂഹിക ചുറ്റുപാടും ഉള്‍പ്പെടെയുള്ളതാണെന്നു പ്രത്യേകം പറയട്ടെ. സാമൂഹികമായും രാഷ്ട്രീയമായും സംസ്കാരികമായുമെല്ലാം പ്രബുദ്ധരാണെന്ന് കേരളീയര്‍ പലപ്പോഴും അവകാശപ്പെട്ടു കാണാറുള്ളത്‌ കൊണ്ടാണ് ഇക്കാര്യം എടുത്തു പറയേണ്ടി വരുന്നത്. ഇത്തരമൊരു ഉയര്‍ന്ന സാംസ്കാരിക നിലവാരം അവകാശപ്പെടുന്ന കേരളത്തിലാണ് പുലയ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലാന്‍ സവര്‍ണ്ണ പൊതുബോധത്തിന്‍റെ സൂക്ഷിപ്പുകാരില്‍ ഒരുവന്‍ ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. എത്ര ഭീകരമായ കീഴാളവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു പരാമര്‍ശമാണ് ഇതെന്ന് ചിന്തിച്ചു നോക്കൂ. ഇത്രയും ചീഞ്ഞളിഞ്ഞ മന:സ്ഥിതി കൊണ്ട് നടക്കുന്നവരുടെ ഈ നാട്ടില്‍ നിന്നുകൊണ്ട് എങ്ങനെയാണ് നമുക്ക് പ്രബുദ്ധതയെ കുറിച്ച് സംസാരിക്കാന്‍ കഴിയുക?

ഒരുപക്ഷേ പ്രത്യക്ഷമായ ദളിത്‌-കീഴാള വിരുദ്ധത പ്രകടമായിട്ടുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഭീകരമായ ജാതിവെറി പരോക്ഷമായ രീതിയില്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് സത്യം. എന്നാല്‍ ആ പരോക്ഷ സ്വഭാവം കൈവെടിഞ്ഞ് ഇന്നത് മുഖ്യധാരയിലേക്ക് കടന്നു വരുകയും പൊതുബോധത്തെ കീഴ്പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ആരംഭിക്കുകയും ചെയ്തിരിക്കുന്നു എന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ എഫ്ബി പോസ്റ്റ്‌ വ്യക്തമാക്കുന്നു. സുനില്‍ എ എസ് എന്ന വ്യക്തി റൈറ്റ് തിങ്കെഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത കീഴാള, സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്തുണയ്ക്കാനും ആളുകള്‍ ഉണ്ടായി എന്ന കാര്യം നമ്മുടെ സാംസ്കാരിക നിലവാരത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ മികച്ച രീതിയിലുള്ള ഫെമിനിസ്റ്റ് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇത്തരമൊരു സ്ത്രീവിരുദ്ധ പരാമര്‍ശം ഉടലെടുത്തതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇത്തരം ഫെമിനിസ്റ്റ് ചര്‍ച്ചകളില്‍ ഒന്നും തന്നെ കീഴാള സ്ത്രീ ശരീരത്തിന്‍റെ മുറിവുകളെ പറ്റി ചെറിയൊരു പരാമര്‍ശം പോലും ഉണ്ടായില്ലെന്നത് ദൗര്‍ഭാഗ്യകരം എന്നല്ലാതെ മറ്റെന്ത് പറയാന്‍? ദളിത്‌ സ്ത്രീകളുടെ 'വരണ്ടുണങ്ങിയ കറുത്ത ശരീരം' അഭംഗിയുടെ ലക്ഷണമാണെന്ന ഒരു പൊതുബോധം ഇവിടെ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ തന്നെ അതോടൊപ്പം ചിലപ്പോള്‍ അതിനെക്കാളുപരി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും അതിന്‍റെ അധികാര ഘടനയെയും ചോദ്യം ചെയ്യേണ്ടി വന്നേക്കാം എന്നതിനാലാണ് പുലയ സ്ത്രീ ശരീരത്തെ കുറിച്ച് സംവദിക്കാന്‍ ഇന്നാട്ടിലെ ഫെമിനിസ്റ്റുകള്‍ പോലും അറച്ചു നില്‍ക്കുന്നതെന്ന സത്യം അംഗീകരിക്കേണ്ടതായി വരുന്നു. ഈ ഒരു അധികാര ഘടനയെ ചോദ്യം ചെയ്യാത്ത കാലത്തോളം യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ‘വൈറ്റ് ഫെമിനിസ’ത്തിന് സമാനമായ ഒരു സവര്‍ണ്ണ ഫെമിനിസം തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അത് പൂര്‍ണ്ണമായും കീഴാളവിരുദ്ധം കൂടെയാണെന്നും സ്ഥാപിക്കേണ്ടതായി വരും.

ഇനി പോസ്റ്റിലേക്ക് തന്നെ മടങ്ങി വരാം. ഒരു പുലയ പെണ്ണിനെ ബലാത്സംഗം ചെയ്തു കൊന്നാല്‍ മാത്രമേ ഈ നാട് നന്നാവൂ എന്ന് ആഹ്വാനം ചെയ്തവന് കേവലം മനോ വൈകല്യം മാത്രമാണെന്ന് പറയുക വിഡ്ഢിത്തമാണ്. ഇത് കാലാകാലമായി ഇന്നാട്ടിലെ ഫ്യൂഡല്‍ മാടമ്പിമാര്‍ ദളിത്‌ സ്ത്രീകളോട് കാണിച്ചു വരുന്ന ലൈംഗികാക്രമണത്തിന്‍റെ ബാക്കിപത്രം തന്നെയാണ്. പകല്‍ പുലയ സ്ത്രീകളെ വഴിയരികില്‍ കണ്ടാല്‍ ആട്ടിപ്പായിക്കുകയും രാത്രിയില്‍ അതേ സ്ത്രീകളുടെ പുരയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന സവര്‍ണ്ണ മാടമ്പിത്തത്തിന്‍റെ മറ്റൊരു പകര്‍പ്പ് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പെണ്ണിനെ കൊല്ലുക മാത്രമല്ല അത് ബലാത്സംഗം ചെയ്തു തന്നെ കൊല്ലണമെന്ന് പറയുമ്പോഴാണ് അത് കൂടുതല്‍ മൃഗീയവും ഭയാനകവുമാകുന്നത്. സ്ത്രീയെ ഒരു ശരീരം മാത്രമായി കാണുന്ന ആണധികാരത്തിന്‍റെ പുലമ്പലുകള്‍ തന്നെയാണ് ബലാത്സംഗം എന്ന ഹീന കൃത്യത്തിലേക്ക് നയിക്കുന്നതെന്ന് വ്യക്തം. അത് ഒരു കീഴാള ശരീരം കൂടെയാവുകയും നിലവിലുള്ള സാമൂഹിക വ്യവസ്ഥയുടെ അധികാര ഘടനയില്‍ ഏറ്റവും താഴെ തട്ടില്‍ വരുന്നതും കൂടെയാകുമ്പോള്‍ അവിടെ ഇരയ്ക്ക് വേണ്ടി ഒന്ന് നാവനക്കാന്‍ പോലും ആളില്ലാതാകുമ്പോള്‍ ഇത്തരം ആഹ്വാനങ്ങള്‍ നിഷ്പ്രയാസം നടത്താന്‍ കഴിയുമെന്ന് മേല്‍പ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്‌ തെളിയിച്ചിരിക്കുന്നു.

ചിത്രലേഖയെ പോലുള്ളവര്‍ സമരം ചെയ്യുന്ന നാട്ടില്‍, പറയരുടെ മക്കള്‍ക്കൊപ്പം വിദ്യാഭ്യാസം നേടാന്‍ അറച്ചു നില്‍ക്കുന്ന സവര്‍ണ്ണ മന:സ്ഥിതിയുള്ളവരുടെ നാട്ടില്‍, ശവം അടക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ വീടിന്‍റെ അടുക്കള പൊളിച്ച് ശവം അടക്കി വീണ്ടും അതിനു മുകളില്‍ അടുപ്പ് കൂട്ടി ആഹാരം ഉണ്ടാക്കേണ്ട ഗതികേടുള്ളവരുടെ നാട്ടില്‍, വെള്ളവും വെളിച്ചവുമില്ലാതെ ഇടിഞ്ഞ് വീഴാറായ ലക്ഷം വീട് കോളനികളില്‍ നരകയാതനകള്‍ അനുഭവിക്കുന്നവരുടെ നാട്ടില്‍, ഒരു നേരത്തെ അന്നം പോലുമില്ലാതെ പട്ടിണി കിടന്നു മരിക്കുന്ന കുഞ്ഞുങ്ങളെ ശിശു മരണം എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഭരണകൂടത്തിന്‍റെ നാട്ടില്‍ കീഴാള സ്ത്രീകള്‍ ഒന്നൊന്നായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടാലും നാവനക്കാന്‍ സവര്‍ണ്ണ പൊതുബോധത്തിന് അടിമകളായ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികളും ഒരു ഫെമിനിസ്റ്റ് പുരോഗമന വാദികളും മുന്നോട്ട് വരുമെന്ന് യാതൊരു ഉറപ്പുമില്ല. കാരണം ദളിതനും അവന്‍റെ പെണ്ണും എല്ലാക്കാലത്തും ഇത്തരം ഹിംസകള്‍ക്ക് വിധേയമാകേണ്ടവരാണെന്ന ചീഞ്ഞു നാറിയ സവര്‍ണ്ണ ബോധത്തിന്‍റെ വിഴുപ്പ് പേറി നടക്കുന്നവരാണ് ഇപ്പറഞ്ഞവരെല്ലാം. അധികാര ഘടനയുടെ മേല്‍ത്തട്ടില്‍ സുഖലോലുപരായി ജീവിക്കുന്നവര്‍ക്ക് തിന്നു കൊഴുത്ത ആണധികാരം കൊണ്ട് എപ്പോള്‍ വേണമെങ്കിലും ഭോഗിക്കാവുന്ന വെറും മാംസക്കഷ്ണം മാത്രമാണ് കീഴാള സ്ത്രീ ശരീരങ്ങള്‍ എന്ന് കരുതുന്നുവെങ്കില്‍ ഏറ്റവും ശക്തമായ രീതിയില്‍ തന്നെ അത്തരം നിലപാടുകള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്. ജാതി അധികാരത്തെ ചോദ്യം ചെയ്യുകയെന്ന ആ വലിയ ദൗത്യത്തെ എല്ലാ ജനാധിപത്യ വാദികളും ഇനിയെങ്കിലും ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകുമെന്ന് വെറുതെയെങ്കിലും ആഗ്രഹിച്ചു പോവുകയാണ്.

മുകളില്‍ പ്രസ്താവിച്ചത് പോലെ വൈറ്റ് ഫെമിനിസ്റ്റുകള്‍ എപ്രകാരമാണോ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതാണ് യഥാര്‍ത്ഥ സ്ത്രീ പ്രശ്നങ്ങള്‍ എന്ന് സ്ഥാപിക്കുകയും അത് വഴി കറുത്ത സ്ത്രീ സ്വത്വത്തെ അപഹരിച്ചെടുക്കുകയും ചെയ്തുവോ അതിന് സമാനമായ നിലപാടുകള്‍ തന്നെയാണ് ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ അധികാരഘടനയുടെ മേല്‍ത്തട്ടില്‍ ഇരിക്കുന്ന ഭൂരിപക്ഷം സ്ത്രീപക്ഷ വാദികളും അനുകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. ഈ ഒരു യാഥാര്‍ത്ഥ്യം അപഗ്രഥിക്കുമ്പോള്‍ നിലവിലുള്ള ഫെമിനിസ്റ്റ് തത്വവാദം ആരുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്ന വലിയൊരു ചോദ്യം സ്വയമേ രൂപപ്പെടുന്നുണ്ട്. ഇത് കേവലമൊരു വാദ പ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്ന ആരോപണം മാത്രമാണെന്നും സ്ത്രീ വിരുദ്ധത ഒളിഞ്ഞു കിടപ്പുണ്ടെന്നൊന്നും ദയവു ചെയ്ത് ആരും പറഞ്ഞു കളഞ്ഞേക്കരുത്. അതിന്‍റെ വലിയ ഉദാഹരണമാണ് 2012ല്‍ ഉണ്ടായ ഡല്‍ഹി കൂട്ടബലാത്സംഗവും അതിനെ തുടര്‍ന്ന് രാജ്യമൊട്ടുക്കും ഉയര്‍ന്നു വന്ന ജനകീയ മുന്നേറ്റങ്ങളും. തീര്‍ച്ചയായും സ്വാഗതാര്‍ഹവും അഭിനന്ദനീയവുമായ കാര്യങ്ങള്‍ തന്നെയാണ് ഇവയെല്ലാം. എന്നാല്‍ നാമെല്ലാം ബോധപൂര്‍വ്വമോ അല്ലാതെയോ മറന്നു കളഞ്ഞ മറ്റു ചില കണക്കുകള്‍ കൂടെ ഇതോടൊപ്പം ചേര്‍ത്ത് പരിശോധിക്കേണ്ടതുണ്ട്. ഡല്‍ഹി പീഡനം ഉണ്ടായ അതേ വര്‍ഷം മാത്രം 1574 ദളിത്‌ സ്ത്രീകള്‍ ബലാത്സംഗത്തിനു ഇരയായിട്ടുണ്ട്. ദളിതര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളുടെയും അക്രമങ്ങളുടെയും പത്തു ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു എന്നത് മറ്റൊരു വസ്തുത. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡന കേസുകളില്‍ 651 ദളിതര്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒരാള്‍ക്ക് വേണ്ടി പോലും ജനകീയ മുന്നേറ്റങ്ങളോ ഫെമിനിസ്റ്റ് പ്രതിഷേധങ്ങളോ ഉയര്‍ന്നു വന്നില്ലെന്നത് നമ്മുടെ പ്രതിഷേധങ്ങള്‍ പോലും എത്രത്തോളം സവര്‍ണ്ണ പൊതു ബോധത്തിന്‍റെ ഭാഗമാണെന്നതിന്‍റെ വലിയ തെളിവാണ്. ഇതെല്ലാം ബലാത്സംഗത്തിന്‍റെയും കൊലപാതകത്തിന്‍റെയും മാത്രം കണക്കുകളാണ്. ഇതിനു പുറമേ വസ്ത്രങ്ങള്‍ കീറി നഗ്നമായി നടത്തിക്കല്‍, മലം തീറ്റിക്കല്‍, ഭൂമി പിടിച്ചെടുക്കല്‍, സാമൂഹിക ബഹിഷ്കരണം, കുടിവെള്ളം നിഷേധിക്കുക തുടങ്ങിയ നിരവധി അക്രമങ്ങളും നടക്കുന്നുണ്ടെന്ന കാര്യം നാം കണക്കിലെടുക്കേണ്ടതുണ്ട് (അരുന്ധതി റോയ്). ഇത്രയധികം നീതി നിഷേധങ്ങള്‍ നിലവിലിരിക്കെ ഇതൊന്നും ഇന്ത്യന്‍ ഫെമിനിസ്റ്റ് തത്വശാസ്ത്രത്തിന്‍റെ കണ്മുന്നില്‍ പോലും വരുന്നില്ലെന്ന വസ്തുത (ചില അപവാദങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും) ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രതിഷേധങ്ങള്‍ എല്ലാം തന്നെ എത്രത്തോളം കീഴാള സ്ത്രീ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ശ്രുതീഷ് കണ്ണാടി

ശ്രുതീഷ് കണ്ണാടി

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷകന്‍

Next Story

Related Stories