TopTop
Begin typing your search above and press return to search.

പ്രവാസ ലോകത്തെ പെണ്ണുങ്ങള്‍; അവര്‍ക്കും ചിലത് പറയാനുണ്ട്

പ്രവാസ ലോകത്തെ പെണ്ണുങ്ങള്‍; അവര്‍ക്കും ചിലത് പറയാനുണ്ട്

ആയിഷുമ്മയെന്ന നന്മ മരത്തെ ഞാന്‍ ആദ്യം കാണുന്നത് ഒരു സായാഹ്നത്തില്‍ കൂട്ടുകാരികള്‍ക്കൊപ്പം കഥപറഞ്ഞിരിക്കുമ്പോള്‍ ആണ്. രാവിലെ ഏഴുമണിക്ക് ഞങ്ങളുടെ ഫ്‌ളാറ്റിലെത്തും. വിഴുപ്പലക്കലും വൃത്തിയാക്കലും വച്ചു കൊടുക്കലും കഴിഞ്ഞ് മടങ്ങുമ്പോള്‍ വൈകുന്നേരമാവും. പിന്നെയും ചില സായാഹ്നങ്ങളില്‍ ഞാനവരെ കണ്ടു, അപ്പോഴെല്ലാം നിറഞ്ഞ ചിരി എനിക്കു നേരെ എറിഞ്ഞു നടന്നു മറയും.

പെരുന്നാളിന്റെ രണ്ടു ദിവസം മുന്നെ ഒരു ചിരി തന്നു നടക്കാന്‍ തുടങ്ങിയ ഉമ്മയോട് ചോദിച്ചു 'പെരുന്നാളായിട്ട് ബിരിയാണിയൊന്നും ഇല്ലേ ഉമ്മാ? 'ഉടനെ വന്നു മറുപടി, 'മോള്‍ക്ക് ബിരിയാണി പെരുത്തിഷ്ടാണേല്‍ ഉമ്മ ഉണ്ടാക്കി തരാലോ'

ഒരു തമാശയ്ക്ക് എറിഞ്ഞ ചോദ്യം ഉമ്മ കാര്യമായിത്തന്നെ എടുത്തുവെന്ന് മനസ്സിലായത് പെരുന്നാളിന്റെ അന്ന് ഉമ്മയുടെ വിളി വന്നപ്പോഴാണ്. 'ബിരിയാണി കൊണ്ടരട്ടെ ഞാന്‍?'. പെരുന്നാളായിട്ട് ഉമ്മയെ ഇങ്ങോട്ട് വരുത്തുന്നതിനെക്കാള്‍ ഉചിതം അങ്ങോട്ടു പോവുന്നതാണെന്നു തോന്നിയപ്പോള്‍ പറഞ്ഞു 'വേണ്ടുമ്മാ ഞാന്‍ അങ്ങോട്ടു വരാം ബിരിയാണി കഴിക്കാന്‍'

എന്റെ ഫ്‌ളാറ്റ് വളരെ ഇടുങ്ങിയതാണെന്നും അവിടുന്ന് കഴിക്കാന്‍ ബുദ്ധിമുട്ടാവുമെന്നൊക്കെ ഉമ്മ പറയുന്നുണ്ടായിരുന്നെങ്കിലും ഞാനതൊന്നും കാര്യമാക്കാതെ ഇറങ്ങി പുറപ്പെട്ടു. ഞാനെത്തുന്നതും കാത്ത് ഫ്‌ളാറ്റിനു മുന്നില്‍ ഉമ്മ നില്‍പ്പുണ്ടായിരുന്നു. കണ്ടതും ഒരുപാട് സന്തോഷത്തോടെ കൈപിടിച്ച് അകത്തേയ്ക്ക് കൂട്ടി. ഫ്‌ളാറ്റിന്റെ ഇടവഴികള്‍ വളരെ ഇടുങ്ങിയതായിരുന്നു. രണ്ടു മുറികളുള്ള ഫ്‌ളാറ്റിന്റെ ഒരു മുറിയില്‍ ആന്ധ്രക്കാരാണ് താമസിക്കുന്നത്. ഉമ്മയുടെ മുറിയില്‍ വേറെ രണ്ടുപേര്‍ കൂടി ഉണ്ട്. ഉമ്മയെ പോലെ തന്നെ മറ്റുള്ളവരുടെ വിഴുപ്പലക്കാന്‍ വിധിക്കപ്പെട്ടവര്‍.

ഇടുങ്ങിയ മുറിയില്‍ മൂന്ന് കട്ടിലുകള്‍ ഇട്ടതോടെ കഷ്ടി ഒരാള്‍ക്ക് നടക്കാനുള്ള ഇടമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മയുടെ കട്ടിലിനടിയിലായിരുന്നു ബിരിയാണി ചെമ്പ് വച്ചിരുന്നത്. ഒരു അടുക്കള മാത്രമായതുകൊണ്ട് പാചക സമയം ഓരോരുത്തര്‍ക്കും ഇത്രമുതല്‍ ഇത്രവരെയെന്നു എഴുതി വച്ചിട്ടുണ്ട്. മുറിയുടെ ഇടുക്കവും മണവും എന്നെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നെങ്കിലും ഉമ്മയുടെ ബിരിയാണിയുടെ രുചി എല്ലാ അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നതായിരുന്നു. ചിരിയുടെ ഓളങ്ങള്‍ക്കപ്പുറം വേദനയുടെ ആഴിയുണ്ടെന്നു പലപ്പോഴും തോന്നിയിരുന്നത് കൊണ്ടുതന്നെ ചോദിച്ചു 'എന്തൊക്കെയോ സങ്കടങ്ങളുണ്ടല്ലോ ഉമ്മക്ക്? '

ഒരു പെയ്യലായിരുന്നു.... പെയ്‌തൊഴിയാന്‍ കാത്തു നിന്നിരുന്ന സങ്കട മഴ!

മലപ്പുറത്താണ് വീട്. പതിനാലാം വയസ്സില്‍ ആദ്യ വിവാഹം. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മച്ചിയെന്നു മുദ്ര കുത്തി മൊഴി ചൊല്ലല്‍. വീണ്ടും ഒരു വര്‍ഷം കഴിഞ്ഞു രണ്ടാം വിവാഹം, തന്നേക്കാള്‍ പതിനെട്ട് വയസ്സ് മൂത്ത ഒരാളെ. അയാള്‍ക്കും ഉമ്മയില്ലാത്ത മൂന്ന് കുട്ടികള്‍ക്കും തുണയായി സ്വസ്ഥ ജീവിതം. ഉള്ളതുകൊണ്ട് ആഘോഷമാക്കിയ ജീവിതം. സ്വരുകൂട്ടിയതെല്ലാം എടുത്തു രണ്ട് പെണ്‍മക്കളെ കെട്ടിച്ചു വിട്ടു. അഞ്ചു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. ഇപ്പോള്‍ മകനും ഭാര്യയും രണ്ടു മക്കളും നാട്ടിലുണ്ട്. ഉമ്മ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കരുതി വയസ്സായ ഉമ്മയെ മകന് വേണ്ടാതായപ്പോള്‍ നിലനില്‍പ്പിനായുള്ള പലായനമാണ് ഉമ്മയെ ഇവിടെ എത്തിച്ചതെന്ന്.

ബാക്കി പറയാന്‍ തുടങ്ങുമ്പോള്‍ ഉമ്മയുടെ നെഞ്ചിന്റെ പിടച്ചില്‍ കണ്ണുകളിലെ നനവിലൂടെ എനിക്ക് കാണാമായിരുന്നു.

'മോന്‍ ഗള്‍ഫില്‍ ആയിരുന്നു. രണ്ടു കൊല്ലം മുന്നെ ഓന്‍ ഗള്‍ഫീന് വന്നത് ഒരുവശം തളര്‍ന്ന് സംസാരിക്കാന്‍ പോലുമാവാതെയാണ്. കണ്ടപ്പോ ഞാനും സീനത്തും (മരുമകള്‍ )നെഞ്ച് തകര്‍ന്ന് നിലവിളിച്ചു. ഓനെ ചികിത്സിക്കണം, കുടുംബം പട്ടിണിയാവാതെ നോക്കണം...ഒന്നും ആലോചിച്ചില്ല ഞാനിങ്ങു പോന്നു. സീനത്താണ് പോരാനിരുന്നത്. കല്യാണം കഴിഞ്ഞിട്ട് പത്തു കൊല്ലം കഴിഞ്ഞെങ്കിലും ഓനും ഓളും ഒരുമിച്ച് നിന്നേത് ആകെ ആറു മാസം. ക്രൂരതയല്ലെ മോളെ ഓളെ പറഞ്ഞയക്കണത്. അള്ളാ പൊറുക്കോ ഇന്നോട്. എത്രകാലം ഉണ്ടാവും ഓന്. ഉള്ളവരേയ്ക്കും രണ്ടും കൂടി ഒരുമിച്ചു നിന്നോട്ടെ. കണ്ടിരിക്കാലോ രണ്ടാള്‍ക്കും'

പത്തുമാസം ചുമന്നതിന്റെയും പേറ്റു നോവിന്റെയും കൈപിടിച്ചു നടത്തിയതിന്റെയും കണക്കുകള്‍ സൂക്ഷിക്കുന്ന ഞാനുള്‍പ്പെടുന്ന അമ്മ സമൂഹം ചെറുതായി ചെറുതായി കടുകുമണിയായി ചുരുങ്ങുന്നതും ആയിഷുമ്മ നന്മയുടെ ഒരു വന്‍ മരമായി പടര്‍ന്നു പന്തലിച്ച് മുന്നില്‍ നില്‍ക്കുന്നതും ഞാനപ്പോള്‍ അറിഞ്ഞു. നന്മയുടെയും വിശുദ്ധിയുടെയും ചൈതന്യമുള്ള ഒരു അവസ്ഥാവിശേഷമാണല്ലോ എന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന തിരിച്ചറിവില്‍ കെട്ടിപ്പിടിച്ചു ഞാന്‍ ആ മാലാഖ ഉമ്മയെ ..

പെയ്യാന്‍ മടിച്ചു നിന്ന കണ്ണീര്‍ മഴ പെരുമഴയായി എന്റെ നെഞ്ചിലേക്ക്... പെയ്‌തൊഴിയുന്ന വരെ ആ മാലാഖയെ ഞാനെന്റെ നെഞ്ചോടു ചേര്‍ത്തു വച്ചു.

മടങ്ങുമ്പോള്‍ എന്റെ കണ്ണിലെ നനവ് കണ്ടിട്ടാവാം, പറയുന്നുണ്ടായിരുന്നു; 'ബിരിയാണി തന്ന് ഉമ്മ കരയിച്ചു അല്ലെ ?'

ചിരിച്ചെന്നു വരുത്തി ഞാന്‍ കുറച്ച് റിയാല്‍ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു 'ഉമ്മയ്ക്ക് പെരുന്നാളായിട്ട് എന്റെ ഒരു സമ്മാനം '

അത് വാങ്ങാന്‍ കൂട്ടാക്കാതെ എന്റെ കയ്യില്‍ ചുംബിച്ചിട്ട് പറഞ്ഞു 'ഇത്‌പ്പൊ ഉമ്മാക്ക് വേണ്ടാ. എന്റെ ബിരിയാണി കഴിക്കാന്‍ ഈ കത്തുന്ന വെയിലത്ത് ഇവിടെ വരെ വന്നല്ലോ. മറക്കൂല ഉമ്മ ഒരിക്കലും...'

ഞാന്‍ വീണ്ടും ചെറുതാവുകയാണല്ലോ ദൈവമേ ....പിന്നെ ആ കൈകള്‍ ചേര്‍ത്തു പിടിച്ചു ദൂരെയുള്ള എന്റെ ഫ്‌ളാറ്റ് ചൂണ്ടിയിട്ട് പറഞ്ഞു 'നിലയില്ലാ കയത്തിലേക്ക് താഴ്ന്നു പോവുന്നുവെന്ന് തോന്നുമ്പോള്‍ ഇതാ ആ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ ഞാനുണ്ടെന്ന് മറക്കല്ലേ ഉമ്മാ ...'

അവിടുന്നു മടങ്ങും മുന്‍പായി മറ്റുള്ളവരുടെ വിഴുപ്പലക്കാന്‍ വിധിക്കപ്പെട്ട കുറെ പെണ്‍ ജീവിതങ്ങള്‍ ഉമ്മ എനിക്ക് കാണിച്ചു തന്നു. ഉറ്റവരുടെ മരണം കൊണ്ട് ഒറ്റപ്പെട്ടുപോയ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആവി പറക്കുന്ന മണല്‍ ചൂടിലേക്ക് വരണ്ടുണങ്ങിയ മനസ്സുമായി എത്തിച്ചേര്‍ന്ന അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട് അക്കൂട്ടത്തില്‍.

ഇടുങ്ങിയ മുറികളില്‍ ഉറക്കെയൊന്നു തുമ്മാനോ ചിരിക്കാനോ ഒരു മൂളിപ്പാട്ട് പാടാനോ സ്വാതന്ത്ര്യമില്ലാതെ, ജീവനും ജീവിതവും മറ്റുള്ളവര്‍ക്കായി നേദിച്ച്, അസ്ഥിപഞ്ജരം കണക്കെ അന്യതാബോധവും അനാഥത്വവും നിറഞ്ഞ മുഖ ഭാവങ്ങളുമായി ഒരു തടവറയില്‍ എന്നപോലെ ജീവിക്കുന്നു ഈ പെണ്‍ നന്മകള്‍.

വിമാനത്തിന്റെ തണുപ്പില്‍ നിന്ന് എയര്‍പോര്‍ട്ടിന്റെ തണുപ്പിലേക്കും അവിടുന്ന് തണുത്ത കാറിലേക്കും പത്തു നിലയും മൊത്തമായി തണുപ്പിച്ച ഫ്‌ളാറ്റിലേക്കും അവിടുന്ന് തണുപ്പൂറൂന്ന ഓഫീസിലേക്കും വന്നിറങ്ങുന്ന ഞാനുള്‍പ്പെടുന്ന പ്രവാസ വര്‍ഗ്ഗത്തിനു കൈ സഹായമാവുന്ന ഈ പെണ്‍ ജീവിതങ്ങള്‍ക്ക് സ്വന്തമായി സ്വപ്നങ്ങളോ മോഹങ്ങളോ ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ തങ്ങളുടെ സ്വപ്ങ്ങള്‍ ഒരു കരയ്ക്കും എത്തിക്കാനാവാതെ ലോകം വിടേണ്ടിയും വരുന്നു. ഒരു ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ജീവിച്ച് തീര്‍ത്ത് പെന്‍ഷനൊ, നീക്കിയിരിപ്പോ, സമ്പാദ്യമോ ഒന്നുമില്ലാതെ മടങ്ങേണ്ടി വരുമ്പോള്‍ സ്വന്തം മണ്ണില്‍ കാത്തിരിക്കുന്നത് വളര്‍ത്തി വലുതാക്കിയവരുടെ മുഖം തിരിക്കലും, ഒറ്റയ്ക്ക് ഗള്‍ഫില്‍ ഇവള്‍ എങ്ങനെ ആയിരിക്കും ജീവിച്ചതെന്ന നാട്ടുകാരുടെ സംശയത്തിന്റെ കണ്ണുകളും ആയിരിക്കും.

സഹോദരിമാരെ കെട്ടിക്കാന്‍, സഹോദരങ്ങളെ പഠിപ്പിക്കാന്‍, ഭാര്യയ്ക്കും മക്കള്‍ക്കും അല്ലലില്ലാതെ ജീവിക്കാന്‍ സ്വന്തം കൊച്ചിന്റെ വളര്‍ച്ചയോ കൊഞ്ചലോ കാണാനാവാതെ ഉറ്റവരുടെ സാമിപ്യമില്ലാതെ ലേബര്‍ ക്യാമ്പുകളിലെ ഇടുങ്ങിയ മുറിയില്‍ ഒന്നിനു മീതെ ഒന്നായി അടുക്കിയ കട്ടിലില്‍ സ്വന്തമായി ഒരു കൂര സ്വപ്നം കണ്ടുറങ്ങുന്ന ആണ്‍ ജീവിതങ്ങളെയും ഓര്‍ത്തു കൊണ്ട് നിര്‍ത്തട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories