TopTop
Begin typing your search above and press return to search.

എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണെങ്കിലും യോഗ ക്ലാസില്‍ ദിവസവും പോകുമെങ്കിലും സായിപ്പന്മാര്‍ ബഹുഭൂരിപക്ഷത്തിന്റെയും വിചാരം ഒരുവിധം ഇന്ത്യക്കാരൊക്കെയും ചേരികളില്‍ കഴിയുന്ന വൃത്തിഹീനരായ അപരിഷ്‌കൃത ജനസമൂഹം ആണെന്നാണ്. ബാംഗ്ലൂര്‍ ഫ്‌ളാറ്റില്‍ അതിഥിയായി എത്തിയ ഫ്രഞ്ചുകാരി മദാമ്മയുടെ (കസിന്റെ കൂട്ടുകാരി) 'ഓ.. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌വെച്ച് നിങ്ങളുടെ വീട് ഭയങ്കര നല്ലതാണല്ലോ ' എന്ന കമന്റും നാട്ടിലെ വീട് കാണിച്ചപ്പോള്‍ ഇവിടുത്തെ ഒരു കൂട്ടുകാരി 'ഓ.. നീ ഭയങ്കര പണക്കാരി ആണല്ലേ, ഇന്ത്യയില്‍ അങ്ങനെ ഒരു വീട്ടില്‍ എത്ര പേര്‍ക്ക് കഴിയാന്‍ പറ്റും' എന്ന് ചോദിച്ചതും മകളുടെ കൂട്ടുകാരി ഒരവസരത്തില്‍ റോഡിന്റെ വശത്ത് മൂത്രമൊഴിച്ചപ്പോള്‍ ആ കൊച്ചിന്റെ അമ്മ എന്നോട് 'ഇന്ത്യന്‍ സ്‌റ്റൈല്‍' എന്ന് പറഞ്ഞു കണ്ണിറുക്കിയതും ഒക്കെ ഉദാഹരണങ്ങള്‍ മാത്രം. ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴൊക്ക ദേശസ്‌നേഹം ഞരമ്പില്‍ രോഷമായി തിളച്ചുവെങ്കിലും ഞാന്‍ കണ്ടതിലും കൂടുതല്‍ ഇന്ത്യ അവരൊക്കെ കണ്ടിട്ടുണ്ടായിരുന്നു. ഇന്ത്യയുടെ വാലറ്റത്തെ നാല് സംസ്ഥാനങ്ങള്‍ മാത്രം കണ്ടിട്ടുള്ള എനിക്കെങ്ങിനെ തര്‍ക്കിക്കാനാവും എന്നേക്കാള്‍ കൂടുതല്‍ ഇന്ത്യ കണ്ടിട്ടുള്ള അവരോട്.

അപ്പോഴൊക്കെ എന്റെ ആയുധം 'എന്റെ കേരളം' ആയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ എന്റെ സ്വര്‍ഗം. ഇന്ത്യയില്‍ എന്റെ നാട്ടില്‍ ചേരികളില്ല. ഞങ്ങള്‍ പെണ്‍ഭ്രൂണഹത്യ നടത്താറില്ല, ഞങ്ങള്‍ നൂറു ശതമാനം സാക്ഷരരാണ്. ഞങ്ങളുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ തന്നെ പഠിക്കാന്‍ പോവുന്നു... എന്നൊക്കെ ഞാന്‍ വാദമുഖങ്ങള്‍ നിരത്തുന്നു. ഒരു ബലത്തിന് ഈ ലിങ്കും അവര്‍ക്ക് വായിക്കാന്‍ കൊടുക്കുന്നു. http://www.theglobeandmail.com/globe-debate/as-they-say-in-kerala-theres-more-to-life-than-gdp/article4309924/

അങ്ങനെ ഒരു വിധം സായിപ്പുമാരെയും മദാമ്മമാരെയും ഒക്കെ ഇന്ത്യയുടെ തെക്കേ അറ്റത്ത് ഉട്ടോപ്യ പോലെ സുന്ദരമായ ഒരു സ്ഥലമുണ്ടെന്നു ഞാന്‍ വിശ്വസിപ്പിക്കുന്നു. ഞാനും ആ വിശ്വാസത്തില്‍ സമാധാനത്തോടെ ഇരിക്കുന്നു.

ഇങ്ങനെ ഒരു സായിപ്പിനോട് കേരള ടൂറിസം പ്രമോഷന്‍ പോലെ വാ തോരാതെ സംസാരിച്ച ഒരു ദിവസമാണ് ഞാന്‍ ആ വാര്‍ത്ത! കണ്ടത്. അയ്യപ്പന്മാരുണ്ടെന്ന കാരണം പറഞ്ഞു ഒരു സ്ത്രീയെയും കുട്ടികളെയും ബസില്‍ നിന്ന് ഇറക്കിവിട്ടത്. പിന്നെ തുടരെ തുടരെ അതാ .. 'ആര്‍ത്തവമേ... മഹാശാപമേ..' ചിരിക്കണമോ കരയണമോ എന്നറിയാത്ത അവസ്ഥയിലായി ഞാന്‍. 'എന്റെ കേരളം എത്ര സുന്ദരം ' എന്നൊക്കെ പറഞ്ഞു ഞാന്‍ എന്നെത്തന്നെ പറ്റിക്കാന്‍ ശ്രമിക്കുന്നുവോ എന്നൊരു സംശയം. കേഴൂ കേരളമേ, 'നിന്റെ പെണ്‍മക്കളിന്നും അടുക്കളക്കാരികള്‍, വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍, നരന്നു ഗര്‍ഭാധാന പാത്രങ്ങള്‍'. അവര്‍ക്ക് മാത്രം കാലം മുന്നോട്ടു പോവുമ്പോള്‍ വിലക്കുകളും വിലങ്ങുകളും കൂടി വരുന്നു. എത്ര വലിയ human development index ആണെങ്കിലെന്താ നിന്റെ പെണ്‍മക്കള്‍ ഇന്നും ഇവിടെ മനുഷ്യരില്‍പ്പട്ടതല്ല. അവളുടെ ശരീരത്തിന് അശുദ്ധിയുണ്ടത്രേ. ആണിന് ആവശ്യമില്ലാത്തപ്പോള്‍ അവള്‍ തീണ്ടാപ്പാടകലെ നില്‍ക്കണം. അവളാണ് ഇന്നും ഏറ്റവും അധഃകൃത വര്‍ഗ്ഗം. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ആരാധനാലയങ്ങളില്‍ കയറാന്‍ വിലക്കും ഒക്കെ ഇന്നും അവള്‍ക്കു ബാധകമാണ്. എന്റെ പൊന്നുവിശ്വാസികളേ, ശരിക്കും നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഒരു പെണ്ണിനേയും കുട്ടികളെയും വഴിയില്‍ ഇറക്കി വിടുന്നതാണ് അവളുടെ ആര്‍ത്തവത്തിന്റെ സാമീപ്യത്തെക്കാളും ദൈവത്തിനു അഭികാമ്യം എന്ന്?

നമ്മുടെ ശരീരത്തിലെ ജൈവപ്രവര്‍ത്തനങ്ങളും, പ്രക്രിയകളും അത് ആര്‍ത്തവമായാലും ലൈംഗികതയായാലും അതൊക്കെ സ്വാഭാവികമാണെന്നും ആവശ്യമില്ലാത്ത പരിവേഷങ്ങള്‍ അതിനൊന്നും ചാര്‍ത്തി കൊടുക്കേണ്ട ആവശ്യമില്ല എന്നും നമുക്കെന്നാണ് തിരിച്ചറിയാനാവുക? നമ്മുടെ പെണ്‍കുട്ടികള്‍ എന്നാണ് സ്വന്തം ശരീരത്തിലെ ഈ പ്രക്രിയയില്‍ അപമാനമായി ഒന്നുമില്ല എന്ന് മനസിലാക്കുക? ആര്‍ത്തവം യാതൊരു വിലക്കുകളും എല്‍പ്പിക്കാത്ത ഒരു മതത്തിലാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെ ഒരു നന്മ എങ്കിലും ആ മതവിഭാഗത്തിനുണ്ടെന്നു ഞാന്‍ ആശ്വസിക്കുന്നു. ഒരു ചെറിയ വിഭാഗം പെണ്‍കുട്ടികള്‍ എങ്കിലും അതൊരു അശുദ്ധിയാണെന്ന് ചിന്തിക്കാതെ വളര്‍ന്നു വരുമല്ലോ. അങ്ങനെ ഒരു മതവും ആര്‍ത്തവം എത്തുന്നതിനു വളരെ മുന്‍പ് തന്നെ അതിന്റെ ശാസ്ത്രം പറഞ്ഞു തന്ന ഒരപ്പനും ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കതൊരിക്കലും ഒരു അദ്ഭുത അശുദ്ധി ആയിരുന്നില്ല (അപ്പാ, അപ്പനാണ് ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ്). പക്ഷെ, ഒറ്റയ്ക്ക് മൂലയ്ക്ക് മാറിയിരുന്നു കരഞ്ഞ സഹപാഠിയോട് എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ മൂത്രമൊഴിച്ചപ്പോള്‍ രക്തം വരുന്നു. എനിക്കെന്തോ വലിയ രോഗമാണെന്ന് തോന്നുന്നു' എന്ന ഉത്തരം കേട്ട് ഞെട്ടിയത് എന്റെ സ്വന്തം അനുഭവം. ശരിയായ sexual education ഇല്ലാത്ത നമ്മുടെ നാട്ടില്‍ അതൊരു പുതുമ അല്ല എന്നെനിക്കു തോന്നുന്നു. സാനിട്ടറി നാപ്കിന്‍ ഉപയോഗിച്ചാല്‍ ദൈവം കോപിക്കും എന്ന് വിശ്വസിച്ച അമ്മ ഉണ്ടായിരുന്നത് കൊണ്ട് തുണിയുടെ കഷ്ടപ്പാടില്‍ നിന്ന് മോചനം കിട്ടാത്ത കൂട്ടുകാരി, പാഡ് വാങ്ങാന്‍ മടിയാണ്... വാങ്ങിത്തരുമോ എന്ന് ചോദിച്ച മറ്റൊരു കൂട്ടുകാരി ... ഇതൊന്നും എന്റെ ഭാവനയല്ല. ബസില്‍ ഒരു പുരുഷന്റെ അടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന സീറ്റില്‍ ഇരുന്നു സ്‌കൂളില്‍ എത്തിയപ്പോള്‍ ഒരു സഹപാഠി എന്നോട് ചോദിച്ചു 'ആര്‍ത്തവം ആയിരുന്നില്ലല്ലോ.. ആ സമയത്ത് ആണുങ്ങളുടെ അടുത്തിരുന്നാല്‍ ഗര്‍ഭിണി ആവും' എന്ന്. പ്രത്യുല്പാദന പ്രക്രിയയെ പറ്റി ഏകദേശ ബോധമുണ്ടായിരുന്ന ഞാന്‍ എന്ത് മറുപടി പറയണം എന്നറിയാതെ വിഷമിച്ചു. ആര്‍ത്തവ കാലത്തെ തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും അതിന്റെ കഷ്ടപ്പാടുകളുമൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ കൂട്ടുകാരികള്‍ പങ്കുവെച്ചിരുന്നു. അതൊക്കെ പത്തു പതിനഞ്ചു വര്‍ഷം മുമ്പല്ലേ, കാലമെത്ര കടന്നു. ഇന്നതൊക്കെ മാറിയിട്ടുണ്ടാവും എന്ന് കരുതി ഇരുന്നിരുന്ന എനിക്ക് ഒരു അടി കിട്ടിയ പ്രതീതി ആയിരുന്നു ആ ബസ് സംഭവവും തുടര്‍ന്ന് പലരുടെയും അഭിപ്രായ പ്രകടനങ്ങളും.

ആ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് ദാ അടുത്ത സംഭവം. ഈശ്വരാ, കടുത്ത കുറ്റവാളികളെ ചെയ്യുന്നത് പോലെ ഇങ്ങനെ ജോലിക്കാരെ പരിശോധിക്കാന്‍ ഏത് നാട്ടിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ ഒന്നും ഈ നാട്ടിലെ സ്ത്രീയ്ക്ക് ബാധകമല്ലേ? അത് പൊതു വാഹനത്തിലെ യാത്രാ സ്വാതന്ത്ര്യം ആണെങ്കിലും അവളുടെ സ്വകാര്യത ആണെങ്കിലും. ഇത്ര കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പോലും കാണുന്നില്ലല്ലോ...

അതിനിടയില്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും സ്വതന്ത്രമായി ചിന്തിക്കാന്‍ മടിക്കുന്ന ഒരു പാടു സ്ത്രീകള്‍ അതിനെയൊക്കെ ന്യായീകരിക്കുന്നു. ഏറ്റവും അധികം ഭയം തോന്നുന്നത് അത് കാണുമ്പോള്‍ ആണ്. ആണ്‍സമൂഹം പാടി പഠിപ്പിച്ച കഥകള്‍ ഏറ്റു പാടുന്ന കുറെ തത്തമ്മകള്‍. അവര്‍ക്ക് സ്വന്തം ശരീരത്തിലെ പ്രക്രിയകളോട് അറപ്പും വെറുപ്പും ആണ്. എന്ത് തന്നെ ആയാലും, social media യെ ന്യൂ ജനറേഷന്‍ എന്നൊക്കെ കളിയാക്കാന്‍ ഒരുപാടു പേരുണ്ടെങ്കിലും ധീരമായ എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഞാന്‍ അവിടെ കാണുന്നു. ആര്‍ത്തവം അശുദ്ധിയല്ലെന്ന് ധീരമായി പ്രഖ്യാപിക്കുന്ന ഒരു നൂറു പെണ്‍കുട്ടികള്‍. sanitary napkin കളുടെ പടം profile picture ആക്കിയ ഉണ്ണിയാര്‍ച്ചകള്‍. അതെ, വിപ്ലവം ആര്‍ത്തവത്തിലൂടെയും വരും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അനാചാരങ്ങളല്ല നമ്മുടെ സമൂഹത്തിന്റെ അടിത്തറ. അതല്ല സംസ്‌കാരം. ആര്‍ത്തവം തീണ്ടാപ്പാടകലെ നില്‍ക്കേണ്ട ഒരു കുറ്റമല്ല. അത് കുറച്ചു രക്തമാണ്. ഇരുമ്പിന്റെ മണമുള്ള രക്തം. സകല മനുഷ്യനും പുരുഷനും സ്ത്രീയ്ക്കും ഒരു പോലെ ആദ്യ പോഷണം എത്തിക്കുന്ന രക്തം. അതില്‍ അറയ്ക്കാനും വെറുക്കാനും ഒന്നുമില്ല.


Next Story

Related Stories