TopTop
Begin typing your search above and press return to search.

ബഹ്‌റൈനില്‍ വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി

ബഹ്‌റൈനില്‍ വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി

ബഹ്‌റൈനില്‍ വിമത വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര്‍ക്ക്‌ കൊലക്കുറ്റം ആരോപിച്ച്‌ വധശിക്ഷ വിധിക്കുകയും അത് നടപ്പാക്കുകയും ചെയ്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധം അക്രമാസക്തമായി. ഇതോടെ രാജ്യത്തെ ഭൂരിപക്ഷമായ ഷിയ വിഭാഗവും സുന്നി അധികാരികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.

2014 മാര്‍ച്ചില്‍ മൂവരും ചേര്‍ന്ന് നടത്തിയ ബോംബ് ആക്രമണത്തിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. കോടതി ശിക്ഷ വിധിച്ച് ആറ് ദിവസത്തിന് ശേഷം വധശിക്ഷ നടപ്പാക്കിയതായി സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ അറിയിച്ചു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി അല്‍-ഖലീഫ രാജവംശമാണ് ബഹ്‌റൈന്‍ ഭരിക്കുന്നത്. സുന്നി ഭരണകൂടത്തിന് കീഴില്‍ തങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതായി ഷിയ വിഭാഗം ഏറെ നാളായി പരാതി ഉന്നയിക്കുന്നുണ്ട്. അറബ് വസന്തത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഭരണ പരിഷ്‌കാരം ആവശ്യപ്പെട്ട് 2011 മാര്‍ച്ച് മുതല്‍ ഷിയ വിഭാഗക്കാര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ രാജ്യത്ത് സംഘര്‍ഷാവസ്ഥ ആരംഭിച്ചിരുന്നു. പോലീസ് അതിക്രൂരമായാണ് ഇവരുടെ സമരങ്ങളെ അടിച്ചമര്‍ത്തിയത്.

മൂന്ന് കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ തന്നെ രാജ്യത്തെ ഷിയ ഗ്രാമങ്ങളില്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. ടയറുകള്‍ കത്തിച്ചും മറ്റും പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതോടെ പോലീസ് തണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ വധശിക്ഷയ്ക്ക് വിധേയരായവരുടെ ബന്ധുക്കള്‍ കരയുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.

അതേസമയം വിദേശ വാര്‍ത്ത ഏജന്‍സികള്‍ക്ക് രാജ്യത്തെ വാര്‍ത്തകള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. ആറ് വര്‍ഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയ ആദ്യ വധശിക്ഷയാണ് ഇത്. ബഹ്‌റൈന്‍ ഇവരുടെ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ അത് അന്താരാഷ്ട്ര നിയമത്തിന്റെ നാണംകെട്ട ലംഘനമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ ഡയറക്ടര്‍ മായ ഫോ അറിയിച്ചിരുന്നു.

ബഹ്‌റൈന്റെ ചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു ഇന്നലെയെന്ന് ബഹ്‌റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസിയുടെ മേധാവി സയ്ദ് അഹമ്മദ് അല്‍വാദി അറിയിച്ചു. ബഹ്‌റൈന്‍ സര്‍ക്കാര്‍ ചെയ്ത ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ഒരു ഷിയ ഗ്രാമമായ ബനി ജംറയില്‍ നടന്ന കലാപത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സമി മൊഷൈമ(42), അലി അല്‍-സിംഗേസ്(21), അബ്ബാസ് അല്‍-സമിയ(27) എന്നിവരെയാണ് തൂക്കിലേറ്റിയത്. 2014ല്‍ ഇവര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു യുഎഇ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടതാണ് കേസ്. കേസില്‍ മറ്റ് ഏഴ് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.

2011ല്‍ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം നൂറ് കണക്കിന് ഷിയ വിഭാഗക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ വിഭാഗത്തിന്റെ തലവനായ ഷിയ പുരോഹിതന്‍ അലി സല്‍മാനെ 2014 ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നു എന്ന് ആരോപിച്ച് ഇദ്ദേഹത്തിന് ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത് വന്‍ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.


Next Story

Related Stories