TopTop
Begin typing your search above and press return to search.

ബാഹുബലി; കേവല യുക്തികളെ മാറ്റിവെച്ച് നമുക്ക് മായക്കാഴ്ചകളിൽ അഭിരമിക്കാം

ബാഹുബലി; കേവല യുക്തികളെ മാറ്റിവെച്ച് നമുക്ക് മായക്കാഴ്ചകളിൽ അഭിരമിക്കാം

എസ് എസ് രാജമൌലിയുടെ മൂന്നാം ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 300 കോടിയിലേറെ വാരി മുന്നേറുകയാണ്. മഗധീരക്കും ഈഗക്കും (ഈച്ച)ക്കും ശേഷം രാജമൌലി ഒരുക്കിയ ഈ സിനിമക്ക് പ്രേക്ഷക പ്രീതിയും നിരൂപക വിമർശവും ഒരു പോലെ കിട്ടുന്നുണ്ട്. ഒന്നരക്കൊല്ലത്തെ ഷൂട്ടിങ്ങ്, ഇതുവരെ ഇന്ത്യൻ സിനിമ കാണാത്ത വിധമുള്ള സാങ്കേതിക തികവിന്റെയും മാനവ വിഭവശേഷിയുടെയും ഉപയോഗം.. ഇതൊക്കെ നിറഞ്ഞ ഒരു അത്ഭുതത്തെ അറിയാനാണ് ബഹുഭൂരിപക്ഷവും തീയറ്ററിൽ എത്തുന്നത്. ബഹുബലിയെപ്പറ്റിയുള്ള പ്രേക്ഷക സംസാരവും ചർച്ചകളും പൂർണ്ണമായും ഈ ഞെട്ടിക്കുന്ന കാഴ്ചകളെ ചുറ്റിപ്പറ്റിയാണ്.

മഹിഷ്മതി രാജ്യത്തെ ഒരു യുദ്ധത്തിനിടയ്ക്ക് ജീവരക്ഷാർത്ഥം കൈക്കുഞ്ഞിനെ എടുത്ത് ഓടുന്ന ശിവകാമി റാണിയുടെ (രമ്യ കൃഷ്ണൻ) ദൃശ്യത്തിലാണ് സിനിമ തുടങ്ങുന്നത്. ശിവകാമി മരണത്തിനു കീഴടങ്ങി എങ്കിലും അവർ നിൽക്കുന്ന വെള്ളച്ചാട്ടത്തിനടുത്തുള്ള ഗ്രാമീണർ ആ കുഞ്ഞിനെ രക്ഷിക്കുന്നു. കുട്ടികളില്ലാതിരുന്ന സംഗ (രോഹിണി) അവനെ മകനായി വളർത്തുന്നു. യഥാർത്ഥത്തിൽ മഹിഷ്മതിയുടെ അടുത്ത രാജാവാണ് ശിവുന്ദു എന്ന് പേരിട്ടു സംഗ വളർത്തുന്ന മഹേന്ദ്ര ബാഹുബലി (പ്രഭാസ്). കുട്ടിക്കാലം മുതലേ ആ വെള്ളച്ചാട്ടത്തിനപ്പുറം പോകാനുള്ള ചോദന അവനിൽ ഉണ്ട്. യുവാവായപ്പോൾ അമ്മയുടെ ഭീതിയും കഠിന പ്രാർഥനയും കണ്ട അവൻ ഈ ശ്രമം ഉപേക്ഷിക്കുന്നു.

എങ്കിലും എവിടെനിന്നോ താഴേക്ക് വീണ മുഖംമൂടിയും സ്വപ്നത്തിൽ വരുന്ന സുന്ദരിയും അവനെ വെള്ളച്ചാട്ടങ്ങളും മലമേടുകളും കടന്നു മറ്റൊരു നാട്ടിലെത്തിക്കുന്നു. സ്വപ്നത്തിൽ വന്ന സുന്ദരി അവന്തിക (തമന്ന) എന്ന പോരാളി ആണെന്നറിയുന്നു. പൽവാൽ രാജന്റെ തടവിൽ കിടക്കുന്ന ദേവസേനാ രാജ്ഞിയുടെ (അനുഷ്കാ ഷെട്ടി ) മോചനത്തിനായി തയ്യാറെടുക്കുന്ന ചാവേറുകളുടെ കൂട്ടത്തിൽപ്പെട്ട ആളാണ് അവൾ. സ്വാഭാവികമായും ശിവുന്ദുവും അവന്തികയും പ്രണയത്തിലാകുകയും അവൾക്കു വേണ്ടി അവൻ ആ ലക്‌ഷ്യം ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. അവിടെ നിന്നാണ് മഹിഷ്മതിയിലെ രാജാവായിരുന്ന അമരീന്ദ്ര ബാഹുബലിയുടെയും ദേവ സേനാ റാണിയുടെയും മകനാണ് താൻ എന്ന സത്യം നായകൻ അറിയുന്നത്.രാജ്യത്തെ സേനാ നായകനായ കട്ടപ്പ (സത്യരാജ്) മഹേന്ദ്ര ബാഹുബലിക്കു അച്ഛന്റെ കഥ പറഞ്ഞു കൊടുക്കുന്നു. ബാഹുബലിയും പൽവാൽ ദേവനും ഒന്നിച്ചു വളർന്നവരാണ്. ഒരേ ബുദ്ധിസാമർത്ഥ്യം ഉള്ള രണ്ടു പേരിൽ ആരെ അടുത്ത രാജാവാക്കും എന്ന ആശങ്കയിലാണ് എല്ലാവരും. ഒരു വലിയ യുദ്ധത്തിൽ ശത്രുക്കളെ കൊല്ലാൻ മാത്രം ശ്രദ്ധിച്ച പൽവാൽ ദേവനെ മറികടന്നു സ്വന്തം പ്രജകളെ രക്ഷിക്കാനും ശത്രുക്കളെ ഇല്ലാതാക്കാനും ഒരുപോലെ ശ്രമിച്ച അമരേന്ദ്ര ബാഹുബലി രാജാവായി അവരോധിക്കപ്പെടുന്നു. പിന്നീട് എങ്ങനെ രാജ്യം പൽവൽ ദേവന്റെ കയ്യിലായി? അതിനുള്ള ഉത്തരം ഈ ചിത്രം തരുന്നുണ്ടെങ്കിലുംബാക്കി ഭാഗം ബാഹുബലി- ദി കണ്‍ക്ലൂഷന്‍ എന്ന അടുത്ത ഭാഗത്ത്‌ കാണാം എന്ന് പറഞ്ഞാണ് ചിത്രം അവസാനിക്കുന്നത്.

ചിലവഴിച്ച പണവും ഞെട്ടിക്കുന്ന സാങ്കേതികതയും ആണ് ഒരു സിനിമയെ ബ്രഹ്മാണ്ഡമാക്കുന്നത് എങ്കിൽ തീർച്ചയായും ബാഹുബലി അത്തരമൊരു സിനിമയാണ്. സാങ്കേതിക മികവോടെ സുന്ദരമായി എഡിറ്റ് ചെയ്തിട്ടും ദൃശ്യവൽകരിച്ചിട്ടും ഉണ്ട്. ഓരോ സെക്കന്റും ഓരോ കാഴ്ചയാണ് സിനിമയിൽ. ഹോളിവുഡ് സിനിമകളുടെ പ്രകട സ്വാധീനം ഉണ്ടെങ്കിലും ഇത്രയും നീളമുള്ള യുദ്ധരംഗത്തെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയെ ഭംഗിയായി ഏറ്റെടുത്തു വിജയിച്ചിട്ടുണ്ട് രാജമൌലി. സാങ്കേതികമായി പൂർണമായ കാഴ്ചയാണ് നിങ്ങളുടെ ചോയ്സ് എങ്കിൽ, ഹോളിവുഡ് എന്തുകൊണ്ട് ഇന്ത്യയിൽ സംഭവിക്കുന്നില്ല, ബോളിവുഡ് എന്തുകൊണ്ട് ദക്ഷിണേന്ത്യയിൽ സംഭവിക്കുന്നില്ല എന്നതൊക്കെയാണ് ചോദ്യങ്ങൾ എങ്കിൽ ബാഹുബലി തീർച്ചയായും ഉത്തരമാണ്.കഥകൾ വല്ലാതെ കേട്ടും പറഞ്ഞും കണ്ടും ശീലമുള്ളവരാണ് നമ്മള്‍. നമ്മുടെ കേട്ടുകേൾവികളിലും ചരിത്രനാടകങ്ങളിലും പുരാണ സീരിയലുകളിലും എല്ലാം അറിഞ്ഞ ജീവിതം ഇങ്ങനെയൊക്കെയാണ്. കോട്ടകൊത്തളങ്ങളിൽ, കൊട്ടാരങ്ങളിൽ തിളങ്ങുന്ന ജീവിതവും സമ്പത്തും ഉള്ള നന്മ തിന്മകൾ യുദ്ധം ചെയ്യുന്ന പുണ്യ പുരാണ കാലം നമ്മൾ കേട്ട കഥകളുടെ ബാക്കിയാണ്. വായിച്ചതിനെ ഇത്രയും സാങ്കേതിക തികവോടെ ദൃശ്യവൽകരിക്കുന്നതും പുതുമയാണ്. ഇത്തരം കഥകളോടുള്ള നമ്മുടെ ആകംക്ഷകളെ എവിടെയോ ഒരളവിൽ തൃപ്തിപ്പെടുത്താൻ ബാഹുബലിക്കു സാധിക്കുന്നുണ്ട്. മഹാഭാരതത്തിൽ അവന്തിരാജ്യത്തിൽപ്പെട്ട ഒരിടമായി മഹിഷ്മതിയെ പറ്റി പറഞ്ഞിട്ടുണ്ട്. യുദ്ധരംഗങ്ങളൊക്കെ കുരുക്ഷേത്ര യുദ്ധം അടക്കമുള്ള പലതിലേക്കും സഞ്ചരിക്കാൻ നമ്മുടെ ഭാവനയെ അനുവദിക്കുന്നുണ്ട്. സംവിധായകൻ നന്ദി പറഞ്ഞിരിക്കുന്നതും മഹാഭാരതത്തോടാണ്.

നേരെ മറിച്ച് വർഗ, വർണ സമത്വത്തെ കുറിച്ചുള്ള ആശങ്കകൾക്ക് അത്ര നല്ല ഒരു ഉത്തരമല്ല ബാഹുബലി തരുന്നത്. എരപ്പാളിയുടെ മക്കളെ എന്നാണ് യുദ്ധത്തിനു വരുന്ന ഗോത്ര വർഗക്കാരെ ബാഹുബലി അഭിസംബോധന ചെയ്യുന്നത്. കറുത്ത, വിചിത്ര രൂപികളായ കൗതുക കാഴ്ചകളാണ് സിനിമയിൽ ഇവർ. തമന്നയുടെ അവന്തിക സിനിമയിൽ ഒരു രംഗത്ത് പോലും യുദ്ധപോരാളി ആയിരുന്നില്ല. അവരുടെ അരകെട്ടിന്റെ പ്രേക്ഷക പ്രീതിയെ മുതലെടുക്കുക മാത്രമാണ് രാജമൗലിയും ചെയ്തത്. തമന്ന ഇതുപോലെ അടുത്ത പടത്തിലും ഉണ്ടാവണേ എന്ന ആശങ്കയും അവരുടെ മുലക്കച്ച അഴിക്കുന്നതിന്റെ മുൻവശ ദൃശ്യം ഇല്ലാത്തതിന്റെ നിരാശയും സോഷ്യൽ മീഡിയയിൽ കണ്ടു.

രമ്യാ കൃഷ്ണന്റെ ശിവകാമി അഭിനയത്തിന്റെ പൂർണതയിൽ നില്ക്കുന്നു. രണ്ടു കുഞ്ഞുങ്ങൾക്ക്‌ മുലപ്പാൽ കൊടുത്ത് സിംഹാസനത്തിൽ ഇരിക്കുന്ന ശിവകാമിയുദെ ദൃശ്യം ഇന്ത്യൻ സിനിമയിലെ തന്നെ ശക്തമായ കാഴ്ചയാണ്. സത്യരാജിന്റെ കട്ടപ്പ കഥാപാത്രത്തോട് നീതി പുലർത്തി. നായകൻ പ്രഭാസിനെ സംവിധായകൻ ഒരു കാൻവാസ് വരച്ച് അതിൽ ഇട്ട പോലുണ്ട്, അതിൽ കൂടുതലായും കുറവായും ഒന്നും സംഭവിക്കുന്നില്ല.മറ്റെല്ലാ വൻകിട ചിത്രങ്ങളെയും പോലെ ബാഹുബലിക്കു ചുറ്റിലും വിവാദങ്ങൾ ഉണ്ടായിരുന്നു. ജൈന മതക്കാരാണ് ആദ്യം സിനിമക്കെതിരെ രംഗത്ത് വന്നത്. ഗോതമേശ്വരന്റെ പേരാണ് ബാഹുബലി എന്നും അക്രമം പ്രോത്സാഹിപ്പിക്കുന്ന ഈ സിനിമക്ക് ആ പേരിടരുതെന്നും അവർ പറഞ്ഞു. തങ്ങളുടെ വർഗത്തെ അധിക്ഷേപിച്ചു എന്ന് പറഞ്ഞു മല സന്‍ക്ഷേമ സംഗം എന്ന ഗോത്ര വർഗക്കാർ രംഗത്ത് വന്നു. ഈ സിനിമക്ക് ഉപയോഗിച്ച വീഡിയോ റ്റെംപ്ലേറ്റുകളെ കുറിച്ചും ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ ഈ വിവാദങ്ങളെല്ലാം പാതിയിൽ വെച്ച് ഇല്ലാതാവുകയും സിനിമ ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ മറികടക്കുകയും ചെയ്തു.

കേവല യുക്തികളെയും ചിന്തകളെയും മാറ്റിവെച്ച് മായക്കാഴ്ചകളിൽ, മഹിഷ്മതിയുടെ ശക്തിയിൽ അഭിരമിക്കാൻ ഇഷ്ടമാണെങ്കിൽ തീർച്ചയായും ബാഹുബലിക്കു കയറുക. അടുത്ത ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുക. അങ്ങനെ വിശ്വസിക്കാത്തവർക്ക്, ഇന്ത്യൻ, തെലുങ്ക് അതിശയോക്തികളെ നിരാകരിക്കുന്നവർക്ക് നിരാശയായിരിക്കും ബാഹുബലി നല്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories