TopTop

24 ദിവസത്തെ ഷൂട്ടിങ്ങിന് ബാഹുബലി ടീം വനംവകുപ്പിന് നല്‍കിയത് 3.60 ലക്ഷം രൂപ; കാട് നശിപ്പിച്ചിട്ടില്ലെന്ന് വിശദീകരണം

24 ദിവസത്തെ ഷൂട്ടിങ്ങിന് ബാഹുബലി ടീം വനംവകുപ്പിന് നല്‍കിയത് 3.60 ലക്ഷം രൂപ; കാട് നശിപ്പിച്ചിട്ടില്ലെന്ന് വിശദീകരണം
ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗിന്റെ ഭാഗമായി കണ്ണവം വനമേഖലയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ നശീകരണം വിവാദമായിരിക്കുകയാണ്. ഷൂട്ടിംഗിനെ തുടര്‍ന്ന് അടിക്കാടുകള്‍ നശിച്ച കണ്ണവം കാട് പൂര്‍ണ്ണമായി പഴയ അവസ്ഥയിലേക്ക് തിരിച്ച് വരണമെങ്കില്‍ ഏകദേശം 70 വര്‍ഷമെങ്കിലും പിടിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്നും സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും കണ്ണവം റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കഴിഞ്ഞ വർഷാരംഭത്തിലാണ് അർക്ക മീഡിയ വർക്സ് എന്ന ഒരു കമ്പനി കണ്ണൂർ ഡി എഫ് ഓയെ സമീപിച്ച് ബാഹുബലി 2 എന്ന സിനിമ കാട്ടിൽ ചിത്രീകരിക്കാനുള്ള അനുമതി വാങ്ങുന്നത്. ഒന്നാം ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. 24 ദിവസത്തെ ഷൂട്ടിങ്ങിനായി 3.60 ലക്ഷം രൂപ ഫീസായും 15000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായും അടച്ചാണ് അനുമതി വാങ്ങിയത്. തലശ്ശേരി മാനന്തവാടി റോഡിൽ ചങ്ങല ഗെയ്റ്റ് എന്ന സ്ഥലത്ത് നിന്നും കാടിനകത്തുള്ള പെരുവ ചെമ്പുക്കാവ് തുടങ്ങിയ ഗ്രാമങ്ങളിലേക്ക് പോകുന്ന ടാർ റോഡിൽ രണ്ട് കിലോമീറ്റർ അകത്തായി ടാർ റോഡിന്റെ അരികിലെ താത്കാലിക ഡിപ്പോയിലും റോഡിൽ നിന്നും കേവലം നൂറ് മീറ്റർ അകത്ത് മാത്രമായി സ്ഥിതി ചെയ്യുന്ന പുഴക്കരയിലുമാണ് ഷൂട്ടിങ്ങിനായി അനുമതി നൽകിയത്. ജനുവരി ആദ്യത്തോടെ പുറത്ത് നിന്നും നിർമ്മിച്ച് കൊണ്ടുവന്ന ചില വസ്തുക്കൾ കൂട്ടിയോജിപ്പിച്ച് പുഴക്കരയിൽ മൂന്ന് നാല് ചെറിയ കൽമണ്ഡപങ്ങൾ ചേർന്ന ഒരു സെറ്റ് ഷൂട്ടിങ്ങിനായി തയ്യാറാക്കിയായിരുന്നു ഷൂട്ടിങ്ങ്.


കഴിഞ്ഞ ഒന്നര ദശകമായി സംസ്ഥാന പോലീസ് വകുപ്പ് സിവിൽ പോലീസ് ഓഫീസർമാരുടെ ട്രെയ്നിങ്ങിന്റെ ഭാഗമായുള്ള ജങ്കിൾ ക്യാമ്പ് നടത്തുന്ന ഭാഗമാണ് ഷൂട്ടിങ്ങിനായി അനുവദിച്ചത്. വർഷത്തിൽ രണ്ട് തവണയെങ്കിലും ഇത്തരം ക്യാമ്പുകൾക്കായി പൂർണ്ണമായും തൂത്ത് വൃത്തിയാക്കി ടെന്റുകളും മറ്റുമൊക്കെ കെട്ടുന്ന സ്ഥലമായത് കൊണ്ട് തന്നെ ഇവിടെ അടിക്കാടുകളൊന്നും തന്നെയില്ലായിരുന്നു. രാത്രി കാലത്ത് ഷൂട്ടിങ്ങ് പറ്റില്ല, സ്ഫോടക വസ്തുക്കളോ തീയോ ഉപയോഗിക്കരുത്, ആവാസ വ്യവസ്ഥ മാറ്റരുത്, മരങ്ങൾക്കോ മറ്റോ കേടുപാടുകൾ വരുത്തരുത്, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ലിസ്റ്റ് മുൻകൂട്ടി നൽകണം തുടങ്ങി നിരവധി ഉപാദികളോടെയാണ് ഏകദേശം ഒരേക്കറിൽ താഴെ മാത്രമുള്ള സ്ഥലത്ത് ഷൂട്ടിങ്ങിനായി അനുമതി കൊടുത്തത്. വ്യവസ്ഥകളൊക്കെ പാലിക്കുന്നതിൽ ഞങ്ങൾ നല്ല ജാഗ്രത പുലർത്തുകയും ചെയ്തതാണ്.


കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഷൂട്ടിങ്ങ് തീരാറായപ്പോഴേക്കും ചില പ്രാദേശിക പ്രശ്നങ്ങൾ തലപൊക്കി. ഷൂട്ടിങ്ങ് കാണാനായി ചെന്ന ചില പ്രാദേശിക ആദിവാസി സമുദായ സംഘടനാ ഭാരവാഹികൾ ലൊക്കേഷന്റെ ചിത്രമെടുത്തതുമൊക്കെ ബന്ധപ്പെട്ട് ചില തർക്കങ്ങളും കയ്യാങ്കളികളും, ഷൂട്ടിങ്ങ് തടസപ്പെടുത്താതിരിക്കണമെങ്കിൽ പണം നൽകണമെന്ന വിലപേശലുമൊക്കെയുണ്ടായി. സിനിമയുമായി ബന്ധപ്പെട്ടവർ പക്ഷെ ഇത്തരക്കാർക്ക് ഒരു പൈസപോലും കൊടുക്കാൻ തയ്യാറായില്ല. ഇതിനിടെ സിനിമക്ക് അനുമതി നൽകിയ പോലെ തങ്ങളുടെ ആവശ്യങ്ങളും വനം വകുപ്പ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ സമരം ആരംഭിച്ചു. സിനിമക്കായി അനുമതി നൽകിയതിനെതിരെ അല്ലായിരുന്നു സമരം, പകരം സിനിമക്ക് അനുമതി നൽകാമെങ്കിൽ തങ്ങളുടെ ആവശ്യങ്ങളും അനുവദിച്ചുകൂടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു സമരം. തങ്ങളുടെ പ്രദേശത്ത് വലിയ ഒരു ചിത്രം ഷൂട്ട് ചെയ്യുന്നതിൽ അവരിൽ ഭൂരിഭാഗമാളുകളും സന്തോഷിച്ചിരുന്നതായി തോന്നി.
കണ്ണവത്ത് ഞാൻ ചാർജെടുത്തിട്ട് ആറ് മാസമായിട്ടേയുണ്ടായിരുന്നുള്ളൂ. കേരളത്തിലെ മറ്റ് പല ഭാഗങ്ങളിലും വനാവകാശ നിയമപ്രകാരം (ആദിവാസികൾക്കും പരമ്പരാഗതമായി വനത്തിൽ താമസിക്കുന്നവർക്കും വനത്തിലുള്ള അവകാശങ്ങളെ കുറിച്ചുള്ള നിയമം) വനത്തിനകത്ത് പല തരത്തിലുള്ള വികസന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളും ഉണ്ട്, എന്നാൽ ഇവിടെ പല അനുമതികളും വാക്കാൽ മാത്രമായിരുന്നു. രേഖാമൂലം തന്നെ നൽകാവുന്ന അനുമതികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖാമൂലം തന്നെ നൽകണമെന്നും നിയന്ത്രണങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്താകമാനം ഒരേ മാനദണ്ഡമുണ്ടാകണമെന്നും ഞാൻ റിപ്പോർട്ട് ചെതിരുന്നു. കാടിനകത്ത് കൂടി നിരുപാധികം പല ദിക്കിലേക്ക് റോഡുകൾ വേണമെന്ന ആവശ്യക്കാർ കൂടി ആദിവാസി സമരത്തിന് പിന്നിൽ നിന്ന് പിന്തുണ നൽകിയതോടെ സമരം കൊഴുത്തു. സമരത്തിനവസാനം ആവശ്യങ്ങൾ പരിശോധിക്കാമെന്ന് മേലുദ്യോഗസ്ഥർ സമരക്കാർക്ക് ഉറപ്പ് നൽകി. പകൽ മുഴുവൻ വകുപ്പിനെയും റെയ്ഞ്ചറേയും ചീത്തവിളിച്ച സമരക്കാരുടെ പന്തലിൽ രാത്രി ഞാൻ തനിച്ച് ചെന്നിരുന്നു. സമരം ചെയ്യുന്ന ആവശ്യങ്ങളിൽ എന്റെ പരിമിതികൾ അവരോട് വിശദീകരിച്ചപ്പോൾ, എന്റെ നിലപാടുകൾ അവരോട് പറഞ്ഞപ്പോൾ വളരെ നല്ല പ്രതികരണമാണെനിക്ക് കിട്ടിയത്.


Read More: പഴശിയുടെ യുദ്ധമുറകള്‍ ഉണ്ടാക്കാത്ത നഷ്ടമാണ് കണ്ണവംകാട്ടില്‍ ബാഹുബലിയുണ്ടാക്കിയത്

ഇപ്പോള്‍ വരുന്ന വാർത്തകളുടെ സാരം ഇവയാണ്:

1. ബാഹുബലി ഷൂട്ട് ചെയ്തതുമൂലം നശിച്ചുപോയ കണ്ണവം കാട്ടിലെ അടിക്കാടുകൾ പൂർവ്വസ്ഥിതിയിലാകാൻ 70 വർഷമെടുക്കും
സ്ഥിരമായി പോലീസ് ട്രെയിനിങ്ങിന്റെ ഭാഗമായുള്ള ജങ്കിൾ ട്രെയിനിങ്ങ് നടക്കുന്ന സ്ഥലമായത് കൊണ്ട് ഇവിടെ അടിക്കാടുകളില്ല, പോലീസ് ക്യാമ്പെന്നാണ് പ്രാദേശികമായി ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. തൊട്ട് മുൻപ് നടന്ന ട്രെയിനിങ്ങിൽ പങ്കെടുത്തവർ മരങ്ങളിൽ ഒരാൾ ഉയരത്തിൽ കുമ്മായവും ചായവും ചേർത്ത് അടിച്ചത്, അതിന് ശേഷം മഴപെയ്യാത്തതിനാൽ ഇപ്പോഴും മാഞ്ഞ് പോയിട്ടില്ല. ആകെ ഒരേക്കറിൽ താഴെ സ്ഥലം മാത്രമെ ഷൂട്ടിങ്ങിനായി ഉപയോഗിച്ചിട്ടുള്ളൂ, ഷൂട്ടിങ്ങിനായി കാട് വെട്ടുകയോ മരം മുറിക്കുകയോ തീയിടുകയോ ചെയ്തിട്ടില്ല. സിനിമയിൽ ഒരുമരം മറിച്ചിടുന്നതോ മറ്റോ ഉണ്ടത്രെ, അത് സിനിമാക്കാർ തന്നെ കൊണ്ടുവന്ന തെർമോക്കോളിൽ നിർമ്മിച്ച മരമാണ്. ഇവിടെ മാത്രമായി ചൂടുകാറ്റൊന്നും ഇല്ല എല്ലായിടത്തുമുള്ളതുപോലുള്ള ചൂട് ഇവിടെയും ഉണ്ട് (കുറച്ച് കുറവാണുതാനും). സ്ഥിരമായി ട്രെയിനിങ്ങ് ക്യാമ്പ് നടക്കുന്നതിനാൽ തന്നെ ഇവിടെ അടിക്കാടില്ല (കേവലം ഒരേക്കറിൽ താഴെ മാത്രമാണിത്), ഇവിടെ മരത്തൈകൾ വെച്ച് പിടിപ്പിക്കാൻ പറ്റാഞ്ഞിട്ടല്ല പക്ഷെ ഇവിടെ പോലീസിന് ട്രെയിനിങ്ങ് നൽകുന്നത് അവരെ നമ്മളുടെ കാടുകൾ കൂടെ സംരക്ഷിക്കുന്നതിന് സജ്ജരാക്കുന്നതിനാണ്.


2. ഈ വനഭാഗം വന്യജീവികളുടെ പ്രധാന ആവാസ വ്യവസ്ഥയായിരുന്നു, ഷൂട്ടിങ്ങ് കാരണം ഇവിടെ നിന്ന് പോയ വന്യജീവികൾ തിരികെ വരാൻ വർഷങ്ങളെടുക്കും
കണ്ണവം വന്യജീവികളുടെ സാനിധ്യം കുറഞ്ഞ പ്രദേശമാണ്, കാടിനകത്ത് ധാരാളം കുടുംബങ്ങൾ താമസിക്കുന്നതിനാലും മറ്റ് പലകാരണങ്ങളാലും ഇവിടെ വന്യജീവി സമ്പത്ത് കുറവാണ്. ഷൂട്ടിങ്ങ് നടന്നത് ടാർ റോഡിൽ നിന്നും കേവലം നൂറ് മീറ്റർ മാത്രം അകത്തായാണ്. ആന പോലുള്ള ജീവികൾ അടുത്ത കാലത്തൊന്നും ഇവിടെ വന്നിട്ടില്ല. ഷൂട്ട് നടന്ന സ്ഥലത്ത് ചിലപ്പോഴൊക്കെ കുരങ്ങുകളെ കണ്ടതല്ലാതെ മറ്റൊരു ജീവിയേയും കണ്ടിട്ടില്ല, ഞാനെന്നല്ല ആരും കണ്ടിട്ടില്ല. കണ്ണവത്തെ കാടുകൾക്കകത്തെ ഗ്രാമങ്ങളിൽ ആളുകൾ രാത്രിയിൽ കൂടി ഭയരഹിതരായി ഇറങ്ങി നടക്കുന്നത് കാണാം, കാരണം ജൂൺ ജൂലൈ മാസങ്ങളിൽ വല്ലപ്പോഴും വന്ന് പോകുന്ന ആന മാത്രമെ ഇവിടുള്ളൂ.
3. ഷൂട്ടിങ്ങ് മൂലം ആദിവാസി ജനസമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു, അതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുന്നു. ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടു.
ആദിവാസികളായ 4 കുടുംബങ്ങൾ മഴക്കാലമല്ലാത്തപ്പോൾ മാത്രം പുഴ കടന്ന് ഈ വഴി അവരുടെ സ്ഥലത്തേക്ക് പോകാറുണ്ട്. കുറച്ച് ദൂരം കുറവാണെന്നതിനാൽ പുഴയിൽ വെള്ളമില്ലാത്തപ്പോൾ ഈ കുറുക്കുവഴി ഉപയോഗിക്കുന്നു എന്നുമാത്രം. കാട്ടിൽ പലയിടങ്ങളിലായി ആദിവാസി കുടുംബങ്ങൾ ഉള്ളതിനാൽ മറ്റുചിലരും വല്ലപ്പോഴുമൊക്കെ എളുപ്പമാർഗ്ഗം എന്ന നിലയിൽ ഇതുവഴി പോകാറുണ്ടാവാം. വഴി തടസപ്പെട്ടു എന്ന് കാണിച്ച് ഒരു സ്ത്രീ പരാതിക്കാരിയായ ഒരു അപ്പീൽ ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ വന്നിരുന്നു, എന്നാൽ അവരോട് നേരിട്ട് കാര്യം തിരക്കിയപ്പോൾ അവരോട് ചോദിക്കുകപോലും ചെയ്യാതെയാണ് അവരുടെ വനാവകാശ രേഖ ഉപയോഗിച്ച് കോടതിയിൽ അപ്പീൽ സമർപ്പിച്ചതെന്നാണ് പറഞ്ഞത്, അവർ താമസിക്കുന്നതാകട്ടെ ഷൂട്ടിങ്ങ് നടന്ന സ്ഥലത്ത് നിന്നും വളരെ ദൂരെയും, ഒരിക്കൽ പോലും അവർക്ക് ഷൂട്ടിങ്ങ് നടന്ന ഒരേക്കറോളമുള്ള സ്ഥലത്ത് ഒരാവശ്യത്തിനും പോവേണ്ടതില്ലായിരുന്നു. ഈ കാര്യങ്ങൾ മുൻനിർത്തി പരാതി കോടതി തീർപ്പാക്കി. വനാവകാശനിയമ പ്രകാരം നടപടി ആഗ്രഹിക്കുന്നെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയെ സമീപിക്കാൻ നിർദേശിച്ചെങ്കിലും ആരും എവിടെയും ഒരു പരാതിയും പിന്നീട് നൽകിയില്ല.


Read More: മാസ്സാണ് ബാഹുബലി

ബാഹുബലി ദി ബിഗിനിങ്ങ് ഞാൻ കണ്ടിട്ടില്ല, ബാഹുബലി 2 ദി കൺക്ലൂഷൻ കാണണമെന്നുണ്ട് എന്നാൽ തിക്കും തിരക്കും കൂട്ടി കാണണമെന്നില്ല. 24 ദിവസം കണ്ണവത്ത് ഷൂട്ട് ചെയ്ത രംഗങ്ങൾ കേവലം മിനുട്ടുകളേ സിനിമയിലുള്ളൂ എന്ന് ചിത്രം കണ്ടവർ പറഞ്ഞ് അറിഞ്ഞു. ഒരാഴ്ച്ചകൊണ്ട് ഷൂട്ട് ചെയ്യാമായിരുന്ന കാര്യമാണ് ഇവിടെ നാലാഴ്ച്ചയെടുത്ത് ഷൂട്ട് ചെയ്തത്. കാരണം ഒന്നേയുള്ളൂ, ഇത് ഒരു വലിയ ബിസിനസ്സാണ്. ആസ്വാദകരും വിമർശകരുമൊക്കെ ഒരു പോലെ വലിയ സ്ക്രീനിൽ പോയി തന്നെ കാണണമെന്ന് നമ്മളോട് ഉപദേശിക്കുന്ന എല്ലാ തരത്തിലും നല്ല വാർത്തകൾ മാത്രം പുറത്ത് വരുന്ന ഒരു വലിയ ദൃശ്യ ചൂതാട്ടം. ആ ചൂതാട്ടത്തിൽ പെട്ടുപോകാൻ സാധ്യതയില്ലാത്ത ഇന്നാട്ടിലെ പ്രകൃതിയേയും പാവപ്പെട്ടവനേയുമൊക്കെ കുറിച്ച് ചിന്തിക്കുന്ന സിനിമ സ്ഥിരമായി കാണാത്ത മറുപക്ഷത്തിന്റെ ചിന്താ പ്രക്രിയകളിൽ കൂടെ സിനിമയെകുറിച്ചുള്ള പരസ്യം എത്തിക്കാനുള്ള ഒരു തന്ത്രമാണ് ഇന്ന് വന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ഈ നെഗറ്റീവ് വാർത്തകൾ. ആളുകളിൽ ആകാംക്ഷ ജനിപ്പിച്ച് അത് ഏറ്റവും നല്ലരീതിയിൽ വിപണനം ചെയ്ത സിനിമകളിൽ ഒന്ന് തന്നെയാണ് ബാഹുബലി 2, എന്നാൽ അതൊരു ക്ലാസിക്ക് സിനിമയാണെന്ന് ആരും പറയില്ല.


കഴിഞ്ഞ രണ്ട് വർഷമായി കണ്ണവത്തെ റെയ്ഞ്ച് ഓഫീസറുടെ ജോലി ഞാൻ ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നത്. വിമർശനങ്ങൾ തളർത്തിയിട്ടില്ല, പ്രശംസയിൽ അഹങ്കരിച്ചിട്ടുമില്ല. ആയിരത്തിലധികം വരുന്ന ആദിവാസി കുടുംബങ്ങൾ അധിവസിക്കുന്ന ഒരു വനപ്രദേശത്തെ റെയ്ഞ്ചർ എന്ന നിലയിൽ എന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും അവരുടെ ജീവിതത്തെയും ഭാവിയേയും ചെറിയ അളവിലെങ്കിലും ബാധിക്കുമെന്ന് ബോധത്തോടെ തന്നെയാണ് ഓരോ കാര്യവും ചെയ്തത്.

ബ്രിട്ടീഷ് കാലം മുതൽ നാനാവിധത്തിലുള്ള തോട്ടങ്ങൾ വെച്ചുപിടിപ്പിക്കപ്പെട്ട വനമേഖലയാണ് കണ്ണവം, അതിന്റെ പരിമിതികളും പ്രശ്നങ്ങളും ഉണ്ട്. പഴശ്ശിരാജയെപ്പോലുള്ളവരുടെ പേര് ചേർത്ത് അറിയപ്പെടാനാണ് ഈ കാട്ടിലുള്ളവർക്ക് ആഗ്രഹം, അതാണ് അവർക്ക് അന്തസ്സും, അല്ലാതെ 2017ൽ ഇറങ്ങിയ ഒരു സിനിമയുടെ പേരിലല്ല. മറ്റ് ആദിവാസി വിഭാഗത്തെ പോലെ ഇവിടത്തെ കുറിച്ച്യ സമുദായത്തിൽ പെട്ട ആളുകൾ ഈ വനത്തിനെ വിഭവങ്ങൾ ശേഖരിക്കാനും മറ്റുമായി അധികമായി ആശ്രയിക്കുന്നവരല്ല, എന്നാൽ ഈ കാടിനെ അളവറ്റ് സ്നേഹിക്കുന്നവരാണ്. കേരളത്തിൽ പലയിടങ്ങളിൽ വ്യാപകമായി കാട്ടുതീ ഉണ്ടായ വർഷമായിട്ടും കണ്ണവത്തെ കാടുകൾ കത്താതിരുന്നത് ഞങ്ങളുടെ മിടുക്ക് കൊണ്ടല്ല, കാട്ടിനകത്ത് താമസിക്കുന്നവർ കാടിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. അടിക്കാട് നശിച്ചത് തിരിച്ച് വരാൻ 70 വർഷം വേണമെന്ന് റിപ്പോർട്ട് ചെയ്യുന്നവർ ഇവിടത്തെ കാടുകൾ ആളുകൾ എത്ര അഭിമാനത്തോടെയാണ് സംരക്ഷിക്കുന്നതെന്ന് കൂടി റിപ്പോർട്ട് ചെയ്താൽ നന്നായിരുന്നു.


Next Story

Related Stories