TopTop
Begin typing your search above and press return to search.

പിള്ളേച്ചന്‍ ഇനി പുണ്യാളച്ചന്‍!

പിള്ളേച്ചന്‍ ഇനി പുണ്യാളച്ചന്‍!

അങ്ങനെ, ആര്‍.ബാലകൃഷ്ണപിള്ളയും വാഴ്ത്തപ്പെട്ടവനായി. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിര നായകനായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വേദിയില്‍ കൊട്ടാരക്കര വാളകം കീഴൂട്ട് രാമന്‍പിള്ളയുടെ മകന്‍ ബാലകൃഷ്ണപിള്ള പ്രത്യക്ഷപ്പെട്ടതോടെ പ്രതിപക്ഷ മുന്നണിയുടെ ജനപ്രീതി 'ടാം' റേറ്റിംഗുള്ള സീരിയല്‍ പോലെ കുതിച്ചുയരും! പിള്ളേച്ചന്‍ എന്ന ഈ 'നിത്യനിതാന്ത അഴിമതി വിരോധി'യുടെ വായ്ത്താരികള്‍ ഇനി എല്‍.ഡി.എഫിന് സ്വന്തം!

മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യനോവലായിട്ടാണല്ലോ ഒ.ചന്തുമേനോന്‍ എഴുതിയ 'ഇന്ദുലേഖ' പരിഗണിക്കപ്പെടുന്നത്. അതില്‍ ഇന്ദുലേഖയെ കെട്ടാന്‍ വന്നിട്ട് നടക്കാതെ തോഴിയില്‍ സംതൃപ്തിയടയാന്‍ നിര്‍ബന്ധിതനാവുന്ന സൂരിനമ്പൂതിരിപ്പാട് ഇപ്പോഴും നിത്യഹരിതകഥാപാത്രമാണ്. എന്നാല്‍, ഇവിടെ എല്‍.ഡി.എഫിന്റെ അവസ്ഥ സൂരിനമ്പൂതിരിപ്പാടിനേക്കാള്‍ പരിതാപകരമാണെന്നതാണ് യാഥാര്‍ത്ഥ്യം. കെ.എം.മാണിയായിരുന്നു 'ഇന്ദുലേഖ'യായി ആദ്യം എല്‍.ഡി.എഫിനെ കൊതിപ്പിച്ചത്. 'ഇത്തിരി' പേരുദോഷമൊക്കെയുണ്ടെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ എല്ലാം മാറിക്കിട്ടുമെന്നായിരുന്നല്ലോ കരുതിയത്. പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി ആവാതിരിക്കാന്‍ 'ആ അവിഹിതഗര്‍ഭം' ചുമക്കാന്‍പോലും സന്നദ്ധരായതാണ്. പതിവുപോലെ വി.എസ്.അച്യുതാനന്ദനും സി.പി.ഐയും 'മാണിസുന്ദരി'യുടെ വീട്ടിലെ 'നോട്ടെണ്ണല്‍ യജ്ഞ'ത്തിനെതിരെ ആഞ്ഞടിച്ചതോടെ നിവൃത്തിയില്ലാതെ തോഴിയില്‍ കണ്ണെറിഞ്ഞു. എം.പി.വീരേന്ദ്ര കുമാര്‍ അടുത്ത രാജ്യസഭാസീറ്റ് ഉറപ്പിച്ചതോടെ തോഴിയും ഇല്ലെന്നായി. പിന്നെ, നടതള്ളി വഴിയില്‍ വീണുകിടന്നതെങ്കില്‍ അതെങ്കിലുമായിക്കോട്ടെ എന്നായി വല്യേട്ടന്‍ സഖാവ്. അങ്ങനെയാണല്ലോ ബാലകൃഷ്ണപിള്ള സഖാവ് ഇടതുമുന്നണിയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ വേദിയിലെത്തിയത്.

അതിനുമുമ്പുതന്നെ എല്‍.ഡി.എഫ് നേതാക്കള്‍, പ്രത്യേകിച്ചും സി.പി.എം നേതാക്കള്‍ അരുവിക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ കേരളാകോണ്‍ഗ്രസ് (ബി) കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കപ്പെടും. അപ്പോള്‍, ഉപതിരഞ്ഞെടുപ്പിന്റെ കാര്യം പറയാനുമില്ല. കള്ളനാണോ കൊലപാതകിയാണോ സ്ത്രീപീഢകനാണോ എന്നൊന്നും നോക്കാനാവില്ല. പക്ഷെ, അത് വോട്ടുള്ളവരുടെ കാര്യം. അരുവിക്കരയില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ ഉദ്ദേശിച്ചാണോ 'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം' എന്ന ചോദ്യമുയര്‍ന്നത്? അരുവിക്കരയില്‍ കേരളാ കോണ്‍ഗ്രസ് (ബി)ക്ക് വോട്ടുവേണമെങ്കില്‍ കൊട്ടാരക്കരനിന്ന് അരുവിക്കരയില്‍ കുറേ വോട്ടുകള്‍ ചേര്‍ക്കേണ്ടിവരും!

രാഷ്ട്രീയത്തില്‍ ശാശ്വതമായ മിത്രവും ശത്രുവുമൊന്നുമില്ലെന്ന് എത്രതവണ കണ്ടതാണ്. എന്തിന്, പരസ്പരം കടിച്ചുകീറാന്‍നിന്ന കോണ്‍ഗ്രസും സി.പി.എമ്മും ഒരു മുന്നണിയായി ഇന്ത്യ ഭരിച്ചിട്ട് അഞ്ചാറുവര്‍ഷം കഴിഞ്ഞല്ലേയുള്ളൂ. സി.പി.ഐ സഖാക്കള്‍ക്ക് കോണ്‍ഗ്രസുമായി മധുവിധു മുമ്പും ശീലമുണ്ടായിരുന്നതിനാല്‍ അവര്‍ അന്ന് കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. സി.പി.എമ്മിന് 'സംബന്ധ'ത്തോടു മാത്രമേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായി. പിന്നീട് സി.പി.എം വിരുദ്ധനുമായി. ഇക്കാലത്ത് അധികാരത്തിലിരിക്കുന്ന സി.പി.എം നേതാക്കള്‍ പാര്‍ട്ടി വിരുദ്ധരാവുന്നത് എന്തുകൊണ്ടാണ്? ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപന്‍ ചക്രവര്‍ത്തിയും സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും മാത്രമല്ല കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന, നിലവില്‍ പ്രതിപക്ഷനേതാവായ സി.പി.എം സ്ഥാപകനേതാവ് വി.എസ്.അച്യുതാനന്ദന് പാര്‍ട്ടി വിരുദ്ധ മനോനിലയാണെന്ന് സംസ്ഥാന സമ്മേളനത്തിന് തലേന്നാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി.ബി അംഗം പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ചത്. പശ്ചിമബംഗാളിലെ ഒടുവിലത്തെ സി.പി.എം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞശേഷം കൊല്‍ക്കത്തക്ക് പുറത്തുനടന്ന ഒരു പാര്‍ട്ടി കമ്മിറ്റിയിലും പങ്കെടുത്തിട്ടില്ല. പതിനൊന്നുകൊല്ലം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 24കൊല്ലം തുടര്‍ച്ചയായി വിജയിച്ച നിയമസഭാസീറ്റില്‍ അദ്ദേഹത്തിന്റെ ചീഫ്‌സെക്രട്ടറിയില്‍ നിന്ന് പതിനാറായിരത്തിലേറെ വോട്ടിന് തോറ്റശേഷവും താന്‍ പങ്കെടുക്കണമെങ്കില്‍ പി.ബിയോ സി.സിയോ കൊല്‍ക്കത്തയില്‍ കൂടണം, എങ്കില്‍ സാന്നിദ്ധ്യം കൊണ്ടനുഗ്രഹിക്കാം എന്നതായിരുന്നല്ലോ നിലപാട്. കേരളത്തിലായിരുന്നെങ്കില്‍ അദ്ദേഹം എന്നേ പാര്‍ട്ടിവിരുദ്ധനായേനെ! വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും അദ്ദേഹം പങ്കെടുത്തില്ല. അദ്ദേഹവും വി.എസ്. അച്യുതാനന്ദനൊപ്പം കേന്ദ്രക്കമ്മിറ്റിയില്‍ ക്ഷണിതാവാണ്!കേരളത്തില്‍ ഒരു അഴിമതിക്കേസില്‍ ആദ്യമായി ശിക്ഷിക്കപ്പെട്ട മന്ത്രി എന്ന 'കനത്തബഹുമതി' ആര്‍.ബാലകൃഷ്ണപിള്ളയ്ക്കുമാത്രം അര്‍ഹതപ്പെട്ടതാണ്. ആ അര്‍ത്ഥത്തില്‍ അദ്ദേഹം 'ചരിത്രപുരുഷനു'മാണ്. ഇടമലയാര്‍ അഴിമതിക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കി. ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ആ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ സ്വന്തംനിലയ്ക്ക് ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോഴത്തെ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ആര്‍.ബാലകൃഷ്ണപിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അയയ്ക്കുന്നതിന് ആധാരമായ വിധി പുറപ്പെടുവിച്ചത്. അങ്ങനെ, ആര്‍.ബാലകൃഷ്ണപിള്ളയെ ചരിത്രപുരുഷനാക്കിയ ആളായും വി.എസ്.അച്യുതാനന്ദനെ വിശേഷിപ്പിക്കാം. അതേ അച്യുതാനന്ദന് കൈകൊടുത്ത് ആശീര്‍വാദം വാങ്ങിയാണ് പിള്ളയും മോനും എല്‍.ഡി.എഫ് സമരവേദിയിലെത്തിയത്.

അഴിമതികാട്ടിയ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചു. അതിനുശേഷം അദ്ദേഹം നല്ല മനുഷ്യനായി. ജയിലില്‍വച്ച് പിള്ളക്ക് ഇരുമ്പിന്റെ അംശം വളരെക്കൂടുതലായിരുന്നല്ലോ. അതുകൊണ്ടാണല്ലോ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാകുംമുമ്പ് പുറത്തിറക്കിയത്. ഉമ്മന്‍ചാണ്ടിക്കിട്ട് കുറേ കുത്തുകൊടുത്തതോടെ ആ ഇരുമ്പില്‍ മുക്കാലും തീര്‍ന്നുകാണണം. ശേഷിച്ചത് മകന്‍ കെ.ബി. ഗണേഷ് കുമാറിനെ രാജിവച്ചപ്പോള്‍ ഇല്ലാതായി. ജയിലിലടക്കുക എന്നതിന്റെ ലക്ഷ്യം തന്നെ ഒരാളെ പശ്ചാത്താപത്തിനും ആത്മശുദ്ധീകരണത്തിനും വേണ്ടിയാണല്ലോ. ആ അര്‍ത്ഥത്തില്‍ പിള്ളേച്ചന്‍ ഇനി വെറും പിള്ളേച്ചനല്ല, പുണ്യാളച്ചനാണ്. അതുകൊണ്ടാണ് അഴിമതിക്കെതിരായ നിലപാടിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നുപറഞ്ഞ് വി.എസ്. അച്യുതാനന്ദന്‍പോലും ബാലകൃഷ്ണപിള്ളയെ വരവേറ്റത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകബാര്‍കോഴക്കേസിലെ പ്രതി കെ.എം.മാണിയും ബാര്‍ലൈസന്‍സ് കോഴക്കേസിലെ പ്രതി കെ.ബാബുവും രാജിവയ്ക്കണമെന്നാണല്ലോ എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്. ഇരുവരെയും കല്‍തുറുങ്കിലടക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുവേണ്ടതൊക്കെ വി.എസ് തന്നാലാവുംവിധം ചെയ്യുമെന്ന് അറിയാത്ത ആരുമുണ്ടാവില്ല. 'അഡ്ജസ്റ്റുമെന്റ് സമര'ങ്ങളുടെ ഇക്കാലത്ത് ചില സമരങ്ങള്‍ അങ്ങനെ അല്ലാതായതിന്റെ കാരണവും എല്ലാവര്‍ക്കുമറിയാം. അതിനാല്‍ കെ.എം.മാണിയും കെ.ബാബുവുമൊന്നും പേടിക്കേണ്ട. നിങ്ങള്‍ കല്‍തുറുങ്കിലടക്കപ്പെട്ടാല്‍ രക്ഷപ്പെട്ടു. അതോടെ, നിങ്ങളുടെ അഴിമതികള്‍ ഇല്ലാതാവും, നിങ്ങളൊക്കെ പുണ്യാളരാവും..! അന്ന് എല്‍.ഡി.എഫ് നടത്തുന്ന അഴിമതിവിരുദ്ധ യോഗത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. ഈ 'സൗഭാഗ്യം' ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും വി.എസ്.ശിവകുമാറിനുമൊന്നും കിട്ടാനിടയില്ല. കാരണം, അവര്‍ രാജിവയ്ക്കണമെന്നും കല്‍ത്തുറുങ്കുകളില്‍ പോകണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടില്ല! അതുകൊണ്ട് അവര്‍ക്ക് വിശുദ്ധരാകാനുള്ള യോഗമില്ല.അവര്‍ അഴിമതി ചെയ്തുകൊണ്ടേ ഇരുന്നാലല്ലേ വല്ലപ്പോഴും സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു ധര്‍ണക്കെങ്കിലും അവസരമുണ്ടാവൂ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories