TopTop
Begin typing your search above and press return to search.

ഇത് കമ്മട്ടിപ്പാടത്തെ ബാലനല്ല; കേരള പോലീസ് തല്ലിച്ചതച്ച ഒരു ദളിതന്റെ ജീവിതം

ഇത് കമ്മട്ടിപ്പാടത്തെ ബാലനല്ല; കേരള പോലീസ് തല്ലിച്ചതച്ച ഒരു ദളിതന്റെ ജീവിതം

അഡ്വ. ടി കെ സുജിത്

ഇതുമൊരു ബാലന്റെ കഥയാണ്, ബാലകൃഷ്ണണന്റെ. കമ്മട്ടിപ്പാടത്തിലെ ബാലനെപ്പോലെ ഇദ്ദേഹവും ദളിതനാണ്. പക്ഷേ സിനിമയിലെ ബാലന്‍ പോലീസിനെ ഇടച്ചുവീഴ്ത്തുന്നവനാണെങ്കില്‍ ഈ ബാലന്‍ പോലീസിന്റെയും ജയിലര്‍മാരുടെയും ഇടികൊണ്ട് അവശനായവനാണ്. കമ്മട്ടിപ്പാടത്തില്‍ കാണുന്നതല്ല യഥാര്‍ത്ഥ ദളിത് അവസ്ഥ എന്നും വേണമെങ്കില്‍ പറയാം.

ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മലപ്പുറം, വളാഞ്ചേരി പുറമണ്ണൂരിലെ 23 വയസ്സുള്ള കാളി മകന്‍ ബാലകൃഷ്ണന്‍. എറണാകുളത്തെ കോളേജില്‍ നിന്നും ഡിഗ്രിപഠനം പൂര്‍ത്തിയാക്കിയ ബാലന്‍ തന്റെ നിര്‍ധന കുടുംബത്തിന് ഒരത്താണിയെന്ന നിലയിലാണ് മിമിക്രിയെ കണ്ടത്. വിവിധ ട്രൂപ്പുകളിലും ഏകാഭിനയമായും ഒക്കെ പല വേദികളിലും പ്രത്യക്ഷപ്പെട്ട ബാലന്‍ സവിശേഷമായ ഏതോ ഒരാശയവും മനസ്സില്‍ പേറി കഴിഞ്ഞ 24 ാം തീയതി തിരുവനന്തപുരത്തേക്ക് വണ്ടികയറി. സുരാജ് വെഞ്ഞാറമൂടിനും മറ്റും സ്‌ക്രിപ്റ്റ് തയ്യാറാക്കി നല്‍കുന്ന ഏതോ ഒരു കലാകാരനെ കാണുന്നതിനാണ് ബാലന്‍ പോയത്. തന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന നാട്ടിലെ ഒരു ഡോക്ടറുടെ പക്കല്‍ നിന്നും കടം വാങ്ങിയ പതിനയ്യായിരം രൂപയും മുന്‍പ് പരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ ലഭിച്ച പ്രതിഫലത്തില്‍ മിച്ചം പിടിച്ചുണ്ടാക്കിയ ലാപ്‌ടോപ്പും അവനോടൊപ്പമുണ്ടായിരുന്നു.

പുതിയ മിമിക്രി പരിപാടിക്ക് രൂപം നല്‍കുവാന്‍ തിരുവനന്തപുരത്ത് എത്തിയ ബാലന്‍ എന്തുകൊണ്ടോ അന്നു തന്നെ തിരികെ പോന്നു. തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ തന്റെ മൊബൈല്‍ ഫോണും അവന്‍ വീട്ടില്‍ മറന്ന് വെച്ചിരുന്നു. അതുകൊണ്ട് തിരികെ പോന്ന വിവരമൊന്നും വീട്ടുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ട്രെയിനില്‍ കയറിയ ബാലന് സ്ഥലകാലബോധം നഷ്ടപ്പെട്ടു. പിച്ചുംപേയും പറയാനും തനിയെ ഇരുന്ന് മിമിക്രി അവതരിപ്പിക്കാനും ഉറക്കെ പാട്ടുപാടാനും തുടങ്ങി. ഇത് സഹയാത്രക്കാര്‍ക്ക് അസഹ്യമായപ്പോള്‍ അവര്‍ പരാതിപ്പെടുകയും രാത്രി 10 -11 മണി സമയത്ത് ആലപ്പുഴയിലെ മാരാരിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് അവനെ ബലംപ്രയോഗിച്ച് ഇറക്കി വിടുകയും ചെയ്തു. ഇതിനിടയില്‍ ബാലന്റെ ലാപ്‌ടോപ്പും ബാഗുമൊക്കെ നഷ്ടപ്പെട്ടിരുന്നു.

ട്രെയിനില്‍ നിന്നും ഒരു പരിചയമില്ലാത്ത സ്ഥലത്തേക്ക് ബലംപ്രയോഗിച്ച് ഇറക്കിവിടപ്പെട്ടത് ബാലനില്‍ വീണ്ടും വിഭ്രാന്തി വര്‍ദ്ധിപ്പിച്ചു. സ്‌റ്റേഷനില്‍ ബഹളം വെച്ച ബാലനെ അവിടെ നിന്നും അറിയിച്ചതനുസരിച്ച് കസ്റ്റഡിയിലെടുക്കാന്‍ പോലീസെത്തി. ജീവിതത്തില്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്ത തന്നെ പോലീസ് എങ്ങനെയാണ് അറസ്റ്റ് ചെയ്യുക എന്ന് ബാലന്‍ പോലീസിനോട് ചോദിച്ചു. ഇതേ ചോദ്യം പിന്നീട് ബാലന്‍ മജിസ്‌ട്രേറ്റിനോടും ചോദിച്ചു. ആ ചോദ്യം കേട്ടപ്പോള്‍ തന്നെ മജിസ്‌ട്രേറ്റിന് കാര്യം മനസ്സിലായെങ്കിലും കേരളത്തിലെ വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന പോലീസുകാര്‍ക്കും യുവാവായ മാരാരിക്കുളം എസ്.ഐക്കും കാര്യം മനസ്സിലായില്ല... അത്തരം ചോദ്യങ്ങള്‍ ഭരണകൂടത്തോടുള്ള വെല്ലുവിളിയായാണ് അവര്‍ സാധാരണയായി മനസ്സിലാക്കുന്നത്. അത് രാജ്യദ്രോഹകരമാണെന്നും തൂക്കിക്കൊല്ലേണ്ടുന്ന പാതകമാണെന്നും അവര്‍ വിശ്വിസിക്കുന്നു. അതിനാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ 'അക്രമാസക്തനായി കലഹമുണ്ടാക്കിയ' കുറ്റത്തിന് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ബാലനെ കൂടുതല്‍ പ്രകോപിപ്പിച്ചു. പിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ കയ്യില്‍ കിട്ടിയ എന്തോ എടുത്ത് അടിച്ച് 'അനീതി നിര്‍വ്വഹണത്തിനെ ചെറുക്കാന്‍' ബാലന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അവനെ അടികൊടുത്ത് കീഴ്‌പ്പെടുത്തി മാരാരിക്കുളം പോലീസ് സ്‌റ്റേഷനില്‍ ലോക്കപ്പ് ചെയ്തു.


ബാലകൃഷ്ണന്റെ മുമ്പുള്ള രൂപവും ഇപ്പോഴത്തെ അവസ്ഥയും


രാവിലെ ബാലന്‍ അല്പം ശാന്തനായപ്പോള്‍ വീട്ടുകാരുടെയും മറ്റും വിവരങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞു. തനിക്ക് മനസ്സിന് നല്ല സുഖമില്ലെന്നും മറ്റും ബാലന്‍ തന്നെ പറഞ്ഞപ്പോള്‍ പോലീസേമാന്‍മാര്‍ക്ക് കാര്യം മനസ്സിലായി. അതുവരെ അവര്‍ ധരിച്ചത് ബാലന്‍ കഞ്ചാവടിച്ച് ബഹളമുണ്ടാക്കുകയാണെന്നും അവന്‍ പോലീസിന്റെ ഭരണകൂടത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന ധിക്കാരിയും അഹങ്കാരിയും അരാജകവാദിയുമായ ഏതോ ഒരുത്തനാണെന്നുമൊക്കെയാണ്. അതിനെ തുടര്‍ന്ന് 25 ന് രാവിലെ മലപ്പുറത്തുള്ള ബാലന്റെ സഹോദരനെ പോലീസ് വിളിച്ച് പറയുകയും നിങ്ങള്‍ വന്ന് ബാലനെ കൂട്ടിക്കൊണ്ടുപോകണം എന്നാവശ്യപ്പെടുകയും ചെയ്തു. സഹോദരനും അളിയനും മറ്റൊരു ബന്ധുവും കൂടി ബാലനെ അന്വേഷിച്ച് മാരാരിക്കുളത്തെത്തിയപ്പോള്‍ സന്ധ്യയായി. അതിനിടയില്‍ മാനസിക വിഭ്രാന്തി കാട്ടിയ ബാലനെ പോലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ആലപ്പുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തിരുന്നു.

മജിസ്‌ട്രേറ്റിന്റെ വാക്കുകള്‍ ഇങ്ങനെ: 'എന്നെ എങ്ങനെ ജയിലിലാക്കാനാകും, അതിനാര്‍ക്കാണ് അധികാരം' എന്ന് ആരോടെന്നില്ലാതെ ചോദിച്ച് നില്‍ക്കുന്ന ബാലനെ കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി. പക്ഷേ, ഞാന്‍ നിസ്സഹായനായിരുന്നു. ബാലനെയും കൊണ്ട് എന്റെ മുന്നില്‍ വന്ന പോലീസുകാരുടെ കയ്യില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. അതില്‍ എഴുതിയിരുന്നത്, അയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കഴിയും വിധം മെഡിക്കലി ഫിറ്റാണെന്നാണ്. എനിക്ക് രേഖകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചല്ലേ പറ്റൂ... ബാലന് ആ സമയത്ത് അഭിഭാഷകനുമുണ്ടായിരുന്നില്ല. നിങ്ങള്‍ പിന്നീടാണല്ലോ എത്തുന്നത്... ഇതൊരു ദുര്യോഗമാണ്. പോലീസിനും ജയിലധികൃതര്‍ക്കും മാനസികാസ്വാസ്ഥ്യമുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യാതൊരു പിടിയുമില്ല, നമ്മുടെ നാട്ടില്‍...

ഏതായാലും മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടേണ്ട ബാലന്‍ 'മനപ്പൂര്‍വ്വം കരുതിക്കൂട്ടി പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയ' കുറ്റത്തിന് ജയിലിനകത്തായി...

അവിടെ വീണ്ടും ബാലന്റെ ദുര്‍ഗതി തുടര്‍ന്നു... പോലീസും കോടതിയും സഹിക്കാവുന്നതിലധികമായിരുന്ന ബാലന് ജയില്‍ ഒരുതരത്തിലും ഉള്‍ക്കൊള്ളാനായില്ല. നിരപരാധിയായ, യാതൊരു തെറ്റും ചെയ്യാത്ത തന്നെ തുറന്ന് വിടണമെന്ന് അലറിയ ബാലനെ ജയില്‍ വാര്‍ഡ്ന്മാര്‍ പതിവ് ശൈലിയില്‍ കൈകാര്യം ചെയ്ത് നോക്കി. ഇതിനിടയില്‍ സംഭവ സ്ഥലത്തെത്തിയ ബാലന്റെ ബന്ധുക്കള്‍ 26 ന് വൈകുന്നേരം ജാമ്യം എടുക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തി. ഐ.പി.സി. 332 ാം വകുപ്പ് പ്രാകാരം ജാമ്യമില്ല വകുപ്പിട്ടാണ് കേസെടുത്തിട്ടുള്ളതെങ്കിലും ജില്ലാ കോടതിയിലേക്ക് പോകാതെ റിമാന്റ് ചെയ്തു മജിസ്‌ട്രേറ്റിന് മുന്നില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് എനിക്ക് തോന്നിയത്. ജാമ്യാപേക്ഷ വിചാരണയ്‌ക്കെടുത്തപ്പോള്‍ തന്നെ, കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്ത മലപ്പുറത്തെ യുവാവല്ലേ.. ജാമ്യക്കാരുമായി പോന്നോളു ജാമ്യം തന്നേക്കാം എന്ന് അദ്ദേഹം പറഞ്ഞു. മേല്‍പ്പറഞ്ഞ പോലീസിന് ഡോക്ടര്‍ ജയിലര്‍ വിഭാഗങ്ങളില്‍ പെടുന്ന ഒരാളാണെങ്കിലും അവര്‍ക്കാര്‍ക്കുമില്ലാത്ത മനുഷ്യത്വവും വിവേകവും അദ്ദേഹത്തിന് ഉണ്ടെന്ന് ബോദ്ധ്യമായി.

ഇതിനിടയിലും ബാലനെ നേര്‍വഴി നടത്താനുളള ശ്രമങ്ങള്‍ ജയിലില്‍ നടക്കുകയായിരുന്നു. വാര്‍ഡന്‍മാര്‍ വിചാരിച്ചിട്ട് നടക്കാത്ത കാര്യം അവര്‍ സഹതടവുകാരെ ഏല്‍പ്പിച്ചു. അവര്‍ ബാലനെ അടിച്ച് താടിയെല്ലൊടിച്ചു. പല്ലും കൊഴിച്ചു. അങ്ങനെ മിനിഞ്ഞാന്ന് വൈകിട്ട് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബാലനെ അവിടെ നിന്നും തിരുവനന്തപുരം ദന്തല്‍ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ ഇന്നലെ തന്നെ കോടതി ജാമ്യം അനുവദിച്ചതിനാലും പ്രാദേശിക ചികിത്സ മതിയെന്നും പറയത്തക്ക ഗുരുതരാവസ്ഥ ബാലന് ഇല്ലെന്നുമൊക്കെയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ജയില്‍ അധികൃതര്‍ ഡോക്ടടര്‍മാരില്‍ നിന്നും തരപ്പെടുത്തിയതിനാലും ബാലനെ അവര്‍ ഇന്നലെ രാത്രി തന്നെ മോചിപ്പിച്ചു.ബാലന്‍ തന്റെ താടിയെല്ലില്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് ജയിലധികൃതരുടെ കഥ. മെഡിക്കോ ലീഗല്‍ ഹിസ്റ്ററി അനുസരിച്ച് ഒരു വ്യക്തിക്ക് പ്രത്യേകിച്ച് മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിക്ക് ഇത്തരം മുറിവ് സ്വയം ഏല്‍പ്പിക്കാന്‍ കഴിയില്ല.

റൂമെടുത്ത് താമസിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്ത ബാലന്റെ ബന്ധുക്കള്‍ മൂന്ന് ദിവസമായി സി.പി.ഐ (എം) കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി ഓഫീസില്‍ അന്തിയുറങ്ങുകയായിരുന്നു. ആലപ്പുഴയില്‍ നില്‍ക്കണമന്നും ഇവിടെ നിന്ന് പോലീസിനും ജയിലധികൃതര്‍ക്കുമെതിരായി ഈ കേസ് ബലമായി മുന്നോട്ട് കൊണ്ടുപോകണം എന്നും ഉള്ള എന്റെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല അവര്‍. ബാലനെ ഇന്ന് മലപ്പുറം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും താടിയെല്ലിലും ദേഹമാസകലവും പരിക്കുള്ള അവനെ നിന്നും വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണെന്നും ഫോണ്‍ വിളിച്ചപ്പോള്‍ അറിഞ്ഞു. ഡോക്ടര്‍, പോലീസ് എന്നിവര്‍ ഒരേ സംവിധാനത്തിന്റെ ഭാഗമായതിനാല്‍ അവന് നീതിയും ചികിത്സയും കിട്ടുമോ എന്ന് കണ്ടറിയണം....

'എല്ലാ ശരിയാക്കണമെന്നാണ്' താങ്കള്‍ സ്വപ്നം കാണുന്നതെങ്കില്‍ പോലീസും ജയിലും പ്രധാനമായും ശരിയാകേണ്ടതുണ്ടെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു...

(ആലപ്പുഴ Lawyers Fraterntiy-യിലെ അസോഷ്യേറ്റ് ലോയര്‍ ആണ് അഡ്വ. ടി കെ സുജിത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories