TopTop

ചൈനീസ് മാഞ്ജ എന്നാല്‍ മരണമെന്നാണ് അര്‍ത്ഥം

ചൈനീസ് മാഞ്ജ എന്നാല്‍ മരണമെന്നാണ് അര്‍ത്ഥം

അഴിമുഖം പ്രതിനിധി

ചൈനീസ് മാഞ്ജ (സിന്തറ്റിക് പട്ടച്ചരട്) എന്നാല്‍ മരണമെന്നാണ് അര്‍ത്ഥം. സ്വാതന്ത്ര്യദിനത്തില്‍ മൂന്നുപേരുടെയും അതിനുമുന്‍പ് നാലുപേരുടെയും ജീവനെടുത്ത മാഞ്ജയുടെ ഉത്പാദനം, സംഭരണം, ഉപയോഗം എന്നിവയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മുന്‍പ് ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നിവ ഇത് നിരോധിച്ചിരുന്നു.

ആഘോഷാവസരങ്ങളില്‍ പരക്കെ അപകടകരമെന്നു തെളിഞ്ഞ കാര്യങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ ആളുകള്‍ തയാറാകുന്നില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് കരിമരുന്നും ചൈനീസ് മാഞ്ജയും.

സുല്‍ഫിക്കര്‍ ഹുസൈന്‍ എന്നയാള്‍ നല്‍കിയ പരാതിയിന്മേലാണ് ഡല്‍ഹിയില്‍ നിരോധന നടപടിയുണ്ടായത്. മുന്‍പ് പക്ഷികളാണ് പട്ടച്ചരടിന് ഇരയായിരുന്നതെങ്കില്‍ ഇപ്പോള്‍ മനുഷ്യരും ഇതിന്റെ ഭീഷണി നേരിടുന്നതായി പരാതിയില്‍ പറയുന്നു. ഈസ്റ്റ് ഡല്‍ഹിയില്‍ ബൈക്കില്‍ സഞ്ചരിക്കവേ പട്ടച്ചരട് കുരുങ്ങി കഴുത്ത് മുറിഞ്ഞുമരിച്ച ഇരുപത്തിയെട്ടുകാരന്റെ ദുരനുഭവം സുള്‍ഫിക്കര്‍ ചൂണ്ടിക്കാട്ടുന്നു.

വിജ്ഞാപനമിറങ്ങിയെങ്കിലും ഏറ്റവും വലിയ പട്ടവിപണികളില്‍ ഒന്നായ ഓള്‍ഡ് ഡല്‍ഹിയിലെ ലാല്‍ കുവയില്‍ ചൈനീസ് മാഞ്ജ വില്‍പന തുടരുകയാണ്. നിരോധനമുണ്ടെങ്കിലും മാഞ്ജ അന്വേഷിച്ച് ആവശ്യക്കാരെത്തുന്നതായി കച്ചവടക്കാരും പട്ടം വില്‍പനക്കാരും പറയുന്നു.

ചൈന ബന്ധം
പട്ടം പറത്തലുകളില്‍ പരസ്പരം മല്‍സരിക്കുമ്പോള്‍ എതിരാളികളുടെ പട്ടച്ചരട് മുറിക്കാന്‍ സ്ഫടികം പൂശിയ ചരട് ഉപയോഗിക്കുക പതിവാണ്. പരമ്പരാഗതമായി പരുത്തിനൂലു കൊണ്ടാണ് ഈ ചരടുകള്‍ നിര്‍മിച്ചിരുന്നത്. അടുത്തകാലത്ത് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പോളിപ്രൊപ്പിലീന്‍ കൊണ്ടുനിര്‍മിച്ച പട്ടച്ചരടുകളുടെ ഉപയോഗം വ്യാപകമായി. എതിരാളികളുടെ പട്ടച്ചരട് എളുപ്പത്തില്‍ മുറിക്കാന്‍ ഇതിനാകുമെന്നതാണ് കാരണം. എന്നാല്‍ ശക്തമായി വലിഞ്ഞുനില്‍ക്കുമ്പോള്‍ റേസര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇതിന് ശരീരവും കീറിമുറിക്കാനാകും.

എന്നാല്‍ ചൈനീസ് മാഞ്ജയ്ക്ക് അയല്‍രാജ്യവുമായി ബന്ധമൊന്നുമില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. 'ചൈനീസ് മാഞ്ജ എന്നറിയപ്പെടുന്നവ ഇവിടെത്തന്നെ നിര്‍മിക്കുന്നവയാണ്. ചരടുകള്‍ പോലും ഇറക്കുമതി ചെയ്യപ്പെടുന്നവയല്ല. നോയ്ഡ, സോണിപ്പത്ത്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇത് ലഭിക്കുന്നത്.' ബാംഗ്ലൂരില്‍ ഒരു മാഞ്ജ നിര്‍മാണശലയിലെ നിര്‍മാണ, വില്‍പന തലവനായ മോഹിത് കാര്‍ത്തികേയന്‍ പറയുന്നു. 'പേര് ഒരു വില്‍പന തന്ത്രം മാത്രമാണ്. ഇറക്കുമതി ചെയ്തതാണെന്നു വിശ്വസിച്ച് ആളുകള്‍ ഇതുവാങ്ങുന്നു.' ഇത്തരം ചരടിന് വളരെയധികം സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവുണ്ടെന്നത് മനുഷ്യജീവനു ഭീഷണിയാണെന്ന് മോഹിത് പറയുന്നു. വലിഞ്ഞുനില്‍ക്കുന്ന ചരടില്‍ ശക്തിയോടെ വന്നിടിക്കുന്ന ശരീരഭാഗം മുറിഞ്ഞുപോകാം. സ്ഫടികവും ലോഹഭാഗങ്ങളും കലരുന്നതിനാല്‍ വൈദ്യുതാഘാതമേല്‍ക്കാനും സാധ്യതയുണ്ട്.പരുത്തിനൂല്‍ കൊണ്ടുള്ള 12 മാഞ്ജ റീലുകള്‍ക്ക് ഗുണനിലവാരം അനുസരിച്ച് 1,150 രൂപ മുതലാണ് വില. എന്നാല്‍ ചൈനീസ് മാഞ്ജയുടെ 12 റീലുകള്‍ക്ക് 350 മുതല്‍ 500 വരെയേ വിലയുള്ളൂ. 'മസാല' പുരട്ടിക്കഴിഞ്ഞാല്‍ ചൈനീസ് മാഞ്ജ കോട്ടണ്‍ മാഞ്ജകളെക്കാള്‍ ശക്തിയുള്ളതും കടുപ്പമുള്ളതുമാകുന്നു. കോട്ടണ്‍ മാഞ്ജയില്‍ സ്ഫടികപ്പൊടിയും നിറവും പശയുമാണ് 'മസാല'. എന്നാല്‍ ചൈനീസ് മാഞ്ജകളില്‍ ഇതിനൊപ്പം ലോഹപ്പൊടിയും ചേര്‍ത്ത് നൈലോണ്‍ നൂലുകളിലാണ് പുരട്ടുന്നത്. ഇതാണ് അവയെ മാരകമാക്കുന്നതും.

നിരോധനം; സംസ്ഥാനങ്ങളില്‍
2009-ലാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇതിനു നിരോധനം ഏര്‍പ്പെടുത്തുന്നത്. 2015-ല്‍ മഹാരാഷ്ട്രയും 2016-ല്‍ ആന്ധ്രപ്രദേശും കര്‍ണാടകയും നിരോധനം പ്രഖ്യാപിച്ചു. ചരടില്‍ കുരുങ്ങി മൂന്നുപേര്‍ മരിച്ചതിനു പിറ്റേന്ന്, ഓഗസ്റ്റ് 16-നാണ് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്.

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനം. നിരോധനത്തിന്റെ ഫലപ്രദമായ നടപ്പാക്കല്‍ ഇപ്പോഴും ചോദ്യചിഹ്നമായി തുടരുന്നു. ചൈനീസ് മാഞ്ജ എന്നതിനു വ്യക്തമായ നിര്‍വചനം പോലുമില്ലാത്തതിനാല്‍ ദേശവ്യാപകമായ നിരോധനം ഫലപ്രദമാകില്ലെന്ന് മോഹിത് പറയുന്നു. 'നിരോധനത്തിനു മുന്‍പ് സുരക്ഷ മുന്‍നിര്‍ത്തി നിര്‍മാതാക്കള്‍ക്ക് നിശ്ചിതനിലവാരം നിര്‍ദേശിക്കണം. അപകടങ്ങള്‍ കോട്ടണ്‍ ചരടുകള്‍ കൊണ്ടും ഉണ്ടാകാം. വിവിധ സമ്മര്‍ദ അളവുകളില്‍ വരുന്ന അവ സംസ്ഥാനങ്ങള്‍ അനുവദിച്ചിട്ടുമുണ്ട് '.

ചൈനയില്‍നിന്നുള്ള പട്ടച്ചരട് ഇറക്കുമതിയെപ്പറ്റിയുള്ള ചോദ്യത്തിന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു: '2012 ഇന്ത്യന്‍ ട്രേഡ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച് പട്ടച്ചരടുകള്‍ക്ക് പ്രത്യേക എക്‌സിം കോഡില്ല. അതിനാല്‍ ഇതുസംബന്ധിച്ച ഇറക്കുമതി വിവരങ്ങള്‍ ലഭ്യമല്ല. നൈലോണ്‍ നൂലുകള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ചൈനീസ് മാഞ്ജ. അവയ്ക്ക് ചൈനയുമായി ബന്ധമുണ്ടാകണമെന്നു നിര്‍ബന്ധമില്ല.''സിന്തറ്റിക്, പ്ലാസ്റ്റിക് നൂലുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ലോകവ്യാപാരസംഘടനയുമായുള്ള ഇന്ത്യയുടെ കരാറുകളുടെ ലംഘനമാകും. ചൈനീസ് മാഞ്ജയുടെ പേരില്‍ സിന്തറ്റിക് നൂലുകളുടെ ഇറക്കുമതി തടയാനാകില്ല. ചില്ലറ വില്‍പന സംസ്ഥാനങ്ങളുടെ പരിധിയിലുള്ള വിഷയമാണ്. ഇവയുടെ വില്‍പനക്കാരെയും ഉപയോക്താക്കളെയും കര്‍ശനമായി ശിക്ഷിക്കണം. ഏതാനും സംസ്ഥാനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇത് ചെയ്തുകഴിഞ്ഞു.'

പാക്കിസ്ഥാനിലും മാഞ്ജ
മാഞ്ജയുമായി ബന്ധപ്പെട്ട മരണങ്ങളോടു പൊരുതുന്നത് ഇന്ത്യ മാത്രമല്ല. 2007ല്‍ ലാഹോറില്‍ ഭരണകൂടം വസന്തകാലത്തിന്റെ തുടക്കത്തിലുള്ള പട്ടം പറത്തല്‍ സുരക്ഷാകാരണങ്ങളാല്‍ താല്‍ക്കാലികമായി നിരോധിച്ചു. സ്ഫടികം കലര്‍ന്ന പോളിമര്‍ അടിസ്ഥാനമായ മാഞ്ജകള്‍ മൂലമുണ്ടാകാവുന്ന അപകടങ്ങളും കാരണങ്ങളിലൊന്നായിരുന്നു. എന്നാല്‍ ചൈനീസ് മാഞ്ജ എന്ന പേര് അതിര്‍ത്തി കടന്നിട്ടില്ല.

ഇതിനുശേഷം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തുടനീളം പട്ടം പറത്തല്‍ നിരോധിച്ചു. മൂര്‍ച്ചയുള്ള നൂലുകൊണ്ടുണ്ടാകുന്ന മരണങ്ങളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നാണിത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 12 ആണ്‍കുട്ടികളെ പട്ടം പറത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.


Next Story

Related Stories