TopTop

ഇടതുപക്ഷത്ത് നിന്ന് എഎപിയിലേക്ക്: പഞ്ചാബില്‍ ദളിത്‌ കവി ബാന്ദ് സിംഗ് നല്‍കുന്ന സൂചന

ഇടതുപക്ഷത്ത് നിന്ന് എഎപിയിലേക്ക്: പഞ്ചാബില്‍ ദളിത്‌ കവി ബാന്ദ് സിംഗ് നല്‍കുന്ന സൂചന
പഞ്ചാബിലെ ദളിത് ചെറുത്തുനില്‍പ്പിന്റെ ബിംബമായാണ് ബാന്ദ് സിംഗ് അറിയപ്പെടുന്നത്. ദളിത് കവി റാം ഉഡാസിയുടെ വിപ്ലവഗാനങ്ങള്‍ ഉറക്കെ ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പഞ്ചാബിന്റെ ഹൃദയത്തില്‍ ഇടം പിടിച്ചത്.

'സിംഹങ്ങള്‍ അലറുമ്പോള്‍, ഭീരുക്കള്‍ ഓടിയൊളിക്കും
തൊളിഴാളികള്‍ക്കും നിലമുഴുന്നവര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല
വരൂ നിങ്ങളുടെ ഒച്ച ഉയര്‍ത്തൂ,
വരൂ നിങ്ങളുടെ ഒച്ച ഉയര്‍ത്തൂ, രോഷം കൊള്ളേണ്ട സമയമായി'

തുടങ്ങിയ വരികള്‍ ഈ നിരക്ഷരന്റെ ശബ്ദത്തിലൂടെ പഞ്ചാബ് അറിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം ഇല്ലെങ്കിലും മാര്‍ക്‌സിസം-ലെനിനിസം പഠിച്ചില്ലെങ്കിലും സിപിഐ(എംഎല്‍) പ്രവര്‍ത്തകനായാണ് ബാന്ദ് സിംഗ് രംഗപ്രവേശം ചെയ്തത്. മസ്ദൂര്‍ മുക്തി മോര്‍ച്ചയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വരെ അദ്ദേഹം വളരുകയും ചെയ്തു. എന്നാല്‍ ഉഡാസിയുടെ കവിതയില്‍ പറഞ്ഞ ഭീരുക്കള്‍ ഒൡച്ചോടിയില്ലെന്ന് അദ്ദേഹം 2006 ജനുവരി അഞ്ചിന് മനസിലാക്കി. മുന്നോക്ക ജാട്ട് സിഖ് യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ ബാന്ദ് സിംഗിന്റെ ഇരുകൈയുകളും കാലുകളും മുറിച്ചുമാറ്റപ്പെട്ടു. അവിടെ നിന്നും അദ്ദേഹം ഒരു വീല്‍ ചെയറില്‍ സഞ്ചരിച്ച് തന്റെ കവിത ചൊല്ലല്‍ തുടര്‍ന്നുകൊണ്ടേയിരുന്നതായി അദ്ദേഹത്തെ കുറിച്ച് നിരുപമ ദത്ത എഴുതിയ 'ദ ബല്ലാഡ് ഓഫ് ബാന്ദ് സിംഗ്: എ ക്വിസ്സ ഓഫ് കറേജ് എന്ന പുസ്തകത്തില്‍ പറയുന്നു.2002 ജൂലൈ ആറിന് വിവാഹം നിശ്ചയിക്കപ്പെട്ട ബാന്ദ് സിംഗിന്റെ മൂത്തമകള്‍ ബാല്‍ജിത് കൂട്ടബലാല്‍സംഗത്തിന് ഇരയായതോടെയാണ് അദ്ദേഹം പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. യൗവനം തെളിയിക്കുന്നതിനുള്ള ജാട്ട് സിഖ് യുവാക്കളുടെ ഒരു വിനോദമായിരുന്നു ദളിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുക എന്നത്. പഞ്ചാബിലെ പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളില്‍ ഇത് സാധാരണ സംഭവമായിരുന്നു. സാമൂഹിക ബഹിഷ്‌കരണം ഭയന്ന് പലരും പരാതി പോലും പറഞ്ഞിരുന്നില്ല. എന്നാല്‍, ബാന്ദും പുത്രി ബാല്‍ജിത്തും പരാതിയുമായി മുന്നോട്ട് പോയതോടെ പല പുരികങ്ങളും ചുളിഞ്ഞു. സിപിഐ(എംഎല്‍) പിന്തുണയോടെ പരാതി മുന്നോട്ടു പോവുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ബാല്‍ജിത്തിന്റെ വിവാഹം മുടങ്ങിയെങ്കിലും ഈ സംഭവം ഗ്രാമത്തിലെ മുന്നോക്ക യുവാക്കള്‍ക്ക് ഒരു മുന്നറിയിപ്പായി മാറി.

അതോടൊപ്പം ബാന്ദ് അവരുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു. എന്നാല്‍ ഭീഷണികള്‍ വകവയ്ക്കാതെ ബാന്ദ് തന്റെ ഗ്രാമത്തിലെ ദളിത് പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടേയിരുന്നു. ദളിത് സ്ത്രീകള്‍ കുളിക്കുന്നതിന് സമീപം ജാട്ട് സിഖ് യുവാക്കള്‍ ബാഡ്മിറ്റണ്‍ കോര്‍ട്ട് ഉണ്ടാക്കിയതിനെ അദ്ദേഹം എതിര്‍ക്കുകയും അവിടെ കളിക്കുന്നതില്‍ നിന്നം വിലക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് 2006 ജനുവരി അഞ്ചിന് ആ യുവാക്കള്‍ തീര്‍ത്തത്. ക്രൂരമായ മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ രണ്ട് കൈകളും കാലുകളും മുറിച്ച് മാറ്റേണ്ടി വന്നു. പ്രശ്‌നം ഏറ്റെടുത്ത സിപിഐ (എംഎല്‍) വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. വലിയ ജനരോഷത്തിന്റെ പിന്തുണയോടെ നടന്ന സമരത്തിന്റെ ഫലമായി ബാന്ദിന് സൗജന്യ ചികിത്സ ലഭിക്കുകയും സര്‍ക്കാരില്‍ നിന്നും പത്തുലക്ഷം രൂപയുടെ ധനസഹായം ലഭിക്കുകയും ചെയ്തു. കൂടാതെ തെഹല്‍ക്കയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധി രൂപീകരിക്കുകയും അഞ്ച് ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. അങ്ങനെ പഞ്ചാബിലെ ദളിത് വ്യക്തിത്വത്തിന്റെ ചിഹ്നമായി ബാന്ദ് മാറി. അന്നേരവും അദ്ദേഹം സിപിഐ(എംഎല്‍) പ്രവര്‍ത്തകരന്‍ എന്ന നിലയില്‍ തന്റെ പൊതുപ്രവര്‍ത്തനം തുടര്‍ന്നു.എന്നാല്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ അപ്പോഴേക്കും ഉടലെടുത്ത് തുടങ്ങിയിരുന്നു. പാര്‍ട്ടിയുടെ ദളിത് വിരുദ്ധ നിലപാടുകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. പാര്‍ട്ടിയിലേക്ക് കടന്നുവന്ന പുതുതലമുറയില്‍ ഏറെയും ജാട്ട് സിഖ് വിഭാഗങ്ങളില്‍ നിന്നുള്ള മധ്യവര്‍ഗ്ഗങ്ങളായിരുന്നു. അവര്‍ക്ക് ദളിത് വികാരം വേണ്ട വിധത്തില്‍ തിരിച്ചറിയാന്‍ കഴിയില്ലെന്ന് ബാന്ദ് പറയുന്നു. നേരത്തെ ദളിത് പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ദളിത് നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്ക് സഹായധനമായി ലഭിച്ച തുകയില്‍ നിന്നും ഒരു ഭാഗം അവര്‍ കൈക്കലാക്കിയതായും അദ്ദേഹം ആരോപിക്കുന്നു. തന്റെ സ്ഥലം നഷ്ടപ്പെടുത്തിക്കൊണ്ട് ജാട്ട് പ്രദേശത്തേക്ക് വഴി വെട്ടിയപ്പോഴും തടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. പാര്‍ട്ടിയിലെ ജാട്ട് മേധാവിത്വമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ വിദ്യാഭ്യാസം ഇല്ലാത്തതാണ് ബാന്ദിന്റെ പ്രശ്‌നമെന്നാണ് സിപിഎം(എംഎല്‍) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ബാന്ദിന് നീതി കിട്ടുന്നതിനുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ആളുമായ സുഖദര്‍ശന്‍ നാട്ട് പറയുന്നു. അദ്ദേഹം വലിയ ചിന്തകനൊന്നുമല്ലെന്നും പെട്ടെന്ന് പ്രശസ്തനായതാണ് അദ്ദേഹത്തിന്റെ പ്രശ്‌നമെന്നും നാട്ട് ചൂണ്ടിക്കാണിക്കുന്നു. ബാന്ദിന് സഹായമായി ലഭിച്ച ഓരോ പൈസയുടെയും കണക്കുണ്ട്. പണം ലഭിച്ചപ്പോള്‍ ആര്‍ഭാടജീവിതം നയിക്കുകയും ഭൂമി വാങ്ങിക്കൂട്ടുകയുമാണ് ബാന്ദ് ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു. സുരക്ഷിതമായ ഒരു നിക്ഷേപം നടത്താന്‍ പാര്‍ട്ടി ഉപദേശിച്ചതാണ്. വീണ്ടും പണത്തിന് ബുദ്ധിമുട്ടുവന്നപ്പോള്‍ ടാറ്റ ചത്തീസ്ഗഢില്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബാന്ദ് പോയതായും പഴയ സഖാക്കള്‍ ആരോപിക്കുന്നു. ടാറ്റ പോലുള്ള കുത്തകളെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് ഇതംഗീകരിക്കാന്‍ ആവില്ലെന്നാണ് നാട്ടിന്റെ നിലപാട്.

എന്നാല്‍ പല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ഉള്ളില്‍ ജാതി ശക്തമായി നിലനില്‍ക്കുന്നതായി ബാന്ദിനെ കുറിച്ച് പുസ്തകമെഴുതിയ നിരുപമ ദത്ത് പറയുന്നു. പുസ്തകം തയ്യാറാക്കുന്നതിനായി അവര്‍ പഞ്ചാബിലെ പല കമ്മ്യൂണിസ്റ്റ് നേതാക്കളുമായും ദീര്‍ഘമായി സംസാരിച്ചിരുന്നു. കുറെ സംസാരിച്ചു കഴിയുമ്പോള്‍ അവരുടെ ഉള്ളിലെ ജാതി വികാരത്തിന്റെ തനിനിറം പുറത്തുവരുമെന്ന് അവര്‍ പറയുന്നു. ഏതായാലും ബാന്ദ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് അവരുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ്. ദളിത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആപ്പിന് കഴിയുമെന്നാണ് ബാന്ദിന്റെ പക്ഷം. അകാലിദളിനെയും കോണ്‍ഗ്രസിനെയും പുറത്താക്കാന്‍ അവര്‍ക്കേ സാധിക്കു. ദളിതര്‍ കഴിഞ്ഞ എഴുപത് വര്‍ഷമായി കമ്മ്യൂണിസ്റ്റുകാരെ പിന്തുണച്ചിട്ടും ഫലമൊന്നുമില്ല. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് വോട്ട് ബാങ്ക് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താന്‍ എഎപിയിലേക്ക് മാറുന്നതെന്നും അദ്ദേഹം പറയുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും പഴയ മുദ്രാവാക്യമാണ് ഉയര്‍ന്നുന്നതെന്നും ആരോപിക്കപ്പെടുന്നു. റോട്ടിയും വസ്ത്രവുമെന്ന പഴയ മുദ്രാവാക്യത്തിന്റെ കാലം മാറിയ കാര്യം തിരിച്ചറിയാന്‍ പുതിയ കാല കമ്മ്യൂണിസ്റ്റുകള്‍ക്ക് പോലും സാധിക്കുന്നില്ല. ഈ അവസ്ഥ മാറ്റാന്‍ എഎപിക്ക് കഴിയുമെന്നാണ് ബാന്ദിന്റെ പ്രതീക്ഷ.ബാന്ദ് എഎപിയില്‍ ചേര്‍ന്നപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാന്ദിനെ ആക്രമിച്ചവരില്‍ ചിലര്‍ അന്ന് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ താന്‍ തിരികെ വീട്ടില്‍ എത്തുന്നതിന് മുമ്പ് എഎപി നേതാവ് സഞ്ജയ് സിംഗ് തന്നെ ബന്ധപ്പെട്ട് വിശാദാംശങ്ങള്‍ തേടിയതായി ബാന്ദ് പറഞ്ഞു. തുടര്‍ന്ന് തന്നെ ആക്രമിച്ചവരെ അന്നു തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ ജനുവരിയില്‍ ചണ്ടിഗഢിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ബാന്ദ് പറയുന്നു. ഒരു പ്രാദേശിക നേതാവ് പാര്‍ട്ടിയെ തെറ്റിധരിപ്പിച്ചതുകൊണ്ടാണ് തന്നെ അക്രമിച്ചവരുടെ സാന്നിധ്യം സമ്മേളനത്തില്‍ ഉണ്ടായതെന്ന് കെജ്രിവാള്‍ തന്നെ ബോധ്യപ്പെടുത്തിയതായും ബാന്ദ് വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഇടതുപക്ഷത്തിന് കഴിയാത്തതാണ് ബാന്ദിനെ പോലുള്ളവരെ വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ദളിത് പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ വിഷയങ്ങളോട് അവര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനവും അടിസ്ഥാന വര്‍ഗ്ഗങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ബാന്ദ് എഎപിയിലേക്ക് ചേക്കേറി കഴിഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വര്‍ദ്ധിച്ചുവരുന്ന അപ്രസക്തിയുടെ ഉദാഹരണം കൂടിയായി ബാന്ദ് സിംഗ് എന്ന ദളിത് പോരാളിയുടെ ജീവിതം മാറുന്നു.

Next Story

Related Stories