TopTop
Begin typing your search above and press return to search.

ബംഗ്ലാദേശ് ഒരു സൂചന; സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് മാത്രമല്ല

ബംഗ്ലാദേശ് ഒരു സൂചന; സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് മാത്രമല്ല

എഡിറ്റോറിയല്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

വടിവാള്‍ധാരികളായ കൊലയാളികള്‍ ബംഗ്ലാദേശില്‍ കലിതുള്ളുകയാണ്. ഈ വര്‍ഷം അവര്‍ കൊലപ്പെടുത്തിയത് ഒന്‍പതുപേരെയാണ്. ഇവരില്‍ മതനിരപേക്ഷ ബ്ലോഗര്‍മാരും സ്വതന്ത്ര ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്നു. ബ്ലോഗര്‍മാര്‍ ഇസ്ലാം മതത്തെ പരിഹസിക്കുന്നുവെന്നും സ്വവര്‍ഗാനുരാഗത്തെയും വിവേചനരരഹിതമായ ലൈംഗികതയെയും പ്രോത്സാസാഹിപ്പിക്കുന്നുവെന്നുമാണ് മതമൗലിക സംഘങ്ങളുടെ ആരോപണം. ഏപ്രില്‍ 23ന് രാജ്ഷാഹി സര്‍വകലാശാലാ ഇംഗ്ലീഷ് പ്രഫസര്‍ റെസൗല്‍ കരീം സിദ്ദിഖി കൊല്ലപ്പെട്ടു. ഏപ്രില്‍ 25ന് തോക്കുകളും വടിവാളുകളുമായെത്തിയ ആറംഗസംഘം ബംഗ്ലാദേശിലെ ഏക ഗേ പ്രസിദ്ധീകരണമായ രൂപ്ബാന്റെ എഡിറ്റര്‍ സുല്‍ഹാസ് മാനന്റെ വീട്ടില്‍ കടന്ന് അദ്ദേഹത്തെയും സുഹൃത്തിനെയും കൊലപ്പെടുത്തി.

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്ക് ജീവിക്കാനും സ്‌നേഹിക്കാനുമുള്ള അവകാശത്തെ പല ലോകസമൂഹങ്ങളും ഇന്നും മോശമായാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമായിരുന്നു ഈ ആക്രമണം. വിവാഹം, വിവേചനത്തിനെതിരെയുള്ള സംരക്ഷണം എന്നിവ സംബന്ധിച്ച നിയമങ്ങളെപ്പറ്റി അമേരിക്കയില്‍ തീവ്രസംവാദങ്ങള്‍ നടക്കുകയാണ്. എന്നാല്‍ മറ്റു പലയിടത്തും ശത്രുതാപരവും പിന്തിരിപ്പനുമായ നിലപാടുകളെ രാജ്യങ്ങളും മതനേതാക്കളും പ്രോല്‍സാഹിപ്പിക്കുന്നു. മതഭ്രാന്തും അസഹിഷ്ണുതയും ഇവിടെ രംഗം കയ്യടക്കുന്നു.

2014ല്‍ സ്വവര്‍ഗാനുരാഗികളെപ്പറ്റി അവബോധവും സഹിഷ്ണുതയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട മാസികയ്ക്കുവേണ്ടി ജോലി ചെയ്തിരുന്നയാളാണ് മാനനൊപ്പം കൊല്ലപ്പെട്ട തനയ് മജുംദാര്‍. മാനന്‍ നേരത്തെ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റിനുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. മാനനും തനയും അവര്‍ സ്വവര്‍ഗാനുരാഗികളാണെന്ന വിവരം പരസ്യമാക്കിയിരുന്നു. കൂടുതല്‍ പേര്‍ ഇങ്ങനെ സ്വന്തം ലൈംഗികത തുറന്നുപറഞ്ഞാല്‍ രാജ്യം അവരോട് കൂടുതല്‍ സഹിഷ്ണുത കാണിക്കുമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ. ബംഗ്ലാദേശില്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്.
എല്‍ജിബിടി സമൂഹങ്ങളോടുള്ള വിവേചനവും അക്രമവും ശത്രുതയും മറ്റു രാജ്യങ്ങളിലും വ്യാപകമാണ്. 10 വര്‍ഷം മുന്‍പ് 92 രാജ്യങ്ങള്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത കുറ്റകരമാക്കി. 2015 ആയപ്പോഴേക്ക് ഈ രാജ്യങ്ങളുടെ എണ്ണം 75 ആയി കുറഞ്ഞു. യുഎന്‍ അംഗരാഷ്ട്രങ്ങളില്‍ മൂന്നിലൊന്നിലധികം പേര്‍ ഇപ്പോഴും ഇത് കുറ്റമായി കണക്കാക്കുന്നു എന്നര്‍ത്ഥം.

ഉസ്‌ബെക്കിസ്ഥാനില്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സ്വവര്‍ഗരതി. പ്രസിഡന്റ് ഇസ്ലാം കരിമോവിന്റെ അഭിപ്രായത്തില്‍ സ്വവര്‍ഗലൈംഗികത പടിഞ്ഞാറന്‍ അശ്ലീല സംസ്‌കാരത്തിന്റെ ഭാഗമാണ്. എല്‍ജിബിടി സമൂഹത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യണമെന്ന് ഇന്‍ഡോനേഷ്യയില്‍ പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിച്ചു. മൊറോക്കോയില്‍ മാര്‍ച്ച് ഒന്‍പതിന് രണ്ട് സ്വവര്‍ഗപങ്കാളികളെ വീട്ടില്‍നിന്നു വലിച്ചിറക്കി ആക്രമിച്ചു. പിന്നീട് അവര്‍ക്കെതിരെ സ്വവര്‍ഗലൈംഗികത കുറ്റം ചുമത്തി. ഇവരില്‍ ഒരാളെ നാലുമാസത്തെ തടവിനു ശിക്ഷിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.

റഷ്യ മുതല്‍ ഉഗാണ്ട വരെയുള്ള രാജ്യങ്ങളില്‍ മിക്ക മതഭ്രാന്തുകളും അതതു രാജ്യങ്ങളിലെ സ്വേച്ഛാധിപതികള്‍ മനപൂര്‍വം സൃഷ്ടിക്കുന്നതാണ്. ഭിന്നതകളുണ്ടാക്കുകയും അവയെ ചൂഷണം ചെയ്ത് സ്വന്തം അഴിമതിയില്‍നിന്നും ഭരണപരാജയത്തില്‍നിന്നും ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെപ്പറ്റിയുള്ള സംസാരത്തിനു പിന്നാലെ പോലും സര്‍ക്കാരുകള്‍ ഇറങ്ങിത്തിരിക്കുന്ന അസ്വാസ്ഥ്യജനകമായ സ്ഥിതി പലയിടത്തും നിലവിലുണ്ട്. 2013ല്‍ റഷ്യ പാസാക്കിയ നിയമം അനുസരിച്ച് പരമ്പരാഗതമല്ലാത്ത ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങുന്ന ഇന്റര്‍നെറ്റ്, മാധ്യമ വാര്‍ത്തകള്‍ പ്രായപൂര്‍ത്തിയാകാത്തവരില്‍ എത്തുന്നതു നിരോധിതമാണ്. ചൈന 1997ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കിയെങ്കിലും ഈയിടെ സ്വവര്‍ഗ വിവാഹത്തിനുള്ള അനുമതി കോടതി നിഷേധിച്ചിരുന്നു.

ബംഗ്ലാദേശിലെ കൊലപാതകങ്ങള്‍ പല തലത്തിലും മുന്നറിയിപ്പാണ്. ലക്ഷക്കണക്കിന് എല്‍ജിബിടി ആളുകള്‍ അറിവില്ലായ്മയാലും മുന്‍വിധികളാലും പീഡിതരാണ്. അവരുടെ സര്‍ക്കാരുകളാകട്ടെ അക്രമവും വേദനയും പ്രോല്‍സാഹിപ്പിക്കുന്നു.


Next Story

Related Stories