Top

ലോണ്‍ കുടിശിക പിരിക്കല്‍ ക്വൊട്ടേഷന്‍ പണിയാക്കരുത്; ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ലോണ്‍ കുടിശിക പിരിക്കല്‍ ക്വൊട്ടേഷന്‍ പണിയാക്കരുത്; ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

അഡ്വ. മനു സെബാസ്റ്റ്യന്‍

ലോണ്‍ കുടിശിക അടച്ചു തീര്‍ക്കാന്‍ കടക്കാരെ നിര്‍ബന്ധിക്കാന്‍ അവരുടെ മേല്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനായി ചില ബാങ്കുകള്‍ റിക്കവറി എജന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രവണത നിലവിലുണ്ട്. അത്തരം കരാറുകള്‍ നിയമവിരുദ്ധവും അസാധുവും ആണെന്ന് ഒരു സുപ്രധാന വിധിയിലൂടെ കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.

ആശ്ചര്യകരമായ വസ്തുത എന്താണെന്ന് വെച്ചാല്‍, ഇവിടെ ഉള്‍പ്പെട്ടിരിക്കുന്ന ബാങ്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്; ഒരു പൊതുമേഖല സ്ഥാപനം. 'സ്മാര്‍ട്ട് സെക്യൂരിറ്റി ആന്‍ഡ് സീക്രട്ട് സര്‍വീസ് ഏജന്‍സി' എന്ന ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന സ്ഥാപനവുമായാണ് ബാങ്ക് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കുടിശികക്കാരുമായി നിരന്തര സമ്പര്‍ക്കം ('follow up' കരാറില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക്) പുലര്‍ത്തി ലോണ്‍ തിരിച്ചടക്കാന്‍ അവരെ പ്രേരിപ്പിക്കുക ഇതാണ് കരാറുകാരന്‍ ചെയ്യേണ്ടത്. പ്രതിഫലമായി ലോണ്‍ തുകയുടെ അഞ്ചു ശതമാനം കമ്മിഷന്‍ ആയി ലഭിക്കുകയും ചെയ്യും.

തങ്ങളുടെ ഇടപെടല്‍ മൂലമാണ് ഒരു ലോണ്‍ അടച്ചു തീര്‍ക്കപ്പെട്ടതെന്നും, അതിനാല്‍ കമ്മിഷന്‍ വേണമെന്നും കരാറുകാരന്‍ ആവശ്യപ്പെട്ടു. കടക്കാരന്‍ സ്വമേധയ തിരിച്ചടച്ചതാണെന്ന് പറഞ്ഞു ബാങ്ക് ആവശ്യം നിഷേധിച്ചു. കരാറുകാരന്‍ കമ്മിഷന്‍ തുക ആവശ്യപെട്ടു കോടതിയെ സമീപിക്കുന്നു. തങ്ങളുടെ സമ്മര്‍ദ്ദപ്രയോഗം മൂലമാണ് ലോണ്‍ തിരിച്ചടച്ചതെന്നു ആയിരുന്നു കരാറുകാരന്റെ അവകാശവാദം. കോടതി അയാളുടെ ആവശ്യം അനുവദിച്ചു ബാങ്കിനോട് കമ്മിഷന്‍ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെടുന്നു. ജില്ല കോടതിയില്‍ ബാങ്ക് അപ്പീല്‍ ഫയല്‍ ചെയ്തു. ജില്ലാ കോടതി ബാങ്കിന്റെ അപ്പീല്‍ അനുവദിച്ചു. എജന്റിന്റെ ഇടപെടല്‍ മൂലമാണ് ലോണ്‍ തിരിച്ചടച്ചത് എന്നതിന് തെളിവില്ല എന്നായിരുന്നു ജില്ല കോടതിയുടെ കണ്ടെത്തല്‍.

സ്വാഭാവിക നീതിബോധം ഉള്ള ഏതൊരുവനെയും അലോസരപ്പെടുത്തുന്ന ഒരു ചോദ്യം രണ്ടു കോടതികളും പരിഗണിച്ചില്ല എന്നത് ആശ്ചര്യകരമാണ്. ഒരു സ്വകാര്യ സംരംഭത്തെ ബലപ്രയോഗവും സമ്മര്‍ദതന്ത്രങ്ങളും ഉപയോഗിച്ച് ലോണ്‍ തിരിച്ചുപിടിക്കാന്‍ ചുമതലപ്പെടുത്തുന്ന ഒരു കരാര്‍ ന്യായവും യുക്തവും ആണോ എന്ന ചോദ്യം രണ്ടു കോടതികളും ചര്‍ച്ച ചെയ്തില്ല. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു ജനാധിപധ്യരാഷ്ട്രത്തില്‍ ഇത്തരം കരാറുകള്‍ അനുവദനീയമാണോ? 'Follow up' , 'assist' മുതലായ സുന്ദരപദാവലികള്‍ ആണ് കരാറില്‍ ഉപയോഗിക്കുന്നതെങ്കിലും, അവയുടെ യഥാര്‍ത്ഥ ഉദ്ദേശം ബലപ്രയോഗവും സമ്മര്‍ദമുറകളും ആണെന്ന് ഊഹിക്കാന്‍ സാമാന്യബോധം ഉള്ള ഏതൊരുവനും സാധിക്കും. ധാരാളം ലീഗല്‍ ഓഫീസര്‍മാരും, ബാങ്കുകള്‍ക്ക് വേണ്ടി പ്രത്യേക കോടതിയും (Debts Recovery Tribunal), പ്രത്യേക നിയമങ്ങളും(Securitization Act), റവന്യു റിക്കവറി നടപടികള്‍ എടുക്കാനുള്ള അവകാശവും മറ്റും ഉള്ള സാഹചര്യത്തില്‍ ഇത്തരം ഒരു കരാര്‍ കൊണ്ട് എന്ത് അധിക നേട്ടമാണ് ബാങ്ക് ഉദ്ദേശിച്ചത്? അത് ബലപ്രയോഗത്തിലൂടെയുള്ള ദ്രുത നടപടികള്‍ ആണെന്ന് ഗ്രഹിച്ചെടുക്കാന്‍ പ്രയാസമില്ല.എല്ലാതരം കരാറുകളും നിയമസാധുത ഉള്ളതല്ല. ഒരാളെ കൊലപ്പെടുത്താനുള്ള കരാറില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ കൃത്യ നിര്‍വഹണം നടത്തിയതിനുള്ള പ്രതിഫലം ചോദിച്ചു ഒരാള്‍ കോടതിയെ സമീപിച്ചാല്‍ എന്തായിരിക്കും അവസ്ഥ? സാമാന്യ നീതിക്കും പൊതു ധാര്‍മികതയ്ക്കും വിരുദ്ധമായ കരാറുകള്‍ അസാധുവും നിയമവിരുദ്ധവും ആണെന്ന് Indian Cotnract Act 23ആം വകുപ്പ് പ്രഖ്യാപിക്കുന്നുണ്ട്. നിയമത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, അത്തരം കരാറുകള്‍ 'opposed to public policy' ആണ്. അത്തരം കരാറുകള്‍ നിയമപരിരക്ഷ ഇല്ലാത്തതും, കോടതി വഴി അവയുടെ പൂര്‍ത്തീകരണം ആവശ്യപ്പെടാന്‍ സാധ്യമാല്ലാത്തതും ആണ്.

ഇനി കേസിലേക്ക് മടങ്ങി വരാം. ജില്ല കോടതിയില്‍ കേസ് തള്ളിപ്പോയതിനെ തുടര്‍ന്നു, ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. ബാങ്കുമായുള്ള കരാര്‍ അസാധുവും നിയമവിരുദ്ധവും ആണെന്ന്, 23ആം വകുപ്പിനെ അടിസ്ഥാനപ്പെടുത് കോടതി വിധിച്ചു. കരാറിന്റെ യഥാര്‍ത്ഥ ഉദ്ദേശം ഭീഷണിയും ബലവും ഉപയോഗിച്ച് കടക്കാരനെ കൊണ്ട് ലോണ്‍ തിരിച്ചടപ്പിക്കുക എന്നതാണെന്ന് കോടതി കണ്ടെത്തി. ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി ആകുമ്പോള്‍ അതിനുള്ള സാദ്ധ്യതകളും ബലപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. കടക്കാരെ ബലപ്രയോഗം വഴി ഭീഷണിപ്പെടുത്താന്‍ ഉള്ള കരാര്‍ പൊതു നയത്തിന് (public policu) വിരുദ്ധമായതിനാല്‍ അത് അസാധുവാണെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ നല്‍കിയ വിധിന്യായത്തില്‍ പ്രഖ്യാപിക്കുന്നു. കമ്മിഷന്‍ തുക ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാന്‍ എജന്റിനു യാതൊരു അവകാശവും ഇല്ലായെന്ന് കോടതി പ്രഖ്യാപിച്ചു (കൂടുതല്‍ വായനയ്ക്ക്: Smart Securtiy and Secret Service Agency vs. State Bank of India, judgment in R.S.A No. 46 of 2011, by Justice P.B Suresh Kumar, reported in 2016(3) KHC 409).

നിയമ സംവിധാനത്തില്‍ ഉള്ള ഒരു പൗരന്റെ വിശ്വാസം വര്‍ധിപ്പിക്കുന്ന ഒരു വിധിന്യായമാണിത്. എന്നിരുന്നാലും, താഴെ തട്ടില്‍ ഉള്ള രണ്ടു കോടതികളും ഇത്തരം വസ്തുതകള്‍ പരിശോധിച്ചില്ല എന്നത് നിര്‍ഭാഗ്യകരം തന്നെ. മാത്രമല്ല, ഒരു പൊതുമേഖല ബാങ്ക് ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതും ആശാവഹമല്ല. അതുകൊണ്ട്, ഇത്തരം പ്രവണതകള്‍ തടയുന്നതിനായി നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ടു റിസര്‍വ് ബാങ്കിനും വിധിന്യായത്തിന്റെ പകര്‍പ്പ് ഹൈകോടതി അയച്ചു കൊടുത്തു.

നേരത്തെ ഒരു അവസരത്തിലും ബാങ്കുകളുടെ ഇത്തരം നടപടികളെ ഹൈകോടതി വിമര്‍ശിച്ചിരുന്നു. അതിലും പ്രതി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു. കുടിശികക്കാരുടെ ഫോട്ടോകള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന നടപടികള്‍ നിയമവിരുദ്ധം ആണെന്ന് 2013ഇല്‍ ജസ്റ്റിസ് ചിദംബരേഷ് പുറപ്പെടുവിച്ച വിധിന്യായത്തില്‍ വ്യക്തമാക്കി(Venu P.R vs. Asst.General Manager, State Bank of India ILR 2013(3) Ker.638). ലോണ്‍ തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തി എന്നതുകൊണ്ട് അന്തസ്സിനും മാന്യതയ്ക്കും ഉള്ള ഒരു വ്യക്തിയുടെ അവകാശം ഇല്ലാതാകുന്നില്ല എന്നാണു കോടതി പ്രഖ്യാപിച്ചത്. ദരിദ്രനാരായണന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് ദാരിദ്ര്യം ഒരു കുറ്റകൃത്യം അല്ല എന്ന് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ഒരിക്കല്‍ വിധിച്ചിട്ടുണ്ട്. ഒരു കടക്കാരനെ ജയിലില്‍ അടയ്ക്കാന്‍ മുതിര്‍ന്നപ്പോള്‍ ഉണ്ടായ കേസില്‍ ആണ് ആ വിധിപ്രഖ്യാപനം ഉണ്ടായത്. നവലിബറല്‍ നയങ്ങള്‍ കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തില്‍ അത്തരം വിധിന്യായങ്ങള്‍ പലപ്പോഴും തത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories