നോട്ട് പിന്‍വലിക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്തെ ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘനകള്‍ സംയുക്തമായാണ് ഫെബ്രുവരി ഏഴിന്റെ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത് സംബന്ധിച്ച് എഐബിഎ, എഐബിഒഎ, ബിഇഎഫ്ഐ എന്നീ സംഘടനകള്‍ എല്ലാ അംഗങ്ങള്‍ക്കുമായി സര്‍ക്കുലര്‍ പുറത്തിറക്കി.
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്തെ ബാങ്കിംഗ് മേഖല കടുത്ത പ്രതിസന്ധിയിലായതായി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിംഗ് ജീവനക്കാരേയും ജനങ്ങളെയും അനാവശ്യമായി ദുരിതത്തിലേയ്ക്ക് തള്ളിവിട്ട നടപടിയാണ് ഉണ്ടായതെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇപ്പോഴും രൂക്ഷമായ നോട്ട് ക്ഷാമമാണ് ബാങ്കുകള്‍ നേരിടുന്നത്. ഇത് പണവിതരണം തടസപ്പെടുത്തുന്നു. ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ പോലും പലപ്പോഴും നല്കാനാവുന്നില്ല. എടിഎമ്മുകളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. പലതിലും പണമില്ല. സ്വകാര്യ ബാങ്കുകളെ സഹായിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.
ബാങ്ക് ജീവനക്കാര്‍ക്ക് മേല്‍ സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് ഉണ്ടാക്കുന്നത് വലിയ സമ്മര്‍ദ്ദമാണ്. ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തില്‍ കൈ കടത്തുന്ന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അധികസമയം പകലും രാത്രിയുമായി ജോലി ചെയ്ത ബാങ്ക് ജീവനക്കാരുടെ കഠിനാദ്ധ്വാനത്തെ എല്ലാവരും പ്രശംസിക്കുന്നു. എന്നാല്‍ അധികസമയം ജോലി ചെയ്തതിനുള്ള അധികവേതനം കിട്ടുന്നില്ലെന്നും സംഘടനകള്‍ പറയുന്നു. അടിയന്തരമായി നടപ്പാക്കേണ്ട ആവശ്യങ്ങള്‍ സര്‍ക്കുലര്‍ ഉന്നയിക്കുന്നുണ്ട്.
ആവശ്യമായ പണം, സഹകരണ ബാങ്കുകളടക്കം രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എല്ലാ ബ്രാഞ്ചുകളിലും എത്തിക്കുക
എല്ലാ എടിഎമ്മുകളിലും പെട്ടെന്ന് തന്നെ ആവശ്യമായ പണം എത്തിക്കുക, പ്രവര്‍ത്തനം സ്തംഭിച്ച എടിഎമ്മുകള്‍ പുനസ്ഥാപിക്കുക
പണം പിന്‍വലിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും വിലക്കുകളും പിന്‍വലിക്കുക
ബാങ്കുകള്‍ക്ക് പണം നല്കുമ്പോള് പക്ഷപാതപരമായ സമീപനം സ്വീകരിക്കാതിരിക്കുക
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം നിലനിര്‍ത്തുക
ജീവന് നഷ്ടപ്പെട്ട ഉപഭോക്താക്കളുടേയും ബാങ്ക് ജീവനക്കാരുടേയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക.
ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക
ഒരു കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുക
കിട്ടാക്കടം തിരിച്ച് പിടിക്കുക, ഇതിനായുള്ള നിയമനടപടികള്‍ സജീവമാക്കുക - എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
ജനുവരി ഒന്നിനും ഫെബ്രുവരി ആറിനും എല്ലാ ബാങ്ക് ശാഖകളിലും പ്രതിഷേധ ധര്‍ണ നടത്തും. പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് എല്ലാ സംഘടനകളും ചേര്‍ന്ന് കത്ത് നല്‍കും. ഫെബ്രുവരി ഒന്നിന് റിസര്‍വ് ബാങ്ക് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.