TopTop
Begin typing your search above and press return to search.

സ്വപ്‌നയും റമീസും ഒരേസമയം ആശുപത്രിയില്‍; മെഡിക്കല്‍ കോളേജില്‍ നിന്നും റിപ്പോര്‍ട്ട് തേടി ജയില്‍ സൂപ്രണ്ട്

സ്വപ്‌നയും റമീസും ഒരേസമയം ആശുപത്രിയില്‍;  മെഡിക്കല്‍ കോളേജില്‍ നിന്നും റിപ്പോര്‍ട്ട് തേടി ജയില്‍ സൂപ്രണ്ട്

സ്വര്‍ണക്കടത്ത് കേസ് പ്രതി കെ ടി റമീസിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് വിയ്യൂര്‍ അതീവസുരക്ഷ ജയില്‍ സൂപ്രണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കുമെന്നും സൂപ്രണ്ട് അഴിമുഖത്തോട് വ്യക്തമാക്കി. അതേസമയം, സ്വപ്ന സുരേഷിന്റെയും റമീസിന്റെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും വിവരം തേടി റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ മേധാവി നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ഇതുവരെ അങ്ങനെയൊരു നിര്‍ദേശം വന്നിട്ടില്ലെന്നും ഇ മെയില്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു അഴിമുഖം ബന്ധപ്പെട്ട സമയത്ത് അദ്ദേഹം പറഞ്ഞത്. ജയില്‍ മേധാവിയില്‍ നിന്നും ഇത്തരമൊരു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വനിത ജയില്‍ സൂപ്രണ്ടും പറഞ്ഞത്.

'നിലവില്‍ ഇങ്ങനെയൊരു നിര്‍ദേശം ജയില്‍ മേധാവിയില്‍ നിന്നും ലഭിച്ചിട്ടില്ല. പരിശോധിക്കണം. നിര്‍ദേശം വരുന്നതിനു മുമ്പ് തന്നെ പ്രതിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ തേടി കത്ത് കൊടുക്കാന്‍ തീരുമാനിച്ചിരുന്നതാണ്. റമീസ് മാത്രമാണ് എന്റെ ജയിലിന്റെ കീഴില്‍ വരുന്ന പ്രതി, സ്വപ്‌ന സുരേഷ് വനിത ജയിലിലാണുള്ളത്. അതുകൊണ്ടാണ് റമീസിന്റെ ആരോഗ്യനിലയെക്കുറിച്ച് മാത്രം റിപ്പോര്‍ട്ട് തേടുന്നത്; സൂപ്രണ്ട് പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ തന്നെയുള്ള അതീവസുരക്ഷ ജയിലിലാണ് റമീസിനെ പാര്‍പ്പിച്ചിരിക്കുന്നത്.

റമീസിന്റെ നിലവിലെ ആരോഗ്യസ്ഥിതി, എന്തൊക്കെ അസുഖങ്ങളുണ്ട്, കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമോ തുടങ്ങിയ വിവരങ്ങള്‍ ആരാഞ്ഞാണ് കത്ത് നല്‍കുന്നതെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും. തുടര്‍ ചികിത്സ വേണമെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഡോക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടുന്നത് സ്വഭാവിക നടപടിയാണെന്നും അതുകൊണ്ടാണ് ജയില്‍ മേധാവിയുടെ നിര്‍ദേശം വരുന്നതിനും മുന്നേ കത്ത് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സ്വപ്ന സുരേഷിന്റെയും റമീസിന്റെയും ആശുപത്രിവാസം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജയില്‍ മേധാവി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, ഇങ്ങനെയൊരു നിര്‍ദേശം തനിക്കു കിട്ടിയിട്ടില്ലെന്നാണ് വനിത ജയില്‍ സൂപ്രണ്ടും അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കിയത്.' അങ്ങനെയൊരു നിര്‍ദേശത്തെക്കുറിച്ച് അറിയില്ല. ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല' വനിത സൂപ്രണ്ട് പറഞ്ഞു.

നെഞ്ചു വേദനയെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതു രണ്ടാം തവണയാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആറു ദിവസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് സ്വപ്‌ന ജയിലില്‍ മടങ്ങിയെത്തിയത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ശാരീരികാസ്വസ്ഥ്യമായിരുന്നു സ്വപ്‌നയ്‌ക്കെന്നും ഇ.സി.ജിയില്‍ നേരിയ വ്യതിയാനമുണ്ടായിരുന്നുവെന്നുമായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

നെഞ്ചു വേദനയാണെന്നാണ് സ്വപ്‌ന പറയുന്നതെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. സ്വപ്‌നയുടെ ആരോഗ്യനിലയെ സംബന്ധിച്ച് മെഡിക്കല്‍ കോളേജില്‍ നിന്നും ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നും വിവരമുണ്ട്.

വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വപ്‌നയ്ക്കു പിന്നാലെയായിരുന്നു റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. നിലവില്‍ റമീസിന് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം, സ്വപ്‌നയുടെയും റമീസിന്റെയും ആശുപത്രിവാസം മനഃപൂര്‍വമാണെന്നാണ് പരാതി. ആദ്യതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്വപ്‌ന നിരവധി ഫോണ്‍കോളുകള്‍ ചെയ്തിരുന്നുവെന്നാണ് ആരോപണം. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമുള്ള പല ഉന്നതരുമായി ആശുപത്രിയില്‍വച്ച് സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉയര്‍ത്തിയത്. ഈയൊരു പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതിരേ ആരോപണങ്ങളും സംശയങ്ങളും ഉയരുന്നത്.


Next Story

Related Stories