അഴിമുഖം പ്രതിനിധി
9,000 കോടി രൂപ വായ്പ കുടിശികയില്‍ നാലായിരം കോടി രൂപ അടയ്ക്കാമെന്ന മദ്യ രാജാവ് വിജയ് മല്ല്യയുടെ വാഗ്ദാനം ബാങ്കുകള്‍ തള്ളി. ഏപ്രില്‍ രണ്ടിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം യോഗം ഈ വാഗ്ദാനം ചര്‍ച്ച ചെയ്തുവെന്നും മല്ല്യയുടെ വാഗ്ദാനം തള്ളാനാണ് തീരുമാനമെന്നും എസ് ബി ഐ സുപ്രീംകോടതിയെ അറിയിച്ചു. അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അതിന് മല്ല്യയുടെ സാന്നിദ്ധ്യം ആവശ്യമാണെന്നും ബാങ്കുകള്‍ അറിയിച്ചു.
2012 ഒക്ടോബറില്‍ പ്രവര്‍ത്തനം നിലച്ച കിങ് ഫിഷര്‍ എയര്‍ലൈന്‍സിനായി എടുത്ത വായ്പ തുക മുതലും പലിശയുമായി 9091 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. തര്‍ക്ക പരിഹാരത്തിനായി എത്ര രൂപ കെട്ടിവയ്ക്കാനാകുമെന്ന് ഏപ്രില്‍ 21-ന് അറിയിക്കാന്‍ കോടതി മല്ല്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ എന്ന് കോടതിയില്‍ ഹാജരാകാമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വായ്പ എടുത്ത പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന മല്ല്യ കഴിഞ്ഞമാസമാണ് ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് താമസം മാറിയത്.
വിജയ് മല്ല്യയുടെ വാഗ്ദാനം ബാങ്കുകള്‍ തള്ളി
Next Story