TopTop
Begin typing your search above and press return to search.

ബാര്‍ പൂട്ടല്‍ ; നക്ഷത്രം എണ്ണിയതാര് ?

ബാര്‍ പൂട്ടല്‍ ; നക്ഷത്രം എണ്ണിയതാര് ?

രാകേഷ് നായര്‍


ഈ നാട്ടില്‍ പണമുള്ളവര്‍ മാത്രം കുടിച്ചാല്‍ പോരെന്ന് കോടതിക്കു തോന്നിയത് ഒന്നുറങ്ങിവെളുത്തപ്പോഴാണ്. അങ്ങനെ വന്നാല്‍ ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടന്നല്ലേ അര്‍ത്ഥം! ഓ... അതൊരിക്കലും അനുവദിച്ചുകൂടാ. കോടതിക്ക് ജനാധിപത്യബോധമുണ്ട്. തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ചങ്കൂറ്റവും. ഒപ്പം സര്‍ക്കാര്‍ കാണിക്കുന്ന ബോധക്കേടുകൂടി തിരുത്തേണ്ട ബാധ്യതയും. ഇതെല്ലാം കൊണ്ടാണ് ഇന്നലെ പൂട്ടാന്‍ പറഞ്ഞതൊന്നും തല്‍ക്കാലും പൂട്ടേണ്ടെന്ന് കോടതി തീരുമാനിച്ചത്. ഇതോടെ പൂട്ടുവീണ ബാറുകളുടെയെല്ലാം വാതില്‍ വീണ്ടും അഖിലലോക കുടിയന്മാര്‍ക്കു മുന്നില്‍ മലര്‍ക്കേ തുറന്നു. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറപ്പിച്ചു എന്ന് ചില മനുഷ്യപാമ്പുകള്‍ താമശപൊട്ടിച്ചു തുടങ്ങിയിട്ടുണ്ട്. അതെന്തായാലും കോടതിയെ ഉദ്ദേശിച്ചാവില്ല.

സാധാരണക്കാരന്റെ ആശ്രയമാണ് കോടതികളെന്നു പറയുന്നതില്‍ കാര്യമുണ്ടെന്ന് ഇനിയെങ്കിലും വിശ്വസിക്കണം. പേഴ്‌സിന് പണമില്ലാത്തവനെ ബാറില്‍ കേറ്റില്ലെന്ന സര്‍ക്കാരിന്റെ ശാഠ്യത്തിനിട്ടാണ് കോടതി കൊട്ടുകൊടുത്തിരിക്കുന്നത്. ഫൈവ്‌സറ്റാര്‍-ഫോര്‍സ്റ്റാര്‍ കുടിയന്മാര്‍ സമൂഹത്തില്‍ മാന്യമായി പെരുമാറുമെന്നാണ് സര്‍ക്കാരിനെ ആരൊക്കയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചത്. അവര്‍ കുടിക്കുമ്പോള്‍ ബാറിലാളുണ്ടെന്നുപോലും തോന്നില്ലത്രേ! ഒരു കുപ്പിയും വാങ്ങിച്ച് എതെങ്കിലും മൂലയ്ക്കിരുന്ന് മദ്യം നുണഞ്ഞോളും( മദ്യം കുടിക്കുന്നത് ലോക്കല്‍സാണല്ലോ, എലയ്റ്റ് പീപ്പിള്‍സ് നുണയാറേയുള്ളൂ). എന്നാല്‍ കോടതിക്ക് ഇതത്ര വിശ്വാസമായിട്ടില്ല. മദ്യപാനം ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശമല്ലെങ്കിലും ഒരു വിഭാഗത്തിനെ മാത്രം അനുവദിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ആര്‍ക്കാണറിയാത്തത്.എസി കാറില്‍ നിന്നിറങ്ങി എ സി ബാറില്‍ കേറി സ്‌മോളടിക്കുന്നവനോടല്ലായിരുന്നു സര്‍ക്കാരിന് അയ്യോ പാവം തോന്നേണ്ടിയിരുന്നത്. കാന കോരുന്നവനും കക്കൂസു കോരുന്നവനും ശവം തപ്പിയെടുക്കുന്നവനും കരിങ്കല്‍ പൊട്ടിക്കുന്നവനുമൊക്കെ വൈകിട്ട് രണ്ടെണ്ണം വിട്ടാലേ ഒന്നു സുഖമായിട്ട് ഉറങ്ങാന്‍ പറ്റൂ. മദ്യം അവനൊരു മരുന്നാണ്, ക്ഷീണം മാറാനും മനസ്സൊന്നു തണുക്കാനുമുള്ള മരുന്ന്. അതു മനസ്സിലാക്കാനുള്ള ബുദ്ധി സര്‍ക്കാരിനില്ലാതെ പോയതാണല്ലോ എല്ലാത്തിനും കാരണം. ആ ബുദ്ധിയെന്തായാലും കോടതിക്കുണ്ട്. അവരുടെ മുന്നില്‍ പൗരന്മാര്‍ ഒറ്റ കാറ്റഗറിയിലാണ്. ഒന്നെങ്കില്‍ എല്ലാവരും കുടിക്കുക, അല്ലെങ്കില്‍ ആരും കുടിക്കണ്ട. അതാണ് ന്യായമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിനോടും ഇന്നു അതുതന്നെ പറഞ്ഞിട്ടുണ്ട്- നിങ്ങള്‍ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടിയിട്ടു വരു, അപ്പോള്‍ നമുക്ക് നോക്കാമെന്ന്. അല്ലാതെ വിവേചനം വേണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ തന്നെ ബുദ്ധിയുള്ള കോണ്‍ഗ്രസുകാരന്‍ പറഞ്ഞതാണ് പൂട്ടിയതൊക്കെ ഉടനെ തുറക്കേണ്ടി വരുമെന്ന്. അപ്പോള്‍ മദ്യ മന്ത്രിക്ക് ആത്മവിശ്വാസം. രാത്രിക്കു രാത്രി തന്നെ താഴും താക്കോലുമെടുത്ത് ലോക്കല്‍സ് ബാറുകളെല്ലാം പൂട്ടിക്കാനിറങ്ങി. ഇനിയിപ്പം ഇതൊക്കെ ഞങ്ങളു തന്നെ തുറക്കണോ അതോ സാറു വന്നു തുറന്നു തരുമോയെന്ന് ചില മുന്നു നക്ഷത്രക്കാര്‍ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്. എന്തായാലും പാര്‍ട്ടി കോണ്‍ഗ്രസായതുകൊണ്ട് കുഴപ്പമില്ല,അത്രപെട്ടെന്നൊന്നും നാണം വരാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ നയരൂപീകരണം, ജനോപകാരം, കോടതി എന്നൊക്കെ ഇന്ദിരാഭവനില്‍ നിന്ന് ചില മുറുമുറുക്കലുകള്‍ ഉയരുമെന്നുമാത്രം. കിട്ടിയ തക്കത്തിന് മധ്യവയസ്സുകഴിഞ്ഞ ചില യുവകേസരികള്‍ മദ്യനയത്തിലെ കല്ലുപെറുക്കി കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിലും പെരയ്ക്കു തീപിടിക്കുമ്പോള്‍ കഴുക്കോലൂരാന്‍ പ്രാവിണ്യം കിട്ടിയവരാണല്ലോ ഈ കൂട്ടര്‍.ഇതിപ്പം സര്‍ക്കാരിനെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. തൊട്ടുനാവില്‍ വയ്ക്കാന്‍ ഒരുതുള്ളി മദ്യം കിട്ടാത്ത പുതുപ്പള്ളിപോലെ കേരളനാടിനെ മാറ്റിയെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ഈ പാടെല്ലാം പെട്ടത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ കുഞ്ഞൂഞ്ഞിനോളം സഹനസമരം നടത്തിയവരാരെങ്കിലുമുണ്ടോയെന്ന് അറിയണമെങ്കില്‍ ചരിത്രം ചികയേണ്ടിവരും. മദ്യവിമുക്തമായ കേരളം എന്ന തന്റെ സ്വപ്‌നം പൂവണിയാന്‍പോകുന്നിന്റെ പുഞ്ചിരി കെപിസിസി ഓഫിസിലേക്ക് കേറുമ്പോളൊഴിച്ചാല്‍ ബാക്കി സദാസമയവും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നതാണ്. ഞാനാണ് നിരോധിച്ചത് ഞാന്‍ മാത്രമേ നിരോധിച്ചുള്ളൂവെന്ന് ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അദ്ദേഹം എത്രമാത്രം ബദ്ധപ്പെട്ടു. എല്ലാം വെറുതെയാകുമോ? എന്തായലും മുഖ്യമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ നില്‍ക്കുന്നില്ല.

പകരം ചില സംശയങ്ങള്‍ കോടതിയോടാണ്. ഇതായിരുന്നു പ്ലാനെങ്കില്‍ ഇന്നലെയന്തിനാപ്പാ വെറുതെ ആശിപ്പിച്ചത്! അതോ പിഴവ് പറ്റിയതാണോ? ചില നേതാക്കന്മാര്‍ പറയുന്നത് ഇപ്രകാരമാണ്. സര്‍ക്കാരിന്റെ മദ്യ നയമല്ല, സിംഗിള്‍ ബഞ്ചിന്റെ വിധിയാണ് പൂട്ടിയതൊക്കെ തുറക്കാന്‍ കാരണമെന്നാണ്. നാലെണ്ണം വിട്ടാലും സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇന്നലത്തെ വിധി കേള്‍ക്കുമ്പോള്‍ തന്നെ അറിയാരുന്നു, തങ്ങളുടെ കുടി മുട്ടില്ലെന്ന്. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തന്നെയാണ് 'ഭാഗിക' വിധി പുറത്ത് വന്നത്. അപ്പിലുപോകുമെന്നും സ്‌റ്റേ വരുമെന്നുമൊക്കെ ഉറപ്പല്ലായിരുന്നോ. ഇനിയിപ്പം എല്ലാംകൂടി എടുത്തുപിടിച്ചോണ്ട് സുപ്രിം കോടതിയിലേക്ക് ചെല്ലും. അവിടെ നിന്ന് എന്തൊക്കെയാണാവോ കേള്‍ക്കാന്‍ പോകുന്നത്.


Next Story

Related Stories