TopTop
Begin typing your search above and press return to search.

ബാബുവിന് കിട്ടിയ എട്ടിന്റെ പണി

ബാബുവിന് കിട്ടിയ എട്ടിന്റെ പണി

ജെ ബിന്ദുരാജ്

ടെലിഫോണ്‍ നമ്പര്‍ തൊട്ട് കാര്‍ നമ്പര്‍ വരെ എന്തിനും ഏതിനും തന്റെ ഇഷ്ട നമ്പറായ പതിനെട്ട് കിട്ടിയാല്‍ എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രിയായ കെ ബാബുവിന് സന്തോഷമാകുമെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്. തനിക്ക് മുമ്പുണ്ടായിരുന്ന അംബാസിഡര്‍ കാറുകളുടെ നമ്പറുകള്‍ അവസാനിക്കുന്നതും പതിനെട്ടില്‍ തന്നെയാണ്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ബാബുവിന് ഇന്നോവ അനുവദിച്ചപ്പോള്‍ മാത്രം ആ പതിനെട്ട് എന്ന നമ്പര്‍ കിട്ടാതെ പോയി. പകരം കിട്ടിയത് നമ്പര്‍ എട്ടാണ്. ബാര്‍ കോഴ കേസ്സില്‍ ബിജു രമേശ് കെ ബാബുവിനും കോഴപ്പണം കൈമാറിയെന്ന് ആരോപണമുന്നയിക്കുകയും ഇന്നത്തെ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജി വയ്ക്കുകയും ചെയ്തതോടെ ഒടുവില്‍ പുതിയ കാറിന്റെ നമ്പര്‍ പോലെ തന്നെ എട്ടിന്റെ പണി കിട്ടി അദ്ദേഹത്തിന്. ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണി കോടതി പരാമര്‍ശത്തിന്റെ പേരില്‍ കുടുങ്ങി രാജി വച്ചിട്ടും ബാബുവിനെതിരെ കേസ്സെടുക്കാന്‍ ഒന്നും കണ്ടെത്തിയില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന വിജിലന്‍സിനെ വീഴ്ത്തിയത് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവാണ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാബു ബിജു രമേശില്‍ നിന്നും 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സമയം നീട്ടി ചോദിച്ച വിജിലന്‍സിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ഒരു പൈസ പോലും കോഴപ്പണം കൈപ്പറ്റാത്ത താന്‍ തന്റെ നിരപരാധിത്വം തെളിയിച്ച് ജനങ്ങളുടെ മുന്നില്‍ സംശുദ്ധപ്രതിഛായയുമായി മടങ്ങിവരുമെന്നാണ് ബാബുവിന്റെ അവകാശവാദം. ധനമന്ത്രി കെ എം മാണിക്കെതിരെ കേസ്സെടുക്കാനുള്ള തെളിവില്ലെന്ന് വിജിലന്‍സ് എസ് പി സുകേശന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതി അതിന്റെ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 20-ലേക്ക് മാറ്റുകയും ചെയ്തിരിക്കുന്ന വേളയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി കെ ബാബുവിനെതിരെയെടുത്ത നിലപാട് എന്നത് പ്രസക്തമാണ്. കോടതിയെ വിജിലന്‍സ് കൊഞ്ഞനം കുത്തുകയാണോയെന്നായിരുന്നു തൃശൂര്‍ കോടതിയുടെ ചോദ്യം.

ബാര്‍ കോഴ കേസ്സ് അങ്ങനെ കെ എം മാണിയില്‍ നിന്നും അടുത്ത ഘട്ടത്തിലേക്ക് കടന്ന് കെ ബാബുവില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ബാറുടമയും കേരളാ ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റുമായ ബിജു രമേശ് സംസ്ഥാന ധനമന്ത്രി കെ എം മാണിക്കെതിരെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ബാറുടമകള്‍ കോഴ നല്‍കാന്‍ പിരിച്ചുവെന്ന് പറയപ്പെടുന്ന 15 കോടി രൂപയില്‍ ബാക്കിയുള്ള 14 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യമുയര്‍ന്നിരുന്നു. മാണിക്കു മാത്രമല്ല ബാറുടമകളില്‍ നിന്നും പിരിച്ചെടുത്ത കോടികളുടെ വീതമെത്തിയിരിക്കുന്നതെന്നു വന്നതോടെ ഭരണത്തിലെ മറ്റു പല പ്രമുഖരിലേക്കും സംശയത്തിന്റെ മുന നീണ്ടു. ബാബുവിനു പുറമേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറുമൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് ബാറുടമകളില്‍ ചിലരൊക്കെ ആരോപിക്കുകയും ചെയ്തു.


ഘട്ടം ഘട്ടമായി ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വമ്പന്‍ കോഴ ഓരോരുത്തരില്‍ നിന്നും വാങ്ങി ലൈസന്‍സ് പുതുക്കി നല്‍കാനുള്ള ഏര്‍പ്പാടായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. 2014 മാര്‍ച്ച് മാസത്തിലെ അവസാനത്തെ മന്ത്രിസഭാ യോഗത്തിലാണ് ബാര്‍ ലൈസന്‍സ് പ്രശ്‌നം ഉയര്‍ന്നുവന്നതും കെ എം മാണി ലൈസന്‍സ് പുതുക്കുന്ന ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അക്കാര്യത്തില്‍ തീരുമാനമാകാതെ പോയതും. പിന്നീട് മാണി അതിന് അനുമതി നല്‍കിയപ്പോള്‍ അടുത്ത മന്ത്രിസഭാ യോഗത്തിലാകട്ടെ ബാക്കി കാര്യങ്ങളെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞതില്‍ തുടങ്ങുന്നു കോഴയുടെ ചരിതം. ഘട്ടം ഘട്ടമായി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലൂടെ ഘട്ടം ഘട്ടമായി കൈക്കൂലി വാങ്ങാനുള്ള ഒരു ത്വര 2003-ലെന്ന പോലെ 2014-ലും യു ഡി എഫിനുള്ളില്‍ ഉണ്ടായെന്നാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. പക്ഷേ ഒരു വകുപ്പിനെ മറി കടന്ന് മറ്റൊരു വകുപ്പ് കോഴ കൈപ്പറ്റാന്‍ ശ്രമിച്ചപ്പോഴുണ്ടായ അസ്വാരസ്യങ്ങളാണ് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച പുതിയ കോലാഹലങ്ങളിലെത്തപ്പെട്ടത്.. ബാറുകാര്യത്തില്‍ കോഴയില്ലാതെ ഒരു വകുപ്പും മുന്നോട്ടുപോവില്ലെന്നതാണ് പരസ്യമായ രഹസ്യം. ബാര്‍ ലൈസന്‍സുകള്‍ ഘട്ടം ഘട്ടമായി പുതുക്കാനുള്ള തീരുമാനം അഴിമതി നടത്താനുള്ള നീക്കമായിരുന്നുവെന്നതില്‍ സംശയമില്ല. 2003-ലും ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് ഓരോ ബാറുകാരും പണം കൊടുത്ത് നടക്കുന്ന ഗതികേടുണ്ടായെന്നും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളില്‍ വരെ അന്നു പണം നല്‍കേണ്ടി വന്നുവെന്നും ബാറുടമകള്‍ പറയുന്നു. 2006-ല്‍ പി കെ ഗുരുദാസന്‍ മന്ത്രിയായി വന്ന സമയത്ത് ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെയാണ് 418 ബാറുകള്‍ക്കും ഒറ്റ ഓര്‍ഡറിലൂടെ ലൈസന്‍സ് അദ്ദേഹം പുതുക്കി നല്‍കിയതെന്നിരിക്കേ, ആ സംവിധാനമുള്ളപ്പോള്‍ പിന്നെ 2011-ല്‍ എന്തിനാണ് ഘട്ടം ഘട്ടമായി ഈ പരിപാടി സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്ന ചോദ്യം കൈക്കൂലി സൃഷ്ടിയിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ബാറുകള്‍ പലമട്ടില്‍ അഴിമതിക്കാരായ ഭരണക്കാരുടെ കറവപ്പശുവാണ്. തെരഞ്ഞെടുപ്പ് ഫണ്ടായി കൊടുക്കുന്ന തുച്ഛമായ തുകയല്ല മറിച്ച് ലൈസന്‍സ് ഫീസ് പുതുക്കി നല്‍കാനുള്ള വമ്പന്‍ കോഴയും വില കുറഞ്ഞ മദ്യം ബാറുകളിലേക്ക് ഒഴുക്കി വാങ്ങുന്ന കോടികളുടെ കമ്മീഷനുകളുമൊക്കെ മദ്യത്തെ രാഷ്ട്രീയക്കാര്‍ ഏറ്റവും പ്രിയങ്കരമാക്കിത്തീര്‍ക്കുന്നു. 2013-ല്‍ മാത്രം 103 കോടി രൂപയാണ് ബാറുകളിലൂടെ വിലകുറഞ്ഞ മദ്യമെത്തിച്ചതിലൂടെ വകുപ്പിന് ലഭിച്ച കമ്മീഷനെന്ന് നേരത്തെ പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നതാണ്. കെ ബാബുവിനും അസോസിയേഷന്‍ പണം കൊടുത്തിട്ടുള്ളതു കൊണ്ടാണ് ലൈസന്‍സ് പുതുക്കലുകള്‍ക്ക് മുന്‍കാലങ്ങളില്‍ അഞ്ചു പൈസ കൊടുത്തിട്ടില്ലെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി പറഞ്ഞത്. ഈ കാലഘട്ടങ്ങളിലുള്ള ലൈസന്‍സ് പുതുക്കല്‍ പരിശോധിച്ചാല്‍ അറിയാം ഓരോ ലൈസന്‍സ് പുതുക്കലിനും ഇതുപോലെ ലീഗല്‍ ഫണ്ട് എന്ന പേരില്‍ പണം പിരിച്ചിട്ടുണ്ടെന്ന കാര്യം.


കേരളത്തില്‍ ഏപ്രില്‍ ഒന്നിനു മുമ്പു വരെ മൊത്തം പ്രവര്‍ത്തിച്ചിരുന്നത് 732 ബാറുകളാണ്. ഇതില്‍ നിലവാരമില്ലാത്ത 418 ബാറുകളാണ് ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. 2006 ജനുവരിയില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഡോക്ടര്‍ വേണു എക്‌സ്‌സൈസ് കമ്മീഷണറായിരിക്കെയാണ് ഇപ്പോള്‍ അടച്ചുപൂട്ടിയ 418 ബാറുകളുടെ പട്ടിക തയാറാക്കിയത്. 2007-08-ല്‍ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഉള്ള ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് കൊടുക്കാന്‍ അബ്കാരി നയം തീരുമാനിക്കുന്ന സമയത്താണ് ഈ പട്ടിക തയാറാക്കിയത്. കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പറയുന്നത് യാതൊരു വിധ പരിശോധനയും ഇക്കാര്യത്തില്‍ നടത്തുകയോ ഉദ്യോഗസ്ഥര്‍ ഈ ഹോട്ടലുകളില്‍ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നാണ്. പക്ഷേ എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതിനു പുറമേ അവ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കി നല്‍കുന്ന സമയത്ത് കൈക്കൂലി ഇടപാടുകള്‍ ധാരാളമായി നടക്കാറുണ്ടായിരുന്നതിനാലും റഗുലറൈസ് ചെയ്താല്‍ ലൈസന്‍സ് ഫീ വാങ്ങിച്ചാല്‍ മാത്രം മതിയെന്നതിനാലുമാണ് അന്നത്തെ എക്‌സൈസ് മന്ത്രി പി കെ ഗുരുദാസന്‍ അനേക വര്‍ഷം പഴക്കമുള്ള ബാറുകള്‍ റഗുലറൈസ് ചെയ്യാന്‍ തീരുമാനിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ 2011-ല്‍ പ്രഖ്യാപിച്ച മദ്യനയ പ്രകാരം ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നത് 2012 മാര്‍ച്ച് വരേയും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നത് 2013 മാര്‍ച്ച് വരേയ്ക്കുമായി നിജപ്പെടുത്തിയിരുന്നു. 2014 മാര്‍ച്ചിനുശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ നയപ്രകാരം ബാര്‍ അനുവദിക്കുകയുള്ളു. പുതുതായി നിര്‍മ്മിച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് അതിനെതിരെ 23 ഹോട്ടലുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പുതിയ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കരുത് എന്ന സര്‍ക്കാരിന്റെ ഉത്തരവും ദൂരപരിധി സംബന്ധിച്ച ഉത്തരവും തുടര്‍ന്ന് ഹൈക്കോടതി റദ്ദു ചെയ്തു. സര്‍ക്കാര്‍ ഇതിനെതിരെ സുപീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഒപ്പം അബ്കാരി മേഖലയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് എം രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി നിയമിക്കുകയും ചെയ്തു. 2014 മാര്‍ച്ച് അഞ്ചാം തീയതി സുപ്രീം കോടതി കേസ്സില്‍ വിധി പുറപ്പെടുവിച്ചു. ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന സര്‍ക്കാര്‍ തീരുമാനം ശരിവച്ചെങ്കിലും ഈ ബാര്‍ ഉടമകള്‍ 418 ബാറുകളെ സംബന്ധിച്ച 2006-ലെ റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍ എത്തിച്ചിരുന്നതിനാല്‍ കോടതി ചില അതു സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി സ്വീകരിക്കും വരേയ്ക്ക് പുതിയ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കരുതെന്നായിരുന്നു സുപ്രീം കോടതി വിധി. നിലവിലുള്ള 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലാത്തതിനാലും 418 ബാര്‍ ലൈസന്‍സുകള്‍ ഒന്നിച്ച് പുതുക്കാതിരിക്കുന്നതിലൂടേയും സര്‍ക്കാര്‍ വരുമാനത്തില്‍ ഗണ്യമായ കുറവു വരുമെന്നതുമാണ് സര്‍ക്കാരിന്റെ ന്യായം.

സുധീരന്റെ ഇടപെടലാണ് എല്ലാം മലക്കം മറിച്ചത്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ചാണ്ടിയുമായുള്ള പോരില്‍ ജയിക്കാന്‍ സുധീരന്‍ പ്രസ്താവിച്ചു. ഓഗസ്റ്റ് 21-ന് 21 പഞ്ചനക്ഷത്ര ബാറുകളൊഴിച്ചുള്ള 294 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും സംസ്ഥാനത്ത് ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം നടപ്പാക്കാനും സുധീരനെ ജയിക്കാന്‍ ചാടി അവസാന അടവ് പുറത്തെടുത്തു. അതോടെ പോരാട്ടം പുതിയ രൂപത്തിലെത്തി. ഓഗസ്റ്റ് 28-ന് ബാക്കിയുള്ള 294 ബാറുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് കമ്മീഷണര്‍ സെപ്തംബര്‍ 12 വരെ സമയം നല്‍കി. ബാറുടമകള്‍ അതിനെതിരെ കോടതിയെ സമീപിച്ചു. സെപ്തംബര്‍ 30-നു മുമ്പ് കേസ്സ് ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീം കോടതിയുത്തരവിട്ടു. ഒക്‌ടോബര്‍ 30-ന് സിംഗ് ബെഞ്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു പുറമേ ഫോര്‍ സ്റ്റാറുകള്‍ക്കും ഹെറിറ്റേജ് ബാറുകള്‍ക്കുമടക്കം 62 ബാറുകള്‍ക്ക് പ്രവര്‍ത്താനാനുമതി നല്‍കിക്കൊണ്ട് 250 ബാറുകള്‍ കൂടി അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിട്ടു. അതിനു തൊട്ടടുത്ത ദിവസം ഒക്‌ടോബര്‍ 31-ന് ഡിവിഷന്‍ ബെഞ്ച് ബാറുകള്‍ പൂട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസത്തെ സ്‌റ്റേ അനുവദിച്ചു. നവംബര്‍ 18ന് കേസ്സ് വീണ്ടും പരിഗണനയ്‌ക്കെടുക്കാനിരിക്കേയാണ് അന്നേ ദിവസം വൈകുന്നേരം ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജു രമേശ് ധനമന്ത്രി കെ എം മാണിക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണം ഉന്നയിച്ചത്. ഇപ്പോഴിതാ സുപ്രീം കോടതി സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച് ഉത്തരവിറക്കിയതോടെ ബാറുടമകള്‍ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായി. കൊടുത്ത പണം പോയെങ്കിലും കുറഞ്ഞപക്ഷം പണം വാങ്ങിപ്പറ്റിച്ചവരെ കുടുക്കിയാല്‍ മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ. ബാബുവിന്റെ രാജിയോടെ മനസ്സമാധാനം കുറച്ചുകൂടി ബാറുടമകള്‍ക്ക് ലഭിച്ചിരിക്കണം.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ജെ ബിന്ദുരാജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories