TopTop
Begin typing your search above and press return to search.

നിയമത്തിന്റെ ചില പോക്കുവരവുകള്‍

നിയമത്തിന്റെ ചില പോക്കുവരവുകള്‍

തിരുവനന്തപുരത്ത് ഗവ.സെക്രട്ടേറിയറ്റിലെ എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈക്കൂലി നല്‍കിയെന്ന് തിരുവനന്തപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ സി.ആര്‍.പി.സി 164-ാം വകുപ്പ് പ്രകാരം രഹസ്യമൊഴി ലഭിക്കുന്നു. മന്ത്രിക്കുള്ള 50 ലക്ഷം രൂപയുടെ കോഴയാണ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പ്രൈവറ്റ് സെക്രട്ടറി ഏറ്റുവാങ്ങിയെന്നാണ് മൊഴി.

നിയമം നിയമത്തിന്റെ വഴിക്കാണ് പോവുന്നതെങ്കില്‍ ചെയ്യേണ്ടത് ഉടനടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിക്കലാണ്. കാരണം, കോഴ നല്‍കി എന്നുപറഞ്ഞ് രംഗത്തെത്തിയത് കൈക്കൂലി നല്‍കിയ ആളാണ്. ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായ ആള്‍ ആ തെറ്റ് ഒരു മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ ഏറ്റുപറഞ്ഞ് മൊഴി നല്‍കിയാല്‍ പിന്നെ, മറ്റൊന്നും ആലോചിക്കേണ്ടതില്ല. കോഴ നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നാണല്ലോ നിയമം പറയുന്നത്.

പക്ഷെ, ഇവിടെ അങ്ങനൊന്നും സംഭവിച്ചില്ല. പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ ആവശ്യം ഉന്നയിച്ച് രണ്ടുതവണ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്‍കി. ഡയറക്ടര്‍ പ്രതിപക്ഷ നേതാവ് പറയുന്നതുകേള്‍ക്കാനല്ലല്ലോ ഇരിക്കുന്നത്! അതിനാല്‍ അദ്ദേഹം നിവൃത്തിയില്ലാതെ ഈ പരാതി ലീഗല്‍ അഡ്വൈസര്‍ക്ക് കൈമാറി. ഇതില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നായിരുന്നു ഉപദേശകന്റെ അഭിപ്രായം. അതോടെ ഡയറക്ടര്‍ വിശ്വസ്ത വിനീതനായി ഇരിപ്പു തുടര്‍ന്നു.

ഇതിനിടെ കോടതിയുടെ മുമ്പാകെയുള്ള രഹസ്യമൊഴി ഔദ്യോഗികമായി വിജിലന്‍സിന് ലഭിച്ചു. അപ്പോള്‍, സാധാരണ ഗതിയില്‍ ചെയ്യേണ്ടത് ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയാണ്. വിജിലന്‍സ് ഡയറക്ടറും നമ്മുടെ മുഖ്യമന്ത്രിയേയും എക്‌സൈസ് മന്ത്രിയേയുംപോലെ നിയമത്തിന്റെ വഴിയേ പോവൂ എന്ന വാശിക്കാരനാണ്. അതുകൊണ്ട് എന്ത് സംഭവിച്ചു? മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കണോ എന്നുപരിശോധിക്കാന്‍ അന്വേഷണം നടത്താന്‍ തീരുമാനമായി! വിജിലന്‍സ് മാനുവലില്‍ അങ്ങനെയൊരു അന്വേഷണം നടത്താന്‍ വകുപ്പില്ലെന്നതൊക്കെ ശരി. പക്ഷെ, നിയമത്തിന് നിയമത്തിന്റെ വഴിയേ പോവുമ്പോള്‍ എങ്ങനെ വേണമെങ്കിലും അന്വേഷിക്കാം!തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലാണല്ലോ 'കുറ്റകൃത്യം' നടന്നത്. പക്ഷെ, അന്വേഷിക്കാന്‍ എറണാകുളത്തെ ഡിവൈ.എസ്.പിയേയും മേല്‍നോട്ടം വഹിക്കാന്‍ എസ്.പിയേയും ചുമതലപ്പെടുത്തി. ഈ ഡിവൈ.എസ്.പി ആളൊരു ഒന്നൊന്നര മുതലാണ്! കാര്യം മനസ്സിലായല്ലോ. 'മിടുക്കന്‍' ഉഗ്രന്‍ അന്വേഷണം നടത്തി. നിയമത്തിന്റെ വഴിയേ തന്നായിരുന്നു ഈ പുന്നാരന്റെ അന്വേഷണവും! അതുകൊണ്ട് ഓരോരുത്തരും കൊണ്ടുക്കൊടുത്ത തെളിവും മൊഴിയുമൊക്കെ കൊച്ചിക്കായലിലൊഴുക്കി അതിയാന്‍ പ്രമാദമാന റിപ്പോര്‍ട്ട് തയ്യാറാക്കി.

എറണാകുളം യൂണിറ്റ് അന്വേഷണം നടത്തുമ്പോള്‍ ഒരു ഗുണമുള്ളത് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട എന്നതാണ്. തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ ഒരു സിംഹമുണ്ട്. ആ സിംഹമാണ് പാവം നമ്മുടെ മാണിസാറിനെ കടിച്ചുകുടഞ്ഞത്. അതിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോഴാണ് അവിടുന്ന് കണക്കിന് കിട്ടിയത്. സീസറിന്റെ ഭാര്യയെവരെ പറയിപ്പിച്ച കോടതിവിധിയുടെ ഉല്പത്തിക്കഥ അറിയാമെന്നതിനാല്‍ ആ ഏരിയായിലേക്കേ പോയില്ല.

ചലോ തൃശൂര്‍ വിജിലന്‍സ് കോടതി എന്നായിരുന്നല്ലോ മുദ്രാവാക്യം. മാണിസാറിന് ഹൈക്കോടതിയില്‍ നിന്നാണ് കണക്കിന് കിട്ടിയതെങ്കില്‍ ബാബുസാറിന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍നിന്നുതന്നെ ആവശ്യാനുസരണം ലഭിച്ചു! ഗാണ്ഡീവം പോയ അര്‍ജുനനാണോ വിജിലന്‍സ് എന്നായി കോടതി. (ഭാഗ്യം, ഗാണ്ഡീവം കാണാതെപോയതിനെപ്പറ്റി ഇപ്പോള്‍തന്നെ ത്വരിതപരിശോധന നടത്താമെന്ന് കോടതിയില്‍ വിജിലന്‍സ് ബോധിപ്പിച്ചില്ല!). അങ്ങനെ നിയമം നിയമത്തിന്റെ വഴിയേ പോവുന്നതിനിടയില്‍ മന്ത്രി ബാബുസാറ് രാജിവയ്‌ക്കേണ്ടി വന്നു. ഇല്ലെങ്കില്‍ കെ.എം.മാണി വന്ന് ചവിട്ടി പുറത്താക്കുമായിരുന്നെന്നത് വേറെ കാര്യം. രാജിവയ്ക്കാതെ പിടിച്ചുനില്‍ക്കാന്‍ പരമാവധി നോക്കിയ മാണിസാറിനെ പിടിച്ചപിടിയാലെ 24 മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ രാജിവയ്പ്പിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

മാണി സാറിനെപ്പോലെയാണോ കെ.ബാബു. തച്ചോളി പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ ഗ്രൂപ്പങ്കങ്ങളില്‍ ഇടംവലം വെട്ടിമുന്നേറാന്‍ പ്രേരിപ്പിച്ച ധീരപോരാളിയല്ലോ? അതോണ്ട് രാജിക്കത്ത് വാങ്ങി ഉമ്മന്‍ചാണ്ടി സാറ് കീശയിലിട്ടു. എന്നിട്ട് , ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെപ്പോലും അറിയിക്കാതെ നേരെ ഹൈക്കോടതിയിലോട്ടൊരു വിടീല്! തൃശൂര്‍ വിജിലന്‍സ് കോടതി രാഷട്രീയം കളിക്കുന്നെന്നൊരു കീറലും കാറലും. കോടതി പറഞ്ഞു എടുത്തോണ്ട് സ്ഥലം വിടാന്‍!

മുമ്പ് , ഇങ്ങനെ ഒരാളെ രക്ഷപ്പെടുത്തിയ ഒരു കഥ നമ്മുടെ മുഖ്യന്‍ജിക്കും എ.ജി ദണ്ഡപാണിജിക്കും ഉണ്ട്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഭൂമിദാനക്കേസ് കുത്തിപ്പൊക്കി കുറ്റപത്രം നല്‍കി. വി.എസ്സല്ലേ ആള്. അദ്ദേഹം നേരെ ഹൈക്കോടതിയിലെത്തി. കോടതി നോക്കിയപ്പോള്‍ അതിലൊരു കാര്യവുമില്ല. വെറും രാഷ്ട്രീയക്കളി. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെയും ഉമ്മന്‍ചാണ്ടിയുടെയും കള്ളക്കളി. ആ കുറ്റപത്രം കോടതി എടുത്തൊരേറ്! അന്നുതന്നെ, കോടതിവിധിയുടെ പകര്‍പ്പും പരിഭാഷയുമൊന്നുമില്ലാതെ എ.ജി എടുത്തൊണ്ട് ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂരിന്റെ ബഞ്ചിലേക്ക് പാഞ്ഞുചെന്നു. ആ ബഞ്ച് സ്റ്റേ നല്‍കി അനുഗ്രഹിച്ചു. അല്ലായിരുന്നെങ്കില്‍ തിരുവഞ്ചൂരിന് അന്ന് രാജിവച്ചിറങ്ങേണ്ടി വരുമായിരുന്നു. അതുകൊണ്ട് പില്‍ക്കാലത്ത് ആഭ്യന്തരം പോയെങ്കിലും പെന്‍ഡ്രൈവിന്റെയും സോളാര്‍ കേസിന്റെയും ഇളനീര്‍ കുടിയുടെയും ബലത്തില്‍ അദ്ദേഹത്തിന് വനത്തിലേക്കങ്ങ് കയറാന്‍ പറ്റി!അന്ന് നിയമം എത് വഴിക്കാണ് പോയതെന്ന് ചോദിച്ച് പ്രമഖ അഭിഭാഷക സംഘടനകളും നിയമവിദഗ്ദരും പരസ്യമായി രംഗത്തെത്തിയെങ്കിലും മൗനം വിദ്വാനു ഭൂഷണം എന്ന മട്ടിലായിരുന്നു കോടതി!ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു ജഡ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയിലുണ്ടായിരുന്നു. പി.കെ.ഹനീഫ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പാമോയില്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാതെ ആ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെപ്പറ്റി വീണ്ടും അന്വേഷിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അദ്ദേഹത്തിനെ മുഖ്യമന്ത്രിക്കുവേണ്ടി ചീത്ത പറഞ്ഞ് ഓടിക്കാന്‍ മുന്നില്‍ നിന്നത് പഴയ സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്നു. അന്ന് കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് പ്രസിഡന്റാണെന്നതിനു പുറമേ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. അതെ, സാക്ഷാല്‍ പി.സി.ജോര്‍ജ്! നിയമം അന്നും പോയത് നിയമത്തിന്റെ വഴിയേ ആയിരുന്നു!പക്ഷെ, ഇന്ന് പി.സി.ജോര്‍ജ് എവിടെയാണെന്ന് അദ്ദേഹത്തിനുപോലും അറിയില്ല. സി.പി.എമ്മുകാരനായിരുന്ന ആര്‍.ശെല്‍വരാജ് എം.എല്‍.എയെ ചാക്കിലാക്കി കൊണ്ടുവന്ന് യു.ഡി.എഫിലേക്ക് ജ്ഞാനസ്‌നാനം ചെയ്യിപ്പിച്ച് അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിച്ച് ജയിപ്പിച്ചതിന് നേതൃത്വം നല്‍കിയതും മറ്റാരുമായിരുന്നില്ല. അന്ന് ശെല്‍വരാജിനെ ജയിപ്പിക്കാന്‍ വ്രതം നോക്കിയത് സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയായിരുന്നെന്നത് പഴയ ചരിത്രം. ടി.പി.ചന്ദ്രശേഖരനെ എത്രവെട്ടിന് കൊന്നു എന്നൊക്കെ കേരളീയര്‍ക്കറിയാമല്ലോ. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പിലും ചന്ദ്രശേഖരന്‍ സി.പി.എമ്മിനെ പേടിപ്പിക്കാനെത്തി എന്നതും വസ്തുത. ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും ടി.പിയെ പേടിച്ച് എല്‍.ഡി.എഫിന് പായേണ്ടി വന്നതും ചരിത്രം. ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ടി.പി, സി.ബി.ഐ അന്വേഷണത്തിന്റെ രൂപത്തില്‍ വട്ടം കറക്കാനിടയുണ്ടെന്നാണ് സൂചന.

കോടതിവിധികള്‍ അനുകൂലമാവുമ്പോള്‍ അതൊക്കെ നിര്‍ഭയ, നീതിനിഷ്ഠ തീരുമാനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരം. മറിച്ചാവുമ്പോള്‍ അതൊക്കെ രാഷ്ട്രീയ പ്രേരിതം. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊക്കെയുള്ള പൊതു സ്വഭാവമാണിത്. ലാവ്‌ലിന്‍ കേസില്‍ കോടതിവിധി എതിരായപ്പോള്‍ സി.പി.എം കാട്ടിക്കൂട്ടിയത് മറക്കാറായിട്ടില്ല. അറുപതുകഴിഞ്ഞ ന്യായാധിപന്‍മാര്‍ വിദ്യാര്‍ത്ഥികളായിരുന്നപ്പോള്‍ ഏത് സംഘടനയില്‍ അംഗമായിരുന്നു എന്നന്വേഷിച്ച് വിമര്‍ശിച്ച സംഭവംപോലുമുണ്ടായി. ഏറ്റവുമൊടുവില്‍ കെ.പി.സി.സിയടെ കാക്കത്തൊള്ളായിരം വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് മന്ത്രി ബാബുവിന്റെ രാജിയിലേക്ക് നയിച്ച കോടതിവിധിയില്‍ ദുസ്സൂചന ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വേറെ പണിയൊന്നുമില്ലാതിരിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുകയും ചെയ്യുമ്പോള്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ ഗ്രൂപ്പ് രാജാക്കന്‍മാരെ തൃപ്തിപ്പെടുത്താന്‍ ചീത്തപറയേണ്ടത് കോടതിയെയാണെങ്കില്‍ അതിനും തയ്യാര്‍! ഭാവിയില്‍, ഒരു പക്ഷേ, നിയമമന്ത്രിയും ആയിക്കൂടെന്നില്ല. ഇങ്ങനെയൊക്കെയാണല്ലോ നിയമം നിയമത്തിന്റെ വഴി പോവുന്നത്!

ഇതിനര്‍ത്ഥം, കോടതിവിധികള്‍ വിമര്‍ശനാതീതമാണെന്നല്ല. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അഴിമതിക്കേസിലും ബോളിവുഡ് നായകന്‍ സല്‍മാന്‍ഖാനെ കൊലക്കേസിലും കോടതികള്‍ വെറുതേവിട്ടതിനെതിരെ രാജ്യവ്യാപകമായ വിമര്‍ശനമുയര്‍ന്നല്ലോ. എന്തിന്, 'സോളാര്‍' സരിതയുടെ വിവാദകത്ത് സോളാര്‍ അന്വേഷണകമ്മിഷന് മുമ്പാകെ ഹാജരാക്കേണ്ട എന്ന ഹൈക്കോടതിവിധിയും വിമര്‍ശന വിധേയമായിട്ടുണ്ട്. എന്‍ക്വയറി കമ്മിഷന്‍ ആക്ടില്‍ ഏതുരേഖയും പിടിച്ചെടുക്കാന്‍ ആ വകുപ്പുപ്രകാരം രൂപീകൃതമായ കമ്മിഷനുകള്‍ക്ക് അനുമതിയുണ്ട്. അത് പാടില്ലെന്നു പറയാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. അതെ, ഇവിടെയും നിയമം നിയമത്തിന്റെ വഴിയേ പോകട്ടെ!


Next Story

Related Stories