TopTop
Begin typing your search above and press return to search.

ബാര്‍; മാണി മാത്രമല്ല കോണ്‍ഗ്രസും വെള്ളം കുടിക്കും

ബാര്‍; മാണി മാത്രമല്ല കോണ്‍ഗ്രസും വെള്ളം കുടിക്കും

കെ എ ആന്‍റണി

ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ബാര്‍ കോഴ കേസില്‍ പുനരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവായിരിക്കുന്നു. പുനരന്വേഷനം കെഎം മാണി ആരോപിതനായ കേസില്‍ മാത്രം ആകയാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഈ പുനരന്വേഷണത്തിന് മറ്റു ചില മാനങ്ങള്‍ കൂടി കല്‍പ്പിക്കുന്നുണ്ട്. യുഡിഎഫ് വിട്ട കെ എം മണിയേയും സംഘത്തേയും എല്‍ഡിഎഫില്‍ എത്തിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനാലാണ്‌ ഇങ്ങനെയൊക്കെ സംഭവിച്ചിരിക്കുന്നത് എന്നാണ് കെപിസിസി അധ്യക്ഷന്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നത്. പുനരന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യസന്ധതയേയും അവരില്‍ പലരും ചോദ്യം ചെയ്യുന്നുണ്ട്.

ശരിയാണ്, പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന എസ് പി ആര്‍ സുകേശന്‍ ആണ്. ഇതേ സുകേശന്‍ തന്നെയായിരുന്നു ആദ്യം കെ എം മാണിക്ക് എതിരെ തെളിവുണ്ട് എന്ന് പറഞ്ഞതും പിന്നീട് തെളിവില്ല എന്ന് പറഞ്ഞതും. കാര്യങ്ങള്‍ മാറ്റി മാറ്റി പറഞ്ഞു കോടതിയെ കബളിപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ സത്യസന്ധത തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

പക്ഷെ എത്ര ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചാലും സത്യം വെളിച്ചത്ത് വരേണ്ടതുണ്ട്. കേസില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ട കോടതിക്കും വേണ്ടത് അതാണ്‌. അതുതന്നെയാണ് കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നത്.

ഈ കേസിലൂടെ വീണ്ടും ശ്രദ്ധേയനാകുന്ന മറ്റൊരാളുണ്ട്. പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്‌. കേസിന്റെ ആരംഭത്തില്‍ തന്‍റെ വായ മൂടിക്കെട്ടിയവരോടുള്ള വെല്ലുവിളി ആയി തന്നെയാണ് അദ്ദേഹം ഈ കേസിന്‍റെ പുനരന്വേഷണം ആവശ്യപ്പെട്ടത്. അതിനായ് ഉപയോഗിച്ചതാകട്ടെ പഴയ അന്വേഷണ ഉദ്യോഗസ്ഥനെയും. സത്യത്തില്‍ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കുന്ന ആ പഴയ വിദ്യ തന്നെയാണ് ഇവിടെ ജേക്കബ് തോമസ്‌ പയറ്റിയിരിക്കുന്നത്. കളവ് പറഞ്ഞ സുകേശനെ തന്നെ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ ആക്കും എന്ന പ്രതീക്ഷ അത്രകണ്ട് ശരിയെന്നു തോന്നുന്നില്ല. എങ്കിലും ഒരുപക്ഷെ തന്‍റെ സത്യസന്ധത തെളിയിക്കാന്‍ സുകേശന് ഒരു അവസരം കൂടി ലഭിച്ചു കൂടായ്കയും ഇല്ല. ഇനി അങ്ങോട്ടുള്ള തീരുമാനങ്ങള്‍ ജേക്കബ് തോമസിന്‍റേത് കൂടിയാണ്. കോണ്‍ഗ്രസ് നേതൃത്വം വിളറി പിടിക്കുന്നതിന് പിന്നില്‍ മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട്. മാണിക്കേസിന് പിന്നാലെ ബാബുവിന് എതിരെയുള്ള കേസും അധികം വൈകാതെ തന്നെ കോടതി പരിഗണിക്കുന്നുണ്ട്. കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, അടൂര്‍ പ്രകാശ്‌ തുടങ്ങിയവര്‍ക്ക് എതിരെയുള്ള ചില കേസുകളും.സത്യത്തില്‍ സുകേശനെ കളവ് പറയാന്‍ പ്രേരിപ്പിച്ചത് ആരാണന്ന കാര്യം മാണി വിട്ടു പോകുന്ന ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. മണിയെ കുറ്റവിമുക്തനാക്കിയത് താന്‍ തന്നെയാണ് എന്ന് വിളിച്ചു പറഞ്ഞത് അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഈ കേസുമായി ബന്ധപ്പെട്ട് ചില പങ്കൊക്കെ ഉണ്ടെന്ന് മാണി സാര്‍ പറഞ്ഞില്ലെങ്കിലും മാണി സാറിന്റെ പിള്ളേര്‍ പറഞ്ഞു നടക്കുന്നുണ്ട്. കൂട്ടത്തില്‍ അവര്‍ അടൂര്‍ പ്രകാശിനെയും ആരോപിതനാക്കുന്നുണ്ട്. ബിജു രമേശിന്റെയും അടൂര്‍ പ്രകാശിന്‍റെയും മക്കളുടെ വിവാഹം ഒരു വന്‍ കോലാഹലമാക്കി മാറ്റിയതിന് ശേഷമാണ് മാണിയും സംഘവും യുഡിഎഫ് വിട്ടത്.

വിനാശകാലേ വിപരീതബുദ്ധി. മാണിയെ പുകച്ച് പുറത്തു ചാടിച്ചതിനുള്ള ശിക്ഷ മാതമല്ല കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ മുന്നില്‍ കാണുന്നത്. വരാനിരിക്കുന്ന വന്‍ അന്വേഷണങ്ങളെ എങ്ങനെ നേരിടുമെന്ന ഉത്കണ്ഠയും അവരെ വല്ലാതെ അലട്ടുന്നുണ്ട്.

സുധീരന്‍ നിന്നിടത്ത്‌ തന്നെ നില്‍ക്കുന്നു. തുടക്കം മുതല്‍ എടുത്ത കൃത്യമായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സുധീരന്‍ താന്‍ തന്നെയാണ് കേരളത്തിലെ യാഥാര്‍ത്ഥ ഗാന്ധിയന്‍ എന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ടു പറയുകയാണ്. തന്നെ മാറ്റാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് കരുക്കള്‍ നീക്കുമ്പോള്‍ സുധീരന് പിടിച്ചു നില്‍ക്കാനുള്ള ഒരു പിടിവള്ളി കൂടിയാണ് ഈ പുനരന്വേഷണവും തുടര്‍ന്ന് വരാന്‍ ഇരിക്കുന്ന മറ്റു ചില വിജിലന്‍സ് കേസുകളിലെ അന്വേഷണങ്ങളും എന്ന് തന്നെ വേണം കരുതാന്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories