TopTop
Begin typing your search above and press return to search.

വാദിയും പ്രതിയും ഒന്നാകുന്ന ചില 'ജുഡീഷ്യല്‍ മര്യാദ'കള്‍

വാദിയും പ്രതിയും ഒന്നാകുന്ന ചില ജുഡീഷ്യല്‍ മര്യാദകള്‍

പി പി താജുദ്ദീന്‍

ഹൈക്കോടതി പുറപ്പെടുവിച്ച മരവിപ്പിക്കല്‍ ഉത്തരവുകള്‍ പുറത്തുവന്നതോടെ സത്യം ജയിച്ചു, പരീക്ഷണങ്ങളെ അതിജീവിച്ചു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പില്‍ നഗ്നനാണെന്ന് വിളിച്ചുകൂവിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമേല്‍ മേല്‍ക്കൈ നേടാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം.

സരിതാ നായരുടെ 1.90 കോടി രൂപയുടെ അഴിമതിയാരോപണവും പ്രമുഖ നേതാക്കളുമായുള്ള ഫോണ്‍ സംഭാഷണ തെളിവുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കണമെന്ന തൃശ്ശൂര്‍ വിജിലന്‍സ് കോടതി വിധിയും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന വിധി പുറപ്പെടുവിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ വിധി വന്നത് എന്നത് അതിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

വിജിലന്‍സ് കോടതിവിധി മരവിപ്പിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദ് ഉത്തരവിട്ടത് ചൂണ്ടിയാണ് സത്യം ജയിച്ചുവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത്. തൃശ്ശൂരിലെ സാധാരണക്കാരനായ പരാതിക്കാരന്‍ പി.ഡി.ജോസഫ് നല്‍കിയ സ്വകാര്യ അന്യായത്തിലെ പിഴവുകളും സാങ്കേതിക ന്യൂനതകളും വിലയിരുത്തിയാണ് വിജിലന്‍സ് കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചത്. ഒപ്പം വിചാരണ കോടതി 'ജുഡീഷ്യല്‍ മര്യാദ' ലംഘിച്ചുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സ് ജഡ്ജി യാന്ത്രികമായി പ്രവര്‍ത്തിച്ചുവെന്നല്ലാതെ മൂടിവച്ച സത്യങ്ങള്‍ ഹൈക്കോടതി തുറന്നു കാട്ടുകയാണെന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ സത്യം ജയിച്ചു. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത് എന്ന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് കോടതി ഒരു പിന്‍ബലവും നല്‍കിയിട്ടില്ല. അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതി പ്രാഥമിക പരിശോധനയില്ലാതെ വിജിലന്‍സിന് അയച്ചു നല്‍കി കേസെടുക്കാന്‍ ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ മര്യാദയല്ലെന്ന് ഹൈക്കോടതി വിലയിരുത്തിയാല്‍ ആരോപണങ്ങളെ അതിജീവിച്ചുവെന്നും സത്യം ജയിച്ചുവെന്നും വിളിച്ചുപറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ?

ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മാത്രമായിരുന്നു വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടിക്രമ പ്രകാരമുള്ള പ്രാഥമിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ മാത്രമായിരുന്നു ആ നിര്‍ദ്ദേശം.ജസ്റ്റിസ് ഉബൈദിന്റെ രണ്ട് വിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു എന്നിവര്‍ക്കും പ്രാണവായു പകര്‍ന്നുനല്‍കി. മുഖ്യമന്ത്രി പോക്കറ്റില്‍ കൊണ്ടുനടന്ന കെ.ബാബുവിന്റെ രാജി തിരിച്ചുനല്‍കുവാനുമായി. കെ.എം.മാണിയുടെ രാജി രണ്ടു മണിക്കൂര്‍ കൊണ്ട് സ്വീകരിച്ച ഉമ്മന്‍ചാണ്ടി സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയായ ബാബുവിന്റെ രാജി ദിവസങ്ങളോളം കൊണ്ടുനടക്കുകയായിരുന്നു. ഇത് ഇരട്ടനീതിയാണെന്ന് ഇനി ആരും പറയില്ലല്ലോ.

മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാനുള്ള വിജിലന്‍സ് ജഡ്ജിയുടെ തീരുമാനം ജുഡീഷ്യല്‍ മര്യാദയല്ലെന്ന് വിലയിരുത്തിയാണ് ആ വിധി ജസ്റ്റിസ് ഉബൈദ് മരവിപ്പിച്ചത്. ഈ മരവിപ്പിക്കല്‍ ഉത്തരവ് വളരെ നേരത്തെ തന്നെ നടന്നിരുന്നു. പരാതിക്കാരനായ ജോര്‍ജ്ജ് വട്ടുക്കുളത്തിന്റെ വാദം കേള്‍ക്കാനാവില്ലെന്ന ഹൈക്കോടതി നിലപാട് ജുഡീഷ്യല്‍ മര്യാദയാണോ?

'ജുഡീഷ്യല്‍ മര്യാദ'യ്ക്ക് പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും രൂപീകൃതമാവുന്നതായി ചിന്തിക്കേണ്ടിവരുന്നു. വെളിപ്പെടുത്തലുകളുടെ കാലമാണല്ലോ ഇത്. ഓരോ വെളിപ്പെടുത്തലുകളും ഭരണകര്‍ത്താക്കള്‍ക്ക് അലോസരം ഉണ്ടാക്കുന്നു. നീതിപീഠത്തിന്റെ സഹായമില്ലാതെ വെളിപ്പെടുത്തലുകളെ അതിജീവിക്കാന്‍ കഴിയുന്നില്ല. അതീജിവനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സ്വകാര്യ ഹര്‍ജികള്‍ നല്‍കേണ്ടിവരുന്നു. ഇവരുടെയെല്ലാം സ്വകാര്യ ഹര്‍ജികള്‍ക്ക് മുഖ്യ എതിര്‍കക്ഷിയായ സര്‍ക്കാര്‍ സര്‍വ്വപിന്തുണയും നല്‍കുന്നു. ഇവിടെ വാദിയും പ്രതിയും ഒന്നാവുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്കെതിരായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കാരണം സര്‍ക്കാരാണ് ക്രിമിനല്‍ കേസുകളിലെ യഥാര്‍ത്ഥ വാദിയും പരാതിക്കാരനും. കുറ്റകൃത്യം സമൂഹത്തിനെതിരായ കുറ്റമായതിനാലാണ് സര്‍ക്കാര്‍ യഥാര്‍ത്ഥ വാദിയാകുന്നത്. പ്രതികള്‍ക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന സാമാന്യതത്വം കാറ്റില്‍പറത്തില്‍ ഹര്‍ജികളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്താങ്ങി. പിന്താങ്ങുക മാത്രമല്ല വിജിലന്‍സ് കോടതി അധികാരപരിധി കടന്നുവെന്ന് ഹൈക്കോടതിയോട് പരാതി പറയുകയും ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിസ്ഥാനത്തെത്തുമ്പോള്‍ 'യഥാര്‍ത്ഥ പരാതിക്കാരനായ' സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ നിയമപരമായ തടസ്സങ്ങളില്ല. അതോ സാധാരണ പ്രതികളെപ്പോലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ പാടില്ലെന്നാണോ.വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചതിന്റെ പേരില്‍ കീഴ്‌കോടതികളെ ശകാരിക്കാന്‍ മേല്‍ക്കോടതികള്‍ക്ക് അധികാരമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് ഏത് അളവില്‍. തനിക്ക് ലഭിച്ച പരാതി വിജിലന്‍സിന് കൈമാറുകയെന്ന പോസ്റ്റോഫീസിന്റെ പണി മാത്രമാണ് ചെയ്തതെന്ന് വിജിലന്‍സ് കോടതി. അങ്ങനെ പോസ്റ്റോഫീസായി തരംതാഴരുതെന്ന് ഹൈക്കോടതി. രാജസ്ഥാനിലെ ഒരു മജിസ്‌ട്രേറ്റ് തന്റെ മുമ്പിലെത്തിയ പരാതി രാഷ്ട്രപതിക്കെതിരാണെന്ന് മനസ്സിലാക്കാതെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത് നിയമപരമല്ലെന്നും പോസ്റ്റോഫീസായി മജിസ്‌ട്രേറ്റ് തരംതാഴരുതെന്നും സുപ്രീംകോടതി താക്കീത് നല്‍കിയത് വിജിലന്‍സ് കോടതി മനസ്സിലാക്കിയിട്ടില്ല. അതോ പോസ്റ്റോഫീസാവണമെന്നാണോ വിജിലന്‍സ് കോടതി സുപ്രീംകോടതി വിധിയെ മനസ്സിലാക്കിയത്.

സ്വന്തം വിധിന്യായത്തിന്റെ പേരില്‍ ന്യായാധിപന്‍ അച്ചടക്ക നടപടി നേരിട്ടാല്‍ കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ അതൊരു പുത്തന്‍ കീഴ്‌വഴക്കത്തിന് തുടക്കമാവും. അച്ചടക്ക നടപടി ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടുത്തിയിരിക്കുകയാണല്ലോ, ജസ്റ്റിസ് ഉബൈദ്. ഇത് കണ്ടുനില്‍ക്കുന്ന മറ്റ് ന്യായാധിപന്‍മാര്‍, കേരളത്തിലെ ന്യായാധിപസംഘടന എന്നിവരുടെ നിലപാടുകള്‍ക്കായി കാത്തിരിക്കേണ്ടിവരും.

സീസറിന്റെ ഭാര്യ സംശത്തിന് അതീതയായിരിക്കണമെന്ന കോടതി പരാമര്‍ശം കെ.എം.മാണിയുടെ രാജിക്ക് വഴിവച്ചുവെങ്കില്‍ ''ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനം പറയരുത്, ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും'' എന്നിങ്ങനെയുള്ള നാടന്‍ പഴഞ്ചൊല്ലുകള്‍ക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിക്ക് വഴിവച്ചില്ലെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തും.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍. ഇടുക്കി സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories