TopTop
Begin typing your search above and press return to search.

ബാര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ജനത്തില്‍ നിന്ന് അധികം പിരിച്ചത് 600 കോടി; ഇപ്പോള്‍ കാശുമില്ല, ക്ഷേമവുമില്ല

ബാര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ജനത്തില്‍ നിന്ന് അധികം പിരിച്ചത് 600 കോടി; ഇപ്പോള്‍ കാശുമില്ല, ക്ഷേമവുമില്ല

ബാർ നിരോധനത്തെ തുടർന്നു ജോലി ഇല്ലാതായ തൊഴിലാളികൾ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനെ ഈയിടെ സന്ദർശിച്ചിരുന്നു. തൊഴിലാളികളുടെ പുനരധിവാസത്തിനായി യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പുനർജനി പദ്ധതിയുടെ തുടർ നടപടിയെ ക്കുറിച്ച് ആരായുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്‌ഷ്യം. ബിവറേജ് കോര്‍പറേഷനിലൂടെ വിറ്റഴിക്കുന്ന മദ്യം വഴി ലഭിക്കുന്ന തുകയുടെ അഞ്ച് ശതമാനം പുനർജനി പദ്ധതിക്കായി മാറ്റിവയ്ക്കുന്നു എന്ന്‍ മുൻസർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരിക്കുന്നു. ഈ ഉറപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി അവരെ അമ്പരപ്പിക്കുന്നതായിരുന്നു.

"ബാറിൽ നിന്നും ജോലി നഷ്ടപ്പെട്ടവർക്കു യൂണിയൻ ഉണ്ടോ" എന്നായിരുന്നു മന്ത്രിയുടെ ആദ്യ ചോദ്യം. മുൻ സർക്കാർ എടുത്ത നടപടിക്ക് പുതിയ സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം കൈകഴുകി. അധിക തുക പിരിക്കുന്നത് ബാറിൽ നിന്നും ജോലി നഷ്ടപ്പെട്ടവർക്കു നൽകാനല്ലെന്നും ഇനിയും കൂടുതൽ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയുടെ വീട്ടില്‍ പോയി ചോദിക്കാനും മന്ത്രി ടിപി രാമകൃഷ്ണൻ നിർദേശിച്ചു.

നിരാശരായ തൊഴിലാളികൾ ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിൽ എത്തിയപ്പോൾ വിചിത്രമായ മറ്റൊരു വാദമാണ് കേട്ടത്. ആലയിൽ നിന്നും ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് വെള്ളത്തിൽ മുക്കുമ്പോൾ കുറച്ചു വെള്ളം ഇരുമ്പു കുടിക്കും. കുടിച്ച വെള്ളം പിന്നെ ഇരുമ്പിൽ നിന്നും തിരിച്ചെടുക്കാനാകില്ല. ഇതുപോലെയാണ് സർക്കാർ പിരിച്ചെടുക്കുന്ന തുക. ഖജനാവിൽ മുതൽക്കൂട്ടായാൽ പിന്നെ തിരികെ ലഭിക്കില്ല.

നിരാശയരായ ഈ തൊഴിലാളികൾ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ ലെക്സ് ലോക്കി അസോസിയേറ്റ്സ് വഴി ഹൈക്കോടതിയെ സമീപിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ബാറിൽ നിന്നും ജോലി നഷ്ട്ടപെട്ടവർക്ക് 15, 000 രൂപ നൽകിയതിന്റെ രേഖകളും ഇവരുടെ പുനരധിവാസം പ്രാവർത്തികമാക്കുന്ന പുനർജനി സംബന്ധിച്ച മുൻ സർക്കാരിന്റെ ഉറപ്പും കോടതിയെ അറിയിച്ചു. കേസ് കൊടുത്ത സമയത്ത് ബാർ തൊഴിലാളികളുടെ പുനരധിവാസത്തിനായി പിരിച്ചെടുത്ത അഞ്ച് ശതമാനം എന്നത് നാനൂറ് കോടി രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ ഈ തുക 600 കോടി കവിഞ്ഞു.

കേസ് ഹൈക്കോടതിയിൽ വീണ്ടുമെത്തിയപ്പോൾ പുനർജനി പദ്ധതിയെക്കുറിച്ച് സർക്കാർ അഭിഭാഷകന് ഒരു ഐഡിയയും ഇല്ല. കൂടുതൽ സമയം ചോദിച്ചു. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ചോദിച്ചു വാങ്ങിയ സമയത്തിനുള്ളിൽ നിലപാട് എടുക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇരുമ്പു വെള്ളം കുടിക്കുന്ന തിയറി കോടതിയിൽ പറയാൻ പറ്റില്ലല്ലോ.

li-1

സർക്കാർ അഭിഭാഷകൻ വിഷമവൃത്തത്തിലായി. ജനുവരി നാലിന് ചീഫ് സെക്രട്ടറി അഭിപ്രായം അറിയിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഒന്നുകിൽ തൊഴിലാളികളുടെ പുനരധിവാസത്തിന് വേണ്ടി പിരിച്ച തുക അവർക്കു വേണ്ടി ചിലവാക്കുക അല്ലെങ്കിൽ അനധികൃതമായി പിരിച്ച തുക ഉപഭോക്താക്കൾക്ക് തിരികെ നൽകുക എന്ന അവസ്ഥയിലേക്കാണ് ബെവ്കോ ഇപ്പോൾ എത്തിയിരിക്കുന്നത്.

ബാര്‍ നിരോധനത്തെ തുടര്‍ന്ന് 12 തൊഴിലാളികളെങ്കിലും സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്. ഇതിനെ തുടര്‍ന്നാണ് ജോലി നഷ്ടപ്പെട്ടവരെ പുനരധിപ്വശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പുനര്‍ജനിക്ക് രൂപം നല്‍കുന്നത്. തുടര്‍ന്ന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിന് അഞ്ചു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി ഈ തുക പുനരധിവാസത്തിനായി നല്‍കാനായിരുന്നു തീരുമാനം. ഇതുവരെ ഈ വിധത്തില്‍ 800 കോടിയോളം പിരിച്ചെങ്കിലും 11.30 കോടി രൂപ മാത്രമേ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളൂ. ആത്മഹത്യ ചെയ്ത 12-ഓളം പേരില്‍ മൂന്നു പേരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളതും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories