TopTop
Begin typing your search above and press return to search.

മോദി-ഒബാമ കൂടിക്കാഴ്ച; അമേരിക്കന്‍ പ്രതീക്ഷകളും ആശങ്കകളും

മോദി-ഒബാമ കൂടിക്കാഴ്ച; അമേരിക്കന്‍ പ്രതീക്ഷകളും ആശങ്കകളും

സ്റ്റീവന്‍ മഫ്സന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കൊട്ടിഘോഷിക്കപ്പെടുന്ന സാധ്യതകളെക്കാള്‍ എപ്പോഴും വളരെ പിന്നിലായിരുന്നു ദശാബ്ദങ്ങളായി യുഎസിന്റെ ഇന്ത്യയുമായുള്ള ബന്ധം.

ഉദാഹരണത്തിന്, 1974ല്‍ ഇന്ത്യ ആദ്യമായി ആണുബോംബ് പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്, ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയുടെ പൗര ആണവോര്‍ജ്ജ മേഖലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്ന നിയമനിര്‍മാണത്തില്‍ പ്രസിഡന്റെ ജോര്‍ജ് ഡബ്ലിയു ബുഷ് ഒപ്പിട്ടു.

എന്നാല്‍ നിലവിലുള്ള രണ്ട് തടസങ്ങള്‍ മൂലം നാളിതുവരെ ഇന്ത്യന്‍ ആണവോര്‍ജ്ജ കമ്പോളത്തില്‍ ഇടപെടാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല.

'അക്കാര്യത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ല എന്ന കാര്യത്തില്‍, അതിന് വേണ്ടി പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കെല്ലാം വലിയ നിരാശയുണ്ടാക്കിയ കാര്യമാണ്,' എന്ന് ബുഷ് ഒപ്പിട്ട നിയമനിര്‍മാണത്തിന് വേണ്ടി പ്രചാരണം നടത്തിയ അഭിഭാഷകനായ ഗ്രഹാം വിസ്‌നര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, ഇപ്പോള്‍ റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഒബാമ എത്തിയത് പ്രതീക്ഷകള്‍ വീണ്ടും ജ്വലിപ്പിച്ചിട്ടുണ്ട്. സപ്തംബറില്‍ നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍, രണ്ട് പ്രധാനമേഖലകളിലാണ് ഇരുനേതാക്കളും പുരോഗതി പ്രതീക്ഷിക്കുന്നത്: ഇന്ത്യന്‍ സാമ്പത്തികരംഗത്തെ യുഎസ് വ്യാപാരികള്‍ക്കായി തുറന്ന് കൊടുക്കുക; ഇന്ത്യയുടെ ഹരിതവാതക വികിരണത്തില്‍ വന്നിട്ടുള്ള ദ്രുതവളര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.

മുസ്ലീം അരക്ഷിതാവസ്ഥയും ഭീകരവാദവും മൂലം തകരുന്ന ഒരു പ്രദേശത്ത് സുസ്ഥിരത നിലനിര്‍ത്തുന്ന രാജ്യം എന്ന നിലയില്‍ ചൈനയ്‌ക്കെതിരായുള്ള സാധ്യമായ ഒരു തടയായാണ് ഇന്ത്യയെ യുഎസ് നയരൂപകര്‍ത്താക്കള്‍ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യവും തമ്മിലുള്ള സ്വാഭാവിക കൂട്ടായ്മ എന്ന് ഭരണകൂടം മറുവശത്ത് ഇതിനെ വിശേഷിപ്പിക്കുകയും ചെയ്യും.

വാഗ്ദത്ത ഭൂമിയായാണ് യുഎസ് വാണീജ്യരംഗം ഇന്ത്യയെ വീക്ഷിക്കുന്നത്. അതുകൊണ്ടാണ്, അന്താരാഷ്ട്ര വാണീജ്യ ഭീമന്മാരും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ എഫ് കെറിയും അന്താരാഷ്ട്ര നാണയനിധിയുടെ മേധാവി ക്രിസ്റ്റീന ലഗാര്‍ഡും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും മോദിയുടെ സ്വന്തം സംസ്ഥാനത്തെ പൊടിപറക്കുന്ന തലസ്ഥാനത്ത് രണ്ടാഴ്ച മുമ്പ് അവതരിച്ചത്.വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ സംഘാടകര്‍ ഇതിനെ 'കിഴക്കിന്റെ ഡാവോസ്' എ്ന്ന് വിശേഷിപ്പിച്ചങ്കിലും സ്ഥിതിവിശേഷങ്ങള്‍ അതിനോട് കൃത്യമായി യോജിച്ചു പോകുന്നില്ല. ചേരികളിലെ ഉയര്‍ന്ന തകരമതിലിലൂടെ ഉയര്‍ന്ന് കാണുന്ന തകരമേല്‍ക്കൂരകളുടെ റോഡിന്റെ ഇങ്ങേയറ്റത്ത് ആധുനികരീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഒരു ദശാബ്ദം മുമ്പ് മോദി ആരംഭിച്ച വാണീജ്യമേള നടന്നത്.

ഇത്തവണത്തെ പ്രസിഡന്റിന്റെ സന്ദര്‍ശനവേളയില്‍, ഡിസ്‌നി, ഹണിവെല്‍, മാസ്റ്റര്‍കാര്‍ഡ്, പെപ്‌സി, വാട്ടര്‍ഹെല്‍ത്ത് എന്നിവയുടെയും മറ്റ് മൂന്ന് കമ്പനികളുടെയും സിഇഒമാര്‍, വികസനം പ്രോത്സാഹിപ്പിക്കുമെന്നും ചുവപ്പ് നാട ഒഴിവാക്കുമെന്നും പ്രതിജ്ഞ ചെയ്ത മോദിയുമായി ഒബാമയുടെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തും.

എന്നാല്‍ യുഎസ് കയറ്റുമതി കമ്പോളത്തില്‍ 18-ാം സ്ഥാനമുള്ള ഇന്ത്യയ്ക്ക് സാധനങ്ങള്‍ വില്‍ക്കുകയും ഇവിടെ വലിയ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ യുഎസ് കമ്പനികളെ തടയുന്ന ചില നിയമങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ട്.

കൂടാതെ, വളരുന്ന സാമ്പത്തിക രംഗത്തിന്റെ ഊര്‍്ജ്ജാവശ്യങ്ങള്‍ക്കായുള്ള കല്‍ക്കരിയുടെ ഉപയോഗം ഇരട്ടിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത, കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകാവുന്ന ഹരിതഗേഹ വാതകങ്ങള്‍ പരിമിതപ്പെടുത്താനുള്ള കരാറിന് തടസമാകും.

ഇന്ത്യയുടെ കല്‍ക്കരി, ഊര്‍ജ്ജ മന്ത്രി തന്നെയാണ് ഇവിടുത്തെ പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രിയും. ജോണ്‍ കെറിയുടെ സന്ദര്‍ശന സമയത്ത് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

വന്‍കിട വാഹനങ്ങളില്‍ നിന്നുള്ള വികിരണം കുറയ്ക്കുക എന്ന പൊതുലക്ഷ്യവും സൗരോര്‍ജ്ജ ഗ്രിഡ് സ്ഥാപിക്കുന്നതും ഉള്‍പ്പെടുയുള്ള ലഘുനടപടികളെ കുറിച്ച് ഇരുകൂട്ടരും പ്രസ്താവന നടത്തിയേക്കും. എന്നാല്‍ വരുന്ന ഡിസംബറില്‍ നടക്കുന്ന പാരീസ് കാലാവസ്ഥ ഉച്ചകോടിക്ക് വേണ്ട ലക്ഷ്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുന്നതില്‍ അവര്‍ പാരാജയപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, കഴിഞ്ഞ നവംബറില്‍ ബെയ്ജിംഗില്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പിനോട് ചേര്‍ന്ന് പോകുന്ന എന്തെങ്കില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുമില്ല.

കഴിഞ്ഞ ആഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഒബാമ ഭരണകൂടത്തിന്റെ പ്രതിനിധി, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളെ കുറിച്ച് ഊന്നല്‍ നല്‍കുന്നതിന് പകരം സപ്തംബറിലെ മോദിയുടെ സന്ദര്‍ശനം സമയത്ത് ഇരുനേതാക്കളും പങ്കിട്ട ഊഷ്മളതയ്ക്ക് പ്രാധാന്യം നല്‍കുകയും അങ്ങനെ എന്തെങ്കിലും പ്രധാന ഉടമ്പടി ഉണ്ടാകും എന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തു.

'ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളത നമ്മുടെ രാജ്യത്തിന് ഗുണഫലങ്ങള്‍ കൊണ്ടുവരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,' എന്ന് ദേശീയ സുരക്ഷ ഉപ-ഉപദേശകന്‍ ബെ്ന്‍ റോഡ്‌സ് പറഞ്ഞു. 'അതുകൊണ്ട് തന്നെ ഇന്ത്യ എ്ന്ന രാജ്യത്തോടും അതിന്റെ നേതാവിനോടും അവിടുത്തെ ജനങ്ങളോടുമുള്ള ബന്ധത്തിന്റെ നിക്ഷേപത്തില്‍ അത് വിലപ്പെട്ടതാവുകയും ചെയ്യും.'

വാണീജ്യ മേഖലയില്‍, കൂട്ടുസംരംഭങ്ങളുടെ സിംഹഭാഗവും ചെറുകിട കമ്പനികള്‍ക്കായിരിക്കണം എന്ന ഇന്ത്യയുടെ ആവശ്യം ഉള്‍പ്പെടെ തടസ്സങ്ങളുടെ ഒരു പെരുമഴ തന്നെയുണ്ട്. ചില നിയന്ത്രണങ്ങള്‍ കടുത്തതുമാണ്.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ സംയുക്ത സംരഭങ്ങളെ കുറിച്ച് സാധ്യമായ ധാരണയുള്‍പ്പെടുയുള്ള ചെറിയ ചില മുന്നേറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഒബാമയെ അനുകൂലിക്കുന്ന സംഘത്തിലുള്ള, ഹൗസ് ഇന്ത്യാ കോക്കസിന്റെ മുന്‍ ചെയര്‍മാന്‍ റിപബ്ലിക്കന്‍ ജോസഫ് ക്രോവ്‌ലി പറഞ്ഞു.

സമീപകാലത്ത് സംയുക്ത സംരംഭങ്ങളിലുള്ള വിദേശ നിക്ഷേപം 27 ശതമാനത്തില്‍ നിന്നും 49 ശതമാനമായി സമീപകാലത്ത് ഇന്ത്യ വര്‍ദ്ധിപ്പിച്ച കാര്യം കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബേക്കണ്‍ ഗ്ലോബല്‍ സ്ട്രാറ്റജീസ് തലവന്‍ ആന്‍ഡ്രൂ സാപ്പിറോ ചൂണ്ടിക്കാട്ടുന്നു.

2022 ആകുമ്പോഴേക്കും 100 ഗിഗാവാട്ട്‌സ് സൗരോര്‍ജ്ജം സ്ഥാപിക്കണമെന്ന ഇന്ത്യയുടെ കണ്ണു തള്ളിക്കുന്ന ലക്ഷ്യം മുന്നില്‍ നില്‍ക്കുന്നതിനാല്‍ സൗരോര്‍ജ്ജ ഇടപാട് രജതരേഖകളില്‍ ഒന്നാവും. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍, സൗര ഫോട്ടോവോള്‍ട്ടായിക് നിര്‍മ്മാണ ശാലയ്ക്കായി ഒരു ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് നാല് ബില്യണ്‍ ഡോളര്‍ മുടക്കുമെന്ന് സണ്‍ എഡിസണ്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക സംസ്ഥാനത്തില്‍, സൂര്യപ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നും ഈ ശാലവഴി അഞ്ച് ഗിഗാവാട്ട്‌സ് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'മോദിയുടെ ദിശയെക്കുറിച്ച് അമേരിക്കന്‍ വാണിജ്യരംഗം ഇപ്പോഴും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ പുരോഗതി അരക്കിട്ടുറപ്പിക്കാന്‍ ഒബാമ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം,' യുഎസ്-ഇന്ത്യ വ്യാപാര കൗണ്‍സിലിന്റെ ബോര്‍ഡ് അംഗവും മക്ലാര്‍ട്ടി അസോസിയേറ്റ്‌സിന്റെ പ്രസിഡന്റുമായ നെല്‍സണ്‍ കണ്ണിംഗ്ഹാം, ന്യൂഡല്‍ഹിയിലേക്ക് പറക്കുന്നതിന് മുമ്പ് യഥാര്‍ത്ഥ ദാവോസില്‍ നിന്നും നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ആണവ നിലയങ്ങളെക്കാള്‍ വലിയ ഒരു വ്യാപാര സ്തംഭനവും ഉയര്‍ന്നുവരാന്‍ സാധ്യതയില്ല. 2008 ലെ യുഎസ് നിയമനിര്‍മ്മാണത്തിന് ശേഷം, ഹിറ്റാച്ചി-ജിഇ സംയുക്ത സംരംഭവും പൂര്‍ണമായും ജപ്പാന്റെ ഉടമസ്ഥതയില്‍ ഉള്ളതും അവരുടെ തൊഴില്‍സേനയില്‍ ഭൂരിപക്ഷവും യുഎസില്‍ ഉള്ളതുമായ തോഷിബ-വെസ്റ്റിംഗ്‌ഹൈസും, രണ്ട് റിയാക്ടറുകള്‍ നിര്‍മ്മിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിര്‍ദ്ദിഷ്ട സൈറ്റുകളില്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.എന്നാല്‍ രണ്ട് പ്രശ്‌നങ്ങളാണ് കമ്പനികള്‍ നേരിട്ടത്. ഒരു ദുരന്തം സംഭവിക്കുകയാണെങ്കില്‍, ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും വിതരണക്കാരെ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാവുമോ എന്നതായിരുന്നു ആദ്യ പ്രശ്‌നം.

മിക്ക രാജ്യങ്ങളിലും ആണവോര്‍ജ്ജ ശാല പ്രവര്‍ത്തിപ്പിക്കുന്നവരാണ് ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. എന്നാല്‍ 2010 ല്‍, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വിദേശീയര്‍ക്കും ഒരു പോലെ മുന്നോട്ട് പോകാന്‍ സാധിക്കാത്ത തരത്തില്‍, രൂപകല്‍പന ചെയ്യുന്നവരും റിയാക്ടര്‍ നിര്‍മ്മിക്കുന്നവരും ഉള്‍പ്പെടെയുള്ള വിതരണക്കാര്‍ക്ക് ഉത്തരവാദിത്വം നല്‍കുന്ന രീതിയിലുള്ള നിയമ നിര്‍മാണം ഇന്ത്യ നടത്തി.

5200 പേരുടെ മരണത്തിന് ഇടയാക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് സ്ഥിരമോ ഭാഗീകമോ ആയ വൈകല്യങ്ങക്ക് കാരണമാകുകയും ചെയ്ത 1984 ഡിസംബര്‍ മൂന്നിലെ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് വാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍,ഉത്തരവാദിത്വ പ്രശ്‌നത്തില്‍ ഇന്ത്യയില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

ഇന്ത്യയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിനുള്ള ഒരു സ്ഥാപനത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഇന്‍ഷ്വറന്‍സ് സംവിധാനം ഉണ്ടാക്കുക എന്നതിലായിരുന്നു കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ കമ്പനികള്‍ക്ക് വേണ്ട സംരക്ഷണം ഇത് വഴി ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎസ് അനുവദിക്കുന്ന യുറേനിയം പരിശോധിക്കുന്നത് അനുവദിക്കാന്‍ ഇന്ത്യ തയ്യാറല്ല എന്നതാണ് രണ്ടാമത്തെ ആണവ തടസം. യുഎസ് വിശ്വസിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്. ആണവായുധങ്ങളും പദാര്‍ത്ഥങ്ങളും ഇന്ത്യ വ്യാപിപ്പിച്ചില്ലെങ്കില്‍ പോലും അണുഭേദക പദാര്‍ത്ഥങ്ങള്‍ പരിശോധിക്കുക എന്നതാണ് യുഎസ് നയം.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ഉയര്‍ന്ന പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ദുര്‍ബലപ്പെടുകയും, പുതുജീവനം ആവശ്യമായി വരികയും ചെയ്യുന്ന ഒരു ബന്ധത്തിന്റെ സൂചകമാണ് മൂന്നോട്ടുള്ള നീക്കങ്ങളില്‍ ഉണ്ടാവുന്ന പരാജയത്തെ ജനങ്ങള്‍ വിലയിരുത്തുന്നത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്,' ബ്രൂക്കിംഗ് സ്ഥാപനങ്ങളിലെ ഫെലോയും ഇറാന്റെ ആണവ പരിപാടികളുടെ പരിധി സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള ഒബാമ ഭരണകൂടത്തിന്റെ സംഘത്തില്‍ നാല് വര്‍ഷം അംഗമായിരിക്കുകയും ചെയ്ത റോബര്‍ട്ട് എയ്ന്‍ഹോണ്‍ ചൂണ്ടിക്കാട്ടുന്നു.

'വ്യാപാരം നടത്തുന്നതിന് എളുപ്പമുള്ള രാജ്യമല്ല ഇന്ത്യ,' ബ്രൂക്കിംഗ്‌സ് സ്ഥാപനങ്ങളിലെ ഫെലോയും ഇന്ത്യ പദ്ധതിയുടെ ഡയറക്ടറുമായ ടാന്‍വി മാദന്‍ പറയുന്നു. 'വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്ന അമേരിക്കന്‍ അനുകൂല, ഇന്ത്യന്‍ അനുകൂല രാഷ്ട്രീയക്കാരനാണ് മോദി,' എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടും സൂക്ഷ്മകേന്ദ്രങ്ങളെ ലക്ഷമിട്ടുകൊണ്ടും, ഒബാമ നടത്തിയ അതേ പ്രചാരണ തന്ത്രങ്ങളാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ യാത്രയില്‍ മോദിയും ഉപയോഗിച്ചത്. മാത്രമല്ല, ഷെപ്പാര്‍ഡ് ഫെയ്‌റെ എന്ന കലാകാരനാണ് ഇരുവരുടെയും പോസ്റ്ററുകള്‍ രൂപകല്‍പന ചെയ്തത്. ഓഗസ്റ്റില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഒബാമയുടെ പ്രസിദ്ധമായ, 'നമുക്ക് കഴിയും,' എന്ന മുദ്രാവാക്യം മോദി ഉപയോഗിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചില വ്യാപാരി നേതാക്കള്‍ മോദിയുടെ കാഴ്ചപ്പാടിനെ കുറിച്ച് സംശയാലുക്കളാണ്.

'അദ്ദേഹം വ്യാപാരത്തിനെ അനുകൂലിക്കുന്നു, എന്നാല്‍ അദ്ദേഹം ഇന്ത്യയുടെ വ്യാപാരത്തെയാണ് അനുകൂലിക്കുന്നത്,' കണ്ണിംഗ്ഹാം പറയുന്നു.


Next Story

Related Stories