TopTop
Begin typing your search above and press return to search.

ഒബാമയെ കുറിച്ച് മുസ്ലീം ലോകം ചിന്തിക്കുന്നത് ഇങ്ങനെയാണ്

ഒബാമയെ കുറിച്ച് മുസ്ലീം ലോകം ചിന്തിക്കുന്നത് ഇങ്ങനെയാണ്

കെവിന്‍ സള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജൂണ്‍ 4,2009-ല്‍ കെയ്റോ സര്‍വകലാശാലയില്‍ ഒബാമ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ നടുക്കുള്ള പേരിലും-ഹുസൈന്‍- അതിരുകളെ മറികടക്കുന്ന തൊലിയുടെ നിറത്തിലും, തങ്ങളുടെ ആശങ്കകളോടും സ്വപ്നങ്ങളോടും തുറന്നിരിക്കുന്നു എന്നവര്‍ വിശ്വസിച്ച ഒരു ഹൃദയത്തിലും ആവേശഭരിതരായ ഒരു മുസ്ലീം ലോകത്തെയായിരുന്നു അദ്ദേഹം അഭിമുഖീകരിച്ചത്.

“അസാലാമു അലൈക്കും,” അറബിയിലുള്ള മുസ്ലീങ്ങളുടെ പരമ്പരാഗതമായ അഭിവാദ്യരീതിയില്‍ ഒബാമ പറഞ്ഞു. “നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ.”

യു.എസിനും ലോകത്തെ നൂറുകോടിയിലേറെ വരുന്ന മുസ്ലീങ്ങളും തമ്മില്‍ ഒരു പുതിയ തുടക്കം ഉണ്ടാകണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടും, പലസ്തീന്‍-ഇസ്രയേല്‍ സമാധാനശ്രമങ്ങള്‍ക്ക് വ്യക്തിപരമായി തന്നെ ആക്കം കൂട്ടാന്‍ ശ്രമിക്കും, ഇറാഖിലെ യു.എസ് സേനയെ തിരികെവിളിക്കും എന്നിങ്ങനെ വാഗ്ദാനങ്ങളും നല്കി. നൂറുകണക്കിനു കോടി ഡോളര്‍ അഫ്ഗാനിസ്ഥാനിലും, പാകിസ്താനിലും നിക്ഷേപിക്കും, ഇറാനുമായി ആണവധാരണ ഉണ്ടാക്കും, ശാസ്ത്ര, വിദ്യാഭ്യാസ, വ്യാപാര രംഗങ്ങളില്‍ കൂടുതല്‍ സഹകരണം സ്ത്രീകളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കല്‍ അങ്ങനെ മറ്റ് പലതും.

“യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കാള്‍ എളുപ്പമാണ് തുടങ്ങാന്‍,” കരഘോഷങ്ങള്‍ക്കിടയ്ക്ക് ഒബാമ പറഞ്ഞു. “അവനവന്റെ ഉള്ളിലേക്ക് നോക്കുന്നതിനെക്കാള്‍ എളുപ്പമാണ് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍. നമ്മള്‍ പങ്കുവെക്കുന്നത് എന്താണെന്ന് കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് മറ്റുള്ളവര്‍ എങ്ങനെ വ്യത്യസ്തരാണെന്ന് കാണാന്‍. പക്ഷേ നമ്മള്‍ ശരിയായ വഴിയാണ് തെരഞ്ഞെടുക്കേണ്ടത്, എളുപ്പവഴിയല്ല. നാം ആഗ്രഹിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് ശക്തിയുണ്ട്, പക്ഷേ ഒരു പുതിയ തുടക്കത്തിനുള്ള ധൈര്യം നമുക്കുണ്ടെങ്കില്‍ മാത്രം.”

“ബരാക് ഒബാമ, നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു,” കേള്‍വിക്കാരില്‍ നിന്നാരോ വിളിച്ചുപറഞ്ഞു.ഏഴു കൊല്ലങ്ങള്‍ക്കിപ്പുറം ആ സ്നേഹം പൊഴിഞ്ഞുപോയിരിക്കുന്നു. ചില അവശേഷിക്കുന്ന ഇഷ്ടങ്ങളൊഴിച്ചാല്‍ അസ്വാരസ്യത്തിന്റെയും ഖേദത്തിന്റെയും തോന്നലുകളും എന്താകാമായിരുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമാണ്. “ആദ്യത്തെ കറുത്ത വര്‍ഗക്കാരാനായ പ്രസിഡണ്ട് എന്ന നിലയ്ക്കാണ് അവര്‍ അദ്ദേഹത്തെ ഓര്‍മ്മിക്കുക; മുഹമ്മദ് അലിയെപ്പോലെ. പക്ഷേ മാര്‍ടിന്‍ ലൂഥര്‍ കിംങ്ങിനെ പോലെയല്ല,” ഈജിപ്തിലെ ഏക സ്വതന്ത്ര ദിനപത്രമായ അല്‍-മാസ്രി അല്‍-യൂമിന്റെ മുന്‍ പ്രസാധകന്‍ ഹിഷാം കസീം പറഞ്ഞു.

“ഈജിപ്തില്‍ നടന്നതിന് നിങ്ങള്‍ക്ക് ഒബാമയെ ഉത്തരവാദിയാക്കാനാവില്ല. ഈജിപ്തുകാരാണ് അവരുടെ വിധി നിശ്ചയിക്കേണ്ടത്. പക്ഷേ ഒബാമ അതിലേറെ ആളുകളെ നിരാശപ്പെടുത്തി, അതാണ് അദ്ദേഹം ബാക്കി വെച്ചത്. ആളുകളെ അവകാശങ്ങളുള്ള യഥാര്‍ത്ഥ മനുഷ്യരായി കാണുമെന്നും ജനാധിപത്യം കൊണ്ടുവരാന്‍ സഹായിക്കുമെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. പക്ഷേ നിങ്ങള്‍ ഇപ്പോഴും അഴിമതിക്കാരായ ഏകാധിപതികളുമായാണ് ഇടപാടെങ്കില്‍, എങ്ങനെയാണ് നിങ്ങളുടെ വാഗ്ദാനം പാലിക്കുക?” ഈജിപ്തിലെ സാമൂഹ്യപ്രവര്‍ത്തകനായ വയേല്‍ ഇസ്കന്ദര്‍ ചോദിച്ചു.

ലോകം പൊതുവേ ഒബാമയെ ഇപ്പൊഴും അനുകൂല മനോഭാവത്തിലാണ് കാണുന്നതെങ്കിലും പശ്ചിമേഷ്യയിലെ വികാരം നിരാശയാണ്. 40 രാജ്യങ്ങളിലായി PEW ഗവേഷണ കേന്ദ്രം നടത്തിയ അഭിപ്രായ കണക്കെടുപ്പില്‍ ഇസ്രായേലിലും തുര്‍ക്കിയിലും പകുതിയില്‍ താഴെപ്പേര്‍ മാത്രമേ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുള്ളൂ. ലെബനനില്‍ മൂന്നിലൊന്ന്, 15% പലസ്തീന്‍കാര്‍, 14% ജോര്‍ദാനികള്‍ എന്നിങ്ങനെയാണ് മറ്റ് ചില രാജ്യങ്ങളിലെ കണക്ക്.

അധികാരമേറ്റ് കുറച്ചുനാള്‍ക്കകം ഒബാമ നടത്തിയ നീക്കത്തെ തങ്ങള്‍ പിന്തുണച്ചിരുന്നു എന്നു അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ നിന്നുള്ള നിയമനിര്‍മ്മാണ സംഭാംഗം സലേ മുഹമ്മദ് സലേ പറയുന്നു. പക്ഷേ ഒബാമയുടെ ഭരണകാലത്ത് ലോകവും ഈ മേഖലയും കൂടുതല്‍ അസ്ഥിരമാവുകയാണ് ഉണ്ടായതെന്ന് സലേ ചൂണ്ടിക്കാട്ടി. “ഒസാമ ബിന്‍ ലാദനെയും മറ്റ് താലിബാന്‍ നേതാക്കളെയും കൊന്നു എന്നു അദ്ദേഹം അവകാശപ്പെടുന്നു, പക്ഷേ നാം മുമ്പത്തേക്കാള്‍ സുരക്ഷിതരാണോ? ലോകവും യു.എസും സുരക്ഷിതരാണോ? ഞാനങ്ങനെ കരുതുന്നേയില്ല. ഈ മേഖല കത്തുകയാണ്.”

തങ്ങളുടെ മോഹഭംഗത്തിന് കാരണമായി മുസ്ലീങ്ങള്‍ നല്‍കുന്ന കാരണങ്ങള്‍ നിരവധിയാണ്: ഏഴു വര്‍ഷത്തെ ഡ്രോണ്‍ വ്യോമാക്രമണങ്ങള്‍, ഇറാഖിലെ കുഴപ്പങ്ങള്‍ രൂക്ഷമായത്, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയം, അഫ്ഗാനിസ്ഥാനിലെ തുടരുന്ന സംഘര്‍ഷം, ലിബിയയുടെ തകര്‍ച്ച, മാറ്റമില്ലാത്ത ഇസ്രയേല്‍-പലസ്തീന്‍ പ്രതിസന്ധി, സമഗ്രാധിപത്യ സര്‍ക്കാരുകള്‍ക്കുള്ള യു.എസ് പിന്തുണ, ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാന്‍ കഴിയാഞ്ഞത്, അങ്ങനെ പോകുന്നു.

“ലിബിയയിലെ പൌരന്മാരെ സംരക്ഷിക്കുന്നതിനുള്ള ശരിയായ തീരുമാനമായിരുന്നു അത്. എന്നാല്‍ ആ തീരുമാനത്തിന്റെ തുടര്‍ നടപടികള്‍, മുന്‍ ഭരണത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ലിബിയയെ ഒറ്റക്കാക്കിയത്, അതൊരു ദുരന്തം നിറഞ്ഞ പിഴവായിരുന്നു. നിങ്ങള്‍ ലിബിയയെ ഭീകരവാദികളുടെ താവളമാക്കി മാറ്റി,” ലിബിയയിലെ മുന്‍ പ്രതിപക്ഷ നേതാവ് മഹ്മൂദ് ജാബിരി പറയുന്നു.

തങ്ങളുടെ നിര്‍ണായക വിദേശകാര്യ നയനേട്ടമായി ഒബാമ ഭരണകൂടം കാണുന്ന ഇറാനുമായുള്ള ആണവ കരാര്‍ ടെഹ്റാനിലെ ഭരണാധികാരികളെ ആണവായുധം കൈവശമാക്കുന്നതില്‍ നിന്നും തടയാനുള്ള മികച്ച നീക്കമായി എന്ന് ചിലര്‍ കരുതുന്നു. “ആണവ ഇറാന്‍ എന്ന അപകട സാധ്യത തടഞ്ഞത് പശ്ചിമേഷ്യക്ക് ഒരു നേട്ടം തന്നെയാണ്,” Carnegie പശ്ചിമേഷ്യന്‍ കേന്ദ്രത്തിലെ രാഷ്ട്രീയ നിരീക്ഷകന്‍ അമര്‍ ആഡ്ലി പറഞ്ഞു.

എന്നാല്‍ ആഭ്യന്തര വിമര്‍ശകരുടെ വാദങ്ങള്‍ ഏറ്റുപിടിക്കുന്നവര്‍ പറയുന്നതു ലോകരംഗത്ത് പുതിയ പദവിക്കായി ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി നീട്ടിവെക്കുക മാത്രമാണു ചെയ്യുന്നതെന്നും ഇപ്പോള്‍ കിട്ടുന്ന നൂറുകണക്കിനു കോടി ഡോളര്‍ അവര്‍ രാഷ്ട്ര-പ്രായോജക ഭീകരതക്കായി ഉപയോഗിക്കുമെന്നും കുറ്റപ്പെടുത്തുന്നു.

“ഇറാനിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് അദ്ദേഹം നിശബ്ദനാണ്,” മറ്റ് പ്രശ്നങ്ങളില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഈ സന്ദര്‍ഭം ഒബാമ ഉപയോഗിക്കേണ്ടതായിരുന്നു എന്ന് സൂചിപ്പിച്ച സൌദി അറേബ്യയുടെ നിയന്ത്രണത്തിലുള്ള അല്‍-അറേബ്യ വാര്‍ത്താ ചാനലിന്റെ വാഷിംഗ്ടണ്‍ വിഭാഗം മേധാവി ഹിഷാം മേല്‍ഹെം പറഞ്ഞു. “ഇറാഖിലെയും സിറിയയിലെയും ഇറാന്റെ ഒളിയുദ്ധങ്ങള്‍ അദ്ദേഹം പരിശോധിച്ചില്ല.”

“ഒബാമയുടെ ആദ്യ കാലാവധിയില്‍ ഇറാഖ് അദ്ദേഹത്തിന്റെ മുന്‍ഗണന ആയിരുന്നില്ല. അടുത്ത അമേരിക്കന്‍ സര്‍ക്കാര്‍ ഇറാഖിന് കൂടുതല്‍ പിന്തുണ നല്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാരണം ഇറാഖിന് ഇപ്പോള്‍ കിട്ടാവുന്ന എല്ലാ പിന്തുണയും ആവശ്യമാണ്,” ഇറാഖിലെ പാര്‍ലമെന്‍റ് അംഗം ഇബ്രാഹിം ബാര്‍ അല്‍-ഉല്ലോം പറഞ്ഞു.സിറിയയിലെ ആഭ്യന്തര യുദ്ധമാണെങ്കില്‍ പതിനായിരക്കണക്കിനാളുകളെയാണ് കൊന്നൊടുക്കിയത്. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി. സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹം ലെബനന്‍, തുര്‍ക്കി, ജോര്‍ദാന്‍ എന്നിവടങ്ങളിലെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. യൂറോപ്പിലാണെങ്കില്‍ ഏതാണ്ട് ഒരു ദശലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികള്‍ എത്തിയത് ചരിത്രധ്വനികളോടെ ആ നാടുകളെ തീവ്ര വലതുപക്ഷ ദേശീയതയിലേക്കാണ് നയിച്ചത്.

സിറിയയിലെ വിമതര്‍ക്കുള്ള പിന്തുണ ഒരു പരിധിയില്‍ നിര്‍ത്തിയതും പ്രസിഡണ്ട് ബഷര്‍ അല്‍-അസദിന്റെ രാസായുധപ്രയോഗത്തിനെതിരെയുള്ള നടപടികളിലെ സംയമനവും ഒബാമ ന്യായീകരിച്ചിരുന്നു. പക്ഷേ മേഖലയിലെ പലരും ഇതിനെ ചാഞ്ചാട്ട നിലപാടുകളായാണ് കാണുന്നത്.

“സിറിയന്‍ സര്‍ക്കാരിന്റെ ദൈനംദിന മനുഷ്യാവകാശ ലംഘനങ്ങളെ അനുവദിക്കുന്ന നിലപാടാണ് ഒബാമ എടുത്തത്,” ലെബനന്‍ സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ മെല്‍ഹെം റിയാച്ചി പറഞ്ഞു. “ഈ നിഷ്ക്രിയ സമീപനം വാസ്തവത്തില്‍ തീവ്രവാദ മുസ്ലീം സംഘങ്ങളെ ഉയര്‍ന്നുവരാന്‍ അനുവദിച്ചുകൊണ്ട് ഭീകരവാദം ശക്തിപ്പെടുത്തുകയാണ് ചെയ്തത്.” ഇത് അസദിന്റെ ഭരണത്തെ ശക്തിപ്പെടുത്തിയെന്നും മെല്‍ഹെം പറഞ്ഞു.

സിറിയയിലെ സാഹചര്യം ഇസ്ലാമിക് സ്റ്റേറ്റിന് ഇറാഖി വേറുകളില്‍ നിന്നും വളരാന്‍ അവസരമുണ്ടാക്കി. തങ്ങളുടെ മധ്യകാല സമാന ഭീകരതയുമായി അവര്‍ തീവ്രവാദികളുടെ പ്രചോദകര്‍ എന്ന നിലയില്‍ അല്‍ ക്വൈദയ്ക്കു മുകളിലായി. പാരീസിലും ഇസ്താംബുളിലും സാന്‍ ബെര്‍ണാര്‍ഡിനോയിലും അതിക്രൂരമായ ആക്രമങ്ങള്‍ നടത്തി.

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്നു പോലുള്ള ഒബാമയുടെ ചില വാഗ്ദാനങ്ങളെ കോണ്‍ഗ്രസ് നടപ്പാക്കാന്‍ അനുവദിച്ചില്ല. അയാള്‍ ഇറാഖില്‍ നിന്നും സൈന്യത്തെ തിരികെ കൊണ്ടുവന്നു, അഫ്ഗാനിസ്ഥാനില്‍ കൊടിക്കണക്കിന് ഡോളര്‍ ചെലവാക്കി. എന്നിട്ടും ഈ രണ്ടു രാജ്യങ്ങളും ഇപ്പൊഴും യുദ്ധക്കെടുതിയിലാണ്. വര്‍ഷങ്ങളായുള്ള പരിശ്രമങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍-പലസ്തീന്‍ പ്രതിസന്ധിക്ക് പരിഹാരമായില്ല.

“പലസ്തീന്‍കാരെ സംബന്ധിച്ചിടത്തോളം ഒബാമ ഭരണകൂടം തീര്‍ത്തൂം നിരാശാജനകമായിരുന്നു,” പലസ്തീന്‍ മേഖലയിലെ സര്‍വകലാശാല അദ്ധ്യാപകന്‍ ജോര്‍ജ് ജിയാക്മാന്‍ പറഞ്ഞു.പശ്ചിമേഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും ഒബാമ ഭരണകൂടത്തിനും പ്രതീക്ഷ നല്കിയ അറബ് വസന്തം അത് തുടങ്ങിവെച്ച ടുണീഷ്യയില്‍ മുടന്തുകയാണ്. ഈജിപ്ത്, ലിബിയ, യെമന്‍, സിറിയ എന്നിവിടങ്ങളിലെല്ലാം അത് തകര്‍ന്നിരിക്കുന്നു.

മേഖലയുടെ പ്രശ്നങ്ങളെല്ലാം ഒബാമയുടെ വീട്ടുപടിക്കല്‍ കൊണ്ടിടുന്നത് ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ ചില തര്‍ക്കങ്ങളെയും പ്രതിസന്ധികളെയും അതിലളിതവത്കരിക്കുകയാകും. പരാതികള്‍ പരിചിതമായ ചരിത്ര ഘടനയിലാണ്: യു.എസിന് ഒരു പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസം, അതിനു കഴിയാതെ വരുമ്പോഴുള്ള കടുത്ത നിരാശ. വലിയ തോതിലുള്ള ഇടപെടല്‍; ആവശ്യത്തിന് പോര. ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും വലിയ പ്രാധാന്യം; തീരെ കുറവ്.

“ഒബാമ സര്‍ക്കാരുമായി നിങ്ങള്‍ക്ക് ഈയൊരുതരം ബന്ധമാണ്, മേഖലയില്‍ അരാജകത്വവും,” ആഡ്ലി പറഞ്ഞു. “അതുകൊണ്ട് അദ്ദേഹം ഇപ്പോള്‍ ഒട്ടും ജനപ്രിയനല്ല. നിങ്ങള്‍ക്ക് യു.എസ് എന്തു ചെയ്താലും ഉള്ള ഒരു പൊതു അവിശ്വാസമുണ്ട്, യു.എസിന് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ച് അമിതമായ കണക്കുകൂട്ടലും. ഒബാമയുമായി തീര്‍ച്ചയായും ഒരു ഇഷ്ടക്കേടുണ്ടാകും.”

ചിലരുടെയൊക്കെ മനസില്‍ ഇപ്പൊഴും പ്രതീക്ഷയുടെ തിരികളുണ്ട്. ബെയ്റൂത്തില്‍ താമസിക്കുന്ന സയിദ് ഘോരെയ്ബ് മുസ്ലീങ്ങളോട് ഏറ്റവും അനുഭാവമുള്ള ലോകനേതാവായാണ് ഒബാമയെ കാണുന്നത്.

“പ്രസിഡണ്ട് ഒബാമ അഫ്ഗാനിസ്ഥാനില്‍ മോശം മാറ്റങ്ങള്‍ മാത്രമാണു ഉണ്ടാക്കിയത്. ഭൂരിഭാഗം യുവാക്കള്‍ക്കും തൊഴിലില്ല, സുരക്ഷ മോശമാണ്, ഓരോ ദിവസവും ആക്രമണങ്ങളെ ഭയന്നാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ കാലത്ത് അയച്ച പണം മുഴുവന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കാണ് കിട്ടിയതു, സാധാരണക്കാര്‍ക്കല്ല,” അഫ്ഗാനിസ്ഥാനിലെ ഒരു ടാക്സി ഡ്രൈവറായ എസ്മരൈ നെസാരി പറഞ്ഞു.

“ഞങ്ങളുടെ രാജ്യം വലിയ ഭാരം അനുഭവിക്കുന്നു,”ലെബനനില്‍ നിന്നുള്ള ഘോരെയ്ബ് പറഞ്ഞു. “ഈ അഭയാര്‍ത്ഥികള്‍, ഈ സാഹചര്യം ഒരു ടൈം ബോംബ് പോലെയാണ്, ദൈവത്തിന് മാത്രമേ അറിയൂ അതെപ്പോള്‍ പൊട്ടുമെന്നും മേഖലയിലെ ചുരുക്കം ജനാധിപത്യ, സ്വതന്ത്ര രാജ്യങ്ങളിലൊന്നിനെ എപ്പോള്‍ നശിപ്പിക്കുമെന്നും.”

മേല്‍ഹെം കരുതുന്നത് ഒബാമ പ്രസംഗം മാത്രമേയുള്ളൂ പ്രവര്‍ത്തിയില്ല എന്നാണ്. “അദ്ദേഹം ആദരണീയനായ ഒരാളാണ്. കഴിവുള്ള മിടുക്കനായ ഒരാള്‍. പക്ഷേ ഒരു ശരിക്കുള്ള പോരാളിയല്ല.”


Next Story

Related Stories