TopTop
Begin typing your search above and press return to search.

ഒബാമ ഒരു സാംസ്കാരിക ജീവിയല്ല

ഒബാമ ഒരു സാംസ്കാരിക ജീവിയല്ല

ഫിലിപ് കെന്നിക്കോട്ട്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫെബ്രുവരി 2014-ല്‍ വിറ്റ്നി മ്യൂസിയത്തില്‍ നിന്നും കടമെടുത്ത എഡ്വാര്‍ഡ് ഹോപ്പറുടെ രണ്ടു ചിത്രരചനകള്‍ക്ക് മുന്നില്‍ ഏകനായി, ചിന്താമഗ്നനായി നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ചിത്രം വൈറ്റ് ഹൌസ് പുറത്തുവിട്ടിരുന്നു. ഒബാമ കാഴ്ച്ചക്കാരന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. പ്രസിഡണ്ട് ചിത്രങ്ങളിലെ പ്രതീകാത്മകമായ ഒന്ന്; നിതാന്തമായ സത്യങ്ങളെക്കുറിച്ച് ചിന്തിക്കാനായി ഒരു നിമിഷം നിന്നുപോയ, തന്റെ ജോലിയിലെ അധികാരത്തിന്റെയും സംഘര്‍ഷങ്ങളുടെയും രാഷ്ട്രീയച്ചുഴികള്‍ക്കിടയില്‍ അര്‍ദ്ധവിരാമമിട്ട് നിന്നുപോയ, ഏകാകിയായ നേതാവ്. ഒരു പക്ഷേ സമാനമായ ഒരു ചിത്രമുള്ളത്, ഓവല്‍ കാര്യാലയത്തില്‍, ഒരു ജനാലക്കരികില്‍ ഏകനായിരിക്കുന്ന പ്രസിഡണ്ട് ജോണ്‍ എഫ് കെന്നഡിയുടെ നിഴല്‍ രൂപമാണ്.

ഒബാമയുടെ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രസിഡണ്ട് അതീവ ചിന്താഭാരിതനാണെന്ന് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നു. പക്ഷേ ഒബാമ പതിവായി ഇത്തരമൊരു ഏകാന്തധ്യാനത്തില്‍ മുഴുകുന്നു എന്നതിന് ഒരു സൂചനയുമില്ല അതായത് ചിത്രരചനകള്‍, ശില്പങ്ങള്‍, സംഗീതം, നൃത്തം, നാടകം ഇവയിലെ അര്‍ത്ഥാന്തരങ്ങള്‍ അന്വേഷിക്കുന്ന ഏകാന്തചിന്ത. അദ്ദേഹം സംസ്കാരത്തില്‍ തത്പരനാണ്, ഉറപ്പ്. പക്ഷേ നാമിന്ന് ജനപ്രിയ സംസ്കാരം എന്നു വിളിക്കുന്ന വാണിജ്യവത്കരിക്കപ്പെട്ട സംഗീതത്തിന്റെയും അരങ്ങിന്റെയും വാണിജ്യവത്കരിക്കപ്പെട്ട താര സംസ്കാരത്തിലാണ്. വളരെ അപൂര്‍വമായേ അത് നാം ഉയര്‍ന്ന സംസ്കാരം എന്നു വിളിക്കുന്ന ഒന്നിലേക്ക് എത്തുന്നുള്ളൂ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൈകാര്യക്കാര്‍ ഉണ്ടാക്കിയ പ്രതിച്ഛായ അതാണ്.

ഒബാമ ഇതുവരെയും നാഷണല്‍ ഗാലറി ഓഫ് ആര്‍ട് സന്ദര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമ കഴിഞ്ഞ കാലാവധിയില്‍ ഒരു തവണ സന്ദര്‍ശിച്ചു. കെന്നഡി സെന്ററില്‍ ഒബാമ കുടുംബം വാര്‍ഷിക ചടങ്ങിനല്ലാതെ എത്താറില്ല. കോണ്‍ഗ്രസ് ലൈബ്രറിയുടെ മേല്‍നോട്ടക്കാരനായി മികച്ച പാണ്ഡിത്യ ശേഷിയില്ലാത്ത ഒരാളെ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ നോക്കിയാല്‍ സാംസ്കാരിക രംഗത്ത് ഒബാമയുടെ കാലം ഒട്ടും തൃപ്തികരമല്ല.മറ്റുതരത്തില്‍ പ്രസിഡന്റിന്റെ വലിയ അനുയായികളായ കലാലോകത്തെ പ്രമുഖരും ഇക്കാര്യത്തില്‍ നിരാശരാണ്. ഇടതുപക്ഷമെന്നു പറയപ്പെടുന്ന സാംസ്കാരികരംഗം പ്രസിഡന്‍റിനോട് വലിയ അനുഭാവമാണ് പ്രകടിപ്പിക്കാറുള്ളത്. തങ്ങളുടെ മൂല്യങ്ങളെ പ്രസിഡണ്ട് പ്രതിനിധീകരിക്കുന്നെന്ന് അവര്‍ കരുതുന്നു: ബുദ്ധിവൈഭവം, വിദ്യാഭ്യാസം, സഹിഷ്ണുത, സാര്‍വലൌകികത, പിന്നെ രാഷ്ട്രീയ, സാമൂഹ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ എളുപ്പം പുറത്തെടുക്കുന്ന അവ്യക്തതയും. അത്താഴവിരുന്നിലെ അഭിപ്രായസമന്വയം ഇതാണ്; അയാള്‍ നമ്മളില്‍ ഒരാളാണ്, അപ്പോള്‍പ്പിന്നെ കലയ്ക്കായി എന്തുകൊണ്ട് കൂടുതലായി ഒന്നും ചെയ്തില്ല?

ഉദാഹരണത്തിന്, അമേരിക്കയുടെ സൃഷ്ടിവൈഭവവും അമേരിക്കയുടെ ധാര്‍മികശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജോണ്‍ എഫ് കെന്നഡി നടത്തിയിരുന്ന പോലത്തെ വാചകമടികള്‍ എവിടെയാണ്? യൂറോപ്യന്‍ രാജ്യങ്ങളിലെതുപോലെ അല്ലെങ്കില്‍ അതിര്‍ത്തിക്കപ്പുറം കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ത്രൂദോവിനെപ്പോലെ കലാലോകത്തിനുള്ള സജീവമായ സര്‍ക്കാര്‍ സഹായം എന്തുകൊണ്ടാണ് ഇല്ലാത്തത്? അരനൂറ്റാണ്ടു മുമ്പ് ലിന്‍ഡണ്‍ ബി ജോണ്‍സണ്‍ അവശേഷിപ്പിച്ചപ്പോലെ കലാലോകത്തിനുള്ള വലിയ സംഭാവനകള്‍ ഒബാമക്ക് നല്‍കാനാവാഞ്ഞത് എന്തുകൊണ്ടാണ്

നിരവധി ചെറിയ പുരോഗതികളും തുടക്കങ്ങളും നയങ്ങളും പ്രസിഡന്റിന്റെ അനുയായികള്‍ ചൂണ്ടിക്കാട്ടും. 2007-ല്‍ അന്ന് സെനറ്ററായിരുന്ന ഒബാമയുടെ പ്രചാരണത്തില്‍ ഒരു കലാ നയത്തിനുള്ള ഉപദേശങ്ങള്‍ നല്‍കാനുള്ള ആവശ്യത്തിനോടു പ്രതികരിച്ചു; കലാകാരന്‍മാര്‍ക്ക് ആരോഗ്യ സുരക്ഷ, യു.എസ് സന്ദര്‍ശിക്കുന്ന വിദേശ കലാകാരന്മാരുടെ വിസ നയം കൂടുതല്‍ ഉദാരമാക്കല്‍, NEA-ക്കു കൂടുതല്‍ പണം, വിദ്യാലയങ്ങളും കലാ സംഘങ്ങളും തമ്മിലുള്ള പൊതു/സ്വകാര്യ പങ്കാളിത്തം കൂടുതല്‍ വിപുലമാക്കല്‍ എന്നിങ്ങനെ.

2007-ലെ നയ രൂപീകരണത്തിന്റെ ഭാഗവും അമേരിക്കന്‍സ് ഫോര്‍ ആര്‍ട്ട്സ് തലവനുമായ റോബര്‍ട് എം ലിഞ്ച് പറയുന്നത് വാഗ്ദാനങ്ങള്‍ വെച്ചുനോക്കിയാല്‍ ഒബാമ ഏറെക്കാര്യങ്ങള്‍ ചെയ്തു എന്നാണ്. കലാ സംഘങ്ങളുമായും മറ്റും സര്‍ക്കാര്‍ പങ്കാളിത്തമുണ്ടാക്കുക പതിവില്ലെന്ന് ലിഞ്ച് പറഞ്ഞു. “വൈറ്റ് ഹൌസില്‍ കുട്ടികള്‍ക്കായി നടത്തുന്ന പരിപാടികള്‍ക്ക് എത്തുന്ന അദ്ദേഹം കലയുടെ പരിവര്‍ത്തനശേഷിയെക്കുറിച്ച് സംസാരിക്കാറുണ്ട്.”

വാഗ്ദാനത്തില്‍ ചിലത് കലാസംബന്ധമായ വിജയമായി കണക്കാക്കാന്‍ കഴിയില്ലെങ്കിലും നടന്നിട്ടുണ്ട്. ലിഞ്ച് വാദിക്കുന്ന പോലെ Affordable Act അതിലൊന്നാണ്. മറ്റുള്ള പലതും NEA യുടെ ബജറ്റ് ഉയര്‍ത്തുക, വിസ നിയന്ത്രണങ്ങളിലെ ഇളവുകള്‍ തുടങ്ങിയവ പ്രസിഡന്റിന് നേരിട്ടൊന്നും ചെയ്യാനാകാത്തവയാണ്. പക്ഷേ ഇതൊന്നും 1963-ലെ ആമ്ഹെഴ്സ്ട് കോളേജിലെ കെന്നഡിയുടെ ആഹ്വാനം പോലെ വരില്ല. “വ്യാപാരത്തിലും രാഷ്ട്രവ്യവഹാരത്തിലുമുള്ള നേട്ടങ്ങളെ ആദരിക്കുന്ന പോലെ കലാലോകത്തെ സംഭാവനകളെയും അമേരിക്ക ആദരിക്കുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ എല്ലാ പൌരന്‍മാര്‍ക്കും സാംസ്കാരിക അവസരങ്ങള്‍ ഉണ്ടാകുന്ന ഒരു അമേരിക്കയാണ് ഞാന്‍ മുന്നില്‍ക്കാണുന്നത്. ശക്തിയുടെ പേരില്‍ മാത്രമല്ല സംസ്കാരത്തിന്റെ പേരിലും ലോകമാകെ ബഹുമാനം ലഭിക്കുന്ന ഒരു അമേരിക്കയെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”

ഇങ്ങനെ സംസാരിക്കാന്‍ ഒബാമയ്ക്ക് ശേഷിയില്ല എന്നല്ല; ഇങ്ങനെയാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. കലയെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നില്ല എന്നേയുള്ളൂ. കലാവിദ്യാഭ്യാസത്തിനുള്ള നീക്കങ്ങളെ പിന്തുണച്ചിട്ടുണ്ടാകാമെങ്കിലും ലോകത്തെ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കലയ്ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചതിന് സൂചനയൊന്നുമില്ല.

ഒബാമയുടെ പാട്ട് പാടാനുള്ള കഴിവും, ജനപ്രിയ സംഗീതകാരന്‍മാരുമായുള്ള അടുപ്പവും ആഫ്രിക്കന്‍-അമേരിക്ക സംസ്കാരത്തില്‍ നിന്നും ലഭിച്ച പ്രകടന പാരമ്പര്യങ്ങളോടുള്ള അടുപ്പവും കാട്ടി അദ്ദേഹത്തിന് വിവിധ കലകളോട് അടുപ്പമുണ്ടെന്ന് പറയാം. അത് ശരിയുമാണ്. പക്ഷേ കല ഇപ്പോഴത്തെ നിമിഷങ്ങള്‍ മാത്രമല്ല, ഭൂതകാലം കൂടിയാണ്. ജനങ്ങളുമായി ബന്ധപ്പെടാനും പൊതുജനങ്ങളുടെ കണ്ണില്‍ കൂടുതല്‍ മാനുഷികമായ മുഖം സൂക്ഷിക്കാനുമാണ് ഒബാമ വിനോദപരിപാടികളുമായി ഇടപെടുന്നത് എന്നാണ് തോന്നുക.

വിമര്‍ശകര്‍ പറയുന്നതുപോലെ അദ്ദേഹം പലപ്പോഴും സ്വന്തം പ്രതിച്ഛായയില്‍ അഭിരമിക്കാരുണ്ടാകാം. എന്നെ നോക്കൂ, ഞാന്‍ പാടുന്നത് നോക്കു, രാത്രി ടെലിവിഷന്‍ കാണുന്നത്, നല്ലൊരു ഹാസ്യതാരത്തെപ്പോലെ തമാശ പറയുന്നത്, ജനപ്രിയ സംസ്കാരത്തില്‍ എളുപ്പം കലരുന്നത് അങ്ങനെ പോകുന്നു. പ്രസിഡണ്ട് ഒരു പ്രകടനക്കാരനാണ്. അതുകൊണ്ടുതന്നെ കലയുമായി ഒരു വ്യക്തിബന്ധം കാണിക്കേണ്ടതുണ്ട്. പൊതുരംഗത്തെ മൂല്യങ്ങളുടെ പ്രതീകം എന്ന നിലയിലാണ് നമുക്കും അയാളുമായി ബന്ധം.ഇതിത്തിരി ക്രൂരമായിരുന്നിരിക്കാം. പക്ഷേ കലാരംഗത്ത് ഒബാമയെക്കുറിച്ച് കടുത്ത നിരാശയാണ്. അതിരുകടന്നതും വഴിപിഴച്ചതുമായിരിക്കാം അത്; എന്നാല്‍ അടിസ്ഥാനമില്ലാത്തതല്ല. ആ 2014-ലെ ചിത്രത്തില്‍ കാണുന്നപോലൊരു ശൈലി അദ്ദേഹത്തിന് ഒരിക്കലുമുണ്ടായിട്ടില്ല. കലയുമായി ഒരു അഭിനിവേശം അദ്ദേഹം പുലര്‍ത്തിയില്ല. നയങ്ങളുടെ ഭാഗമായി കലയെ ഒരിയ്ക്കലും ഉപയോഗപ്പെടുത്തിയില്ല. ഇന്നിപ്പോള്‍ പുരുഷാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഉപരിവര്‍ഗ ശൈലിയുടെയും അടയാളങ്ങളായി കാണുന്ന സാംസ്കാരിക പാരമ്പര്യവുമായി ഒരിയ്ക്കലും ഇടപപ്പെട്ടില്ല.

അദ്ദേഹത്തിന് മറ്റ് മുന്‍ഗണനകളുണ്ടായിരുന്നു. അതദ്ദേഹത്തിന്റെ അവകാശവുമാണ്. സമയം ചെലവഴിക്കാന്‍ മറ്റുതരത്തിലുള്ള സംഗീതമാണ് ഉപയോഗിച്ചത്. അതിന്റെ തെരഞ്ഞെടുപ്പിനും അവകാശമുണ്ട്. പക്ഷേ നിരാശയുണ്ടു, അതിന്റെ കാരണം ഇതാകാം; മറ്റ് മേഖലകളില്‍ പ്രസിഡണ്ട് തടയാന്‍ ശ്രമിക്കുന്ന എല്ലാ വിധ ജീര്‍ണതകളും പ്രതിസന്ധികളും കലയും നേരിടുന്നുണ്ട്. ജീര്‍ണമായി നശിക്കുക എന്ന ദുരന്തവും അത് മുന്നില്‍ക്കാണുന്നു. ആ നിലക്ക് അല്പം സ്നേഹവും കരുതലും കല ആവശ്യപ്പെടുന്നുണ്ട്.

നമ്മുടെ മൂല്യങ്ങളാണ് നമ്മുടെ പ്രസിഡന്‍റുമാരില്‍ നാം ചാര്‍ത്തിനല്‍കുന്നത്. അവ പ്രതിഫലിക്കണമെന്നും നാം ആഗ്രഹിക്കുന്നുണ്ട്. പഴയതാകാമെങ്കിലും അര്‍ത്ഥശോഷണം വരാത്ത സംസ്കാരത്തിന്റെ നിര്‍വചനം വെച്ചുനോക്കിയാല്‍ അത് സംഭവിച്ചില്ല.


Next Story

Related Stories