Top

ബാറുകള്‍ തുറന്നത് കേരളത്തെ സംബന്ധിച്ച് പ്രവേശോത്സവമാകുന്നത് എന്തുകൊണ്ട്? / ലൈവ്

ബാറുകള്‍ തുറന്നത് കേരളത്തെ സംബന്ധിച്ച് പ്രവേശോത്സവമാകുന്നത് എന്തുകൊണ്ട്? / ലൈവ്
രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സംസ്ഥാനത്തെ ബാറുകള്‍ തുറന്നപ്പോള്‍ മദ്യപാനികള്‍ ആഘോഷത്തോടെയാണ് ബാറുകളിലേക്കെത്തിയത്. പലയിടങ്ങളിലും ബാറുടമകള്‍ ഉപഭോക്താക്കളെ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു. പലയിടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങളുമുണ്ടായിരുന്നു. ഒരു പെഗിന് ഒന്ന് സൗജന്യം, മുട്ട പോലുള്ള ടച്ചിംഗുകള്‍ സൗജന്യം, ആദ്യമെത്തുന്നവര്‍ക്ക് ടീ ഷര്‍ട്ടുകള്‍ തുടങ്ങിയ സമ്മാനങ്ങളാണ് ബാറുടമകള്‍ നല്‍കിയത്.

ഇതിനിടെ ഇന്നലെ കൊല്ലത്ത് സീപ്ലേസ് ബാറില്‍ ബാര്‍ പ്രവേശനോത്സവം പടക്കം പൊട്ടിച്ച് ആഘോഷിച്ച സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചതായാണ് അറിയുന്നത്. അതേസമയം സ്റ്റോക്ക് പ്രശ്‌നങ്ങള്‍ മൂലം ചില ബാറുകള്‍ക്ക് ഇന്നലെ തുറക്കാനാകാതെ വന്നത് ഉപഭോക്താക്കളെ നിരാശരാക്കി. തിരുവനന്തപുരം നഗരത്തില്‍ കിഴക്കേക്കോട്ടയിലുള്ള ലൂസിയ, തിരുമലയിലെ സിറ്റി പാലസ്, മെഡിക്കല്‍ കോളേജിലെ റൂബീ അരീന, അട്ടക്കുളങ്ങര സണ്‍ബീം എന്നീ ബാറുകളാണ് തുറന്നത്. പലയിടങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഇടപെടേണ്ടി വന്നു.

തള്ളിക്കയറി ഉപയോക്താക്കള്‍ ബാറുകളിലെത്തിയത് ഇത്രനാളായുള്ള അവരുടെ കാത്തിരിപ്പിന്റെ തെളിവാണ്. 2014 മാര്‍ച്ച് 31ന് ആദ്യഘട്ട ബാര്‍ അടയ്ക്കല്‍ പ്രാവര്‍ത്തികമാക്കിയ യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ 2015 മാര്‍ച്ച് 31നാണ് പഞ്ചനക്ഷത്ര പദവിയുള്ളവ ഒഴികെയുള്ള എല്ലാ ബാറുകളും അടച്ചത്. അതോടെ പ്രവര്‍ത്തനമാരംഭിച്ച ബിയര്‍ പാര്‍ലറുകളെയും എണ്ണത്തില്‍ കുറഞ്ഞ വിദേശ മദ്യ ഔട്ട്‌ലെറ്റുകളുമാണ് മലയാളി മദ്യത്തിനായി ആശ്രയിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പാളിച്ചയാണെന്ന് പറയുന്നതും ഈ സാഹചര്യത്തിലാണ്. കാരണം ബാറുകള്‍ പൂട്ടുമ്പോള്‍ കുറഞ്ഞ മദ്യത്തിന് പെഗിന് 34 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. സാധാരണക്കാരനായ ഒരു മദ്യപാനി 150 രൂപ മുടക്കിയാല്‍ അത്യാവശ്യം ലഹരിയില്‍ തന്നെ മടങ്ങിയിരുന്നു അക്കാലത്ത്. എന്നാല്‍ ബാറുകള്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് വഴിമാറിയപ്പോള്‍ ഒരു ബിയറിന് കുറഞ്ഞത് 120 രൂപയെങ്കിലും മുടക്കണം എന്ന സാഹചര്യമാണ് മദ്യപാനികള്‍ക്ക് വന്ന് ചേര്‍ന്നത്. പഴയകാലത്തേക്കാള്‍ ബിയറിന് വീര്യം കൂടിയെങ്കിലും രണ്ടോ മൂന്നോ ബിയര്‍ അടിച്ചാല്‍ മാത്രമേ ചെറിയ ഒരു ലഹരിയെങ്കിലും കിട്ടൂ എന്ന സ്ഥിതിയും വന്നു. ഇത് പല കുടുംബ ബജറ്റുകളെയും ഗുരുതരമായാണ് ബാധിച്ചത്.

പല ബാറുകളും പൂട്ടുകയും ബിയര്‍ പാര്‍ലറുകളായി തുറക്കുകയും ചെയ്തപ്പോള്‍ ദുരിതത്തിലായത് മദ്യപാനികള്‍ മാത്രമല്ല. ബാര്‍ തൊഴിലാളികളുടെ അവസ്ഥയും അതിദാരുണമായി മാറി. ലക്ഷക്കണക്കിന് തൊഴിലാളികളാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തോടെ അനിശ്ചിതാവസ്ഥയിലായത്. ബാറുകള്‍ പൂട്ടുന്ന സമയത്ത് ഒരു ടു സ്റ്റാര്‍ ബാര്‍ ജീവനക്കാരന് പരമാവധി ലഭിച്ചിരുന്ന വേതനം 6000 രൂപയായിരുന്നു. കേരളത്തിലെ ഉയര്‍ന്ന ജീവിത നിലവാര സാഹചര്യത്തില്‍ ഒരു ശരാശരി കുടുംബത്തെ സംബന്ധിച്ച് ഇതൊന്നിനും തികയുന്നതല്ലെന്ന് വ്യക്തമാണ്. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന ടിപ്പും മറ്റ് പാരിതോഷികങ്ങളുമായിരുന്നു പല ജീവനക്കാരുടെയും മുഖ്യ വരുമാനം. എന്നാല്‍ ബിയര്‍ പാര്‍ലറുകളായതോടെ ബാറുകളിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും ഇത് ഇത്തരത്തിലുള്ള വരുമാനത്തെ ബാധിക്കുകയും ചെയ്തു. ഇത് കൂടാതെ ബാറുകളുടെ വരുമാനം കുറഞ്ഞതോടെ ശമ്പളത്തിലും പലര്‍ക്കും കുറവുണ്ടായി. ധാരാളം പേര്‍ മറ്റ് തൊഴിലുകള്‍ തേടാന്‍ നിര്‍ബന്ധിതരായി.

തൊഴിലാളികളെ പിരിച്ചുവിട്ടതിലും ശമ്പളം കുറച്ചതിലും പലപ്പോഴും ബാര്‍ മുതലാളിമാരെയും കുറ്റം പറയാന്‍ സാധിക്കുമായിരുന്നില്ല. ബിയര്‍ പാര്‍ലറുകളില്‍ പലതും തൊഴിലാളികളെ ലക്ഷ്യമാക്കി മാത്രമാണ് തുറന്നതെന്ന് പല ബാര്‍ ഉടമകളും ഇപ്പോഴും പറയുന്നുണ്ട്. ഒന്നോ രണ്ടോ ബാറുകള്‍ മാത്രമുള്ള ബാറുടമകളാണ് ഇക്കൂട്ടത്തില്‍ ഏറെ ബുദ്ധിമുട്ടിയത്. പലരും ആദ്യഘട്ടത്തില്‍ ലൈസന്‍സ് പുതുക്കാന്‍ പോലും തയ്യാറായിരുന്നില്ല. ബാറുകളെ അപേക്ഷിച്ച് ബിയര്‍ പാര്‍ലറുകളിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഭീകരമായ കുറവ് അവരുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിച്ചിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്നുണ്ടായ ബാര്‍രഹിത കേരളം നിരവധി രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും സാക്ഷിയായി. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ബാര്‍ ഉടമകളില്‍ നിന്നും അന്നത്തെ ധനമന്ത്രി കെ എം മാണി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മദ്യവ്യവസായിയും ബാര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ബിജു രമേശന്‍ രംഗത്തെത്തിയതോടെയായിരുന്നു ഇത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അരങ്ങുതകര്‍ത്തപ്പോള്‍ ഒടുവില്‍ മാണിക്കും അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനും രാജിവയ്‌ക്കേണ്ടതായും വന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബാര്‍ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തങ്ങളുടെ കുടുംബത്തെ സഹായിക്കുകയല്ല ദ്രോഹിക്കുകയാണ് ചെയ്തതെന്ന് സ്ത്രീകള്‍ പോലും തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കനത്ത പരാജയം.

സോളാര്‍ കേസ് പോലുള്ള നിരവധി ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുണ്ടായെങ്കിലും ബാറിലാണ് അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് കൈപൊള്ളിയതെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തിന് ലഭിച്ച സ്വീകാര്യതയില്‍ നിന്നും മനസിലാക്കേണ്ടത്. പല ബാറുകളിലും മുഖ്യമന്ത്രി പിണറായി വിജയന് ജയ് വിളിച്ചുകൊണ്ടാണ് മദ്യപാനികള്‍ ബാറുകളില്‍ പ്രവേശിച്ചത്. കുടിയന്മാരെ സംബന്ധിച്ച് ഇന്നലത്തേത് പ്രവേശനോത്സവമാകുന്നതും അതിനാലാണ്.

ഇന്നലെ തുറന്നപ്പോള്‍ മുതലുള്ള തിരക്ക് എല്ലാ ബാറുകളിലും ഇന്നും തുടരുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമുള്ള ബാര്‍ ദിനങ്ങള്‍ ആഘോഷിക്കാന്‍ പകല്‍ മദ്യപിക്കാത്തവര്‍ പോലും ബാറുകളിലെത്തുന്നുണ്ട് ഇപ്പോള്‍. ഇന്നലെ തുറക്കാതിരുന്ന ചില ബാറുകള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാറുകള്‍ തുറക്കുമെന്നാണ് മദ്യപാനികളുടെ പ്രതീക്ഷ.

Next Story

Related Stories