TopTop
Begin typing your search above and press return to search.

ബീഫ് വേവാത്ത അടുക്കളകള്‍

ബീഫ് വേവാത്ത അടുക്കളകള്‍

സഫിയ ഓ സി

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും ചില തനതു ഭക്ഷണ ശീലങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഇപ്പൊഴും തനിമ നഷ്ടപ്പെടാതെ കാത്തുപോരുന്നുണ്ട്. ഭക്ഷണം ഒരു സംസ്കാരമാണ്. വിവിത ജാതി മത സമൂഹങ്ങള്‍ക്ക് അവരുടേതായ ഭക്ഷണ ശീലങ്ങളുമുണ്ട്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായും ചിലപ്പോള്‍ ഭക്ഷണ സംസ്കാരം മാറാറുണ്ട്.

മലബാറിലെ മുസ്ലിം വീടുകളില്‍ എല്ലാ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബീഫ് കൊണ്ടുള്ള വിഭവങ്ങള്‍. ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ചിക്കനും മട്ടനും വിശേഷ ദിവസങ്ങളില്‍ മാത്രം കിട്ടുമ്പോള്‍ ബീഫ് അങ്ങനെയായിരുന്നില്ല. ബലിപ്പെരുന്നാളിന് സമ്പന്നര്‍ ആടിനെ ബലികൊടുക്കുമ്പോള്‍ ഇടത്തരക്കാര്‍ ബലികൊടുത്തിരുന്നത് പോത്തിനെയായിരുന്നു. റംസാന്‍ മാസത്തില്‍ ബീഫ് വേവാത്ത ഒരടുക്കളയും ഉണ്ടായിരുന്നില്ല. ബറാത്ത്, മുഹറം തുടങ്ങിയ ദിവസങ്ങളിലും വീട്ടില്‍ ബീഫ് ഉണ്ടാക്കുമായിരുന്നു. റംസാന്‍ മാസത്തില്‍ ബീഫ് കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ .തയ്യാറാക്കും. ബീഫ് കറിതന്നെ പലതരം ഉണ്ടായിരുന്നു. വറുത്തരച്ച തേങ്ങ ചേര്‍ത്തത്, മല്ലി വറുത്തു പൊടിച്ച് ചേര്‍ത്തത് , ബീഫ് മുളകിട്ടത്, തേങ്ങാപ്പാല്‍ ഒഴിച്ച ബീഫ് കറി ബീഫ് മസാല , ബീഫ് ഫ്രൈ , ബീഫ് ഉലര്‍ത്തത്, ബീഫ് ബിരിയാണി, ഇറച്ചിച്ചോര്‍, ഇറച്ചിപ്പത്തല്‍, കക്കൊറോട്ടി കുഞ്ഞോറോട്ടി അങ്ങിനെ എത്രയോ ബീഫ് വിഭവങ്ങള്‍. നബിദിനത്തിനും ഉറൂസിനും നേര്‍ച്ചയ്ക്കുമൊക്കെ ബീഫ് ഇട്ട ഇറച്ചിച്ചോറോ അല്ലെങ്കില്‍ നല്ല ബീഫ് കറിയും നേയ്ചോറോ കിട്ടുമായിരുന്നു.

എന്നാലും ബീഫ് ഉല്‍സവം എന്നൊക്കെ പറയാന്‍ കഴിയുന്നത് ബലിപ്പെരുന്നാളിനെയാണ്. മാസപ്പിറവി കണ്ടദിവസം സൂര്യനുദിക്കുന്നതിനുമുന്‍പ് ബലികര്‍മ്മം നടന്നിരിക്കും. മിക്കവീടുകളില്‍ നിന്നും ഇറച്ചിയുമായി കുട്ടികള്‍ വരും. ഒരുപാട് ഇറച്ചികിട്ടുന്ന ദിവസമായിരുന്നു അത്. ഇറച്ചി അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കല്‍ തന്നെ ഒരു ചടങ്ങായിരുന്നു. പലപ്പോഴും കുട്ടികളുടെ ജോലിയാവും ഇറച്ചികൊടുക്കാന്‍ പോകുന്നത്. മിക്ക വീടുകളിലും അന്ന് ബീഫ് കറിയും പത്തിരിയുമൊക്കെയായിരിക്കും രാവിലത്തെ ഭക്ഷണം.ബീഫ് കണ്ടാല്‍ മാപ്പിളമാര്‍ കമിഴ്ന്നു വീഴും എന്നു പറഞ്ഞു കൂട്ടുകാര്‍ എന്നെ കളിയാക്കിയിട്ടുണ്ട് പലപ്പോഴും. പിന്നീട് എം എ പഠനത്തിന് കോട്ടയത്തു വന്നപ്പോള്‍ ഞങ്ങളെക്കാള്‍ വല്യ ബീഫ് തീറ്റക്കാര്‍ ഉണ്ടെന്ന് അവിടത്തെ ചങ്ങാതിമാര്‍ തെളിയിച്ചു തന്നു.

ബീഫ് ഒരു ന്യൂനപക്ഷത്തിന്റെ ഭക്ഷണ ശീലം മാത്രമല്ല. വിവിത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ബീഫ് .ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്യുന്നുണ്ട്. നാളിതുവരെ അത് അങ്ങനെ തന്നെ ആയിരുന്നു . എന്നാല്‍ ബീഫ് നിരോധിക്കുന്നതിലൂടെ നമ്മുടെ മതേതര മൂല്യങ്ങളെ ഇല്ലാതാക്കി ഒറ്റ സംസ്കാരം എന്ന കുടക്കീഴിലേക്ക് ജനതയെ എത്തിക്കുക എന്ന ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. ഇന്ന്‍ അവര്‍ നമ്മുടെ ഭക്ഷണത്തില്‍ കൈ വെച്ചു. നാളെ അതു വസ്ത്രത്തിലാകാം; പിന്നെ സഞ്ചാര സ്വാതന്ത്ര്യത്തിലേക്ക് തിരിയാം; അങ്ങനെ പതുക്കെ പതുക്കെ നമ്മളെ തന്നെ അവര്‍ നിശബ്ദരാക്കും.

നമ്മുടെ അടുക്കളയില്‍ എന്തുവേവണമെന്നും നാം എന്തു കഴിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നമുക്ക് നഷ്ടപ്പെടുകയും അത് ഭരണകൂടം തീരുമാനിക്കുകയും ചെയ്യുമ്പോള്‍ നാം ഇത്രയും നാള്‍ കൊണ്ടുനടന്ന മതേതരത്വവും ജനാധിപത്യവും കാലഹരണപ്പെടുകയാണ്. ഒരാള്‍ക്ക് ബീഫ് കഴിക്കാന്‍ സ്വാതന്ത്ര്യം ഉള്ളതുപോലെ ബീഫ് കഴിക്കാതിരിക്കാനും നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ബീഫ് കഴിക്കുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമാകുമ്പോള്‍ അത്തരമൊരു സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെടുന്നു എന്നുമാത്രമല്ല തികച്ചും സ്വകാര്യമായ ഇഷ്ടങ്ങളിലേക്ക് ഭരണകൂടം കടന്നുകയറുകയാണ് ചെയ്യുന്നത്. മൃഗസ്നേഹികള്‍ മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെ സന്തോഷത്തോടെ കാണുമെങ്കിലും ഇത് കേവലം ഒരു മൃഗസംരക്ഷണം ആയി മാത്രം ചുരുക്കിക്കാണാന്‍ കഴിയില്ല. മറിച്ച്ഫാസിസത്തിന്റെയും ഭരണകൂട ഭീകരതയുടെയും വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമായേ കാണാന്‍ കഴിയൂ.


ഇതാ ബീഫ് നിരോധന കാലത്തിന് വേണ്ടി വറുത്തരച്ച ബീഫ് കറി ഉണ്ടാക്കാനുള്ള റെസിപ്പി


ബീഫ് -ഒരുകിലോ
തക്കാളി-അരകിലോ
മല്ലി -4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍-ആവശ്യത്തിന്
ഇഞ്ചി-കാല്‍ കിലോ
വെളുത്തുള്ളി-50 g
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി-രണ്ട് ടേബിള്‍ സ്പൂണ്‍
സവാള-അരകിലോ
ഉപ്പ് പാകത്തിന്
തേങ്ങ-ഒരു മുറി
ഡാല്‍ഡ-100 g
കറിവേപ്പില,മല്ലിയില ആവശ്യത്തിന്
ചെറിയ ഉള്ളി-5 എണ്ണം
വറ്റല്‍ മുളക്-4 എണ്ണം
നെയ്യ് -2 സ്പൂണ്‍


ബീഫ് വൃത്തിയാക്കിയതിനുശേഷം മുളകുപൊടിയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെക്കുക. മല്ലി വറുത്തു പൊടിച്ച് വെക്കണം. പാത്രം ചൂടാക്കിയതിനുശേഷം ഡാല്‍ഡ ഒഴിച്ച് സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. വറുത്ത് പൊടിച്ച മല്ലിപ്പൊടിചേര്‍ത്തതിന് ശേഷം തക്കാളി രണ്ടായി മുറിച്ചതും ചേര്‍ക്കുക. പിന്നീട് ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തിളച്ചതിന് ശേഷം കുരുമുളക് പൊടി ചേര്‍ക്കണം. വെന്തു വരുമ്പോള്‍ തേങ്ങ വറുത്തരച്ചത് ചേര്‍ത്തിളക്കുക. ശേഷം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കുക . നെയ് ചൂടാക്കി ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചതിന് ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ഒഴിക്കുക.

(സ്വതന്ത്ര പത്രപ്രവര്‍ത്തക, തിരുവനന്തപുരത്ത് താമസിക്കുന്നു)

*Views are Personal


Next Story

Related Stories