ബീന പോള്‍
ഇറാനിയന്‍ സിനിമയെ ആ രാജ്യത്ത് നിന്നും ലോകമെന്ന വലിയ സ്ക്രീനിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് അബ്ബാസ് കിയരോസ്തമി. അദ്ദേഹത്തെ ഒരു ഇറാനിയന്‍ ഫിലിം മേക്കര്‍ എന്നനിലയില്‍ മാത്രമായി കാണാനാകില്ല. ലോകത്തെ മികച്ച ചലച്ചിത്രകാരന്മാരുടെ ഇടയില്‍ സുപ്രധാനമായ ഒരു സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. സത്യജിത് റേ, അന്റോണിയോണി, ഗൊദാര്‍ഡ്, ഹെര്‍സോഗ് എന്നിവരൊക്കെ ആ വിഭാഗത്തില്‍പ്പെടുന്നവരാണ്. അവരെയൊന്നും ഒരു പ്രത്യേക രാജ്യത്തിന്റെയോ മേഖലയുടെയോ സ്വത്തായി കാണാനാകില്ല.
ഇറാനില്‍ സെന്‍സര്‍ഷിപ്പ് വലിയൊരു മതിലായി ഉണ്ടായിരുന്ന സമയത്തു തന്നെയാണ് കിയരോസ്തമി ചിത്രങ്ങള്‍ എടുക്കുന്നത്. അദ്ദേഹം സെന്‍സര്‍ഷിപ്പിനെ മറികടന്നത് തന്റെ കാവ്യശൈലിയിലൂടെയാണ്. അതേസമയം തന്റെ രാഷ്ട്രീയ നിലപാട് എന്താണ് എന്നും അദ്ദേഹം ചിത്രങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. അതെപ്പറ്റി ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും കിയരോസ്തമിയെ ബാധിച്ചിരുന്നില്ല. കിയരോസ്തമി ചിത്രങ്ങള്‍ എല്ലാം തന്നെ ഇറാന്റെ തനതു സംസ്കാരത്തെ പ്രതിഫലിപ്പിച്ചിരുന്നവയാണ്. ത്രൂ ദി ഒലീവ് ട്രീസ് പോലെയുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമയുടെ ഉയരം എത്രയാണ് എന്ന് നമുക്ക് മനസ്സിലാകും. വിലക്ക് ഏര്‍പ്പെടുത്തപ്പെട്ട ശേഷമാണ് രണ്ടു ചിത്രങ്ങള്‍ കിയരോസ്തമി ഇറാന് പുറത്ത് ചിത്രീകരിക്കുന്നത്. സെർട്ടിഫൈഡ് കോപ്പിയും ലൈക്ക് സംവൺ ഇൻ ലവ് ഉം.
അരവിന്ദന് മെമ്മോറിയല്‍ ലെക്ചര്‍ നല്‍കാനാണ് കിയരോസ്തമി 2005ല്‍ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കേരളത്തിലെത്തിയത്. അബ്ബാസ് കിയരോസ്തമി, ക്രിസ്റ്റഫര്‍ ഡോയ്ല്, സായ് മിംഗ് ലിയാംങ് എന്നിങ്ങനെഏഷ്യന് സിനിമയിലെ പ്രമുഖര്‍ അന്ന് തിരുവനന്തപുരത്ത് ഒരുമിച്ചെത്തി. അന്ന് ഞാന്‍ ഐ എഫ് എഫ് കെയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ അബ്ബാസ് ജി എന്നായിരുന്നു വിളിച്ചിരുന്നത്. എന്ത് വിളിക്കണം എന്നറിയാന്‍ വയ്യാതിരുന്നതുകൊണ്ട് അങ്ങനെ വിളിച്ചു എന്നേയുള്ളൂ.
അന്ന് ചേഞ്ച് ടു ഡിജിറ്റല്‍ സിനിമ എന്നുള്ള വിഷയത്തിലായിരുന്നു കിയരോസ്തമി സംസാരിച്ചത്. ഡിജിറ്റല്‍ സിനിമ എങ്ങനെ സിനിമയെ സ്വാധീനിക്കും എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച അത്ഭുതകരമായിരുന്നു. തുടക്കത്തില്‍ ഡിജിറ്റല്‍ മീഡിയയെ എതിര്‍ത്തിരുന്നു എങ്കിലും പിന്നീട് കിയരോസ്താമിയും ഡിജിറ്റല്‍ വഴിയിലേക്ക് തിരിഞ്ഞു. എല്ലാ ചിത്രങ്ങളും ഡിജിറ്റല്സിനിമയെ എക്സ്പ്ലോര്‍ ചെയ്യുന്ന രീതിയില്‍ മാറ്റപ്പെട്ടു. ഷിറിന് പോലെയുള്ള ചിത്രങ്ങള്‍ അങ്ങനെ എടുത്തിട്ടുള്ളവയാണ്.
ആര്‍ക്കും എപ്പോഴും സമീപിക്കാമായിരുന്ന എപ്പോഴും അവൈലബിള്‍ ആയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു റിയല്‍ ജെന്റില്മാന്. ഒരു ട്രൂ ആര്‍ട്ടിസ്റ്റ് ആയിരുന്നു അബ്ബാസ് ജി. ദുബായില്‍ അദ്ദേഹത്തിന്റെ ഫോട്ടോകളുടെ ഒരു എക്സിബിഷന് ഉണ്ടായിരുന്നു. പല ചിത്രങ്ങളും കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ കൂടി മഴ പെയ്യുമ്പോഴുള്ളതായിരുന്നു. ബ്ലര്ഡായ ആ ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു പെയിന്റിംഗ് പോലെയാണ് നമുക്ക് തോന്നുക. തുടക്കത്തില്‍ ലാന്‍ഡ്സ്കേപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും അദ്ദേഹം പിന്നീട് വ്യക്തികളിലേക്ക് തിരിയുകയായിരുന്നു
കിയരോസ്തമി ഇവിടെ ഉള്ള സമയം തന്നെയാണ് ക്രിസ്റ്റഫര്‍ ഡോയ്ല് എത്തിയത്. കിയരോസ്തമിയുടെ സ്വഭാവത്തിന്റെ നേര്‍വിപരീതമായിരുന്നു അദ്ദേഹം. തമ്മില്‍ക്കണ്ടപ്പോള്‍ ഡോയ്ല് ഡ്രമാറ്റിക് ആയി കാലില്‍ വീണു നമസ്കരിച്ചു. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ വച്ചായിരുന്നു സംഭവം.
അദ്ദേഹത്തിന്റെ ഷിറിന് തികച്ചും മോഡേണ്‍ ആയ ഒരു കണ്‍സപ്റ്റ് ആണ് അവതരിപ്പിച്ചത്. ഒരു ചിത്രം കാണുന്ന പ്രേക്ഷകരുടെ ഭാവങ്ങള്‍ പകര്‍ത്തിയ ചിത്രം. ആ ചിത്രം ഏതാണ് എന്ന് നമുക്ക് കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ സിനിമയ്ക്കകത്തെ പ്രേക്ഷകരുടെ വിചാരങ്ങള്‍, അവരുടെ പ്രതികരണങ്ങള്‍ വഴി നമുക്ക് ആ സിനിമയെക്കുറിച്ച് അറിയാനാകും. ഇതുപോലെ വ്യത്യസ്തമായ ഒരനുഭവമാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ലോകസിനിമയ്ക്ക് നികത്താനാവാത്ത ഒരു ശൂന്യതതന്നെയാണ്.
(ബീനാ പോളുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അബ്ബാസ് കിയരോസ്തമി തിരുവനന്തപുരത്ത് വന്നപ്പോള്‍; ബീനാ പോള്‍ ഓര്‍മ്മിക്കുന്നു

Next Story