TopTop

മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ വീണ്ടും ഒളിമ്പിക്‌സ് രഥമോടിക്കാന്‍ ചൈന

മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ വീണ്ടും ഒളിമ്പിക്‌സ് രഥമോടിക്കാന്‍ ചൈന

സൈമണ്‍ ഡെന്യര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)


2008 ല്‍ ചൈന ഒളിമ്പിക്‌സിന് ആഥിത്യം വഹിക്കുന്ന നിമിഷത്തെക്കുറിച്ച് നി യുലന്‍ വളരെ അഭിമാനത്തോടെ ഓര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഗെയിംസിനു വഴിയൊരുക്കാനായി അവളുടെ വീട് നിഷ്‌കരുണം തകര്‍ക്കുകയും ക്രൂരമായി തല്ലിച്ചതച്ചു വികലാംഗയാക്കുകയും നാല് വര്‍ഷത്തോളം ജയിലില്‍ അടയ്ക്കുകയും ചെയ്തത് അവള്‍ക്കു വിശ്വസിക്കാന്‍ ആയില്ല. ഇന്നവള്‍ക്ക് ബിജിംഗ് 2022 ലെ വിന്റര്‍ ഒളിമ്പിക്‌സിന് ഒരുങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഒരാവേശവുമില്ല.

നമുക്ക് ചൈനയുടെ ചുറ്റുമുള്ള മലകളില്‍ ഒരു തുള്ളി മഞ്ഞു പോലും കാണാന്‍ സാധിക്കില്ല എന്ന് മാത്രമല്ല വിന്റര്‍ സ്‌പോര്‍ട്‌സ് നടത്തുന്ന ഒരു പതിവും എവിടെയുമില്ല. എന്നാലും 2022ലെ ഈ ഗെയിംസ് തങ്ങളുടെ ഏക എതിരാളിയായ ഖസാക്കിസ്ഥാനിലെ അല്‍മാറ്റിയില്‍ നടക്കാതിരിക്കാനായി ആണ് ഈ പരിശ്രമം. ഇത് വിജയകരമായാല്‍ രണ്ടു രീതിയിലുള്ള ഒളിമ്പിക്‌സ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതി ചൈനക്ക് സ്വന്തമാകും.

ചൈന രാഷ്ട്രീയപരമായി സുസ്ഥിരമാണ്. കൂടാതെ നല്ലൊരു സമ്പദ് വ്യവസ്ഥയും സമാധാനപരമായ ജനതയുമുണ്ട്. ഇത് തന്നെയാണ് വിന്റര്‍ ഒളിമ്പിക്‌സിന്റെ സുഗമമായ നടത്തിപ്പിനാവശ്യം എന്ന് കഴിഞ്ഞ ദിവസം അന്തര്‍ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ സന്ദര്‍ശനത്തിനുശേഷം നടന്ന ന്യൂസ് കോണ്‍ഫറന്‍സില്‍ ബിജിംഗ് മേയര്‍ വാങ്ഗ് അന്‍ഷുന്‍ പറഞ്ഞു. 'ഒരു നല്ല സാമൂഹ്യ ചുറ്റുപാടും പൊതു ജനസഹകരണവും നമുക്കിവിടെ ഉണ്ട്.'

ചൈന ഈ വിന്റര്‍ ഒളിമ്പിക്‌സിന്റെ ആതിഥ്യം വഹിക്കുന്നത് വളരെയധികം ആളുകള്‍ എതിര്‍ക്കുന്നു എന്നാണ് ബീജിങ്ങിലെ മനുഷ്യാവകാശ കണക്കുകള്‍ പറയുന്നത്. 2008 ലെ ഒളിമ്പിക്‌സില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ നടന്നിട്ടും വളരെയേറെ ആളുകളെ ഗെയിംസിന്റെ പേരില്‍ ഉപദ്രവിച്ചതിനുശേഷവും ഇത്ര പെട്ടന്ന് അടുത്തൊരു ഗെയിംസ് നടത്താന്‍ ഒരു രാജ്യത്തിന് എങ്ങനെ കഴിയുമെന്നാണ് എല്ലാവരും അത്ഭുതപ്പെടുത്തുന്നത്.

2008 ലെ ബിജിംഗ് ഒളിമ്പിക്‌സിനുള്ള വഴികളുടെ നിര്‍മാണത്തിനായി നി യുലന്റെയും അവളുടെ ഭര്‍ത്താവ് ഡോങ്ഗ് ജിഖിന്റെയും വീട് തകര്‍ക്കുകയും, മര്‍ദ്ദിച്ചു വികലാംഗയാക്കി, ജയിലിലടക്കുകയും ചെയ്തു (സിമോണ്‍ ടെന്യേര്‍ /വാഷിംഗ്ടണ്‍ പോസ്റ്റ്).

തനിക്കും തന്റെ അയല്‍ക്കാര്‍ക്കും വേണ്ടിയുള്ള നഷ്ടപരിഹാര പ്രചാരണങ്ങള്‍ക്കായി നീക്കും അവളുടെ മകള്‍ ടോങ്ഗ് സുഅനും ബലികഴിക്കേണ്ടി വന്നത് സ്വന്തം ജോലിയാണ്. ഏഷ്യന്‍ റീജിയണല്‍ സമ്മിറ്റ് നടക്കുമ്പോള്‍ 30 വയസ്സുള്ള ടോങ്ങിനെ പോലീസുകാര്‍ അവരുടെ വീട്ടില്‍ പൂട്ടിയിട്ടു. പ്രസിഡന്റ് ഒബാമയുടെയും മറ്റു നേതാക്കളുടെയും മുന്നില്‍ ഒരിക്കലും ചൈനയിലെ ജനങ്ങളുടെ ഒരു തരത്തിലുമുള്ള എതിര്‍പ്പുകളും പുറത്തുവരാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്.

'2008ലെ ഒളിംപിക് ഗെയിം എനിക്ക് എന്റെ വീട് നഷ്ടപ്പെടുത്തി എന്നെ വികലാംഗയാക്കി. ഇങ്ങനെ എത്ര വീടുകള്‍ പൊളിച്ചിട്ടുണ്ടാകും. എത്രപേര്‍ക്ക് മുറിവേറ്റിട്ടുണ്ടാകും? എത്രപേര്‍ക്ക് അവരുടെ ജീവിതം നഷ്ടപെട്ടിട്ടുണ്ടാകും.' നീ പറയുന്നു. 'അന്തര്‍ ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റി ഇതിനെക്കുറിച്ച് കാര്യമായി ആലോചിക്കണ്ടതുണ്ട്.'

ബിജിംഗ് അധികാരികളുടെ നോട്ടത്തില്‍ ഈ ഒളിമ്പിക്‌സ് ശീതകാല സ്‌പോര്‍ട്‌സിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്നാണ് കരുതുന്നത്. അതിനായി ചൈന പല സ്‌കൈറ്റിംഗ് ക്ലാസ്സുകളും തുടങ്ങിക്കഴിഞ്ഞു. ചൈനയുടെ സ്‌കൈ റിസോര്‍ട്ടുകളിലേക്കുള്ള ആളുകളുടെ വരവ് ഇപ്പോഴെ കൂടിക്കഴിഞ്ഞെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 600 പുതിയ ഹോട്ടലുകള്‍, 1,30,000 മുറികള്‍ എന്നിവ മൂന്നു വേദികള്‍ക്കരികിലായി പണിയും എന്നാണ് അധികാരികളുടെ ഉറപ്പ്. 'പക്ഷിക്കൂട്' സ്റ്റേഡിയത്തിലാണ് ഉദ്ഘാടന സമാപന ചടങ്ങുകള്‍ നടക്കുക. ഇതിനടുത്തുള്ള 'വാട്ടര്‍ ക്യൂബും' ഇതിന്റെ ഭാഗമാകുന്നുണ്ട്.അതിഥികളെ മറ്റു രണ്ടു നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുകയും നഗരങ്ങളുടെ അന്തരീക്ഷ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി 13 ബില്ല്യന്‍ ഡോളര്‍ ചിലവഴിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

പൊതുജന പങ്കാളിത്തം കുറഞ്ഞതിനാല്‍ ഓസ്ലോ തങ്ങളുടെ ഗെയിംസ് ആതിഥേയത്വം കഴിഞ്ഞ വര്‍ഷം വേണ്ട എന്ന് വച്ചു. എന്നാല്‍ ഫ്രഞ്ച് എംബസി നടത്തിയ ഒരു സര്‍വേയില്‍ 95% പൗരന്മാരും ഗെയിംസ് നടത്തുന്നതിനോട് അനുഭാവം ഉള്ളവര്‍ ആണ് എന്ന്‍ ബിജിംഗ് ഒഫീഷ്യല്‍സ് അവകാശപ്പെടുന്നു.

2008 ല്‍ ബിജിംഗില്‍ നടന്ന ഗെയിംസ് ആഡംബര സ്‌റ്റേഡിയങ്ങളിലും വീട്ടിലെ സുഖകരമായ സോഫയിലിരുന്നു ടിവിയിലും കണ്ടവരാര്‍ക്കും ഇതിന്റെ നടത്തിപ്പിനെക്കുറിച്ചോ അതിനു പിറകിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചോ യാതൊരു ആശങ്കയും ഇല്ല. പക്ഷെ ആ രാഷ്രീയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി അധികാരത്തിന്റെ ദുര്‍വിനിയോഗം നടന്നതായാണ് വിമര്‍ശകര്‍ പറയുന്നത്. ഇതേ പോലെ തന്നെയാണ് പൊതുജന സമ്മതിയും നിര്‍മ്മിച്ചെടുക്കുന്നത്.

2001ല്‍ നീയും അവളുടെ ഭര്‍ത്താവും അവരുടെ കുടുംബവീട്ടിലിരുന്നു ടി വി കാണുമ്പോള്‍ 2008ലെ ഒളിമ്പിക്‌സ് ചൈനയിലാണ് നടക്കുക എന്നത് അവതാരക സന്തോഷാശ്രു പൊഴിച്ചുകൊണ്ട് പറഞ്ഞത് ഇന്നും അവര്‍ ഓര്‍ക്കുന്നു.
'ഞങ്ങളെല്ലാവരും സന്തോഷിച്ചു.'

എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങ് അങ്ങ് ദൂരെ പോലീസ് സ്‌റ്റേഷനില്‍ ഇരുന്നു കാണുമ്പോള്‍ വ്യത്യസ്തമായമായ ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു അവര്‍.

'ഞാന്‍ വളരെ ദുഃഖത്തിലാണ്.' ഒരു ചെറിയ വാടക വീട്ടില്‍ വീല്‍ച്ചെയറില്‍ ആണ് ഇന്നവരുടെ ജീവിതം. ഭര്‍ത്താവിന്റെ ചുരുങ്ങിയ പെന്‍ഷന്‍ കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. അലമാരിക്ക് മുകളിലെ ഒരു കാരം ബോര്‍ഡില്‍ കൊള്ളാവുന്ന സ്വത്തുക്കളെ ഇന്നവര്‍ക്കുള്ളൂ. 'ഒരു ഒളിമ്പിക്‌സ് ഞങ്ങളെ ഇത്തരത്തില്‍ ആക്കി.'

ഗെയിംസിനായുള്ള നിര്‍മാണത്തിനായി, ഏകദേശം ഒരു മില്യണില്‍ അധികം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഗെയിംസിന് വരുന്ന ആളുകള്‍ക്ക് ഷോപ്പിംഗ് നടത്താനുള്ള ഒരു കെട്ടിടം പണിയും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇത് പിന്നീടു സര്‍ക്കാര്‍ കെട്ടിടമായി മാറി. ഭൂമാഫിയകളുടെ സ്ഥലം കയ്യടക്കാന്‍ വേണ്ടിയുള്ള ഒരു പ്രഹസനമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ എന്ന് ഒളിമ്പിക്‌സ് അഴിമതി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

ഒളിംപിക്‌സിന് മുമ്പ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു നിയമ ഉപദേശകയായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവരുടെ ജോലി നഷ്ടപ്പെട്ടൂ. കുറെക്കാലം ജയിലില്‍ കഴിഞ്ഞു, അതിനു ശേഷം വീട്ടുതടങ്കലിലും. പോലീസിന്റെ നിരന്തര പീഡനം മൂലം അവര്‍ക്ക് ഇടയ്ക്കിടെ വാടക വീടുകള്‍ മാറേണ്ടി വരുന്നു. തടങ്കലില്‍ ആയിരുന്നപ്പോള്‍ മൂന്നു ദിവസം അവളെ തുടര്‍ച്ചയായി കെട്ടിയിട്ടു തല്ലിയിരുന്നു എന്ന് നീ പറയുന്നു. ഇതുമൂലം അവളുടെ പല എല്ലുകള്‍ക്കും ഗുരുതരമായ ഒടിവ് സംഭവിച്ചിരുന്നു.
ചൈനയ്ക്ക് 2008ലെ ഒളിമ്പിക്‌സ് നടത്താനുള്ള അവസരം ലഭിച്ചപ്പോള്‍ ഐഒസി പ്രസിഡന്റ് ജാക്വസ് റോഗ്ഗെ ചൈനയിലെ മനുഷ്യാവകാശം ഉയര്‍ത്താനുള്ള അവസരം ആയി ഇതിനെ ഉപയോഗിക്കാന്‍ സാധിക്കും എന്നും അല്ലെങ്കില്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കും എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഒളിമ്പിക്‌സ് തുറന്നു പ്രവര്‍ത്തിക്കാനുള്ള ഒരു സമയമായി മാറും എന്നാണ് ഐഒസി ഡയറക്ടര്‍ ഫ്രാന്‍കോയിസ് കരാര്‍ഡ അഭിപ്രായപ്പെട്ടത്. എന്നാല്‍ സംഭവിച്ചതെല്ലാം നേരെ മറിച്ചാണ് എന്ന് വിമര്‍ശകര്‍ പറയുന്നു.

2008 ഗെയിംസ് അടുത്തതോടെ ചൈന ടിബറ്റിനു മുകളില്‍ അവരുടെ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഗെയിംസിനെതിരെയുള്ള വലിയൊരു എതിര്‍പ്പിനെ മറികടക്കാനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളില്‍ അനേകായിരം ആളുകളുടെ വീട് നഷ്ടപ്പെട്ടു, നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, പലരും തടങ്കലില്‍ ആയി. സമര നേതാക്കളില്‍ ഒരാളായ ഹുജിയയും മനുഷ്യാവകാശ അഭിഭാഷകനായ ബിയോയും ചേര്‍ന്ന് പ്രതിഷേധ സൂചകമായി ഒരു കത്തെഴുതി. അതില്‍ ഇത്തരം ഗെയിമുകള്‍ തിരഞ്ഞെടുപ്പോ, മതസ്വാതന്ത്ര്യമോ, സ്വതന്ത്ര കോടതിയോ അഭിപ്രായ സ്വാതന്ത്ര്യമോ ഒന്നും തന്നെ ഇല്ലാത്ത, പീഡനങ്ങളും അടിച്ചമര്‍ത്തലും സാധാരണമെന്നപോലെ നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് നടത്താന്‍ പോകുന്നത് എന്നെഴുതിയിരുന്നു. അതുകൊണ്ട് തന്നെ ഈ വിമത സ്വരങ്ങള്‍ അവസാനിപ്പിക്കാന്‍ ഗെയിംസിനു നാല് മാസം മുന്‍പ് ഇവരെ മൂന്നര വര്‍ഷത്തേക്ക് ജയിലിലടച്ചു.

ഞാന്‍ എല്ലാതരത്തിലും ഉള്ള പുതിയ സംരംഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന ഒരാളാണെന്ന് വീട്ടുതടങ്കലില്‍ ഇരുന്നു കൊണ്ട് ഇവര്‍ ഫോണിലൂടെ പറഞ്ഞു. 'പക്ഷെ ഈ ഗെയിമുകള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊപ്പിയിലെ പൊന്‍തൂവലുകള്‍ ആണെന്ന കാര്യം ശരിയല്ല. മനുഷ്യാവകാശത്തിനു പ്രാധാന്യം നല്‍കാതെ ഇത്തരം ഒരു നടപടിയും നടത്തുന്നത് ശരിയല്ല.'

2008 ലെ ബിജിംഗ് ഒളിമ്പിക്‌സ്, 2014 ല്‍ നടന്ന റഷ്യയിലെ ശീതകാല ഒളിമ്പിക്‌സ് എന്നിവക്ക് ശേഷം ഇത്തരം എതിര്‍പ്പുകള്‍ക്ക് മറുപടിയായി ഐഒസി ഒരു ഉടമ്പടി ഉണ്ടാക്കി. അത് പ്രകാരം ആതിഥേയരാകുന്ന രാജ്യം സ്വന്തം രാജ്യത്തെ മനുഷ്യാവകാശം, തൊഴില്‍ സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്ന ഒരു ഒരു ഉടമ്പടിയില്‍ ഒപ്പ് വയ്ക്കണം എന്നത് നിര്‍ബന്ധമാക്കുന്നു. ബിജിംഗിന്റെ് നിവേദനം ഒരു ആദ്യ പരീക്ഷണമാണ് എന്ന് human rights watch അഭിപ്രായപ്പെടുന്നു.

ഈ തത്വങ്ങളെല്ലാം നടപ്പിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടായിരിക്കും. കാരണം മത്സരം ബിജിംഗും അല്‍മാറ്റിയും തമ്മില്‍ ആണ്. കൂടാതെ ഇതില്‍ ഒരുപാടു പണവും ഉള്‍പ്പെട്ടിട്ടുണ്ട്.

വ്യര്‍ത്ഥ വാഗ്ദാനങ്ങള്‍ക്കും രാഷ്ട്രീയശക്തി ദുര്‍വിനിയോഗത്തിനും അടിയറവു പറഞ്ഞ് കഴിഞ്ഞതിനെയെല്ലാം സൗകര്യപൂര്‍വം മറന്നുകൊണ്ട് ഐഒസി ഇവര്‍ക്കെങ്ങാന്‍ ഒരു അവസരംകൂടി കൊടുക്കുമോ എന്ന് ചൈനയിലെ മനുഷ്യാവകാശ സംരക്ഷണത്തിനായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ ഡയറക്ടര്‍ ഷാരോണ്‍ ഹോം ഒരു ഇ-മെയിലില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 'ഒളിമ്പിക്‌സ് ബ്രാന്‍ഡിന്റെ ഇത്തരം അപായങ്ങള്‍ ഇവര്‍ പരിഗണിക്കുമോ? ചരിത്രപരമായ മറവിയുടെ പതിവ് പല്ലവി തന്നെ ആവര്‍ത്തിക്കുമോ?' അദ്ദേഹം ചോദിക്കുന്നു.


Next Story

Related Stories