അഴിമുഖം പ്രതിനിധി
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഭക്ഷണശാലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 20 വിദേശികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ ആറു ഭീകരരെ വധിച്ചെന്നും സൈന്യം അറിയിച്ചു. ഭീകരസംഘത്തിലുണ്ടായിരുന്ന ഒരാളെ ജീവനോടെ പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചിരുന്നു.
രാജ്യത്തെ നയതന്ത്ര പ്രാധാന്യ മേഖലയായ ഗൂല്ഷാനിലെ ഹോളി ആര്‍ട്ടിസാന്‍ ഭക്ഷണശാലയിലാണ് ഇന്നലെ രാത്രി 9.20 ഓടുകൂടി ഭീകരര്‍ കടന്നു കയറിയത്. പത്തു മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്നു വിദേശികളടക്കം ബന്ദികളാക്കപ്പെട്ട 13 പേരെ സൈന്യം മോചിപ്പിച്ചു.
ഇരുപത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ബ്രിഗേഡിയര്‍ ജനറല്‍ നയീം അഷ്വഖ് ചൗധരി അറിയിച്ചു. ഇറ്റലി, ജപ്പാന് സ്വദേശികളാണ് മരിച്ചതിലേറെയും. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈന്യം രക്ഷപ്പെടുത്തിയവരില്‍ രണ്ടു പേര് ശ്രീലങ്കക്കാരും ഒരാള്‍ ജപ്പാന് സ്വദേശിയുമാണ്. ആക്രമണം തുടങ്ങുമ്പോള്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റെസ്റ്റേറന്റില്‍ 20 വിദേശികള്‍ ഉള്‍പ്പെടെ 35 പേര് അകപ്പെട്ടിരുന്നു.
സംയുക്ത പ്രത്യാക്രമണം നടത്തിയതിനാലാണ് ഭീകരര്‍ രക്ഷപ്പെടാതിരുന്നതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
ജപ്പാന് പൗരന്മാരായ എട്ടു പേര് ഒരുമിച്ചായിരുന്നെന്നും വെടിവെപ്പിലുണ്ടായ മുറിവുകളോടെ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും ജപ്പാന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ബംഗ്ലാദേശ് ഭീകരാക്രമണം; 20 വിദേശികള്‍ കൊല്ലപ്പെട്ടു

Next Story