TopTop
Begin typing your search above and press return to search.

ടെലിവിഷന്‍ എന്ന സിനിമ ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്; അതെവിടെ നിന്നു വരുന്നു എന്നതാണത്

ടെലിവിഷന്‍ എന്ന സിനിമ ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്; അതെവിടെ നിന്നു വരുന്നു എന്നതാണത്

സൃഷ്ടികളെ വിലയിരുത്തുമ്പോള്‍, 'അതെവിടെ നിന്ന് വന്നു'വെന്ന വസ്തുതയെ ആധാരമാക്കി പ്രത്യേക പരിഗണന നല്‌കേണ്ടതുണ്ടോ എന്നൊരു പ്രശ്‌നമുണ്ട്. സൃഷ്ടികളുടെ നിലവാരം മാത്രമേ പരിഗണിക്കേണ്ടതുള്ളൂ, മറ്റെല്ലാം അപ്രസക്തമാണെന്നതാണ് എതിര്‍വാദം. രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്‌സിജൻ ആറ്റവും കൂടിച്ചേര്‍ന്നാല്‍ H2O എന്നറിയപ്പെടുന്ന ജലം ഉണ്ടാകുമെന്ന സാര്‍വ്വലൗകികത, സൃഷ്ടിയ്ക്ക് പുറകില്‍ കാണാന്‍ ശ്രമിക്കുന്നത് ഒരര്‍ത്ഥത്തില്‍ ബുദ്ധിശൂന്യമാണ്. ചവിട്ടി നില്ക്കുന്ന മണ്ണിന്റെ സാംസ്‌കാരിക, രാഷ്ട്രീയ ചുറ്റുപാടുകളാണ് സൃഷ്ടികളുടെ അനന്യതയെ രൂപപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ അവയ്‌ക്കെല്ലാം വ്യത്യസ്തവുമാകാതെ തരമില്ല. എന്നാല്‍ അതിനുമൊപ്പം തന്നെ, സാര്‍വ്വലൗകികത ഇല്ലാത്ത സൃഷ്ടിക്ക്, ചവിട്ടി നില്ക്കുന്ന മണ്ണിന്റെ അതിരുകളെ ഭേദിക്കാനാകാതെ അതേ മണ്ണില്‍ത്തന്നെ ഒടുങ്ങേണ്ടി വരുന്നുവെന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം അനന്യതയും സര്‍വ്വലൗകികതയും യാഥാര്‍ത്ഥ്യവും നിലനില്‍ക്കെത്തന്നെയാണ് 'എവിടെ നിന്ന് വന്നു?' എന്നതൊരു പ്രത്യേക പരിഗണനാര്‍ഹമായ വിഷയമാണോ എന്നൊരു ചോദ്യമുയിര്‍ക്കുന്നത്.

ചില സൃഷ്ടികളെ വിലയിരുത്തുമ്പോള്‍ 'എവിടെ നിന്ന് വന്നു?' എന്ന വസ്തുത പ്രത്യേക പരിഗണനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ആ പരിഗണന അവിടെ നിന്ന് വരുന്ന എല്ലാത്തിനും ബാധകമാകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഒരു ദ്വിമാന സമവാക്യത്തിലേതുപോലെ രണ്ടാണ് നിര്‍ദ്ധാരണ മൂല്യങ്ങള്‍. രാഷ്ട്രീയവും മതപരവും ഭാവനയ്ക്കും ആവിഷ്‌ക്കാരത്തിനും മീതെ നിയന്ത്രണങ്ങള്‍ തീര്‍ക്കുന്ന ഇടങ്ങളില്‍ നിന്നുള്ള സൃഷ്ടികള്‍ തന്നെ രണ്ട് തരമുണ്ട്. നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് സമരസപ്പെടുന്ന സൃഷ്ടികളെയല്ല പരിഗണനയുടെ വിട്ടുവീഴ്ചയ്ക്ക് പരിഗണിക്കേണ്ടത്. നേരെ മറിച്ച് ഭരണകൂടത്തിന്റേയോ മതമൗലികവാദികളുടേയോ ദേശീയവാദികളുടേയോ എതിര്‍പ്പുകളും വിലക്കുകളും ഭീഷണികളും ഒറ്റയ്‌ക്കൊറ്റയ്‌ക്കോ അല്ലെങ്കില്‍ കൂട്ടായോ ഉണ്ടാവുമെന്ന് അറിഞ്ഞിട്ട് തന്നെ, അത്തരം നിയന്ത്രണങ്ങളേയും അസ്വാതന്ത്ര്യത്തേയും ഭീകരതയേയും വിഷയമാക്കുന്ന സൃഷ്ടികളെയാണ്. സാഹിത്യമെങ്കില്‍ അത് സ്വകാര്യതയുടെ ഇരുള്‍ പറ്റിയുള്ള ഒരൊറ്റയാള്‍ ഗറില്ലാ യുദ്ധമാവാം. രചയിതാവ് തന്നെ കാലാളും പടത്തലവനും രാജാവും റാണിയും സൈനികനുമാവുന്ന ഒറ്റയാള്‍ പോരാട്ടം. സാങ്കേതികയുടെ നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടതിനാലും ചിത്രീകരണമെന്ന മറയ്ക്കാനാവാത്തതും ഒളിക്കാനാവാത്തതുമായ കടമ്പയെ മറികടക്കാതെ വയ്യാത്തതിനാലും, അസ്വാതന്ത്ര്യത്തിന്റെ ഇടങ്ങളിലെ സാക്ഷാത്ക്കരണം സിനിമ എന്ന മാദ്ധ്യമത്തെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമാണ്.

സ്ത്രീകളുടെ സ്വാതന്ത്ര്യം വിഷയമായ 'Mustang' ടര്‍ക്കിയില്‍ നിന്നായതിനാലാണ് അത് കൂടുതല്‍ മികച്ചതായത്. പര്‍ദയ്ക്കകത്തൊടുങ്ങുന്ന സ്വാതന്ത്ര്യമാണ് ടര്‍ക്കിഷ് സ്ത്രീജീവിതത്തിന്റേതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതിനാലാണ്, നിയന്ത്രണങ്ങളെ വകവെയ്ക്കാത്ത, അതിനെ എതിര്‍ക്കുന്ന ആ സ്വരം വിലക്കിന്റെ ആ ഭൂമികയില്‍ നിന്ന് തന്നെ ഉയര്‍ന്നതിനാലാണ് അതിന് മികവേറിയത്. ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുന്ന ഒരു കൂട്ടം സ്ത്രീകള്‍ എന്ന ആശയമുള്ള സിനിമ, ടര്‍ക്കിയല്ലാതെ അമേരിക്ക പോലൊരു രാജ്യത്ത് നിന്നാണെങ്കില്‍ നമ്മളിലതൊരു ചലനവും സൃഷ്ടിക്കില്ല. കാരണം അമേരിക്കയിലത് സംഭവ്യമാണ്. നിത്യജീവിതത്തിന്റെ ഭാഗമാണ്. ടര്‍ക്കിയിലത് അപ്രാപ്യമായ ചെയ്തി ആയതിനാല്‍, നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് നേരെയുള്ള വെല്ലുവിളിയായി നമ്മളതിനെ പരിഗണിക്കുകയും ആ പരിഗണനയാല്‍ ആ ചിത്രത്തേയും ആശയത്തേയും മികച്ചതായി കരുതുകയും ചെയ്യും. അതിനാല്‍ 'എവിടെ നിന്ന് വന്നു?' എന്നത് പ്രത്യേക പരിഗണനാര്‍ഹമായ വിഷയമാണെന്ന് വരുന്നു.

അങ്ങനെ വരുമ്പോള്‍ 'ടെലിവിഷന്‍' എന്ന ചിത്രവും ഇത്തരം പരിഗണനയ്ക്കര്‍ഹമാണ്. ഒരു ഗ്രാമത്തിലേക്ക് ടെലിവിഷന്‍ കൊണ്ട് വരുവാന്‍ ശ്രമിക്കുന്ന ഗ്രാമീണരുടേയും അവരുടെ ശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇസ്ലാം മതപുരോഹിതന്റേയും കഥയാണീ ചിത്രത്തിലേത്. മതാചാരപ്രകാരം പാപത്തിന് കാരണമാകയാല്‍ പുരോഹിതന്‍ ടെലിവിഷനെ ആ ഗ്രാമത്തില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ആ വിലക്കിനെ മറികടക്കാനുള്ള നിരന്തരമായ ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ഒരു മതേതര പുരോഗമന സമൂഹത്തില്‍ നിന്നായിരുന്നു ടെലിവിഷന്റെ പ്രമേയമെങ്കില്‍ അത് പ്രേക്ഷകരില്‍ ഉണര്‍ത്തുന്ന ജിജ്ഞാസയ്ക്കും അമ്പരപ്പിനും പരിധിയുണ്ടാകുമായിരുന്നു. എന്നാല്‍ 120/80 എന്ന നോര്‍മല്‍ വാല്യുവും കടന്ന് സ്ഫിഗ്‌മൊമാനോമീറ്ററിന്റെ മേല്‍ക്കൂരയോളം മെര്‍ക്കുറിയെ ഉയര്‍ത്തിയത് 'എവിടെ നിന്ന് വന്നു?' എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. ബംഗ്ലാദേശ് എന്നാകുന്നു ആ ഉത്തരം.

89 ശതമാനത്തോളം ഇസ്ലാംമത വിശ്വാസികളുള്ള ബംഗ്ലാദേശിന്റെ ജനജീവിതത്തില്‍ മതത്തിനും മതപുരോഹിതര്‍ക്കുമുള്ള സ്വാധീനം വളരെ വലുതാണ്. മതനിരപേക്ഷകമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നിരവധി എഴുത്തുകാരുടേയും ബ്ലോഗര്‍മാരുടേയും പ്രസാധകരുടേയും ചോരവീണ മണ്ണാണത്. പരസ്യമായ ആക്രമണങ്ങള്‍ക്കും ക്രൂരമായ കൊലപാതകങ്ങള്‍ക്കും വിധേയരാകുന്നത് മതത്തിനുള്ളിലെ ഇരുളടഞ്ഞ അന്ധവിശ്വാസങ്ങളിലേയ്ക്ക് വെളിച്ചം വീശാന്‍ ശാസ്ത്രത്തിന്റേയും സ്വതന്ത്രചിന്തയുടേയും വാതില്‍ തുറന്നിടുന്നവരാണ്. പ്രശസ്തരും ലോകശ്രദ്ധയെ തങ്ങളുടെ ചിന്തകളിലേയ്ക്ക് ആകര്‍ഷിക്കുന്നവരുമാണ് മതമൗലികവാദത്തിന്റെ പ്രധാന ഇരകള്‍. ഇരകളുടെ എണ്ണം നാള്‍ക്ക് നാള്‍ പേടിപ്പെടുത്തക്കവണ്ണം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഉയരുന്ന ഭീഷണികളുടെ വെളിച്ചത്തില്‍ സംരക്ഷണമെന്ന ഏറ്റവും ചെറിയ ആവശ്യത്തിന് നേര്‍ക്ക് പോലും പോലീസും സര്‍ക്കാറും നിസംഗതയുടേയും നിസ്സഹകരണത്തിന്റേയും അനന്തമായ മൗനം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള ഭീഷണികളുടേയും കൊലപാതകങ്ങളുടേയും സമ്മര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോഴാണ് പൗരോഹിത്യത്തെ കളിയാക്കി കണ്ണ് തുറപ്പിക്കാന്‍ ശ്രമിക്കുന്ന Mostofa Sarwar Farooki എന്ന സംവിധായകന്റെ ധീരതയ്ക്ക് നല്‌കേണ്ട മാര്‍ക്ക് നൂറാകുന്നത്. ആധുനികതയുടെ കടന്ന് വരവിന് വിഘാതമായ യാഥാസ്ഥിതികത്വത്തിന്റെ പഴഞ്ചന്‍ ആശയങ്ങളെ രൂക്ഷമായ പരിഹാസത്തിന് വിധേയമാക്കുന്ന ഈ ചിത്രം ഉയര്‍ത്തി വിടുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.

ടെലിവിഷന്‍ വെറുമൊരു പ്രതീകമാണീ ചിത്രത്തില്‍. ആധുനികതയേയും ശാസ്ത്രേത്തയും അത് പ്രതിനിധീകരിക്കുന്നു. ആ ശാസ്ത്രത്തിന്റെ വഴികളെയാണ് മതവും പുരോഹിതരും വിലക്കുന്നതും കൊട്ടിയടക്കുന്നതും മതത്തിന്റെ പഴഞ്ചന്‍ രീതികള്‍ക്കനുകൂലമായി വിശദീകരിക്കുന്നതും. നൂറ്റാണ്ടുകള്‍ പുറകിലെ മതഗ്രന്ഥങ്ങള്‍ക്കൊപ്പം മാത്രം കഴിയുന്നതിനാല്‍, കാലത്തിനൊപ്പം വളരുന്ന ആശയങ്ങളാല്‍ പ്രചോദിതരാകാത്ത, ശാസ്ത്രത്തേയും ശാസ്ത്രീയതയേയും എതിര്‍ക്കുന്ന മതപുരോഹിതര്‍ക്ക് ശാസ്ത്രത്തേയും ആധുനികതയേയും വിശദീകരിക്കാനും അഭിപ്രായം പറയാനും, ശാസ്ത്രീയതയെ നിത്യജീവിതത്തില്‍ നിന്ന് വിലക്കാനും അകറ്റി നിര്‍ത്താനും എന്താണവകാശം എന്നൊരു ചോദ്യം ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്. ശാസ്ത്രത്തെക്കുറിച്ച് പറയുമ്പോള്‍ വേറിട്ടൊരു ഭാഷ്യമാണ് ഇവര്‍ക്കെല്ലാവര്‍ക്കുമുള്ളത്. വേട്ടയാടി അലഞ്ഞ് നടന്ന കാലഘട്ടത്തില്‍ ഉണ്ടായതെന്ന് പറയപ്പെടുന്ന മതഗ്രന്ഥങ്ങളുടെ പുത്തന്‍ കാലത്തെ വ്യാഖ്യാനങ്ങള്‍, ആധുനിക ശാസ്ത്രത്തിന്റെ പല നേട്ടങ്ങളും കണ്ടുപിടുത്തങ്ങളും അവരുടേതെന്ന് അവകാശപ്പെടുന്നു. പ്ലാസ്റ്റിക് സര്‍ജറിയും റോക്കറ്റുകളും മിസൈലുകളും ബ്ലാക്ക് ഹോളുകളും വിമാനങ്ങളും ബയോ ടെക്‌നോളജിയും അങ്ങനെയുള്ള സകലതിനെക്കുറിച്ചും, കല്ലുകള്‍ കൂട്ടിയുരച്ച് തീയുണ്ടാക്കുകയും മാംസത്തിനായി മൃഗങ്ങളെ വേട്ടയാടുകയും വെളിമ്പ്രദേശത്ത് പരസ്യമായി വിസര്‍ജ്ജിക്കുകയും ഇണ ചേരുകയും ചെയ്തിരുന്ന അക്കാലത്തും അറിയാമായിരുന്നെന്നും എഴുതിവെച്ചുവെന്നുമാണ് വ്യാഖ്യാനങ്ങള്‍. മതഗ്രന്ഥങ്ങളിലെ സങ്കല്പത്തിന് വിരുദ്ധമായതിനാല്‍ ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന് വിളിച്ച് പറഞ്ഞ ശാസ്ത്രജ്ഞനെ പുരോഹിതര്‍ എകാന്ത തടവിലേക്ക് തള്ളിയിട്ട് വധിച്ചിട്ട് നാനൂറ് കൊല്ലം പോലും കഴിഞ്ഞിട്ടില്ല. ആധുനികമെന്ന് കണക്കാക്കാവുന്ന ചിന്തകള്‍ നിലനിന്നിരുന്ന വെറും 375 കൊല്ലങ്ങള്‍ക്കപ്പുറത്തെ ആ കാലഘട്ടത്തിന് പോലും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനുമാകാത്തതാണ് നിരവധി സഹസ്രാബ്ദങ്ങള്‍ക്ക് പുറകിലുള്ളവര്‍ക്ക് ആധുനിക ശാസ്ത്രത്തെക്കുറിച്ച് അറിയാമെന്ന മേനിനടിയ്ക്കല്‍.

ശാസ്ത്രത്തെ മതത്തിനുള്ളിലേക്ക് വലിച്ചടുപ്പിച്ച് മതഗ്രന്ഥങ്ങളില്‍ എത്രയൊക്കെ പരതിയാലും കണ്ടെത്താനാവാത്ത ശാസ്ത്രീയതയേയും യുക്തിയേയും അവയിലുണ്ടെന്ന് വരുത്തിത്തീര്‍ക്കുവാനാണ് മതങ്ങളുടെ ശ്രമങ്ങള്‍. വേദമന്ത്രോച്ചാരണങ്ങളുടെ ഫ്രീക്വന്‍സി, Resonance ലേയ്‌ക്കെത്തി വിഗ്രഹത്തെ ഇലക്‌ട്രോണിക് ചാര്‍ജ്ജിനാല്‍ നിറയ്ക്കുന്നുവെന്ന് പറയുന്നത് പോലുള്ള കുന്നംകുളം സയന്‍സിനെ പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ശാസ്ത്രമാക്കുന്ന ഗീബല്‍സിയന്‍ രീതി. ഇന്റര്‍നെറ്റിലൂടെ വിളമ്പുന്ന ഏത് വിഴുപ്പും അമൃതമെന്ന് കരുതുന്ന സാധാരണക്കാരുടെ അജ്ഞതയും, ബുദ്ധിയുണ്ടെന്ന് പൊതുജനം കണക്കാക്കുന്ന ചില മഹാന്മാരുടെ സാക്ഷ്യപ്പെടുത്തലും കൂടിച്ചേരുമ്പോള്‍ ആളുകളത് ശാസ്ത്രമാണെന്ന് ധരിക്കുകയും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കാരണമതില്‍ ഫിസിക്‌സിലെ ഫ്രീക്വന്‍സി, റെസണന്‍സ്, ഇലക്‌ട്രോണ്‍സ്, ചാര്‍ജ്ജ് എന്നിങ്ങനെയുള്ള പദങ്ങളുണ്ടല്ലോ. ഇത്തരത്തില്‍ ശാസ്ത്രത്തെ വഴിപിഴപ്പിച്ച് കൂടെ കൂട്ടുന്നത്, ഓക്‌സിജന്‍ പുറത്ത് വിടുന്ന ജീവിയാണ് പശു എന്ന തരത്തിലുള്ള കണ്ടെത്തലുകളെ സ്ഥാപിക്കാനാണ്. 'സയന്‍സ്' ശരിയാണെന്ന് ജനം അംഗീകരിക്കുന്നതിനാല്‍, മതഗ്രന്ഥങ്ങളിലെ പ്രതിപാദ്യം സയന്‍സിനെ കൂട്ടുപിടിച്ച് വിശദീകരിച്ച്, സയന്‍സിനെ പിന്തുടരുന്നവരെക്കൂടി കൂടെ കൂട്ടുകയാണ് മതം ലക്ഷ്യം വെയ്ക്കുന്നത്. അതിനെങ്ങനെയൊക്കെ കിണഞ്ഞ് ശ്രമിച്ചാലും, ആണവ റിയാക്ടറിന്റെ മകുടം ശിവലിംഗത്തിന്റെ പകര്‍പ്പാണെന്ന് പറയുന്നതിലൊക്കെയുള്ള ബുദ്ധിശൂന്യതയെ കുടഞ്ഞെറിയാനുള്ള വിവേകത്തിലേയ്ക്കും യുക്തിയിലേക്കും പൊതുസമൂഹം നടന്നെത്താതിരിക്കില്ലെന്ന് വേണം കരുതാന്‍.

മതത്തിനും പൗരോഹിത്യത്തിനും സാമൂഹ്യ ജീവിതത്തില്‍ എത്രത്തോളം ഇടപെടാം എന്നൊരു ചോദ്യവും ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്. മതം, മതത്തിന് പുറമെയുള്ള വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇടപെടേണ്ടതുണ്ടോ എന്നുള്ളതാണ്, ഇടപെടലിന്റെ പരിധി നിര്‍ണ്ണയിക്കുന്നതിന് മുമ്പേ ഉത്തരത്തിലെത്തേണ്ട ചോദ്യം. വ്യക്തിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും മതത്തില്‍ നിന്നും എന്തിനാണിത്ര ആവലാതികളും ഉല്‍കണ്ഠകളും ഉയരുന്നത് ? വിവിധ കാലങ്ങളിലൂടെയുണ്ടായ മൂല്യങ്ങളുടെ വളര്‍ച്ചയാണ് സമൂഹത്തിന്റെ നിലനില്പിനും മുന്നേറ്റത്തിനും അടിസ്ഥാനമെന്നാണ് മതത്തിന്റെ വാദം. ഈ മൂല്യങ്ങളെ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ഒലിച്ച് പോകാതെ കാത്ത് പരിപാലിച്ചത്, സാമൂഹിക - വ്യക്തി ജീവിതങ്ങളില്‍ ഇടപെട്ടായതിനാല്‍ തുടര്‍ന്നും ഇത്തരം ഇടപെടലുകള്‍ സമൂഹത്തിന്റെ നല്ല നാളെയെക്കരുതി തുടരാം എന്നുമാണ് മതത്തിന്റെ വാദം. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ മൂല്യങ്ങള്‍ സൃഷ്ടിച്ചതും പരിപാലിച്ചതും മതങ്ങളാണോ എന്ന് തിരക്കേണ്ടി വരുന്നത്. മതങ്ങളുടെ സൃഷ്ടികള്‍ക്ക് മുമ്പേ മനുഷ്യരും സമൂഹങ്ങളും നിലനിന്നിരുന്നുവെന്നത് വസ്തുതയാണ്. ആപേക്ഷികവും വൈയക്തികവുമായ മൂല്യങ്ങള്‍ അതാത് സമൂഹങ്ങളില്‍ നിന്ന് തന്നെ ഉയര്‍ന്ന് വന്നതാകുന്നു. കാലഘട്ടങ്ങളിലൂടെ സ്വയം നവീകരണത്തിന് വിധേയമാവുകയും തുടര്‍ന്ന് പോവുകയും ചെയ്യുന്ന പ്രക്രിയയിലൂടെയാണ് അലിഖിതമായി ഇരിക്കെത്തന്നെ സമൂഹമതിനെ കാത്ത് പോയത്. മതങ്ങളുടെ ഉദയത്തോടെ മൂല്യങ്ങളില്‍ അതാത് മതങ്ങളും കൈവെച്ചു. മൂല്യങ്ങളെ ലിഖിതവും നിയതവുമായൊരു ചട്ടക്കൂടിലേയ്ക്ക് പ്രതിഷ്ഠിച്ചു. ദൈവകരങ്ങളാല്‍ എഴുതി വെച്ചപ്പെട്ടതിനാല്‍ ഒരു വള്ളിപുള്ളി മാറ്റം പോലും തീര്‍ത്തും അസാദ്ധ്യമാണെന്ന നിലയും വരുത്തിത്തീര്‍ത്തു. പൊട്ടിമുളച്ച പാഴ്‌ച്ചെടി വന്യമായും ഭീതിദമായും പതിയെപ്പതിയെ സമൂഹത്തിലേയ്ക്കും വ്യക്തികളിലേയ്ക്കും പിന്നെപ്പിന്നെ മനസ്സുകളിലേയ്ക്കും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് പിഴുത് കളയാനാവാത്ത വിധം ആഴങ്ങളിലേയ്ക്ക് വേരൂന്നി. ക്രമേണ ക്രമേണ സമൂഹത്തിന്റെ മൂല്യങ്ങളേയും നന്മകളേയും ഹൈജാക്ക് ചെയ്ത് പൂര്‍ണ്ണമായും തന്റേതാക്കുക വഴി പൊതുസമൂഹത്തിന് അതിന്റെ നടത്തിപ്പിലൊരു ഇടമോ ശബ്ദമോ സാന്നിദ്ധ്യമോ പോലും ഇല്ലാതാവുകയും പതിയെപ്പതിയെ, അവയെല്ലാം നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നൊരു നിലവന്നു. പൊതുസമൂഹമെന്ന ഒരൊറ്റ ശബ്ദവും രൂപവും നിലത്ത് വീണ് ചിതറിത്തെറിച്ച കണ്ണാടിയുടെ അടരുകള്‍ പോലെ ദുര്‍ബലവും അശക്തവുമായി മാറി. ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെറുതും അപൂര്‍ണ്ണവുമായ പ്രതിബിംബങ്ങളെ മാത്രം സൃഷ്ടിച്ച കണ്ണാടിക്കഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ വികൃതവും അയഥാര്‍ത്ഥവുമായ ഇമേജുകളെയാണ് തിരിച്ച് തന്നത്. മതങ്ങള്‍ സൃഷ്ടിച്ച മൂല്യങ്ങള്‍ ഒരു Constant- ന്റെ ശിലാദൃഢതയുമായി കാലത്തിനൊപ്പം അതേപടി തുടരുകയും പെരുമാറുകയും ചെയ്തപ്പോള്‍, ഒരു variable-ന്റെ അനായാസതയിലേയ്ക്ക് കാലത്തിനൊപ്പം പരിണമിക്കാനായി സമൂഹം സൃഷ്ടിച്ച മൂല്യങ്ങള്‍ക്ക്. അതിനാലാണ് മതം സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതുമായ സമൂഹങ്ങളില്‍ ഒരിക്കലും വറ്റാത്ത ചോരക്കറയുടെ അരുവികളും നദികളും മഹാസമുദ്രങ്ങളും ഇന്നലെയും ഇന്നും കരകവിഞ്ഞൊഴുകി നാളെയിലേക്ക് പടരുന്നത്. മറിച്ച്, മതങ്ങളുടെ മുള്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയ സ്‌കാന്‍ഡിനേവിയന്‍ മണ്ണില്‍ കുറ്റകൃത്യങ്ങളും കാരാഗൃഹങ്ങളും അന്യമാവുകയും ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഇടമെന്ന ബഹുമതി അലങ്കാരമാവുകയും ചെയ്യുന്നു.

മതത്തിന് പൊതുജീവിതത്തില്‍ കടന്ന് കയറാവുന്ന അതിര്‍ത്തി വര എത്രത്തോളമെന്ന പ്രശ്‌നം അപ്പോഴും നിലനില്ക്കുന്നുണ്ട്. പൊതുജീവിതത്തിലിടപെടുക വഴി മതം കൈക്കലാക്കുന്ന നിയന്ത്രണം വ്യക്തിയുടേയും പൊതുസമൂഹത്തിന്റേയും സ്വാതന്ത്ര്യത്തിന്റേതാണ്. സ്വാതന്ത്ര്യത്തില്‍ നിരന്തരമായി കൈവെക്കുകയും അതിന് വരയ്ക്കുന്ന അതിരിന്റെ രേഖകള്‍, രേഖയെന്ന ദ്വിമാന രൂപത്തില്‍ നിന്ന് കാരാഗൃഹത്തിന്റെ ത്രിമാന രൂപത്തിലേയ്ക്ക് പൊടുന്നനെ വളര്‍ന്നെത്തുകയും, കാരാഗൃഹത്തോട് കൂടിയല്ലാതെയുള്ള യാത്ര എന്ന സങ്കല്പം പോലും അംഗീകരിക്കാനാവാതാവുകയും, സകല മേഖലകളിലേക്കും ഇടങ്ങളിലേക്കും കാരാഗൃഹത്തിനുള്ളിലെ തടവുകാരന്റെ മാനസികനിലയോട് കൂടിയല്ലാതെയുള്ള ചെന്നെത്തല്‍ ഒരിക്കലും അസാദ്ധ്യമെന്ന് വരികയും ചെയ്യുന്നു.

പാപബോധത്തിന്റെ മൂശയിലിട്ട് ഉരുക്കിയും ഞാന്‍ നിസ്സാരന്‍, കേവലം പുല്‍ക്കൊടിക്ക് തുല്യനെന്ന അപകര്‍ഷതയില്‍ തളച്ചും മരണമെന്ന ഭയത്തില്‍ വളര്‍ത്തിയും സ്വര്‍ഗ്ഗ-നരകങ്ങളുടെ ആകര്‍ഷണ-വികര്‍ഷണങ്ങളിലെ പ്രലോഭനങ്ങളില്‍ മയക്കിയുമാണ് വ്യക്തിജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള മതത്തിന്റെ ആദ്യ കടന്ന് കയറ്റം. ആ കടന്ന് കയറ്റത്തിന്റെ പ്രചണ്ഡതയ്ക്ക്, മനുഷ്യനിലെ യുക്തിയേയും ബുദ്ധിയേയും സാമാന്യബോധത്തേയും കശക്കിയെറിഞ്ഞ് ഒരു ആയുസ്സ് മുഴുവനും നിങ്ങളെയതിന്റെ അടിമകളാക്കിത്തീര്‍ക്കാനുള്ള വിധേയത്വം സൃഷ്ടിക്കാനും നിലനിര്‍ത്താനുമുള്ള കെല്പുണ്ട്. ആ വിധേയത്വത്തിന്റെ പുകമറ നല്കുന്ന ലഹരിയില്‍ നിന്നുള്ള പിന്‍വാങ്ങലിന്റെ പോരാട്ടം തന്നോട് തന്നെയാകയാല്‍ ഭൂരിഭാഗം പേര്‍ക്കും അതിനാകാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ അതിനെ അതിജീവിക്കുകയെന്നതിന് യുക്തിയിലേക്കും ബുദ്ധിയിലേക്കും സാമാന്യബോധത്തിലേക്കുമുള്ള പിന്മടക്കമെന്നാണര്‍ത്ഥം. മരണമെന്ന സ്വാഭാവികതയുടെ യുക്തിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടം മുതലാണ് മതം തിരസ്‌കൃതമാകുകയും സ്വാതന്ത്ര്യത്തിലേയ്ക്കടുക്കുകയും ചെയ്യുന്നത്.

പൊതുജീവിതത്തില്‍ മതമേല്പിക്കുന്ന നിയന്ത്രണങ്ങള്‍ അവനവന്റെ മാത്രമായ സ്വകാര്യതയുടേയും അഭിരുചികളുടേയും ശീലത്തിന്റേയും ഭാഗമായ വസ്ത്രങ്ങളിലേക്കും ഭക്ഷണശീലങ്ങളിലേക്കും വ്യായാമമുറകളിലേക്കും വരെ കടന്നെത്തുന്നു. ആ വിലക്ക്, മാംസാഹാരത്തിന്മേലുള്ള അഭിരുചിയുടെ സ്വാതന്ത്ര്യത്തിനും നോമ്പ് കാലത്തടച്ചിടുന്ന ഹോട്ടലുകളിലൂടെ പകല്‍ സമയത്ത് ഭക്ഷണം കഴിക്കാനുള്ള ശീലത്തിനും അവകാശത്തിനും ഒരുപോലെ ബാധകമാകുന്നു. രാജ്യത്തിന്റെ നയങ്ങളെ പരസ്യമായി ധിക്കാരപൂര്‍വ്വം വെല്ലുവിളിക്കാനും ലംഘിക്കാനും പ്രേരിപ്പിക്കുന്നിടത്തേക്ക് വരെ ആ കൈകള്‍ നീളുന്നതിനാലാണല്ലോ കൂടുതല്‍ കൂടുതല്‍ പെറ്റ് പെരുകി സന്താനോല്പാദന മത്സരത്തില്‍ മതത്തെ ഒന്നാമതെത്തിക്കാനുള്ള ആഹ്വാനങ്ങള്‍ തുടരെത്തുടരെയുണ്ടാകുന്നത്. ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും മതം കടന്ന് കയറുകയും അവരുടെ വാക്ക് അവസാന വാക്കായി മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു. അത്തരം വാക്കുകളെ അവര്‍ അവസാന വാക്കായി അവരോധിച്ചിരിക്കുന്നതിനാല്‍ അതിനെ മറികടന്നുള്ള പ്രയാണം ദുര്‍ഘടമാകുന്നു. അത്തരം മറികടക്കലുകളുടേയും വേലിചാട്ടങ്ങളുടേയും സ്വരങ്ങളിലവര്‍ അസഹിഷ്ണുക്കളായി മാറുന്നതിനാല്‍, കാര്‍ട്ടൂണിലെ ഹാസ്യത്തെപ്പോലും ഉള്‍ക്കൊള്ളാനാവാതെ വരികയും തുടര്‍ന്നുള്ള മറികടക്കല്‍ വേലിചാട്ട ശ്രമങ്ങള്‍ക്ക് നല്കാനുള്ള താക്കീതെന്ന വണ്ണം കൂട്ടക്കുരുതിയുടെ കാട്ടുനീതിയും നടപ്പിലാക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള മതത്തിന്റെ കടന്ന് കയറ്റം, മതത്തിനിഷ്ടമില്ലാത്തത് പറയുന്നവരെ നിഗ്രഹിക്കുകയെന്നതിനും ഒരു പടി കൂടി കടന്ന് മതത്തിന് ഇഷ്ടമുള്ളത് മാത്രം പറയുകയും എഴുതുകയും വരയ്ക്കുകയും മതത്തിനിഷ്ടമുള്ള സിനിമകള്‍ മാത്രം എടുക്കുകയും ചെയ്യുക എന്ന നിലയിലേക്കും എത്തിച്ചിരിക്കുന്നു. ഇത്തരത്തില്‍ വ്യക്തി ജീവിതത്തേയും സാമൂഹ്യജീവിതത്തേയും ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നിലനില്‍ക്കുന്നതിനാലാണ്, പൊതുജീവിതത്തില്‍ മതത്തിനിടപെടാവുന്ന അതിര്‍ത്തി എത്രവരെയെന്ന ചോദ്യത്തിന് നല്‍കാവുന്ന ഏറ്റവും മാന്യമായ ഉത്തരം, ആ മത ആരാധനാലയത്തിന്റെ ഗേറ്റ് വരെ എന്നാകുന്നത്.

വേലിയേറ്റം മാത്രമുള്ളൊരു കടല്‍പോലെ മതം മനുഷ്യനിലേക്കും സമൂഹത്തിലേക്കും ഒഴുകിപ്പടരുന്ന കറുത്ത ജലം ആക്ഷേപഹാസ്യത്തിലൂടെ പുറത്തേക്കൊഴുക്കുന്ന ചിത്രമാണ് 'ടെലിവിഷന്‍'. പ്രതികരിക്കുന്ന സഹജീവികളുടെ ചോരയില്‍ ചവിട്ടി നിന്നെടുത്ത ഈ ചലച്ചിത്രത്തിന്റെ സൃഷ്ടാക്കള്‍ക്കുള്ള ധീരതയും യുക്തിയും വകതിരിവും ശാസ്ത്രബോധവും ഭൂഗുരുത്വത്തെ തകര്‍ത്ത് പദ്മയിലൂടെ ഗംഗയിലേയ്ക്കും ബ്രഹ്മപുത്രയിലേക്കും തിരികെയൊഴുകി ആര്‍ഷഭാരതമാകെ പടര്‍ന്ന്, ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഇടപെടുന്ന മതത്തെ കഴുകി വെടിപ്പാക്കി തിരികെ ഗംഗയായും ബ്രഹ്മപുത്രയായും പിരിഞ്ഞൊഴുകി പദ്മയിലൂടെ ബംഗാള്‍ ഉള്‍ക്കടലിന്റെ വിശാലതയില്‍ ഒരു തരിപോലും അവശേഷിപ്പിയ്ക്കാതെ അലിഞ്ഞില്ലാതാവുന്ന ദിവസം എന്നാണോ അന്നാണ് ആ 'നല്ല ദിനം'.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories