TopTop
Begin typing your search above and press return to search.

നേതന്യാഹു ക്ഷമിക്കുക, ഇറാന്‍ ഇസ്ലാമിക് സ്റ്റേറ്റല്ല-ഇഷാന്‍ തരൂര്‍ എഴുതുന്നു

നേതന്യാഹു ക്ഷമിക്കുക, ഇറാന്‍ ഇസ്ലാമിക് സ്റ്റേറ്റല്ല-ഇഷാന്‍ തരൂര്‍ എഴുതുന്നു

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒടുവില്‍ അത് സംഭവിച്ചു. ആഴ്ചകള്‍ നീണ്ടുനിന്ന വികാരപാരുഷ്യങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ശേഷം, ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ചു.

പ്രതീക്ഷിച്ചത് പോലെ ആണവായുധങ്ങളുടെ ശേഖരണം വഴി ഇസ്രായേലിന് മേല്‍ ഇറാന്‍ സൃഷ്ടിക്കുന്ന നിലനില്‍പ്പിന്റെ ഭീഷണിയെ കുറിച്ചും ടെഹ്‌റാനിലെ ഭരണകൂടത്തിന്റെ ചതിയെ കുറിച്ചും തന്റെ പ്രസംഗത്തിലുടനീളം നേതന്യാഹു ആവര്‍ത്തിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഭരണാധികാരികളും ഇസ്ലാമിക് സ്റ്റേറ്റിലെ ഭീകരവാദികളും തമ്മില്‍ വളരെ ചെറിയ വ്യത്യാസമേ ഉള്ളുവെന്ന് അദ്ദേഹം ശാഠ്യം പിടിക്കുകയും ചെയ്യുന്നു.

'തീവ്ര ഇസ്ലാമിന്റെ നേതൃത്വത്തിന് വേണ്ടിയാണ് ഇറാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മില്‍ മത്സരിക്കുന്നത്. ഒന്ന് അതിനെ സ്വയം ഇസ്ലാമിക് റിപബ്ലിക് എന്ന് വിളിക്കുന്നു. മറ്റേത് സ്വയം ഇസ്ലാമിക് സ്റ്റേറ്റെന്ന് വിശേഷിപ്പിക്കുന്നു,' നേതന്യാഹു പറയുന്നു. 'ആദ്യം പ്രദേശത്തും പിന്നെ ലോകത്തിലാകമാനവും ഒരു തീവ്ര ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ആ സമ്രാജ്യത്തിന്റെ ഭരണാധികാരി ആരായിരിക്കണം എന്ന് കാര്യത്തില്‍ മാത്രമാണ് ഇരുവര്‍ക്കും അഭിപ്രായ വ്യത്യാസം ഉള്ളത്.'

എന്നാല്‍, സുന്നി തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലാണ് ഷിയകള്‍ നേത്യത്വം നല്‍ക്കുന്ന ഇറാന്‍ എന്ന യാഥാര്‍ത്ഥ്യം ഇസ്രായേല്‍ നേതാവ് തള്ളിക്കളയുന്നു. 'ഇറാനെയും ഇസ്ലാമിക് സ്‌റ്റേറ്റിനെയും സംബന്ധിച്ചിടത്തോളം നിങ്ങളുടെ ശത്രു നിങ്ങളുടെ ശത്രു തന്നെയാണ്,' നേതന്യാഹു പറയുന്നു.ഇത്തരത്തിലുള്ള ധാര്‍മിക വിശദീകരണങ്ങള്‍ ചില സമയങ്ങളില്‍ പ്രയോജനം ചെയ്യും. സോവിയറ്റ് വിരുദ്ധ തീവ്രവാദികളെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പിന്തുണച്ച സന്ദര്‍ഭം ഉദാഹരണമായി എടുക്കാം. ആ തീവ്രവാദികള്‍ പിന്നീട് താലിബാനും അല്‍-ക്വയ്ദയ്ക്കും രൂപം നല്‍കി. ചരിത്രപരമായ രൂപകങ്ങളെ സമൃദ്ധമായും ചില സമയങ്ങളില്‍ സംശയാസ്പദമായും ഉപയോഗിക്കുന്നതിന് പ്രസിദ്ധനായ നേതന്യാഹു തന്റെ അടിയന്തിര ശത്രുക്കളെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദികളെയും ബന്ധപ്പെടുത്തി സംസാരിക്കുന്നത് ഇതാദ്യമല്ല.

'ഇസ്ലാമിക് സ്റ്റേറ്റും ഹമാസും ഒരേ വിഷവൃക്ഷത്തിന്റെ കൊമ്പുകളാണെന്ന്,' ലോക നേതാക്കള്‍ തിരിച്ചറിയുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം യുഎന്‍ പൊതുസഭയില്‍ നേതന്യാഹു പരാതിപ്പെട്ടിരുന്നു. റോക്കറ്റ് വിക്ഷേപിക്കുന്ന തീവ്രവാദികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ വേനല്‍ക്കാലത്ത് ഇസ്രായേല്‍ ഞെരിച്ചമര്‍ത്തിയ ഭൂപ്രദേശമായ ഗാസ മുനമ്പില്‍ നിലയുറപ്പിച്ചിരുന്ന പലസ്തീന്‍ ഇസ്ലാമിക് ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

'കീഴടക്കലിനും അധീനമാക്കുന്നതിനും ഭീകരത സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഇറാന്റേതെന്ന്' ആരോപിക്കപ്പെടുന്ന മുന്നേറ്റങ്ങളെ കുറിച്ച് കോണ്‍ഗ്രസില്‍ നടത്തിയ തന്റെ പ്രസംഗത്തില്‍ നേതന്യാഹു വിശദീകരിക്കുന്നു. ഇത്തരം മുന്നേറ്റങ്ങളാണ് ഇറാനുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന തീവ്രവാദി സംഘങ്ങള്‍ക്ക് ലെബനനിലും സിറിയയിലും ഇറാഖിലും യെമനിലും സ്വാധീനം നേടാന്‍ സഹായിച്ചതെന്നാണ് വിശദീകരണം. ഇസ്ലാമിക് സ്റ്റേറ്റിനെ പോലെ തന്നെ ഇസ്ലാമിക റിപ്പബ്ലിക്കിനും 'മധ്യകാലഘട്ട' രക്തച്ചൊരിച്ചിലുകളോടാണ് ആഭിമുഖ്യമെന്നും അല്ലാതെ ഒരു 'സാധാരണ' രാജ്യത്തിന്റെ പ്രവര്‍ത്തനമായി അതിനെ കാണാനാവില്ലെന്നും നേതന്യാഹു ആരോപിക്കുന്നു.

ചര്‍ച്ചിലിയന്‍ വാഗ്‌ദോരണികളുടെ ആവേശം ഇത് സൃഷ്ടിച്ചേക്കാമെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ അജണ്ടകളെ കുറിച്ചുള്ള സമാന്തര ചര്‍ച്ചകളില്‍ മുങ്ങിപ്പോകുന്നതിനേക്കാള്‍, നേതന്യാഹുവിന്റെ ഉപമകള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനേക്കാള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാവും കൂടുതല്‍ ഉചിതം.ഇറാനും ഇസ്ലാമിക് സ്‌റ്റേറ്റും തമ്മില്‍ വ്യക്തവും നിര്‍ണായകവുമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 80 മില്യണ്‍ ജനസംഖ്യയുള്ള രാജ്യമായ ഇറാനിലെ സര്‍ക്കാര്‍, വിദേശ പോരാളികളെക്കൊണ്ടു നിറഞ്ഞ ഒരു ഭീകരവാദ, ക്രിമിനല്‍ സംഘമായ ഇസ്ലാമിക് സ്‌റ്റേറ്റിനെ നശിപ്പിക്കാന്‍ തീവ്രമായി ശ്രമിക്കുന്നുണ്ട് എന്ന ലളിതമായ കാര്യത്തിനപ്പുറത്തേക്ക് ഈ വ്യത്യാസങ്ങള്‍ നീളുന്നുണ്ട്.

ഇറാനിലെ മതനേതാക്കള്‍ മത വൈവിദ്ധ്യത്തിന്റെയും സഹിഷ്ണുതയുടെയും വക്താക്കളല്ലെങ്കിലും, അവര്‍ എന്തൊക്കെയായാലും മതന്യൂനപക്ഷങ്ങളെ വെട്ടിനുറുക്കുകയും ബിംബങ്ങള്‍ തച്ചുടയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭ്രാന്തരായ യാഥാസ്ഥിതികരല്ല തന്നെ. പ്രദേശത്തെ മറ്റ് രാജ്യങ്ങളിലുള്ളതിനേക്കാള്‍ സുരക്ഷ ഇറാനില്‍ അനുഭവിക്കുന്ന ക്രിസ്ത്യന്‍, ജൂത സമൂഹങ്ങളുടെ ഒരു ദീര്‍ഘ പാരമ്പര്യം രാജ്യത്തിനുണ്ട്.

നിരവധി കുറവുകള്‍ നിലനില്‍ക്കുമ്പോഴും, നേതന്യാഹുവിന് അത്ര കണ്ട് കോപം ഉണ്ടാകാത്ത പല അറബ് രാജ്യങ്ങളെക്കാളില്‍ കാണുന്നതിനേക്കാളും സുതാര്യവും മത്സാരാധിഷ്ടിതവുമായ ഒരു ജനാധിപത്യ സംവിധാനം ഇറാനില്‍ നിലനില്‍ക്കുന്നുണ്ട്. ഇറാനിലെ 'മധ്യവര്‍ത്തി' പ്രസിഡന്റായ ഹാസന്‍ റൂഫാനി ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെല്ലാം പരമോന്നത നേതാവ് അലി ഖൊമൈനിയുടെ പാവകളാണെന്നാണ് ടെഹ്രാനെ വിമര്‍ശിക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന വാദം. അങ്ങനെയാണെങ്കില്‍ പോലും, പടിഞ്ഞാറുമായി നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് ഇറാനില്‍ ഉയരുന്ന ചൂടേറിയ സംവാദങ്ങള്‍, അവിടെ രാഷ്ട്രീയത്തിന്റെ വൈവിദ്ധ്യത്തെയും സങ്കീര്‍ണതയെയും കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്.

സ്വന്തം മുദ്രകളില്‍ രമിക്കുന്ന ഒരൊറ്റ പ്രത്യയശാസ്ത്ര സ്വത്വമായാവും ഇസ്ലാമിക് റിപ്പബ്ലികിനെ നേതന്യാഹു കാണുന്നത്. എന്നാല്‍ ഇറാന്റെ നേതൃത്വം കൂടുതല്‍ 'ന്യായയുക്തമാണ്' എന്ന് കരുതുന്ന രാജ്യത്തിന്റെ പ്രമുഖ സുരക്ഷ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേലില്‍ തന്നെയുള്ള നിരവധി പേര്‍ ഈ കാഴ്ചപ്പാടിന്റെ വൈരുദ്ധ്യം തുറന്ന് കാട്ടുന്നുണ്ട്. തുടര്‍ച്ചയായുള്ള യുഎസ് ഭരണകൂടങ്ങളും പങ്കുവയ്ക്കുന്നത് ഈ കാഴ്ചപ്പാടാണ്.നേതന്യാഹു പറഞ്ഞത് പോലെ, എന്താണ് ഇറാന്റെ 'കീഴടക്കാനുള്ള മാര്‍ച്ച്'? അറ്റ്ലാന്റികില്‍ പീറ്റര്‍ ബെയ്‌നാര്‍ട്ട് എഴുതുന്നത് പോലെ, സൗദിയുമായി ദീര്‍ഘമായി നീളുന്ന ശീതയുദ്ധത്തിലും മറ്റ് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള അത്രകണ്ട് തീക്ഷ്ണമല്ലാത്ത വൈരങ്ങളിലും തങ്ങളുടെ ഭാഗത്ത് നില്‍ക്കുന്നതിന് ചില അടുപ്പക്കാരെ ഇറാന് ആവശ്യമുണ്ട് എന്ന് പറയുന്നതാവും ഇക്കാര്യത്തില്‍ കൂടുതല്‍ യുക്തിസഹം.

'ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നതിലൂടെ ലെബനനില്‍ ഇറാന് ഒരു ശക്തികേന്ദ്രം ലഭിക്കുന്നു; ഹമാസിനെ (തുര്‍ക്കിയുടെയും ഖത്തറിന്റെയും പിന്തുണ അനുഭവിക്കുന്ന) പിന്തുണയ്ക്കുന്നതിലൂടെ പാലസ്തീനികള്‍ക്കിടയില്‍ സ്വാധീനം നേടാന്‍ അവര്‍ക്ക് സാധിക്കുന്നു; ബാഷര്‍ അല്‍-ആസാദിന്റെ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നത് വഴി സിറിയയില്‍ അവര്‍ വിശ്വസ്തരായ കൂട്ടാളിയെ കണ്ടെത്തുന്നു; ഹൗത്തികളെ പിന്തുണയക്കുന്നത് വഴി ടെഹ്രാന്റെ സ്വാധീനം യെമനില്‍ വ്യാപിപ്പിക്കാന്‍ സാധിക്കുന്നു.'
ഇതൊന്നും മധ്യേഷ്യയെ സംബന്ധിച്ചിടത്തോളം ആശാവഹമോ നല്ലതോ ആയിരിക്കണണെന്നില്ല. അതുകൊണ്ടൊന്നും ഇറാന്‍ ഒരു നയതന്ത്ര ബന്ധത്തിന് പറ്റിയ രാജ്യമല്ലെന്ന് പറയാന്‍ സാധിക്കില്ല. ഏറ്റവും കുറഞ്ഞപക്ഷം പാശ്ചാത്യരുടെ ഏറ്റവും വലിയ കൂട്ടാളിയായ സൗദിയുമായി പറ്റുന്ന പോലുള്ള ബന്ധങ്ങളെങ്കിലും ഇറാനുമായും സാധിക്കുന്നതേയുള്ളു.

പ്രദേശത്ത് ഭൗമരാഷ്ട്രീയ ലാഭങ്ങള്‍, പ്രത്യേകിച്ചും അയല്‍രാജ്യമായി ഇറാഖില്‍ തുടര്‍ച്ചയായി നേടിയെടുക്കാന്‍ ഇറാനെ സഹായിക്കുന്ന ഘടങ്ങളെ കുറിച്ചുകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. 2003 ലെ യുഎസ് അധിനിവേശം വഴി സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള കടുത്ത ഇറാനിയന്‍ വിരുദ്ധ ഭരണകൂടം അധികാരഭ്രഷ്ടമായി. അതിന് ശേഷം ഉണ്ടായ അരാജകത്വത്തില്‍ വേണം ഇസ്ലാമിക് സ്റ്റേറ്റിന്റെ വേരുകള്‍ തിരയാന്‍.

കൂടാതെ, ആ ശൂന്യതയില്‍, ബാഗ്ദാദില്‍ ഷിയ രാഷ്ട്രീയ കക്ഷികള്‍ മേധാവിത്വം പുലര്‍ത്തുകയും സ്വാഭാവികമായും ടെഹ്രാന്റെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലിസ് സ്ലൈ അടുത്തകാലത്ത് നിരീക്ഷിച്ചത് പോലെ, ഒരിക്കല്‍ ബാഗ്ദാദിലെ തെരുവില്‍ സദ്ദാം ഹുസൈന്റെ പ്രതിമ വിരാചിച്ചിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഇറാനിലെ പരമോന്നത നേതാവിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

യുഎസ് അധിനിവേശത്തിന് തൊട്ടുമുമ്പ്, അതായത് 2002ല്‍, താന്‍ മധ്യേഷ്യന്‍ കാര്യങ്ങളില്‍ അത്ര സൂക്ഷ്മ നിരീക്ഷകനല്ല എന്ന സത്യവാങ്മൂലം നേതന്യാഹു കോണ്‍ഗ്രസിന് മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി.

'അത് (സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്നും നീക്കുന്നത്) പ്രദേശത്ത് നിരവധി അനുകൂല ചലനങ്ങള്‍ക്ക് തുടക്കമാകുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു,' എന്നാണ് അന്ന് അദ്ദേഹം കോണ്‍ഗ്രസിന് വാഗ്ദാനം നല്‍കിയത്.


Next Story

Related Stories