TopTop
Begin typing your search above and press return to search.

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ബെര്‍ണീ സാന്‍ഡേഴ്സിന് കഴിയുമോ?

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ബെര്‍ണീ സാന്‍ഡേഴ്സിന് കഴിയുമോ?

ഡേവിഡ് വെയ്ഗല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പത്തു മാസങ്ങള്‍ക്ക് മുമ്പ് ബെര്‍ണീ സാന്‍ഡേഴ്സ് കാലിഫോര്‍ണിയയില്‍ ആദ്യം എത്തിയപ്പോള്‍ ലോസ് ഏഞ്ചലസ് മെമ്മോറിയല്‍ സ്പോര്‍ട്ട്സ് അരീനയില്‍ ഏതാണ്ട് 28,000 പേര്‍ കാത്തുനിന്നിരുന്നു. കേവലം രണ്ടുപേരാണ് ആ യാത്ര സംഘടിപ്പിച്ചത്. ആള്‍ക്കൂട്ടം ഒരു സ്വപ്നദൃശ്യം പോലെയായിരുന്നു. ഒരു പുതിയ വാഗ്ദാനം പോലെ.

“ഡിസംബറോടെ കാലിഫോര്‍ണിയ മത്സരിക്കാന്‍ പാകമായ ഒരു സ്ഥലം പോലെയായി,” സാന്‍ഡേഴ്സിന്‍റെ പ്രചാരണ തലവന്‍ ജെഫ് വീവര്‍ പറഞ്ഞു.

ഇന്ന് സാന്‍ഡേഴ്സ് കാലിഫോര്‍ണിയയില്‍ SUV-കളിലും പ്രചാരണ ബസുകളിലും സഞ്ചരിക്കുന്നു. ആറ് മണിക്കൂറോളം സാന്‍ഡേഴ്സിന്‍റെ പ്രസംഗം കേള്‍ക്കാനായി കാത്തുനില്‍ക്കുന്ന ആളുകളുടെ വരികളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ഒടുവില്‍, ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം അയാള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സമ്മതിദായകരുടെ വൈവിധ്യത്തെ കാണിക്കാന്‍ തുടങ്ങി- ചെറുപ്പക്കാരായ, വംശീയ വൈവിധ്യമുള്ള ആള്‍ക്കൂട്ടം- പ്രസംഗത്തിലെ ഓരോ വാചകത്തിനും അവര്‍ ആര്‍ത്തുവിളിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് സാന്‍ഡേഴ്സ് വിജയത്തിന്നരികെയാണ്. മറ്റിടങ്ങളില്‍ ഹിലാരി ക്ലിന്റനെ അനുകൂലിച്ച വെള്ളക്കാരല്ലാത്ത ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ അയാള്‍ക്ക് കഴിയുന്നു. കാരണം? ഡൊണാള്‍ഡ് ട്രംപിനെതിരെ ചെറുപ്പക്കാരായ ലാറ്റിനോസും ഏഷ്യന്‍ അമേരിക്കക്കാരും സാന്‍ഡേഴ്സിന് ചുറ്റും കേന്ദ്രീകരിക്കുകയാണ്.

സാന്‍ഡേഴ്സിനെ സംബന്ധിച്ച് ഇതൊക്കെ അല്പം വൈകിപ്പോയിരിക്കും. ചൊവ്വാഴ്ച്ച കാലിഫോര്‍ണിയ വിജയിച്ചാലും മറ്റ് അഞ്ചു സംസ്ഥാനങ്ങളില്‍ക്കൂടി പ്രൈമറി നടക്കുന്നതിനാല്‍ അന്നുതന്നെ സ്ഥാനാര്‍ത്ഥിത്വ സാധ്യത അവസാനിച്ചേക്കും. മാത്രവുമല്ല ഹിലാരിയുടെ വലിയ മുന്‍തൂക്കം മാധ്യമങ്ങള്‍ നേരത്തെതന്നെ മത്സരം തീര്‍പ്പാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനും അത് വെസ്റ്റ് കോസ്റ്റിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാനും ഇടവരുത്തുമെന്നും സാന്‍ഡേഴ്സ് പക്ഷം കരുതുന്നു.

പക്ഷേ വെള്ളക്കാരല്ലാത്ത വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വഴികള്‍ സാന്‍ഡേഴ്സ് പഠിച്ചതായി അയാളുടെ പ്രസംഗം സൂചിപ്പിക്കുന്നു. കുടിയേറ്റം ഇപ്പോള്‍ ധാര്‍മികതയുടെയും തൊഴിലാളികളുടെ അഭിമാനപ്രശ്നവുമാണ്. തുറന്ന അതിര്‍ത്തികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴില്ല. കോണ്‍ഗ്രസ് സമഗ്രമായ തൊഴില്‍ നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് നിയമസാധുത നല്കാന്‍ എക്സിക്യൂട്ടീവ് ഉത്തരവ് കൊണ്ടുവരുമെന്ന് മോഡെസ്റ്റോയില്‍ ജൂണ്‍ രണ്ടിന് നടന്ന ജാഥയില്‍ സാന്‍ഡേഴ്സ് വാഗ്ദാനം ചെയ്തു.

“നിങ്ങള്‍ നിയമസാധുതയുള്ള തൊഴിലാളിയല്ലെങ്കില്‍, ചതിക്കപ്പെടുകയും ഓരോ ദിവസവും ചൂഷണം ചെയ്യപ്പെടുകയും ചെയ്യും,” സാന്‍ഡേഴ്സ് പറഞ്ഞു. “ആ അവസ്ഥയില്‍ നിങ്ങളോട് തൊഴിലുടമയ്ക്ക് ചെയ്യാനാകുന്നത് നിന്ദ്യമാണ്.”ഒരു ദിവസം മുമ്പ് ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലണ്ട് വോട്ടര്‍മാരുടെ യോഗത്തില്‍ വംശീയതയും തൊഴില്‍സുരക്ഷയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തകര്‍ക്ക് മൈക്ക് കൈമാറിയിരുന്നു. രാജ്യത്തെ വ്യവസ്ഥാപരമായ പ്രശ്നങ്ങളെക്കുറിച്ച് തന്റെ ഓരോ ഉത്തരത്തിലും സാന്‍ഡേഴ്സ് പ്രതിപാദിച്ചു.

പക്ഷേ ഒരാള്‍ കുടിയേറ്റപ്രശ്നം ഉന്നയിച്ചതോടെ അത് മാറി. ഒബാമ ഭരണകൂടം മടക്കി അയച്ച രണ്ടു ദശലക്ഷം ആളുകളെക്കുറിച്ചും വരാനിരിക്കുന്ന മടക്കി അയക്കലുകളെക്കുറിച്ചുമാണ് അവര്‍ ചോദിച്ചത്. പോളണ്ടില്‍ നിന്നുള്ള കുടിയേറ്റക്കാരായ തന്റെ മാതാപിതാക്കളെക്കുറിച്ച് പറഞ്ഞാണ് സാന്‍ഡേഴ്സ് ഉത്തരം തുടങ്ങിയത്. പിന്നീട് സ്പാനിഷ് മാധ്യമങ്ങളെ കാണാനായി ഫ്രണ്ട്ഷിപ്പ് പാര്‍ക്കില്‍, യു.എസ് –മെക്സിക്കന്‍ അതിര്‍ത്തിയില്‍ പോയതിനെക്കുറിച്ച് പറഞ്ഞു.

“നിങ്ങളാരെങ്കിലും അവിടെ ഉണ്ടായിരുന്നോ?” അയാള്‍ ചോദിച്ചു. “അതൊരു സുന്ദരമായ ഉദ്യാനമാണ്. അവിടെ ഒരു വേലിയുണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം ആഴ്ച്ചയവസാനം കുറച്ചുമണിക്കൂറുകള്‍ ആളുകള്‍ക്ക് അതിര്‍ത്തികടന്ന് പരസ്പരം സംസാരിക്കാം.”

“ആ വേലി വളരെ മുറുകിയതായതിനാല്‍ ഭര്‍ത്താക്കന്‍മാര്‍ക്കും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം സാധ്യമാകുന്ന ഏക ശരീരസ്പര്‍ശം വേലിക്കിടയിലൂടെ വിരലുകള്‍ കടത്തി തൊടുക എന്നതാണു. കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ ആകില്ല. എന്തൊരു ദുരന്തമാണത്.”

പ്രൈമറി സീസണ്‍ തുടങ്ങിയതു മുതല്‍ സാന്‍ഡേഴ്സ് ന്യൂനപക്ഷങ്ങളുടെ പിന്തുണയ്ക്കായി ശ്രമിക്കുകയാണ്. ഹിലാരിക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ മുന്‍തൂക്കം നേടിക്കൊടുത്ത കറുത്ത വര്‍ഗക്കാരുടെ വോട്ടായിരുന്നു വലിയ വെല്ലുവിളി. ലാറ്റിനോസിനെ സ്വാധീനിക്കാനുള്ള ശ്രമവും മാര്‍ച്ചില്‍ ടെക്സാസ് പ്രൈമറിയില്‍ ഹിലാരിയോട് തോറ്റതോടെ പിറകോട്ടായി.

പക്ഷേ കാലിഫോര്‍ണിയ ഒരു മികച്ച അവസരം നല്കിയിരിക്കുന്നു. കാലിഫോര്‍ണിയയില്‍ മറ്റെല്ലായിടത്തേക്കാളും ഡെമോക്രാറ്റുകളുടെ ഹിസ്പാനിക് സമ്മതിദായകര്‍ ചെറുപ്പക്കാരാണ്. കാലിഫോര്‍ണിയക്കാരുടെ ശരാശരി പ്രായം 44 ആനെന്നിരിക്കെ, അവിടത്തേ ലാറ്റിനോസിന്റെ ശരാശരി പ്രായം 18 ആണ്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇവിടെ വോട്ടര്‍മാര്‍ക്കിടയില്‍ സാന്‍ഡേഴ്സിന് 5% പിന്തുണയാണ് ലഭിച്ചിരുന്നതെങ്കില്‍ വര്‍ഷാവസാനത്തോടെ അത് 35% ആയി. വെള്ളക്കാരല്ലാത്തവര്‍ക്കിടയില്‍ അത് 32%വും.

“സാന്‍ഡേഴ്സ് കാലിഫോര്‍ണിയയില്‍ വലിയ പ്രചാരണം നടത്താത്തപ്പോഴാണത്. പരസ്യങ്ങള്‍ പോലും നല്‍കിയിരുന്നില്ല. ലാറ്റിനോ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തരംഗമാണുണ്ടായത്,” വീവര്‍ പറഞ്ഞു.എന്നാലും ഹിലാരിക്കായിരുന്നു മുന്‍തൂക്കം. 2008-ല്‍ ബരാക് ഒബാമക്ക് എതിരെ കാലിഫോര്‍ണിയയിലെ ലാറ്റിനമേരിക്കന്‍ വംശജരായ വോട്ടര്‍മാരില്‍ 35 പോയിന്റ് മുന്നിലായിരുന്നു ഹിലാരി. 30 വയസിനു താഴെയുള്ള ലാറ്റിനോസില്‍ 30 പോയിന്റ് മുന്നിലും.

എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച്ചത്തെ അഭിപ്രായ സര്‍വേയില്‍ കേവലം 4 പോയിന്റ് മാത്രമാണു ഹിലാരി മുന്നില്‍. ലാറ്റിനോസില്‍ ചെറുപ്പക്കാരില്‍ തങ്ങള്‍ മുന്നിലാണ് എന്നാണ് സാന്‍ഡേഴ്സ് പക്ഷം കരുതുന്നത്.

വാസ്തവത്തില്‍ തന്റെ നിലപാടുകള്‍ മനസിലാക്കിയാല്‍ വെള്ളക്കാരല്ലാത്ത വോട്ടര്‍മാരും തന്നെ പിന്തുണയ്ക്കുമെന്ന് സാന്‍ഡേഴ്സ് കരുതുന്നു. താനിപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതുകൊണ്ടല്ല തന്നെ കൂടുതലായി അറിയാന്‍ തുടങ്ങിയതിനാലാണ് ഈ മാറ്റമെന്നാണ് സാന്‍ഡേഴ്സ് പറഞ്ഞത്.

2016-ലെ ആദ്യ ആറ് മാസക്കാലത്ത് 1.8 ദശലക്ഷം പുതിയ കാലിഫോര്‍ണിയ വോട്ടര്‍മാര്‍ പേര് ചേര്‍ത്തു. 2012-ലെ സമാനസമയത്തെ അപേക്ഷിച്ച് ലാറ്റിനോ രജിസ്ട്രേഷന്‍ 123% കൂടുതലായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റം ഇതിന് കാരണമായെങ്കിലും ഗുണം സാന്‍ഡേഴ്സിനാണ്.

ഈ പിന്തുണ അവഗണിക്കാവുന്ന ഒന്നല്ല. സാന്‍ഡേഴ്സിന്‍റെ ജാഥയില്‍ പൌരാവകാശ മുന്നേറ്റത്തില്‍ പങ്കെടുത്തിരുന്ന ചെറുപ്പക്കാരനായ സാന്‍ഡേഴ്സിന്‍റെ ചിത്രം പതിച്ച കുപ്പായങ്ങള്‍ ധരിച്ചാണ് പലരും വന്നത്.

സാന്‍ഡേഴ്സ് ടി വി പ്രചരണത്തെ അവഗണിക്കുന്നില്ല. ഏതാണ്ട് 1.5 ദശലക്ഷം ഡോളര്‍ ചെലവിലാണ് കാലിഫോര്‍ണിയയില്‍ ടി വി പ്രചാരണം. എന്നാല്‍ ഫ്ലോറിഡയിലും കാലിഫോര്‍ണിയയിലും ഒരേ തരത്തില്‍ സ്വാധീനമുണ്ടാക്കാന്‍ പ്രചാരണത്തിനാകുന്നില്ല.

“ഒരു സംസ്ഥാനത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സാന്‍ഡേഴ്സ് കൂടുതല്‍ മികച്ച നേട്ടമുണ്ടാക്കുന്നു,” വീവര്‍ പറഞ്ഞു. "പല സംസ്ഥാനങ്ങളിലാകുമ്പോള്‍ ഇത്തരം പ്രചാരണജാഥകളുടെ സ്വാധീനം നേര്‍ത്തുപോകുന്നു.”


Next Story

Related Stories