UPDATES

‘പട്ടാള വിചാരണയേക്കാള്‍ നല്ലത് മരണം’: റോയി മാത്യുവിന്റെ ഡയറി കണ്ടെത്തി; ദുരൂഹത നീങ്ങുന്നില്ല

ക്യാമറയില്‍ പതിഞ്ഞ ശബ്ദം തന്റെതല്ലെന്നാണ് റോയി ഡയറിയില്‍ എഴുതിയിരുന്നത്

നാസിക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിയായ സൈനികന്‍ റോയ് മാത്യുവിന്റെ ഡയറി കണ്ടെത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആര്‍മി ജവാന്മാരെ (സഹായക്) വീട്ടുജോലി ചെയ്യിക്കുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ഷോപ്പിംഗിന് കൊണ്ടുപോകലും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകലും മറ്റുമാണ് തങ്ങളെ ഏല്‍പ്പിക്കുന്ന മുഖ്യജോലികളെന്നും ഒരു കൂട്ടം സൈനികര്‍ പറയുന്നത് ദി ഖ്യുന്റ്റ് ന്യൂസ് വൈബ് സൈറ്റിന്റെ ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വീഡിയോയില്‍ ഉള്ളയാള്‍ റോയിയാണെന്ന സംശയത്തില്‍  ഉന്നത ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: അടിമകളല്ല സൈനികര്‍; ഇനിയൊരു റോയി മാത്യു കൂടി ആത്മഹത്യ ചെയ്യരുത്

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റോയിയുടെ ഡയറിയില്‍ വിചാരണനാളുകളിലെ വിവരങ്ങളുമുണ്ട്. ക്യാമറയില്‍ പതിഞ്ഞ ശബ്ദം തന്റെതല്ലെന്നാണ് റോയ് ഡയറിയില്‍ എഴുതിയിരുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡയറിയെ ആത്മഹത്യ കുറിപ്പിനെ പോലെ പരിഗണിക്കാമെന്നാണ് പോലീസ് പറയുന്നത്. ഡയറിയില്‍ റോയ് മലയാളത്തില്‍ കുറിച്ചിരുന്നത് ‘മരണമാണ് പട്ടാളവിചാരണ നേരിടേണ്ടിവരുന്നതിന്ക്കാള്‍ നല്ലത്’ എന്നാണ്. തന്റെ ഭാര്യയോടും കുടുംബാംഗങ്ങളോടും കേണലിനോടും റോയ് ക്ഷമ ചോദിച്ച് എഴുതിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നാസിക് പോലീസ് റോയിയുടെ യൂണിറ്റിലുണ്ടായിരുന്ന മറ്റ് ശിപായിമാരെ ചോദ്യം ചെയ്തുവരുകയാണ്. റോയ് അവസാനമായി ഫോണില്‍ സംസാരിച്ചത് ഭാര്യയുമായിട്ടായിരുന്നു. ഭാര്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോയിയുടെ ശരീരത്തിന് പുറത്ത് ഒരുവിധ മുറിവുകളും ഇല്ലെന്നാണ്. എന്നാല്‍ റോയിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ്. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണം വ്യാപിക്കുന്നതിനായി പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ആര്‍മിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരിയില്‍ റോയി ഉള്‍പ്പെടെ മൂന്ന് സൈനികര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മാധ്യമങ്ങളോട് പരാതി പറഞ്ഞിരുന്നു. ഇത് ഒളിക്യാമറ വച്ച് പകര്‍ത്തി അവര്‍ വാര്‍ത്ത നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ ഷൂ തുടയ്ക്കുക, പട്ടിയെ കുളിപ്പിക്കുക തുടങ്ങിയ ജോലികളും തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ത്തിയിരുന്നു.

വാര്‍ത്ത വന്നതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് തനിക്കും മറ്റുള്ളവര്‍ക്കും ഭീഷണിയുണ്ടെന്ന് ജോലി സ്ഥലത്ത് പ്രശ്നങ്ങളുണ്ടെന്നും 25-ന് ഭാര്യയുമായി സംസാരിച്ച റോയി അറിയിച്ചിരുന്നു. ഇദ്ദേഹത്തെ കാണാനില്ലെന്ന് മനസിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെയും കൊടിക്കുന്നില്‍ സുരേഷ് എംപി വഴിയും നാസിക്കില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് ഇദ്ദേഹം മരിച്ച വിവരം അറിഞ്ഞത്.

റോയി അവസാനമായി ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ താന്‍ അവിടെ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു. സംസാരത്തിനിടയില്‍ ഫോണ്‍ പെട്ടെന്നു കട്ട് ചെയ്യുകയായിരുന്നു. റോയി തന്നെ ഫോണ്‍ കട്ട് ചെയ്തതാണെന്നു ഞങ്ങള്‍ കരുതുന്നില്ല. അഥവ ഫോണ്‍ പെട്ടെന്നു കട്ട് ചെയ്തിട്ട്  റോയി നേരെ പോയി ആത്മഹത്യ ചെയ്തിരിക്കാമെന്നും വിശ്വാസിക്കാന്‍ കഴിയില്ല. ഒരുപക്ഷേ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുമെന്നു ഭയന്ന ആര്‍മിയിലെ ആരെങ്കിലുമാകാം റോയിയുടെ ഫോണ്‍ സംഭാഷണം പെട്ടെന്ന് അവസാനിപ്പിച്ചത്. റോയിയുടെ സ്വഭാവം അറിയുന്നതുകൊണ്ടു തന്നെ അവന്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവല്ല. തെറ്റായ എന്തിനോടും പ്രതികരിക്കാന്‍ റോയി എന്നും ധൈര്യപ്പെട്ടിരുന്നു. സാധാരണ പട്ടാളക്കാര്‍ മദ്യപിക്കാറുണ്ട്, എന്നാല്‍ റോയി മദ്യപിക്കാറുപോലമില്ലായിരുന്നു. അതുകൊണ്ടു തന്നെ റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നതില്‍ സംശയമില്ല, അതൊരിക്കലും ആത്മഹത്യയാകാന്‍ വഴിയില്ല. സത്യം പുറത്തുവരണം; റോയി മാത്യുവിന്റെ ബന്ധുവായ ഷാജി പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍